ആരാധകരെ മോഹിപ്പിച്ച ആ ഫ്‌ലിക് ഷോട്ടുകളും ഡൗണ്‍ ദ് ഗ്രൗണ്ട് ഷോട്ടുകളും വീണ്ടും; കാലം കഴിഞ്ഞെന്ന് പറഞ്ഞവര്‍ക്ക് ബാറ്റുകൊണ്ട് മറുപടി; കട്ടക്കില്‍ ഹിറ്റ്മാന്‍ ഷോ! തകര്‍പ്പന്‍ സെഞ്ചുറിയുമായി രോഹിത്; ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ജയത്തിലേക്ക്

തകര്‍പ്പന്‍ സെഞ്ചുറിയുമായി രോഹിത്; ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ജയത്തിലേക്ക്

Update: 2025-02-09 15:32 GMT

കട്ടക്ക്: കാലം കഴിഞ്ഞെന്ന വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും ബാറ്റുകൊണ്ട് രചിച്ച മനോഹരമായ സെഞ്ചുറിയിലൂടെ മറുപടി നല്‍കി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. കട്ടക്കില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ഫോമിലേക്കുയര്‍ന്ന 37-കാരന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ മികവില്‍ ഇന്ത്യ ജയത്തിലേക്ക്. മികച്ച ഷോട്ടുകളിലൂടെ ക്രീസില്‍ നിറഞ്ഞാടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ 77 പന്തുകളില്‍ നിന്നാണ് മൂന്നക്കത്തിലെത്തിയത്. ആരാധകരെ മോഹിപ്പിച്ച ഫ്ളിക് ഷോട്ടുകളും ഡൗണ്‍ ദ ഗ്രൗണ്ട്, ഓവര്‍ കവര്‍ ഷോട്ടുകളുമായി ഹിറ്റ്മാന്‍ വീണ്ടും കളം നിറഞ്ഞു.

ഇതിന് മുമ്പ് ഏകദിനത്തില്‍ 2023 ഒക്ടോബര്‍ 11-ന് അഫ്ഗാനിസ്ഥാനെതിരെ ന്യൂഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് രോഹിത് സെഞ്ചുറി നേടിയത്. അതായത് ഒരു വര്‍ഷവും നാല് മാസവും പിന്നിട്ട ശേഷമൊരു സെഞ്ചുറി. ട്വന്റി-20യില്‍ 2024 ജനുവരിയിലും ടെസ്റ്റില്‍ 2024 മാര്‍ച്ചിലും രോഹിത് നൂറിലെത്തിയിരുന്നു.

എന്നാല്‍ പിന്നീടിങ്ങോട്ട് ഇന്ത്യന്‍ ജഴ്സിയില്‍ അത്ര സുഖകരമായിരുന്നില്ല ഇന്ത്യന്‍ ക്യാപ്റ്റന്റെ യാത്ര. ബോര്‍ഡര്‍-ഗാവസ്‌ക്കര്‍ ടെസ്റ്റ് പരമ്പരയില്‍ പരാജയമായതോടെ ടീമില്‍നിന്ന് തഴയപ്പെട്ടു. രോഹിതിന് പകരം ജസ്പ്രീത് ബുംറ ഇന്ത്യന്‍ നായകനായി മാറി. പിന്നാലെ രോഹിതിന്റെ വിരമിക്കലിനായി വിവിധ ഭാഗങ്ങളില്‍ നിന്ന് മുറവിളി ഉയര്‍ന്നു. രോഹിതിന്റെ ഭാവിയുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമാകുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നു.

രഞ്ജിയിലും താരം ഭാഗ്യപരീക്ഷണം നടത്തി. പക്ഷേ മുംബൈയുടെ ജഴ്സിയിലും നിരാശ തന്നെയായിരുന്നു ഫലം. ഒടുവില്‍ ഇംഗ്ലണ്ടിനെതിരായ പരമ്പര അവസാനത്തെ കച്ചിത്തുരുമ്പായി. എന്നാല്‍ ആദ്യ ഏകദിനത്തില്‍ ഏഴ് പന്തില്‍ രണ്ട് റണ്‍സായിരുന്നു സമ്പാദ്യം. ഇതോടെ സമ്മര്‍ദ്ദം കൂടി. എന്നാല്‍ രണ്ടാം ഏകദിനത്തില്‍ ആരാധകരുടെ വിശ്വാസം ഹിറ്റ്മാന് തെറ്റിച്ചില്ല.

