ഈഡന്‍ ഗാര്‍ഡന്‍സിനെ പൂരപ്പറമ്പാക്കി പുരാന്റെയും മാര്‍ഷിന്റെയും ബാറ്റിംഗ് വെടിക്കെട്ട്; അടിവാങ്ങിക്കൂട്ടി സ്‌പെന്‍സര്‍ ജോണ്‍സണ്‍; ലക്‌നൗവിനെതിരെ കൊല്‍ക്കത്തക്ക് 239 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം

ലക്‌നൗവിനെതിരെ കൊല്‍ക്കത്തക്ക് 239 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം

Update: 2025-04-08 12:05 GMT

കൊല്‍ക്കത്ത: നൈറ്റ് റേഴ്‌സിന്റെ സ്വന്തം തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സ് പൂരമ്പറമ്പാക്കി ലക്‌നൗ ബാറ്റര്‍മാരുടെ വെടിക്കെട്ട് ബാറ്റിങ്. അര്‍ധ ശതകം നേടിയ മിച്ചല്‍ മാര്‍ഷ്, നിക്കോളസ് പുരാന്‍ എന്നിവരുടെ മികവില്‍ 239 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ആതിഥേയര്‍ക്കു മുന്നില്‍ സൂപ്പര്‍ ജയന്റ്‌സ് ഉയര്‍ത്തിയത്. മാര്‍ഷ് 81 റണ്‍സുമായി പുറത്തായപ്പോള്‍ പുരാന്‍ 87 റണ്‍സുമായി അപരാജിതനായി നിന്നു. 47 റണ്‍സ് നേടിയ എയ്ഡന്‍ മാര്‍ക്രത്തിന്റെ പ്രകടനവും സൂപ്പര്‍ ജയന്റ്‌സിന്റെ ഇന്നിങ്‌സില്‍ നിര്‍ണായകമായി. നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് അവര്‍ 238 റണ്‍സടിച്ചത്.

നിക്കോളാസ് പുരാന്റെയും ഓപ്പണര്‍ മിച്ചല്‍ മാര്‍ഷിന്‍യും തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറികളാണ് ലക്‌നൗ ഇന്നിംഗ്‌സില്‍ നിര്‍ണായകമായത്. മിച്ചല്‍ മാര്‍ഷ് 48 പന്തില്‍ 6 ബൗണ്ടറികളും 5 സിക്‌സറുകളും സഹിതം 81 റണ്‍സ് നേടിയപ്പോള്‍ പുരാന്‍ 36 പന്തില്‍ 87 റണ്‍സ് നേടി പുറത്താകാതെ നിന്നു. 8 ബൗണ്ടറികളും 7 സിക്‌സറുകളുമാണ് പുരാന്റെ ബാറ്റില്‍ നിന്ന് പിറന്നത്.

പവര്‍ പ്ലേയില്‍ ഓപ്പണര്‍മാരായ മിച്ചല്‍ മാര്‍ഷ് - എയ്ഡന്‍ മാര്‍ക്രം സഖ്യം മികച്ച തുടക്കമാണ് ലക്‌നൗവിന് നല്‍കിയത്. പവര്‍ പ്ലേയില്‍ വൈഭവ് അറോറയ്ക്ക് എതിരെ കരുതലോടെ ബാറ്റ് വീശിയ ഇരുവരും സ്‌പെന്‍സര്‍ ജോണ്‍സണെ കടന്നാക്രമിച്ചു. പവര്‍ പ്ലേ പൂര്‍ത്തിയായപ്പോള്‍ ലക്‌നൗ വിക്കറ്റ് നഷ്ടമില്ലാതെ 59 റണ്‍സ് എന്ന നിലയിലായിരുന്നു. ഒന്നാം വിക്കറ്റില്‍ 99 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഇരുവരും വേര്‍പിരിഞ്ഞത്.

