പവര്‍പ്ലേ കിട്ടിയിട്ടും 39 പന്തില്‍ 46 റണ്‍സ്; ഗില്‍ കളിച്ചത് ട്വന്റി 20 ക്രിക്കറ്റുമായി ബന്ധമില്ലാത്ത ഇന്നിംഗ്‌സ് എന്ന് നഥാന്‍ എല്ലിസ്; ഗില്ലിന്റേത് സെന്‍സിബിള്‍ ഇന്നിംഗ്‌സ് എന്ന് സൂര്യകുമാര്‍; ഓസിസിന് എട്ട് വിക്കറ്റുകള്‍ നഷ്ടമായത് 52 റണ്‍സിനിടെ; ഇന്ത്യയുടെ ജയം ബൗളര്‍മാരുടെ മികവല്ലെ? ഇന്ത്യന്‍ ക്യാപ്റ്റന്‍ പറയുന്നത്
ഇന്ത്യയുടെ ജയം ബൗളര്‍മാരുടെ മികവല്ലെ? ഇന്ത്യന്‍ ക്യാപ്റ്റന്‍ പറയുന്നത്
ക്വീന്‍സ്ലാന്‍ഡ്: ഓസ്ട്രേലിയക്കെതിരായ നാലാം ട്വന്റി 20 മത്സരത്തില്‍ 48 റണ്‍സിന്റെ ജയം നേടിയതോടെ പരമ്പര നഷ്ടപ്പെടില്ലെന്ന് ഉറപ്പാക്കിയിരിക്കുകയാണ് ഇന്ത്യ. മാത്രമല്ല ഗാബയില്‍ നടക്കുന്ന അടുത്ത മത്സരത്തില്‍ ജയിക്കാനായാല്‍ അഞ്ച് മത്സരങ്ങളുടെ പരമ്പര സൂര്യകുമാറിനും സംഘത്തിനും സ്വന്തമാക്കാനുമാകും. ഏകദിന പരമ്പര കൈവിട്ട ഇന്ത്യ ട്വന്റി 20 പരമ്പരയില്‍ പകരം വീട്ടുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
ക്വീന്‍സ്ലാന്‍ഡില്‍ ഓസിസ് ബാറ്റിങ് നിരയുടെ കൂട്ടത്തകര്‍ച്ചയാണ് കണ്ടത്. ഇന്ത്യ ഉയര്‍ത്തിയ 168 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസ്ട്രേലിയ 18.2 ഓവറില്‍ 119ന് എല്ലാവരും പുറത്താവുകയായിരുന്നു. സ്പിന്നര്‍മാരാണ് ഓസിസിനെ തകര്‍ത്തത്. വാഷിംഗ്ടണ്‍ സുന്ദര്‍ മൂന്നും അക്സര്‍ പട്ടേല്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. മുന്‍നിര ബാറ്റര്‍മാരെ വീഴ്ത്തി ശിവം ദുബെയും ഓസിസിനെ വിറപ്പിച്ചു. അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുമ്ര, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ക്കും ഓരോ വിക്കറ്റു വീതമുണ്ട്. ഇന്ത്യന്‍ ബോളര്‍മാര്‍ തകര്‍ത്തെറിഞ്ഞതോടെ മറുപടി ബാറ്റിങ്ങില്‍ ഓസ്‌ട്രേലിയ പ്രതിരോധത്തിലാകുകയായിരുന്നു. 24 പന്തില്‍ 30 റണ്‍സെടുത്ത ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷാണ് മറുപടി ബാറ്റിങ്ങില്‍ ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍. മുന്‍നിരയ്‌ക്കൊപ്പം മധ്യനിരയും വാലറ്റവും വലിയ പോരാട്ടം നടത്താതെ കീഴടങ്ങിയതോടെ ഓസ്‌ട്രേലിയ ബുദ്ധിമുട്ടിയാണ് 100 പിന്നിട്ടത്. 52 റണ്‍സിനിടെ എട്ട് വിക്കറ്റുകളാണ് ഓസിസിന് നഷ്ടമായത്.