രോഹിതിന്റെ കരിയറിലെ 49-ാം സെഞ്ചുറിയാണിത്. ഏകദിനത്തിലെ 32-ാം സെഞ്ചുറിയും. ഇന്ത്യന്‍ ജഴ്സിയില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ താരങ്ങളുടെ പട്ടികയില്‍ രാഹുല്‍ ദ്രാവിഡിനേയും രോഹിത് മറികടന്നു. 48 സെഞ്ചുറിയാണ് ദ്രാവിഡിന്റെ പേരിലുള്ളത്. ഈ പട്ടികയില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും വിരാട് കോലിയുമാണ് രോഹിതിന് മുന്നിലുള്ളത്.

ഇതിനൊപ്പം ഏകദിന ക്രിക്കറ്റില്‍ സിക്സുകളുടെ എണ്ണത്തില്‍ വെസ്റ്റിന്‍ഡീസ് ഇതിഹാസ താരം ക്രിസ് ഗെയ്ലിന്റെ റെക്കോഡും രോഹിത് മറികടന്നു. 333 സിക്സുകളാണ് രോഹിത് ഇതുവരെ നേടിയത്. ഗെയ്ലിന്റെ പേരിലുള്ളത് 331 സിക്സുകളാണ്. പാകിസ്താന്‍ താരം ഷാഹിദ് അഫ്രീദിയാണ് 351 സിക്സുമായി ഈ പട്ടികയില്‍ മുന്നിലുള്ളത്.

കട്ടക്ക്, ബരാബതി സ്റ്റേഡിയത്തില്‍ 77 പന്തില്‍ താരം സെഞ്ചുറി പൂര്‍ത്തിയാക്കിയ താരം 119 റണ്‍സെടുത്ത് പുറത്തായി. 305 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 34 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സെടുത്തിട്ടുണ്ട്. ശ്രേയസ് അയ്യര്‍ (35), അക്‌സര്‍ പട്ടേല്‍ (11) എന്നിവരാണ് ക്രീസില്‍. രോഹിത്തിന് പുറമെ ശുഭ്മാന്‍ ഗില്‍ (60), വിരാട് കോലി (5) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

ഗംഭീര തുടക്കമാണ് രോഹിത് - ഗില്‍ സഖ്യം ഇന്ത്യക്ക് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 136 റണ്‍സ് ചേര്‍ത്തു. 17-ാം ഓവറിലാണ് ഇംഗ്ലണ്ടിന് കൂട്ടുകെട്ട് പൊളിക്കാന്‍ സാധിച്ചത്. ജാമി ഓവലര്‍ടണിന്റെ പന്തില്‍ ഗില്‍, ബൗള്‍ഡാവുകയായിരുന്നു. 52 പന്തുകള്‍ നേരിട്ട താരം ഒരു സിക്സും ഒമ്പത് ഫോറും നേടി. തുടര്‍ന്ന് ക്രീസിലെത്തിയ വിരാട് കോലി നിരാശപ്പെടുത്തി. ആദില്‍ റഷീദിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഫില്‍ സാള്‍ട്ടിന് ക്യാച്ച് നല്‍കുകയായിരുന്നു താരം. അംപയര്‍ ഔട്ട് വിളിച്ചില്ലെങ്കിലും ഇംഗ്ലണ്ട് റിവ്യൂ ചെയ്തു. റിവ്യൂയില്‍ പന്ത് ബാറ്റിലുരസിയെന്ന് വ്യക്തമായതോടെ അംപയര്‍ക്ക് തീരുമാനം മാറ്റേണ്ടി വന്നു. സെഞ്ചുറി പൂര്‍ത്തിയാക്കി അല്‍പ സമയത്തിന് ശേഷം രോഹിത്തും മടങ്ങി. ഏഴ് സിക്സും 12 ഫോറും ഉള്‍പ്പെടുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിംഗ്സ്. ശ്രേയസിനൊപ്പം 70 റണ്‍സ് ചേര്‍ക്കാന്‍ രോഹിത്തിനായി.

ഐസിസി ചാംപ്യന്‍സ് ട്രോഫിക്കൊരുങ്ങുന്ന ഇന്ത്യക്ക് രോഹിത്തിന്റെ ഫോം തുണയാവും. 30 പന്തുകളില്‍നിന്നായിരുന്നു രോഹിത് അര്‍ധ സെഞ്ചറിയിലെത്തിയത്. ഏകദിന ക്രിക്കറ്റിലെ സിക്‌സറുകളുടെ എണ്ണത്തില്‍ വെസ്റ്റിന്‍ഡീസിന്റെ ഇതിഹാസ താരം ക്രിസ് ഗെയ്‌ലിനെ രോഹിത് മറികടന്നു. 335 സിക്‌സുകളാണ് ഏകദിന മത്സരങ്ങളില്‍നിന്ന് രോഹിത് ഇതുവരെ നേടിയിട്ടുള്ളത്. ക്രിസ് ഗെയ്ല്‍ 331 സിക്‌സുകള്‍ നേടിയിട്ടുണ്ട്. പാക്കിസ്ഥാന്റെ മുന്‍ താരം ഷാഹിദ് അഫ്രീദിയാണ് ഇക്കാര്യത്തില്‍ ഒന്നാമന്‍. 351 സിക്‌സുകളാണ് അഫ്രീദി കരിയറില്‍ അടിച്ചുകൂട്ടിയത്.

