അര്‍ദ്ധസെഞ്ച്വറികളുമായി അയ്യരും അക്ഷറും ഗില്ലും; ടി20 പരമ്പരയിലെ വിജയക്കുതിപ്പ് ഏകദിനത്തിലും തുടര്‍ന്ന് ഇന്ത്യ; നാഗ്പൂര്‍ ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരെ നാലുവിക്കറ്റിന്റെ ജയം; പരമ്പരയില്‍ ഇന്ത്യ മുന്നില്‍
നാഗ്പൂര്‍ ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് നാലുവിക്കറ്റിന്റെ ജയം
നാഗ്പൂര്‍: നാഗ്പൂരില്‍ നടന്ന ഒന്നാം എകദിനത്തില്‍ മധ്യനിരയുടെ കരുത്തില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യ.ഇംഗ്ലണ്ട് ഉയര്‍ത്തിയ 249 റണ്‍സ് വിജയ ലക്ഷ്യം 4 വിക്കറ്റുകള്‍ ശേഷിക്കെയാണ് ഇന്ത്യ മറികടന്നത്.ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 47.4 ഓവറില്‍ 248 റണ്‍സില്‍ എല്ലാവരും പുറത്തായി.ഇന്ത്യ 38.4 ഓവറില്‍ ആറ് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 251 റണ്‍സ് കണ്ടെത്തിയാണ് വിജയം പിടിച്ചത്.ഇതോടെ മന്നു മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലെത്തി.
248 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് ഓപ്പണര്‍മാരുടെ വിക്കറ്റുകള്‍ പെട്ടെന്ന് തന്നെ നഷ്ടമായി.ടീം സ്‌കോര്‍ 19ല്‍ എത്തിയപ്പോള്‍ യശ്വസി ജയ്‌സ്വാള്‍ 22 പന്തില്‍ 15 റണ്‍സെടുത്ത ജയ്സ്വാളാണ് ആണ് ആദ്യം പുറത്തായത്.മോശം ഫോം തുടരുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ 7 പന്തില്‍ 2 റണ്‍സുമായി തൊട്ടടുത്ത ഓവറില്‍ തന്നെ മടങ്ങി.19ന് രണ്ട് എന്ന നിലയില്‍ ഇന്ത്യ അപകടം മണത്തെങ്കിലും മൂന്നാം വിക്കറ്റില്‍ ശ്രേയസ് അയ്യര്‍,ശുഭ്മാന്‍ ഗില്‍ സഖ്യം ഇന്ത്യയെ മുന്നോട്ട് നയിച്ചു.ഇരുവരും ചേര്‍ന്നുള്ള കൂട്ടുകെട്ടില്‍ 97 റണ്‍സാണ് പിറന്നത്.ഇ കൂട്ടുകെട്ടോടെയാണ് ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചെത്തിയത്.
ജേക്കബ് ബേഥലിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് അയ്യര്‍ പുറത്തായത്.ഒമ്പത് ഫോറും രണ്ട് സിക്‌സറുകളും ഉള്‍പ്പെടെ
37 പന്തില്‍ 59 റണ്‍സായിരുന്നു താരത്തിന്റെ സംഭാവന.അഞ്ചാമനായി ക്രീസിലെത്തിയ അക്‌സര്‍ പട്ടേലുമായി ചേര്‍ന്ന് ഗില്ല് സ്‌കോര്‍ മുന്നോട്ട് നീക്കി.ഇരുവരും സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതോടെ ഇന്ത്യ വിജയം ഉറപ്പിച്ചു.ബാറ്റിംഗില്‍ ലഭിച്ച സ്ഥാനക്കയറ്റം അക്‌സര്‍ പട്ടേല്‍ കൃത്യമായി ഉപയോഗിച്ചുവെന്നത് ഇന്ത്യയെ സംബന്ധിച്ച് പ്രതീക്ഷ നല്‍കുന്ന ഘടകമാണ്. മദ്ധ്യനിരയില്‍ ഒരു ഇടങ്കയ്യന്‍ ബാറ്ററുടെ സാന്നിദ്ധ്യം ഗുണകരമാണ്.47 പന്തില്‍ 52 റണ്‍സുമായി നാലാമനായി താരം പുറത്താകുമ്പോള്‍ ഇന്ത്യ ജയമുറപ്പിച്ചിരുന്നു.
പിന്നീടെത്തിയ എത്തിയ കെ.എല്‍ രാഹുല്‍ എട്ട് പന്തുകളില്‍ നിന്ന് രണ്ട് റണ്‍സ് മാത്രം നേടി ആദില്‍ റഷീദിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. 96 പന്തില്‍ 87 റണ്‍സുമായി ശുഭ്മാന്‍ ഗില്‍ ആറാമനായി പുറത്താകുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 235 ലെത്തിയിരുന്നു.തുടര്‍ന്ന് ഹാര്‍ദിക് പാണ്ഡ്യ , രവീന്ദ്ര ജഡേജ എന്നിവര്‍ കൂടുതല്‍ നഷ്ടങ്ങളിലാതെ ടീമിനെ വിജയത്തിലെത്തിച്ചു.
നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.47.4 ഓവറില്‍ അവരുടെ പോരാട്ടം അവസാനിച്ചു.അതിവേഗം തുടങ്ങിയ ഇംഗ്ലണ്ടിനു ആ മുന്നേറ്റം തുടക്കത്തില്‍ തന്നെ കൈമോശം വന്നു. പിന്നീട് കൃത്യമായ ഇടവേളയില്‍ അവര്‍ക്ക് വിക്കറ്റുകള്‍ നഷ്ടമായി.ക്യാപ്റ്റന്‍ ജോസ് ബട്ലറും ജേക്കബ് ബേതേലും അര്‍ധ സെഞ്ച്വറികള്‍ നേടിയതാണ് ഇംഗ്ലീഷ് സ്‌കോറില്‍ നിര്‍ണായകമായത്. ഓപ്പണര്‍ അതിവേഗം റണ്‍സടിച്ച് മിന്നും തുടക്കമാണ് ഇംഗ്ലണ്ടിനു നല്‍കിയത്. വിക്കറ്റ് നഷ്ടമില്ലാതെ 75 റണ്‍സ് വരെ അതിവേഗം നീങ്ങിയ അവര്‍ക്ക് 2 റണ്‍സ് ചേര്‍ക്കുന്നതിനിടെ 3 വിക്കറ്റുകള്‍ നഷ്ടമായി.
ഇന്ത്യക്കായി രവീന്ദ്ര ജഡേജ, അരങ്ങേറ്റ ഏകദിനം കളിച്ച ഹര്‍ഷിത് റാണ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് ഷമി, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.തുടരെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി പരുങ്ങിയ ഇംഗ്ലണ്ടിനെ ക്യാപ്റ്റന്‍ ജോസ് ബട്ലര്‍ നേടിയ അര്‍ധ സെഞ്ച്വറി വീണ്ടും ട്രാക്കിലാക്കി. വ്യക്തിഗത സ്‌കോര്‍ 52 റണ്‍സില്‍ എത്തിയതിനു പിന്നാലെ ബട്ലര്‍ മടങ്ങി. പിന്നീട് ബേതേല്‍ ഒരു ഭാഗത്ത് പൊരുതി നിന്നതോടെയാണ് ഇംഗ്ലണ്ട് സ്‌കോര്‍ 200 കടന്നത്.
26 പന്തില്‍ 5 ഫോറും 3 സിക്സും സഹിതം 43 റണ്‍സെടുത്ത ഫില്‍ സാള്‍ട്ട് റണ്ണൗട്ടായതാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. അപ്പോള്‍ സ്‌കോര്‍ വിക്കറ്റ് നഷ്ടമില്ലാതെ 75 റണ്‍സെന്ന നിലയിലായിരുന്നു.പിന്നാലെ സ്‌കോര്‍ 77ല്‍ നില്‍ക്കെ ബെന്‍ ഡുക്കറ്റിനെ അരങ്ങേറ്റ ഏകദിനം കളിക്കുന്ന ഹര്‍ഷിത് റാണ യശസ്വി ജയ്‌സ്വാളിന്റെ കൈകളിലെത്തിച്ചു. 10ാം ഓവറില്‍ മൂന്നാം പന്തിലായിരുന്നു വിക്കറ്റ്. താരം 29 പന്തില്‍ 6 ഫോറുകള്‍ സഹിതം 32 റണ്‍സെടുത്തു.
പിന്നാലെ ആറാം പന്തില്‍ ഹര്‍ഷിത് ഹാരി ബ്രൂക്കിനേയും മടക്കി. താരം 3 പന്തില്‍ 0 റണ്‍സുമായി പുറത്ത്. ബ്രൂക്കിനെ വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുല്‍ ക്യാച്ചെടുത്തു മടക്കുകയായിരുന്നു. 19 റണ്‍സുമായി മികവിലേക്ക് ഉയരുകയായിരുന്ന ജോ റൂട്ടിനെ രവീന്ദ്ര ജഡേജ മടക്കി.ബട്ലറെ അക്ഷര്‍ പട്ടേലാണ് പുറത്താക്കിയത്. ലിയാം ലിവിങ്സ്റ്റനെ വീഴ്ത്തി ഹര്‍ഷിത് റാണ അരങ്ങേറ്റ ഏകദിനത്തിലെ മൂന്നാം വിക്കറ്റ് നേട്ടം ആഘോഷിച്ചു. ലിവിങ്സ്റ്റന്‍ 5 റണ്‍സ് മാത്രമാണ് എടുത്തത്. പിന്നാലെ എത്തിയ ബ്രയ്ഡന്‍ കര്‍സിനും അധികം ആയുസുണ്ടായില്ല.
10 റണ്‍സെടുത്ത താരത്തെ മുഹമ്മദ് ഷമി ബൗള്‍ഡാക്കി. ആദില്‍ റഷീദിനെ (8) ജഡേജ ക്ലീന്‍ ബൗള്‍ഡാക്കി. 2 റണ്‍സുമായി നിന്ന സാഖിബ് മുഹമ്മദിനെ മടക്കി കുല്‍ദീപ് യാദവ് ഇംഗ്ലീഷ് ഇന്നിങ്സിനു തിരശ്ശീലയിട്ടു.18 പന്തില്‍ 3 ഫോറും 1 സിക്സും സഹിതം 21 റണ്‍സെടുത്ത ജോഫ്ര ആര്‍ച്ചര്‍ പുറത്താകാതെ നിന്നു. താരത്തിന്റെ കൂറ്റനടികളാണ് സ്‌കോര്‍ 240 കടത്തിയത്.
ചാംപ്യന്‍സ് ട്രോഫിക്കു മുന്നോടിയായുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലെ വിജയം, ഇന്ത്യയ്ക്ക് കരുത്താകും.പ്രത്യേകിച്ച് മധ്യനിര ഫോമിലേക്കുയര്‍ന്നത്.കാല്‍മുട്ടിനു പരുക്കേറ്റ സൂപ്പര്‍താരം വിരാട് കോലി ഈ മത്സരത്തില്‍ കളിച്ചില്ല.പരമ്പരയിലെ രണ്ടാം മത്സരം ഞായറാഴ്ച കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തില്‍ നടക്കും. മൂന്നാം മത്സരം 12ന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലും നടക്കും.