വാങ്കഡെയില്‍ മുംബൈയ്ക്ക് വിജയ 'സൂര്യ'ന്‍; ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ 59 റണ്‍സിന് കീഴടക്കി പ്ലേ ഓഫില്‍; അര്‍ധ സെഞ്ചുറിയുമായി സൂര്യകുമാര്‍ കളിയിലെ താരം; ഡല്‍ഹിയെ എറിഞ്ഞിട്ടത് മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ബുംറയും സാന്റ്നറും; മുംബൈ പ്ലേ ഓഫില്‍ കടക്കുന്നത് പതിനൊന്നാം തവണ

വാങ്കഡെയില്‍ മുംബൈയ്ക്ക് വിജയ 'സൂര്യ'ന്‍

Update: 2025-05-21 18:25 GMT

മുംബൈ: വാങ്കഡെ സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സിന്റെ വിജയസൂര്യന്‍. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ തകര്‍ത്ത് 59 റണ്‍സിന്റെ മിന്നുന്ന ജയവുമായി മുംബൈ പ്ലേ ഓഫ് ഉറപ്പിച്ചു. പതിനെട്ട് ഐപിഎല്‍ സീസണിനിടെ പതിനൊന്നാം തവണയാണ് മുബൈ പ്ലേ ഓഫ് ഉറപ്പിക്കുന്നത്. ഡല്‍ഹിയെ 59 റണ്‍സിനു തോല്‍പ്പിച്ചാണ് മുംബൈ ഇന്ത്യന്‍സ് പ്ലേഓഫില്‍ കടന്നത്. സൂര്യകുമാര്‍ യാദവിന്റെ (43 പന്തില്‍ 73*) മികവില്‍ മുംബൈ ഉയര്‍ത്തിയ 181 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി 18.2 ഓവറില്‍ 121 റണ്‍സിനു പുറത്തായി. മത്സരത്തില്‍ പരാജയപ്പെട്ടതോടെ ഡല്‍ഹി പ്ലേ ഓഫ് കാണാതെ പുറത്തായി.

മുംബൈയ്ക്കായി ജസ്പ്രീത് ബുമ്ര, മിച്ചല്‍ സാന്‍ന്റനര്‍ എന്നിവര്‍ മൂന്നു വിക്കറ്റ് വീതവും ട്രെന്റ് ബോള്‍ട്ട്, ദീപക് ചാഹര്‍, വില്‍ ജാക്‌സ്, കാണ്‍ ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. 35 പന്തില്‍ 39 റണ്‍സെടുത്ത സമീര്‍ റിസ്വി ആണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. കഴിഞ്ഞ മത്സരത്തില്‍ സെഞ്ചറി നേടിയ ഓപ്പണര്‍ കെ.എല്‍.രാഹുല്‍ (11), ഫാഫ് ഡുപ്ലെസി (6), അഭിഷേക് പോറല്‍ (6) തുടങ്ങിയവര്‍ ഫോമിലാകാതെ പോയതാണ് ഡല്‍ഹിക്ക് തിരിച്ചടിയായത്.

പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റു. 27 റണ്‍സിനിടെ ടീമിന് മൂന്ന് മുന്‍നിര ബാറ്റര്‍മാരെ നഷ്ടമായി. നായകന്‍ ഫാഫ് ഡു പ്ലെസിസ്(6), കെ.എല്‍. രാഹുല്‍ (11), അഭിഷേക് പോറല്‍(6) എന്നിവര്‍ വേഗം കൂടാരം കയറി. തുടക്കത്തില്‍ തന്നെ പ്രതിരോധത്തിലായെങ്കിലും സമീര്‍ റിസ്വിയും വിപ്രജ് നിഗവും രക്ഷാപ്രവര്‍ത്തനത്തിന് തുടക്കമിട്ടു. സ്‌കോര്‍ 55 ല്‍ നില്‍ക്കേ വിപ്രജ് നിഗം(20) പുറത്തായി. പിന്നാലെ ട്രിസ്റ്റണ്‍ സ്റ്റബ്സും(2) കൂടാരം കയറിയതോടെ ഡല്‍ഹി തോല്‍വി മണത്തു.

