ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആയുഷ് മാത്രെയുടെ ബാറ്റിങ് വെടിക്കെട്ട്; ഗാലറിയിലെ എലൈറ്റ് ഡയമണ്ട് ബോക്‌സില്‍ തല്ലുമാല; ഐപിഎല്‍ മത്സരത്തിനിടെ വിഐപി ഗ്യാലറിയില്‍ ഏറ്റുമുട്ടിയത് ഐപിഎസ്-ഇന്‍കം ടാക്സ് ഉദ്യോഗസ്ഥ കുടുംബാംഗങ്ങള്‍; കാഴ്ചക്കാരായി ക്രിക്കറ്റ് ആരാധകര്‍

ഐപിഎല്‍ മത്സരത്തിനിടെ ഗാലറില്‍ ഏറ്റുമുട്ടി ഐപിഎസ്-ഇന്‍കം ടാക്സ് ഉദ്യോഗസ്ഥ കുടുംബാംഗങ്ങള്‍

Update: 2025-05-06 08:11 GMT

ബെംഗളൂരു: ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും ചെന്നൈ സൂപ്പര്‍ കിങ്സും തമ്മില്‍ പൊരിഞ്ഞ പോരാട്ടം നടക്കുമ്പോള്‍ ഗാലറിയില്‍ ഐപിഎസ്-ഇന്‍കം ടാക്സ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങള്‍ തമ്മില്‍ സീറ്റിനെച്ചൊല്ലി പൊരിഞ്ഞ അടി. ഗ്രൗണ്ടിലെ ചെന്നൈ ബാറ്റര്‍മാരുടെ തല്ല് കാണണോ അതോ തൊട്ടടുത്തു നടക്കുന്ന തമ്മില്‍ത്തല്ല് കാണണോ എന്ന ആശങ്കയിലായിരുന്നു ക്രിക്കറ്റ് ആരാധകര്‍. അടി നോക്കിനിന്നതല്ലാതെ അവരാരും ഇടപെട്ടില്ല. ഏതാണ്ട് മുക്കാല്‍ മണിക്കൂറിനടുത്ത് 'പോരാട്ടം' നീണ്ടു. ഒടുവില്‍ പോലീസ് ഇടപെട്ടിട്ടും രംഗം ശാന്തമായില്ല.

വിഐപി ഗ്യാലറിയിലെ എലൈറ്റ് ഡയമണ്ട് ബോക്‌സിലായിരുന്നു ഐപിഎസ് ഉദ്യോഗസ്ഥന്റെ കുടുംബവും ഇന്‍കം ടാക്‌സ് കമ്മീഷണറുടെ കുടുംബവും തമ്മില്‍ പരസ്യമായി കൊമ്പുകോര്‍ത്തതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ തുടങ്ങിയ തമ്മില്‍ തല്ല് ഒടുവില്‍ പൊലിസ് കേസുമായി. ബെംഗളൂരുവിലെ കബോണ്‍ പാര്‍ക്ക് സ്റ്റേഷനിലാണ് ഇരു കുടുംബങ്ങളും പരാതി നല്‍കിയത്.

എലൈറ്റ് ഡയമണ്ട് ബോക്‌സിലിരുന്ന് കളി കാണുകയായിരുന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ മകനും മകളും മത്സരത്തിനിടെ വാഷ്റൂമില്‍ പോകാനായി പുറത്തേക്ക് പോയിരുന്നു. പുറത്തുപോകുമ്പോള്‍ സ്വന്തം സീറ്റില്‍ ബാഗ് വെച്ചാണ് ഇവര്‍ പോയത്. എന്നാല്‍ തിരിച്ചുവന്നപ്പോള്‍ അവരുടെ സീറ്റില്‍ മറ്റാരോ ഇരിക്കുന്നത് കണ്ട് ഇത് തങ്ങളുടെ സീറ്റണെന്ന് പറഞ്ഞെങ്കിലും സീറ്റിലിരുന്നയാള്‍ മാറിയില്ല. ഇത് ഇന്‍കം ടാക്‌സ് കമ്മീഷണറുടെ ബന്ധുവായിരുന്നു സീറ്റിലിരുന്നിരുന്നത്. തുടര്‍ന്ന് ഐപിഎസ് ഉദ്യോഗസ്ഥന്റെ മകനും ഇയാളും തമ്മില്‍ രൂക്ഷമായ വാക്കു തര്‍ക്കമുണ്ടായി. ഐപിഎസ് ഉദ്യോഗസ്ഥന്റെ മകളും തര്‍ക്കത്തില്‍ പങ്കുചേരുകയും ഒരുഘട്ടത്തില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുന്ന അവസ്ഥയിലെത്തുകയും ചെയ്തു.

