അന്താരാഷ്ട്ര ക്രിക്കറ്റില്‍ ബംഗ്ലാദേശിന് പരിമിതിയുണ്ടെന്നത് ശരി തന്നെ; എന്നാല്‍ ഞാന്‍ കളിച്ച സമയത്ത് ടീമിനായി പരമാവധി ശ്രമിച്ചു; കുറവുകള്‍ ക്ഷമിക്കണം; ചാമ്പ്യന്‍സ് ട്രോഫിയിലെ ദയനീയ പ്രകടനത്തിന് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച് ബംഗ്ലാദേശ് താരം മുഷ്ഫിഖുര്‍ റഹീം
ചാമ്പ്യന്‍സ് ട്രോഫിയിലെ ദയനീയ പ്രകടനത്തിന് പിന്നാലെ ബംഗ്ലാദേശിന്റെ വെറ്ററന്‍ താരം മുഷ്ഫിഖുര്‍ റഹീം ഏകദിന ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു. സമൂഹ മാധ്യമങ്ങളിലൂടെയാണ് 37കാരനായ താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ബംഗ്ലാദേശിനായി ഏറ്റവും കൂടുതല്‍ ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള മുഷ്ഫിഖുര്‍ ഏകദിനത്തില്‍ ബംഗ്ലാദേശിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരം കൂടിയാണ്
'ഏകദിന ഫോര്‍മാറ്റില്‍നിന്നും ഞാന്‍ വിരമിക്കുകയാണ്. എല്ലാറ്റിനും ദൈവത്തിന് നന്ദി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ബംഗ്ലാദേശിന് പരിമിതിയുണ്ടെന്നത് ശരി തന്നെയാണ്, എന്നാല്‍ ഞാന്‍ കളിച്ച സമയത്തെല്ലാം ടീമിനായി ഞാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. കുറവുകള്‍ ക്ഷമിക്കണം' മുഷ്ഫിഖുര്‍ കൂട്ടിച്ചേര്‍ത്തു.
274 മത്സരങ്ങളിലാണ് റഹീം ബംഗ്ലാദേശ് ജേഴ്സിയണിഞ്ഞത്. 36.42 ശരാശരിയില്‍ 7795 റണ്‍സ് നേടി. ഒമ്പത് സെഞ്ച്വറികളും 49 അര്‍ധസെഞ്ച്വറികളും സ്വന്തമാക്കി. 8357 റണ്‍സുള്ള തമീം ഇഖ്ബാല്‍ മാത്രമാണ് ഏകദിനത്തിലെ റണ്‍വേട്ടക്കാരില്‍ റഹീമിന് മുന്നിലുള്ളത്.
144 ആണ് ഉയര്‍ന്ന സ്‌കോര്‍. വിക്കറ്റ് കീപ്പര്‍ ആയ റഹീം 243 ക്യാച്ചുകളും 56 സ്റ്റംപിംഗുകളും സ്വന്തമാക്കിയിട്ടുണ്ട്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ന്യൂസിലാന്‍ഡിനെതിരായ മത്സരമായിരുന്നു അവസാന രാജ്യാന്തര ഏകദിനം. മത്സരത്തില്‍ രണ്ട് റണ്‍സ് എടുത്ത് താരം പുറത്തായിരുന്നു.