പവര്‍ പ്ലേ പൂര്‍ത്തിയായതിന് പിന്നാലെ സ്പിന്നര്‍ സുനില്‍ നരെയ്‌നെ കൊല്‍ക്കത്ത കളത്തിലിറക്കി. എന്നാല്‍, രണ്ടാം പന്തില്‍ സിക്‌സറും മൂന്നാം പന്തില്‍ ബൗണ്ടറിയും നേടി മാര്‍ഷ് നരെയ്‌നെ സമ്മര്‍ദ്ദത്തിലാക്കി. ആദ്യ ഓവറില്‍ തന്നെ നരെയ്‌ന് 13 റണ്‍സ് വഴങ്ങേണ്ടിയും വന്നു. 8-ാം ഓവറില്‍ വെറും 6 റണ്‍സ് മാത്രം വിട്ടുകൊടുത്ത് വരുണ്‍ ചക്രവര്‍ത്തി വീണ്ടും പിടിമുറുക്കി. തൊട്ടടുത്ത ഓവറില്‍ 9 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നരെയ്‌നും താളം കണ്ടെത്തിയതോടെ റണ്‍സിന്റെ വരവ് കുറഞ്ഞു. 10-ാം ഓവറില്‍ വീണ്ടും വരുണ്‍ ചക്രവര്‍ത്തിയെത്തി മത്സരം കൊല്‍ക്കത്തയുടെ നിയന്ത്രണത്തിലേയ്ക്ക് എത്തിച്ചു. 10 ഓവര്‍ പിന്നിട്ടപ്പോള്‍ ടീം സ്‌കോര്‍ വിക്കറ്റ് നഷ്ടമില്ലാതെ 95 റണ്‍സ്.

11-ാം ഓവറിന്റെ ആദ്യ പന്തില്‍ തന്നെ ബൗണ്ടറി നേടിയ മാര്‍ക്രമിനെ തൊട്ടടുത്ത പന്തില്‍ തന്നെ ഹര്‍ഷിത് റാണ മടക്കിയയച്ചു. 99 റണ്‍സിന്റെ ഒന്നാം വിക്കറ്റ് പാര്‍ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്തിയാണ് മാര്‍ക്രം-മാര്‍ഷ് സഖ്യം പിരിഞ്ഞത്. ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന ഒന്നാം വിക്കറ്റ് പാര്‍ട്ണര്‍ഷിപ്പും ഇതുതന്നെയാണ്. 28 പന്തില്‍ 47 റണ്‍സ് നേടിയാണ് മാര്‍ക്രം മടങ്ങിയത്. മാര്‍ക്രം മടങ്ങിയതിന് പിന്നാലെ ഈ സീസണില്‍ ഓറഞ്ച് ക്യാപ് നിലനിര്‍ത്തുന്ന നിക്കോളാസ് പുരാനാണ് ക്രീസിലെത്തിയത്. 11-ാം ഓവറിന്റെ മൂന്നാം പന്തില്‍ ടീം സ്‌കോര്‍ 100ല്‍ എത്തി. അവസാന പന്തില്‍ ഹര്‍ഷിത്തിനെതിരെ ബൗണ്ടറി നേടി മിച്ചല്‍ മാര്‍ഷ് അര്‍ധ സെഞ്ച്വറി തികച്ചു. 36 പന്തിലാണ് മാര്‍ഷ് 50 റണ്‍സ് പിന്നിട്ടത്.

സ്‌പെന്‍സര്‍ ജോണ്‍സണെ ലക്ഷ്യമിട്ടായിരുന്നു ഇന്നത്തെ മത്സരത്തില്‍ ലക്‌നൗ ബാറ്റര്‍മാര്‍ ഇറങ്ങിയതെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. തന്റെ മൂന്നാം ഓവറിലും സ്‌പെന്‍സര്‍ റണ്‍സ് വിട്ടുകൊടുത്തു. മൂന്ന് ബൗണ്ടറികള്‍ സഹിതം 16 റണ്‍സാണ് സ്‌പെന്‍സര്‍ എറിഞ്ഞ 12-ാം ഓവറില്‍ പിറന്നത്. ആദ്യ രണ്ട് ഓവറുകളില്‍ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്കുകാട്ടിയ വൈഭവ് അറോറ എറിഞ്ഞ 13-ാം ഓവറില്‍ 16 റണ്‍സാണ് ലക്‌നൗ ബാറ്റര്‍മാര്‍ നേടിയത്. വരുണ്‍ ചക്രവര്‍ത്തി എറിഞ്ഞ 14-ാം ഓവറിലും 16 റണ്‍സ് നേടാന്‍ പുരാന്‍-മാര്‍ഷ് സഖ്യത്തിനായി. ഈ ഓവറില്‍ തന്നെ ഇരുവരുടെയും പാര്‍ട്ണര്‍ഷിപ്പ് 50 റണ്‍സും ടീം സ്‌കോര്‍ 150 റണ്‍സും പിന്നിട്ടു.