കഴിഞ്ഞ മത്സരങ്ങളില്‍ ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍, കട്ടക്കില്‍ അനായാസം ബാറ്റു വീശി. ഫ്‌ലിക് ഷോട്ടുകളും ഓവര്‍ കവര്‍, ഡൗണ്‍ ദ് ഗ്രൗണ്ട് ഷോട്ടുകളും കണ്ട് ആരാധകര്‍ ആവേശത്തിലായി. 37ാം വയസ്സില്‍ വിരമിക്കലുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ തുടര്‍ച്ചയായി നേരിടേണ്ടിവരുന്നതിനിടെയാണ് രോഹിതിന്റെ വെടിക്കെട്ട് ഇന്നിങ്‌സ് എന്നതും ശ്രദ്ധേയമാണ്.

നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് വേണ്ടി ജോ റൂട്ട് (69), ബെന്‍ ഡക്കറ്റ് (65), ലിയാം ലിവിംസ്റ്റണ്‍ (41) എന്നിവരാണ് മികച്ച പ്രകടനം പുറത്തെടുത്തത്. 49.5 ഓവറില്‍ എല്ലാവരും പുറത്തായി. ഇന്ത്യക്ക് വേണ്ടി രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റ് വീഴ്ത്തി. അരങ്ങേറ്റക്കാരന്‍ വരുണ്‍ ചക്രവര്‍ത്തിക്ക് ഒരു വിക്കറ്റാണ് നേടാന്‍ സാധിച്ചത്.

മികച്ച തുടക്കമായിരുന്നു ഇംഗ്ലണ്ടിന്. ഒന്നാം വിക്കറ്റില്‍ ഫിലിപ് സാള്‍ട്ട് (26) ഡക്കറ്റ് സഖ്യം 81 റണ്‍സ് ചേര്‍ത്തു. ആദ്യ ഏകദിനം കളിക്കുന്ന വരുണാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. രവീന്ദ്ര ജഡേജയ്ക്ക് ക്യാച്ച്. മൂന്നാമതായി ക്രീസിലെത്തിയ ജോ റൂട്ട് നിര്‍ണായക സംഭവാന നല്‍കി. ഡക്കറ്റ് - റൂട്ട് സഖ്യം മികച്ച കൂട്ടുകെട്ടിലേക്ക് നീങ്ങുന്നതിനിടെ രവീന്ദ്ര ജഡേജ ബ്രേക്ക് ത്രൂമായെത്തി. ഡക്കറ്റിനെ, ഹാര്‍ദിക് പാണ്ഡ്യയുടെ കൈകളിലേക്ക് അയച്ചു. തുടര്‍ന്ന് ഹാരി ബ്രൂക്ക് (31) റൂട്ട് സഖ്യം 66 റണ്‍സ് കൂട്ടിചേര്‍ത്തു. 30-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. ബ്രൂക്കിനെ ഹര്‍ഷിത് റാണ മടക്കുകയായിരുന്നു. ക്യാപ്റ്റന്‍ ജോസ് ബട്ലര്‍ക്കും (34) വലിയ സംഭാവന ചെയ്യാന്‍ സാധിച്ചില്ല.

തുടര്‍ന്നെത്തിയ ജാമി ഓവര്‍ട്ടണ്‍ (6), ഗസ് അറ്റ്കിന്‍സണ്‍ (3) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഇതോടെ ഏഴിന് 272 എന്ന നിലയിലായി ഇംഗ്ലണ്ട്. അവസാന മൂന്ന് വിക്കറ്റുകളും റണ്ണൗട്ടില്‍ അവസാനിക്കുകയായിരുന്നു. ആദില്‍ റഷീദ് (14), ലിയാം ലിവിംഗ്സ്റ്റണ്‍ (41), മാര്‍ക്ക് വുഡ് (0) എന്നിവരാണ് റണ്ണൗട്ടായത്. സാകിബ് മെഹ്‌മൂദ് (0) പുറത്താവാതെ നിന്നു.

Similar News