മുഹമ്മദ് ഷമി തിരിച്ചെത്തി; വിക്കറ്റ് കീപ്പറായി സഞ്ജു തുടരും; നയിക്കാന്‍ സൂര്യകുമാര്‍; അക്സര്‍ പട്ടേല്‍ വൈസ് ക്യാപ്റ്റന്‍; നാല് ഓള്‍റൗണ്ടര്‍മാരും മൂന്ന് പേസര്‍മാരും രണ്ട് സ്പിന്നര്‍മാരും; ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Update: 2025-01-11 14:51 GMT

മുംബൈ: മുംബൈ: ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. സൂര്യകുമാര്‍ യാദവ് ടീമിനെ നയിക്കും. അക്സര്‍ പട്ടേലാണ് വൈസ് ക്യാപ്റ്റന്‍. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് പേസര്‍ മുഹമ്മദ് ഷമി തിരിച്ചെത്തിയതാണ് ഹൈലറ്റ്.

പരമ്പരയ്ക്കുള്ള ടീമിനെ ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറായി ട്വന്റി20 ടീമില്‍ തുടരും. രണ്ടാം വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മയ്ക്കു പകരം ധ്രുവ് ജുറെലും ടീമില്‍ സ്ഥാനം പിടിച്ചു. പരുക്ക് മാറി രാജ്യാന്തര മത്സരത്തിലേക്ക് തിരിച്ചുവന്നെങ്കിലും ട്വന്റി20യില്‍ ഋഷഭ് പന്തിന് അവസരം നല്‍കിയില്ല. ദേശീയ സെലക്ഷന്‍ കമ്മിറ്റി ഋഷഭ് പന്തിനെ ഒഴിവാക്കി സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ധ്രുവ് ജുറല്‍ രണ്ടാം വിക്കറ്റ്- കീപ്പര്‍ ബാറ്ററാണ്.

ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയും ട്വന്റി20 ടീമിലുണ്ട്. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ അഭിഷേക് ശര്‍മ, തിലക് വര്‍മ, റിങ്കു സിങ് എന്നിവര്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ റിയാന്‍ പരാഗ്, ശിവം ദുബെ എന്നിവരെ പരുക്കിനെ തുടര്‍ന്നു പരിഗണിച്ചില്ല.

ജസ്പ്രീത് ബുമ്രയുടെ ഫിറ്റ്നസില്‍ ആശങ്കയുള്ള ടീം ഇന്ത്യയ്ക്ക് മുഹമ്മദ് ഷമിയുടെ തിരിച്ചുവരവ് ആശ്വാസമാണ്. ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചാം ടെസ്റ്റിനിടെയാണ് ബുമ്രയ്ക്കു പരുക്കേറ്റത്. ചാമ്പ്യന്‍സ് ട്രോഫിയിലും ബുമ്ര കളിക്കുന്നത് സംശയത്തിലാണ്. ഈ സാഹചര്യത്തില്‍ ഷമിയുടെ സാന്നിധ്യം ബോളിങ് നിരയ്ക്ക് കരുത്ത് നല്‍കും. അഞ്ച് മത്സരങ്ങളുള്ള ട്വന്റി20 പരമ്പര ജനുവരി 22ന് ആരംഭിക്കും. ഇതിനു ശേഷം മൂന്നു ഏകദിനങ്ങളും ഇംഗ്ലണ്ടിനെതിരെ കളിക്കുന്നുണ്ട്.

ജനുവരി 22-നാണ് പരമ്പരയിലെ ആദ്യമാച്ച്. കൊല്‍ക്കത്ത, ചെന്നൈ, രാജ്കോട്ട്, പുണെ, മുംബൈ എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. ഫെബ്രുവരി രണ്ടിനാണ് പരമ്പരയിലെ അവസാന മത്സരം.

ട്വന്റി20 ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദ്ദിക് പാണ്ഡ്യ, റിങ്കു സിങ്, നിതീഷ് കുമാര്‍ റെഡ്ഡി, അക്സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്ണോയി, വാഷിങ്ടണ്‍ സുന്ദര്‍, ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍).

Tags:    

Similar News