താരലേലത്തില്‍ 23.75 കോടിയിലേക്ക് കുതിച്ചത് അതിവേഗം; ഡോക്ടറേറ്റ് നേടാന്‍ തയ്യാറെടുത്ത് ഐപിഎല്ലിലെ കോടിപതി; അടുത്ത തവണ ഡോക്ടര്‍. വെങ്കടേഷ് അയ്യരെന്ന് വിളിക്കേണ്ടിവരുമെന്ന് കൊല്‍ക്കത്ത താരം
ഡോക്ടറേറ്റ് നേടാന്‍ തയ്യാറെടുത്ത് വെങ്കടേഷ് അയ്യര്‍
കൊല്‍ക്കത്ത: കഴിഞ്ഞ മാസം നടന്ന ഐപിഎല്‍ മെഗാലേലത്തില്‍ ഏറ്റവും മൂല്യമേറിയ മൂന്നാമത്തെ താരമായി ശ്രദ്ധേയനായത് വെങ്കടേഷ് അയ്യര്‍ ആയിരുന്നു. 23.75 കോടി രൂപയ്ക്കായിരുന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വെങ്കിടേഷ് അയ്യരെ ടീമില്‍ എത്തിച്ചത്. 2021 സീസണില്‍ 20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വെങ്കടേഷ്, ഏതാനും സീസണുകള്‍ കൊണ്ട് ഐപിഎല്ലിലെ തന്നെ വിലയേറിയ താരങ്ങളിലൊരാളായി മാറി. ഇത്തവണ ഓള്‍റൗണ്ടറെ ടീമില്‍ നിലനിര്‍ത്താതിരുന്ന കൊല്‍ക്കത്ത, ലേലത്തില്‍ വന്‍തുകയെറിഞ്ഞ് വെങ്കടേഷിനെ വീണ്ടും സ്വന്തമാക്കുകയായിരുന്നു.
ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴും വിദ്യാഭ്യാസത്തിന് ജീവിതത്തില്‍ എത്ര പ്രധാന്യമുണ്ടെന്ന് താരം തുറന്നുപറയുന്നു. നിലവില്‍ എംബിഎ പൂര്‍ത്തിയാക്കിയിട്ടുള്ള വെങ്കടേഷ് താന്‍ പിഎച്ച്ഡി പഠനം തുടരുകയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് വെങ്കടേഷ് ഡോക്ടറേറ്റ് നേടാനുള്ള തന്റെ തയ്യാറെടുപ്പുകള്‍ വ്യക്തമാക്കിയത്. ഫിനാന്‍സിലാണ് വെങ്കടേഷ് പിഎച്ച്ഡി ചെയ്യുന്നത്.
'ഞാന്‍ ഒരു യാഥാസ്ഥിതിക കുടുംബത്തില്‍ നിന്നാണ് വരുന്നത്, അതുകൊണ്ട് ഞാന്‍ ക്രിക്കറ്റിന്റെ മാത്രം പിന്നാലെയാണെന്ന് എന്റെ മാതാപിതാക്കളെ ബോധ്യപ്പെടുത്തുന്നത് ബുദ്ധിമുട്ടായിരുന്നു. പക്ഷേ കാര്യങ്ങള്‍ മറിച്ചായിരുന്നു. ഞാന്‍ നന്നായി പഠിച്ചു. കളിയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെന്ന് എന്റെ മാതാപിതാക്കളും ആഗ്രഹിച്ചു. മധ്യപ്രദേശ് ടീമിലേക്ക് ഒരു പുതിയ വ്യക്തി വന്നാല്‍, ഞാന്‍ ആദ്യം ചോദിക്കുന്നത്, നിങ്ങള്‍ പഠിക്കുന്നുണ്ടോ ഇല്ലയോ എന്നാകും. നിങ്ങള്‍ മരിക്കുന്നതുവരെ വിദ്യാഭ്യാസം നിങ്ങളോടൊപ്പമുണ്ടാകും, ഒരു ക്രിക്കറ്റ് കളിക്കാരന് 60 വയസ്സുവരെ കളിക്കാന്‍ കഴിയില്ല. അതിനിടയിലെ ഒരു ജീവിതം ഉണ്ടെന്ന് മനസ്സിലാക്കണം' വെങ്കടേഷ് അഭിമുഖത്തിനിടെ പറഞ്ഞു.
തന്റെ മാതാപിതാക്കള്‍ പഠിപ്പിച്ച മൂല്യങ്ങള്‍ക്ക് വെങ്കടേഷ് നന്ദി പറയുകയും ചെയ്തു, ജീവിതത്തില്‍ ശരിയായ തീരുമാനങ്ങളെടുക്കാന്‍ വിദ്യാഭ്യാസം സഹായിക്കുമെന്ന് താന്‍ കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'നിങ്ങള്‍ക്ക് ജീവിതത്തില്‍ ശരിക്കും മികവ് പുലര്‍ത്തണമെങ്കില്‍, നിങ്ങള്‍ വിദ്യാഭ്യാസം നേടണം. എല്ലാ സമയത്തും കളിയെ കുറിച്ച് ചിന്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അത് സമ്മര്‍ദ്ദം ഉയര്‍ത്തും. ഒരു സമയത്ത് രണ്ടു കാര്യങ്ങളും ചെയ്യാന്‍ സാധിക്കുമെങ്കില്‍ ഞാന്‍ അതു ചെയ്യും. ക്രിക്കറ്റ് താരങ്ങള്‍ വിദ്യാഭ്യാസവും മുന്നോട്ടുകൊണ്ടുപോകണമെന്നാണ് എന്റെ അഭിപ്രായം. ബിരുദമോ, ബിരുദാനന്തര ബിരുദമോ പൂര്‍ത്തിയാക്കാന്‍ പറ്റുമെങ്കില്‍ അതു ചെയ്യണം. ഞാന്‍ ഫിനാന്‍സില്‍ പിഎച്ച്ഡി ചെയ്യുകയാണ്. അടുത്ത തവണ അഭിമുഖത്തിനെത്തുമ്പോള്‍ ഡോക്ടര്‍ വെങ്കടേഷ് അയ്യരെന്ന് എന്നെ നിങ്ങള്‍ക്ക് വിളിക്കേണ്ടിവരും' വെങ്കടേഷ് പറഞ്ഞു.
ഐപിഎല്‍ പുതിയ സീസണിലെ താരലേലത്തില്‍ അപ്രതീക്ഷിത നേട്ടമായിരുന്നു ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍ സ്വന്തമാക്കിയിരുന്നത്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും മത്സരിച്ച് വിളിച്ച ലേലത്തിനൊടുവിലാണ് 23.75 കോടി രൂപ ചെലവഴിച്ച് കൊല്‍ക്കത്ത വെങ്കടേഷിനെ നിലനിര്‍ത്തിയത്. 2021ലാണ് വെങ്കടേഷ് അയ്യര്‍ കൊല്‍ക്കത്ത ടീമിന്റെ ഭാഗമാകുന്നത്. ഇതുവരെ നാല് സീസണുകളിലായി 51 മത്സരങ്ങള്‍ കളിച്ചു. 1326 റണ്‍സാണ് അടിച്ചെടുത്തത്. 2024-ല്‍ കൊല്‍ക്കത്ത ചാമ്പ്യന്‍മാരായപ്പോള്‍ 158 സ്‌ട്രൈക്ക് റേറ്റില്‍ 370 റണ്‍സാണ് വെങ്കടേഷ് നേടിയത്. ഇന്ത്യക്കായി രണ്ട് ഏകദിനങ്ങളും ഒമ്പത് ട്വന്റി-20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.