ക്രിക്കറ്റിനോട് കൂട്ടുകൂടിയത് പന്ത്രണ്ടാം വയസ്സില്‍; മകളുടെ സ്വപ്നത്തിന് ഒപ്പംനിന്ന കൂലിപ്പണിക്കാരായ മാതാപിതാക്കള്‍; മീഡിയം പേസറായ ഓള്‍റൗണ്ടറെ കണ്ടെത്തിയ കൃഷ്ണഗിരി ക്രിക്കറ്റ് അക്കാദമി; മിന്നുമണിക്കും സജനയ്ക്കും പിന്നാലെ ജോഷിതയും; വനിതാ പ്രീമിയര്‍ ലീഗില്‍ വയനാടിന്റെ പുത്തന്‍ താരോദയം

വനിതാ പ്രീമിയര്‍ ലീഗില്‍ വയനാടിന്റെ പുത്തന്‍ താരോദയമായി വി.ജെ. ജോഷിത

Update: 2024-12-15 13:46 GMT

Nകല്പറ്റ: വനിതാ ക്രിക്കറ്റില്‍ വയനാടിന്റെ പുത്തന്‍ താരോദയമായി വി.ജെ. ജോഷിത വനിതാ പ്രീമിയര്‍ ലീഗിലേക്ക്. താരലേലത്തില്‍ ആര്‍സിബിയാണ് അടിസ്ഥാന വിലയായ പത്ത് ലക്ഷം രൂപയ്ക്ക് ഓള്‍റൗണ്ടറായ ജോഷിതയെ ടീമിലെത്തിച്ചത്. മലേഷ്യയില്‍ നടക്കുന്ന ഏഷ്യാകപ്പ് മത്സരത്തിനുള്ള അണ്ടര്‍ 19 ഇന്ത്യന്‍ ടീമില്‍ ഇടംനേടിയതിന് പിന്നാലെയാണ് ഇരട്ടിമധുരമായി ജോഷിതയെ തേടി വനിതാ പ്രീമിയര്‍ ലീഗിനുള്ള ആര്‍സിബി ടീമിലേക്കുള്ള വിളി എത്തിയിരിക്കുന്നത്. മിന്നുമണിക്കും സജന സജീവനും സി.എം.സി. നജ്ലയ്ക്കും പിന്നാലെ കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ കൃഷ്ണഗിരി ക്രിക്കറ്റ് അക്കാദമിയില്‍നിന്നുള്ള പുത്തന്‍ താരോദയംകൂടിയാണ് വി.ജെ. ജോഷിത.

ഡിസംബര്‍ ആദ്യവാരം പുണെയില്‍ നടന്ന അണ്ടര്‍ 19 ത്രിരാഷ്ട്രകപ്പിനുള്ള മത്സരത്തിലെ മികച്ചപ്രകടനമാണ് ജോഷിതയെ ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ടീമില്‍ എത്തിച്ചത്. ത്രിരാഷ്ട്രകപ്പിനുള്ള മത്സരത്തില്‍ ഇന്ത്യ എ ടീം അംഗമായിരുന്നു ജോഷിത. ഇന്ത്യ എ, ഇന്ത്യ ബി ടീമുകളും സൗത്ത് ആഫ്രിക്ക ടീമും തമ്മിലുള്ള മത്സരത്തില്‍ ഏഴുവിക്കറ്റെടുത്താണ് ഓള്‍റൗണ്ടറായ ജോഷിത തിളങ്ങിയത്. 15 മുതല്‍ മലേഷ്യയിലാണ് അണ്ടര്‍-19 ഏഷ്യാകപ്പ് മത്സരം. ലോകകപ്പിന് മുന്നോടിയായുള്ള മത്സരത്തിലും മികച്ചപ്രകടനം കാഴ്ചവെക്കാനുള്ള ഒരുക്കത്തിലാണ് താരം.