എന്നാല്‍ മത്സരശേഷം ഓസിസ് പേസര്‍ നഥാന്‍ എല്ലിസിന്റെ പ്രതികരണമാണ് ഏറ്റവും ശ്രദ്ധേയമായത്. ശുഭ്മാന്‍ ഗില്‍ കളിച്ചത് ഇന്നത്തെ ട്വന്റി 20യുമായി നമ്മള്‍ ബന്ധപ്പെടുത്താത്ത ഇന്നിംഗ്‌സാണ്. പക്ഷെ കളി കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ഇന്ത്യക്ക് അത് പ്രധാനമായിരുന്നു. അവരുടെ മികവുകൊണ്ട് അവര്‍ക്ക് അത് സാധിച്ചുവെന്നായിരുന്നു നഥാന്‍ എല്ലിസ് മത്സര ശേഷം പറഞ്ഞത്. എന്നാല്‍ ഗില്ലിന്റേത് സെന്‍സിബിള്‍ ഇന്നിംഗ്‌സ് എന്നായിരുന്നു സൂര്യകുമാര്‍ വിലയിരുത്തത്. മത്സരഫലം മറിച്ചായിരുന്നെങ്കില്‍ ഏറ്റവും വിമര്‍ശിക്കപ്പെടുക ഗില്‍ ആയിരുന്നു. പവര്‍പ്ലേ കിട്ടിയിട്ടും 39 പന്തില്‍ 46 റണ്‍സ് മാത്രമായിരുന്നു ഗില്‍ നേടിയത്.
എല്ലാ ബാറ്റ്സ്മാന്‍മാര്‍ക്കും ജയത്തിന്റെ ക്രെഡിറ്റ് നല്‍കണമെന്ന് ഞാന്‍ കരുതുന്നു. ശുഭ്മാനും അഭിഷേകും ബാറ്റിങ് തുടങ്ങിയ രീതിയില്‍ നിന്ന്, ഇത് 200-220 വിക്കറ്റ് അല്ലെന്ന് അവര്‍ക്ക് അറിയാമായിരുന്നു. അവര്‍ വളരെ സമര്‍ത്ഥമായി ബാറ്റ് ചെയ്തു. ബാറ്റ്സ്മാന്‍മാരുടെ ടീം പ്രയത്‌നമായിരുന്നു അത്. വളരെ മികച്ച ബാറ്റിങ് അതിനു ശേഷം എല്ലാവരും പ്രധാനപ്പെട്ട റണ്‍സ് സംഭാവന ചെയ്തുവെന്നാണ് സൂര്യകുമാര്‍ പറഞ്ഞത്.
ബൗളിംഗ് സന്ദേശം വ്യക്തമാണ്. ഞാനും ഗൗതം ഭായും ഒരേ രീതിയിലാണ് ചിന്തിച്ചത്. ചെറിയ മഞ്ഞുവീഴ്ച ഉണ്ടായിരുന്നു, പക്ഷേ ബൗളര്‍മാര്‍ വേഗത്തില്‍ പൊരുത്തപ്പെട്ടു. ധുബെയ്ക്കും വാഷിംഗ്ടണും 2-3 ഓവറുകള്‍ നല്‍കുന്നത് എല്ലായ്‌പ്പോഴും നല്ലതാണ്. ഈ കോമ്പിനേഷന്‍ ഞങ്ങള്‍ക്ക് അനുയോജ്യമാണ് എന്നാണ് സൂര്യകുമാര്‍ പറഞ്ഞത്.