13, 14 ഓവറുകള്‍ക്ക് സമാനായി സുനില്‍ നരെയ്ന്‍ എറിഞ്ഞ 15-ാം ഓവറിലും 16 റണ്‍സ് കണ്ടെത്താന്‍ ലക്‌നൗ ബാറ്റര്‍മാര്‍ക്ക് സാധിച്ചു. വെസ്റ്റ് ഇന്‍ഡീസിലെ സഹതാരമായ പുരാന്‍ നരെയ്‌നെ രണ്ട് തവണ അതിര്‍ത്തി കടത്തി. തൊട്ടടുത്ത ഓവറിലെ രണ്ടാം പന്തില്‍ സെഞ്ച്വറി ലക്ഷ്യമിട്ട് കുതിക്കുകയായിരുന്ന മാര്‍ഷിനെ മടക്കിയയച്ച് ആന്ദ്രെ റസല്‍ കൊല്‍ക്കത്തയ്ക്ക് കാത്തിരുന്ന ബ്രേക്ക്ത്രൂ നല്‍കി. 48 പന്തുകളില്‍ 81 റണ്‍സ് നേടിയാണ് മാര്‍ഷ് മടങ്ങിയത്. 16-ാം ഓവറില്‍ വെറും 8 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് സ്വന്തമാക്കാന്‍ റസലിന് കഴിഞ്ഞു.

മാര്‍ഷ് പുറത്തായതിന് പിന്നാലെ 17-ാം ഓവറില്‍ നിക്കോളാസ് പൂരാന്‍ വെടിക്കെട്ടിന് തിരികൊളുത്തി. ഹര്‍ഷിത് റാണയുടെ ആദ്യ രണ്ട് പന്തുകളും കാണികള്‍ക്കിടയിലേയ്ക്ക് പറത്തി പുരാന്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. വെറും 21 പന്തുകളില്‍ നിന്നാണ് പുരാന്‍ 50 തികച്ചത്. 18-ാം ഓവറിന്റെ മൂന്നാം പന്തില്‍ ടീം സ്‌കോര്‍ 200 കടന്നു. റസലിന്റെ ഓവറില്‍ മൂന്ന് ബൗണ്ടറികളും രണ്ട് സിക്‌സറുകളും സഹിതം 24 റണ്‍സാണ് പുരാന്‍ അടിച്ചെടുത്തത്.

ഇതോടെ 18 ഓവറുകള്‍ പൂര്‍ത്തിയായപ്പോള്‍ ലക്‌നൗ 2 വിക്കറ്റ് നഷ്ടത്തില്‍ 217 എന്ന നിലയിലെത്തി. 19-ാം ഓവറില്‍ അബ്ദുള്‍ സമദിനെ പുറത്താക്കി റാണ കൊല്‍ക്കത്തയ്ക്ക് ആശ്വസിക്കാന്‍ വക നല്‍കി. അവസാന ഓവറില്‍ ഒരു ബൗണ്ടറി മാത്രം വഴങ്ങിയ വൈഭവ് അറോറ 11 റണ്‍സ് വിട്ടുകൊടുത്തതോടെ ലക്‌നൗവിന്റെ ഇന്നിംഗ്‌സ് 238 റണ്‍സില്‍ അവസാനിച്ചു. കൊല്‍ക്കത്തയ്ക്ക് വേണ്ടി ഹര്‍ഷിത് റാണ രണ്ടും ആന്ദ്രെ റസല്‍ ഒരു വിക്കറ്റും വീഴ്ത്തി.

Tags:    

Similar News