കുഞ്ഞുനാള്‍ മുതലേ ക്രിക്കറ്റിനോട് കൂട്ടുകൂടിയതാണ് കല്പറ്റ സ്വദേശിനിയായ ജോഷിത. കഴിഞ്ഞ ഏഴുവര്‍ഷമായി കൃഷ്ണഗിരി ക്രിക്കറ്റ് അക്കാദമിയിലാണ് പരിശീലനം. ഓരോ മത്സരങ്ങളിലും ജോഷിത മികച്ചപ്രകടനവുമായി മുന്നേറി. കേരളത്തിന്റെ അണ്ടര്‍ 19 ടീം ക്യാപ്റ്റന്‍, ഡല്‍ഹി ക്യാപിറ്റല്‍സിലെ നെറ്റ് ബോളര്‍ അങ്ങനെ നേട്ടങ്ങളോരൊന്നും ജോഷിത നേടി. ക്രിക്കറ്റ് അസോസിയേഷന്‍ ഡിസ്ട്രിക്ട് കോച്ച് അമല്‍ ബാബുവിന്റെ കോച്ചിങ് ക്യാമ്പിലൂടെയാണ് ജോഷിത കൃഷ്ണഗിരി ക്രിക്കറ്റ് അക്കാദമിയിലെത്തിയത്.

തുടര്‍ന്ന് കെ.സി.എ. പരിശീലകരായ ടി. ദീപ്തിയുടെയും ജസ്റ്റിന്‍ ഫെര്‍ണാണ്ടസിന്റെയും കീഴിലായിരുന്നു പരിശീലനം. സുല്‍ത്താന്‍ബത്തേരി സെയ്ന്റ് മേരീസ് കോളേജിലെ ഒന്നാംവര്‍ഷ ബിരുദവിദ്യാര്‍ഥിനിയാണ്. കല്പറ്റ മൈതാനി ഗ്രാമത്തുവയല്‍ ജോഷിയുടെയും ശ്രീജയുടെയും മകളാണ്.

കഴിഞ്ഞ ദിവസം സമാപിച്ച ട്രയാങ്കുലര്‍ സീരീസില്‍ ഇന്ത്യന്‍ എ ടീമിനായി കാഴ്ചവച്ച മികച്ച പ്രകടനമാണ് ജോഷിതയ്ക്ക് വനിതാ പ്രീമിയര്‍ ലീഗിലേക്കും വഴിതുറന്നത്. ഏഷ്യാ കപ്പ് കഴിഞ്ഞാല്‍ ജനുവരി 18 ന് വനിതകളുടെ അണ്ടര്‍ 19 ട്വന്റി 20 ലോകകപ്പ് തുടങ്ങും. ഈ ടീമിലും ജോഷിത ഇടംനേടിയേക്കും.

കല്പറ്റ മൈതാനി ഗ്രാമത്തുവയല്‍ സ്വദേശിയാണ് ജോഷിത. വെല്ലച്ചിറ വി.ടി. ജോഷിയുടെയും എം.പി.ശ്രീജയുടെയും പുത്രി. കൂലിപ്പണി ചെയ്ത് കുടുംബം പോറ്റുമ്പോഴും മകളുടെ ക്രിക്കറ്റ് പരിശീലനം മുടങ്ങാതിരിക്കാന്‍ ശ്രമിക്കുന്ന മാതാപിതാക്കള്‍. അവരുടെ മാത്രമല്ല, കേരളത്തിന്റെയും പ്രതീക്ഷയാണ് ജോഷിത. ബെത്തേരി സെന്റ് മേരീസ് കോളജില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്.

അണ്ടര്‍ 19 കേരള ടീം നായികയായിരുന്ന ജോഷിത ദക്ഷിണാഫ്രിക്ക കൂടി ഉള്‍പ്പെട്ട ട്രയാങ്കുലര്‍ സീരീസില്‍ ഏഴു വിക്കറ്റ് വീഴ്ത്തി. 15 പന്തില്‍ നേടിയ 27 റണ്‍സും ശ്രദ്ധിക്കപ്പെട്ടു. പന്ത്രണ്ടാം വയസ്സില്‍ ക്രിക്കറ്റ് പരിശീലനം തുടങ്ങിയതാണ് ഈ ഓള്‍റൗണ്ടര്‍. മീഡിയം പെയ്‌സ് ബൗളറും മധ്യനിര ബാറ്ററും.

Tags:    

Similar News