ഐപിഎസ് ഉദ്യോഗസ്ഥന്റെ മക്കള്‍ പിതാവിനെ വിളിച്ച് സഹായം അഭ്യര്‍ത്ഥിക്കുക്കുകയും അദ്ദേഹം സ്റ്റേഡിയത്തിലെ പൊലീസ് ഉദ്യോഗസ്ഥരെ ബന്ധപ്പെടുകയും ചെയ്‌തെങ്കിലും ആരും സഹായത്തിന് എത്തിയില്ല. നിരവധി ഉന്നത ഉദ്യോഗസ്ഥര്‍ കളി കാണാനായി സമീപത്തെ സീറ്റുകളിലുണ്ടായിരുന്നെങ്കിലും ആരും പ്രശ്‌നത്തില്‍ ഇടപെട്ടില്ല.

ഐപിഎസ് ഉദ്യോഗസ്ഥന്റെ മക്കള്‍ ഒരുമിച്ചുനിന്ന് നേരിട്ടതോടെ, വന്നിരുന്നയാള്‍ക്കൊപ്പം ആദായ നികുതി കമ്മിഷണറായ അദ്ദേഹത്തിന്റെ ഭാര്യയും ഇവരുടെ മകനും പക്ഷംചേര്‍ന്നു. ഇതോടെ തര്‍ക്കം ഐപിഎസ്-ഇന്‍കം ടാക്സ് ഉദ്യോഗസ്ഥ കുടുംബാംഗങ്ങള്‍ തമ്മിലായി. മുഖത്തുനോക്കി പരസ്പരം തര്‍ക്കിച്ചും അസഭ്യം പറഞ്ഞും ഇരുകൂട്ടരും തമ്മിലുള്ള തര്‍ക്കം നിയന്ത്രണാതീതമായി. ഈ സമയത്ത് ഗ്രൗണ്ടില്‍ ആയുഷ് മാത്രെ എന്ന പതിനേഴുകാരന്‍ ചെന്നൈക്കായി കണ്ണഞ്ചിപ്പിക്കുന്ന ഇന്നിങ്സ് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു.

പക്ഷേ, വിഐപി ബോക്സിലെ തര്‍ക്കത്തിന് ഒരു ശമനവുമുണ്ടായില്ല. തര്‍ക്കം പരിഹാരമാവുന്നില്ലെന്നു കണ്ടതോടെ സഹോദരങ്ങള്‍ തങ്ങളുടെ മാതാപിതാക്കളെ അടുത്തേക്കുവിളിച്ചു. അവരെത്തി സ്ഥിതിഗതികള്‍ മനസ്സിലാക്കി. ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യ മക്കളോട് സ്റ്റേഡിയത്തിന് പുറത്തേക്ക് പോവാന്‍ പറഞ്ഞു. ഇതോടെ മകള്‍ പുറത്തുപോയി കബ്ബണ്‍ പാര്‍ക്ക് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ആദായനികുതി കമ്മിഷണറുടെ ഭര്‍ത്താവ് തനിക്ക് അസ്വസ്ഥതയുണ്ടാവുന്ന വിധത്തില്‍ ശരീരത്തില്‍ സ്പര്‍ശിച്ചെന്നും തന്റെ സ്വകാര്യതയിലേക്ക് കടന്നുകയറിയെന്നുമുള്‍പ്പെടെ ആരോപിച്ചായിരുന്നു പരാതി. പരുഷമായി പെരുമാറുന്നതിന്റെ ദൃശ്യങ്ങള്‍ തന്റെ മകന്‍ ഫോണില്‍ പകര്‍ത്തിയിട്ടുണ്ടെന്നും പോലീസില്‍ അറിയിച്ചു. സംഭവം നടന്ന രാത്രി 9.40-10.20 സമയത്തിനിടയില്‍ ബോക്സില്‍ ഡ്യൂട്ടിയില്‍ പോലീസുകാരുണ്ടായിരുന്നില്ലെന്നും അവള്‍ ചൂണ്ടിക്കാട്ടി.

പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഇന്‍കം ടാക്സ് ഉദ്യോഗസ്ഥയ്ക്കും ഭര്‍ത്താവിനുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. കുറ്റകരമായ ഭീഷണി, സമാധാനം തകര്‍ക്കുക എന്ന ഉദ്ദേശ്യത്തോടെ മനഃപൂര്‍വമുള്ള അപമാനം, സ്ത്രീക്ക് അസ്വസ്ഥതയുണ്ടാക്കുന്ന വിധത്തിലുള്ള ശാരീരിക സമ്പര്‍ക്കം ഉള്‍പ്പെടെയുള്ള ലൈംഗിക പീഡനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി. എന്നാല്‍, മണിക്കൂറുകള്‍ക്കകം ഇന്‍കം ടാക്സ് ഉദ്യോഗസ്ഥയും ഭര്‍ത്താവും സ്റ്റേഷനില്‍ ഹാജരായി ചുമത്തിയ കുറ്റങ്ങളെല്ലാം നിഷേധിച്ചു. ഇവരെ ചോദ്യംചെയ്ത ശേഷം പോലീസ് വിട്ടയച്ചു. എന്നാല്‍, അതിനുശേഷവും ഇരുകുടുംബങ്ങളും തമ്മിലുള്ള തര്‍ക്കം തുടര്‍ന്നു.

അതിനിടെ, സീസണിലെ ഏറ്റവും ആവേശം നിറഞ്ഞ മത്സരങ്ങളിലൊന്ന് ഗ്രൗണ്ടില്‍ അവസാനിച്ചു. അവസാന പന്തുവരെ ആവേശം മുറ്റിനിന്ന മത്സരത്തില്‍ ആര്‍സിബിക്കായിരുന്നു വിജയം. ആദ്യം ബാറ്റുചെയ്ത ആര്‍സിബി നിശ്ചിത ഓവറില്‍ 213 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ചെന്നൈക്ക് 211 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. 13 പന്തില്‍ ഫിഫ്റ്റി നേടിയ റൊമാരിയോ ഷെപ്പേഡും അര്‍ധ സെഞ്ചുറിയുമായി കളം മിന്നിയ കോലിയും ബെതലുമാണ് ബെംഗളൂരുവിന് വലിയ ടോട്ടല്‍ നല്‍കിയത്. മറുപടി ബാറ്റിങ്ങില്‍ ചെന്നൈക്കായി 17-കാരന്‍ ആയുഷ് മാത്രെയുടെ സെഞ്ചുറിയോളംതന്നെ തികവാര്‍ന്ന (48 പന്തില്‍ 94) ബാറ്റിങ്ങും കണ്ടു. മത്സരത്തിന്റെ ആവേശം അവസാന പന്തുവരെ നീണ്ടു. അവസാന പന്തില്‍ നാല് റണ്‍സെടുത്താല്‍ ജയിക്കാമായിരുന്നു ചെന്നൈക്ക്. പക്ഷേ, വമ്പനടിക്കാരന്‍ ശിവം ദുബെയ്ക്ക് ആ പന്ത് അതിര്‍ത്തി കടത്താനാകാതെ വന്നതോടെ സിഎസ്‌കെയ്ക്ക് തോല്‍വിയോടെ അവസാനിപ്പിക്കേണ്ടിവന്നു.

Similar News