167 റണ്‍സ് ഭേദപ്പെട്ട വിജയലക്ഷ്യമായിരുന്നു. അത് ഞങ്ങള്‍ക്ക് ചില വെല്ലുവിളികള്‍ നല്‍കി. അത് മറികടക്കാന്‍ ഞങ്ങള്‍ പരാജയപ്പെട്ടു. ഇന്ത്യ ലോകോത്തര ടീമാണ്. ഓസിസിന് ഒരു വലിയ പരമ്പര വരാനിരിക്കുന്നു. കൂടുതല്‍ താരങ്ങള്‍ക്ക് അവസരം നല്‍കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. പ്രത്യേകിച്ച് ഇതുപോലുള്ള ഉയര്‍ന്ന സമ്മര്‍ദ്ദമുള്ള ഒരു ഗെയിമില്‍ അത് മികച്ചതാണെന്ന് ഞാന്‍ കരുതുന്നു എന്നാണ് മിച്ചല്‍ മാര്‍ഷ് പറഞ്ഞത്.
ഓസിസിന് കൂട്ടത്തകര്‍ച്ച
ഭേദപ്പെട്ട തുടക്കമായിരുന്നു ഓസീസിന്. ഒന്നാം വിക്കറ്റില്‍ മിച്ചല്‍ മാര്‍ഷ് - മാത്യു ഷോര്‍ട്ട് (25) സഖ്യം 37 റണ്‍സ് ചേര്‍ത്തിരുന്നു. എന്നാല്‍ അഞ്ചാം ഓവറില്‍ ഷോര്‍ട്ട് പുറത്തായി. പിന്നീട് മൂന്നാം വിക്കറ്റില്‍ ജോഷ് ഇംഗ്ലിസിനൊപ്പം 30 റണ്‍സും മാര്‍ഷ് കൂട്ടിചേര്‍ത്തു. എന്നാല്‍ 12 റണ്‍സെടത്ത ഇംഗ്ലിസിനെ ബൗള്‍ഡാക്കി അക്സര്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. ഇതോടെ രണ്ടിന് 67 എന്ന നിലയിലായി ഓസീസ്. ഇതോടെ ടീമിന്റെ തകര്‍ച്ചയും തുടങ്ങി. ശേഷിക്കുന്ന എട്ട് വിക്കറ്റുകള്‍ കേവലം 52 റണ്‍സിനിടെ ആതിഥേയര്‍ക്ക് നഷ്ടമായി. 30 റണ്‍സെടുത്ത മാര്‍ഷ് പത്താം ഓവറില്‍ മടങ്ങി. ടിം ഡേവിഡ് (14), മാര്‍കസ് സ്റ്റോയിനിസ് (17), ഗ്ലെന്‍ മാക്സ്വെല്‍ (2), ബെന്‍ ഡ്വാര്‍ഷ്വിസ് (5), സേവ്യര്‍ ബാര്‍ട്ട്ലെറ്റ് (0), ആഡം സാംപ (0) എന്നിവര്‍ക്കൊന്നും പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. നതാന്‍ എല്ലിസ് (2) പുറത്താവാതെ നിന്നു. അര്‍ഷ്ദീപ് സിംഗ്, ജസ്പ്രിത് ബുമ്ര, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതമുണ്ട്. ടോസ് നഷ്ടപ്പെട്് ബാറ്റിംഗിനെത്തിയ ഇന്ത്യയുടെ ടോപ് സ്‌കോറര്‍ 39 പന്തില്‍ 46 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ്. അഭിഷേക് ശര്‍മ (28), സൂര്യകുമാര്‍ യാദവ് (20), ശിവം ദുബെ (22) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
നല്ല തുടക്കം, ഒടുക്കം മോശം
ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ഇന്ത്യക്കായി അഭിഷേക് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. പവര്‍ പ്ലേയില്‍ ഇരുവരും ചേര്‍ന്ന് വിക്കറ്റ് നഷ്ടമില്ലാതെ 49 റണ്‍സെടുത്തു. നേരിട്ട രണ്ടാം പന്തില്‍ തന്നെ അക്കൗണ്ട് തുറക്കും മുമ്പ് ജീവന്‍ ലഭിച്ച അഭിഷേകിനെക്കാള്‍ ശുഭ്മാന്‍ ഗില്ലാണ് പവര്‍പ്ലേയില്‍ തകര്‍ത്തടിച്ചത്. പവര്‍ പ്ലേയിലെ അവസാന ഓവര്‍ വരെ ഒറു ബൗണ്ടറി മാത്രമാണ് അഭിഷേക് നേടിയത്. അതേസമയം ഗില്‍ നാലു ബൗണ്ടറികള്‍ നേടി. പവര്‍ പ്ലേക്ക് പിന്നാലെ പന്തെറിയാനെത്തിയ ആദം സാംപയെ സിക്സ് അടിച്ച അഭിഷേക് പക്ഷെ അതേ ഓവറില്‍ വീണു. 18 പന്തില്‍ 28 റണ്‍സായിരുന്നു അഭിഷേകിന്റെ നേട്ടം. പിന്നാലെ മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ ശിവം ദുബെയും ഗില്ലും ചേര്‍ന്ന് ഇന്ത്യയെ പന്ത്രണ്ടാം ഓവറില്‍ 88 റണ്‍സിലെത്തിച്ചു. ശിവം ദുബെയെ(18 പന്തില്‍ 22) പുറത്താക്കി നഥാന്‍ എല്ലിസ് ഇന്ത്യക്ക് അടുത്ത പ്രഹരമേല്‍പ്പിച്ചു.
എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന ക്യാപ്റ്റന്‍ സുര്യകുമാര്‍ യാദവും ഗില്ലും ചേര്‍ന്ന് ഇന്ത്യയെ 100 കടത്തി. ആദം സാംപയുടെ ഒരോവറില്‍ രണ്ട് സിക്സ് പറത്തിയ സൂര്യകുമാര്‍ യാദവും സ്റ്റോയ്നിസിന്റെ പന്തില്‍ എല്‍ബഡബ്ല്യുവില്‍ നിന്ന് റിവ്യൂവിലൂടെ രക്ഷപ്പെട്ട ശേഷം പടുകൂറ്റന്‍ സിക്സ് പറത്തിയ ഗില്ലും പ്രതീക്ഷ നല്‍കിയെങ്കിലും പതിനഞ്ചാം ഓവറിലെ ആദ്യ പന്തില്‍ ഗില്ലിനെ(39 പന്തില്‍ 46) മടക്കിയ നഥാന്‍ എല്ലിസ് ഇന്ത്യക്ക് മൂന്നാം പ്രഹരമേല്‍പ്പിച്ചു. പിന്നാലെ സൂര്യകുമാര്‍ യാദവിനെ(10 പന്തില്‍ 20) സേവിയര്‍ ബാര്‍ട്‌ലെറ്റും തിലക് വര്‍മയെയും(5), ജിതേഷ് ശര്‍മയെയും(3) ആദം സാംപയും മടക്കിയതോടെ ഇന്ത്യ 121-2ല്‍ നിന്ന് 136-6ലേക്ക് കൂപ്പുകുത്തി.
പ്രതീക്ഷ നല്‍കിയ വാഷിംഗ്ടണ്‍ സുന്ദര്‍(12) സ്‌കോര്‍ 150 കടന്നതിന് പിന്നാലെ മടങ്ങി. അവസാന ഓവറില്‍ സിക്സും ഫോറും അടക്കം റണ്‍സടിച്ച അക്സര്‍ പട്ടേലാണ്(11പന്തില്‍ 21*) പിന്നീട് ഇന്ത്യയെ 167ല്‍ എത്തിച്ചത്. നേരത്തെ ഇന്ത്യക്കെതിരെ ടോസ് നേടിയ ഓസ്ട്രേലിയ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ ഓസ്ട്രേലിയ നാലു മാറ്റങ്ങള്‍ വരുത്തി. ആദം സാംപയും ഗ്ലെന്‍ മാക്സ്വെല്ലും ജോഷ് ഫിലിപ്പും ഫില്‍ ഡ്വാര്‍ഷുയിസും ഓസീസ് ടീമിലെത്തി. ഓപ്പണര്‍ ട്രാവിസ് ഹെഡും ഷോണ്‍ ആബട്ടും ഇന്ന് ഓസീസ് ടീമിലില്ല. അതേസമയം കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നും വരുത്താന്‍ ഇന്ത്യ തയാറായില്ല.