സമീര്‍ റിസ്വിയുടെ ചെറുത്തുനില്‍പ്പ് മാത്രമാണ് ഡല്‍ഹിക്ക് ആശ്വാസമായത്. റിസ്വി 35 പന്തില്‍ നിന്ന് 39 റണ്‍സെടുത്ത് പുറത്തായി. അശുതോഷ് ശര്‍മ(18), മാധവ് തിവാരി(3), കുല്‍ദീപ് യാദവ്(7) എന്നിവര്‍ക്കും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. ഒടുവില്‍ 18.2 ഓവറില്‍ 121 റണ്‍സിന് ഡല്‍ഹി പുറത്തായി. മുംബൈക്കായി ജസ്പ്രീത് ബുംറയും മിച്ചല്‍ സാന്റ്നറും മൂന്നുവീതം വിക്കറ്റെടുത്തു.

നേരത്തേ മുംബൈ നിശ്ചിത 20-ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സാണെടുത്തിരുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്കായി ഓപ്പണര്‍ റയാന്‍ റിക്കെല്‍ട്ടണ്‍ വെടിക്കെട്ടോടെയാണ് തുടങ്ങിയത്. എന്നാല്‍ രോഹിത് ശര്‍മ നിരാശപ്പെടുത്തി. അഞ്ച് റണ്‍സ് മാത്രമെടുത്ത് താരം പുറത്തായി. മൂന്നാമനായി ഇറങ്ങിയ വില്‍ ജാക്ക്സും മുംബൈ സ്‌കോറുയര്‍ത്തി. 13 പന്തില്‍ നിന്ന് 21 റണ്‍സെടുത്ത് വില്‍ ജാക്ക്സ് കൂടാരം കയറിയതോടെ മുംബൈ 48-2 എന്ന നിലയിലായി. പിന്നാലെ റിക്കെല്‍ട്ടണും മടങ്ങി. 18 പന്തില്‍ നിന്ന് 25 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.

നാലാം വിക്കറ്റില്‍ ഒന്നിച്ച സൂര്യകുമാര്‍ യാദവും തിലക് വര്‍മയുമാണ് പിന്നീട് മുബൈയെ കരകയറ്റിയത്. ഇരുവരും പതിയെ സ്‌കോറുയര്‍ത്തി. പത്തോവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സാണ് മുംബൈയെടുത്തത്. സ്‌കോര്‍ 113 ല്‍ നില്‍ക്കേ തിലക് വര്‍മയെ(27) മുകേഷ് കുമാര്‍ പുറത്താക്കി. പിന്നാലെ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയും(3) മടങ്ങി. സൂര്യകുമാര്‍ യാദവും നമാന്‍ ധിറുമാണ് സ്‌കോര്‍ ഉയര്‍ത്തിയത്.

18 ഓവറില്‍ 132-5 എന്ന നിലയിലായിരുന്നു മുംബൈ. എന്നാല്‍ അവസാനരണ്ട് ഓവറുകളില്‍ മുംബൈ 48 റണ്‍സാണ് അടിച്ചെടുത്തത്. 19-ാം ഓവറില്‍ 27 റണ്‍സും അവസാനഓവറില്‍ 21 റണ്‍സും സൂര്യയും നമാനും ചേര്‍ന്നെടുത്തു. അതോടെ നിശ്ചിത 20 ഓവറില്‍ മുംബൈ 180-ലെത്തി. സൂര്യകുമാര്‍ 43 പന്തില്‍ നിന്ന് ഏഴ് ഫോറുകളുടെയും നാല് സിക്സറുകളുടെയും അകമ്പടിയോടെ 73 റണ്‍സെടുത്തു. നമാന്‍ ധിര്‍ എട്ട് പന്തില്‍ നിന്ന് 24 റണ്‍സെടുത്തു.

Similar News