'ഹനുമാന്‍ ലങ്കാനഗരി കത്തിച്ചു; സഞ്ജു വാംഖഡേ മൈതാനത്തിന് തീപിടിപ്പിച്ചു! ഇംഗ്ലണ്ട് ബോളര്‍മാര്‍ ചാരമായി! ഒരുപിടി ചാരം; സുനില്‍ ഗാവസ്‌കര്‍ ബാക്കിവെച്ചുപോയ ഒരു കടം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് വേണ്ടി വീട്ടിയ സഞ്ജു സാംസണ്‍ എന്ന മലയാളിയുടെ കഥ!

Update: 2026-03-06 09:30 GMT

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റില്‍ സഞ്ജു സാംസണെപ്പോലെ ഇത്രയധികം ചര്‍ച്ച ചെയ്യപ്പെട്ട മറ്റൊരു താരം അടുത്തകാലത്തുണ്ടായിട്ടുണ്ടാകില്ല. 'സഞ്ജു സാംസണ്‍ ഒരു ഇമോഷനാണ്. അയാള്‍ മൈതാനത്ത് ബാറ്റ് വീശുമ്പോള്‍ അത് കാണുന്നത് ഒരു കല കാണുന്നതുപോലെയാണ്. അയാള്‍ക്ക് വേണ്ടി വാദിക്കാന്‍ ലക്ഷക്കണക്കിന് ആരാധകര്‍ ഉണ്ടെന്നത് തന്നെയാണ് സഞ്ജുവിന്റെ ഏറ്റവും വലിയ വിജയം. ക്രീസിലെത്തിയാല്‍ അനാവശ്യ സമ്മര്‍ദ്ദങ്ങളില്ലാതെ സ്വതസിദ്ധമായ ശൈലിയില്‍ കളിക്കുന്ന താരമാണ് അദ്ദേഹം. 'സെല്‍ഫിഷ്' അല്ലാത്ത ബാറ്റിംഗ് രീതി പലപ്പോഴും അദ്ദേഹത്തിന്റെ വിക്കറ്റ് നഷ്ടപ്പെടുത്താറുണ്ടെങ്കിലും, ടീമിന് ഗുണകരമാകുന്ന ഇംപാക്ട് ഇന്നിംഗ്‌സുകള്‍ കളിക്കാന്‍ അദ്ദേഹം എപ്പോഴും ശ്രദ്ധിക്കാറുണ്ട്. സഞ്ജുവിന് സ്ഥിരതയില്ല (Consistency) എന്നതായിരുന്നു പ്രധാന വിമര്‍ശനം. എന്നാല്‍ ചുരുങ്ങിയ അവസരങ്ങളില്‍ നിന്ന് അദ്ദേഹം നേടിയ സെഞ്ച്വറികളും നിര്‍ണ്ണായക ഇന്നിംഗ്‌സുകളും ഈ വാദത്തെ പലപ്പോഴും തിരുത്തി എഴുതിയിട്ടുണ്ട്. കിട്ടുന്ന തുച്ഛമായ അവസരങ്ങളില്‍ പോലും തന്റെ പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ കാണിക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നു.

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിക്കുന്ന സഞ്ജു, തന്റെ ബാറ്റിംഗ് ശൈലിയിലൂടെയും ക്യാപ്റ്റന്‍സിയിലൂടെയും മികവ് തെളിയിച്ചിട്ടുണ്ട്. എന്നിട്ടും ദേശീയ ടീമിലേക്കുള്ള വിളി വരുമ്പോള്‍ അദ്ദേഹം പലപ്പോഴും പടിക്കുപുറത്തായിരുന്നു. ഒരു മികച്ച ക്രിക്കറ്റര്‍ എന്ന നിലയില്‍ സഞ്ജു അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ വൈകിയാണെങ്കിലും അദ്ദേഹത്തെ തേടിയെത്തുന്നുണ്ട്. വിമര്‍ശിക്കുന്നവര്‍ക്ക് തന്റെ ബാറ്റ് കൊണ്ട് മറുപടി നല്‍കുന്ന സഞ്ജു സാംസണ്‍, ഇന്ത്യന്‍ ക്രിക്കറ്റിലെ അനിവാര്യമായ സാന്നിധ്യമായി മാറിക്കഴിഞ്ഞു. ക്രിക്കറ്റ് ഇതിഹാസങ്ങളടക്കം നിരവധി പേരാണ് സഞ്ജുവിന്റെ ഇന്നിംഗ്‌സിനെ പുകഴ്ത്തി രംഗത്ത് വരുന്നത്. സാമൂഹ്യ മാധ്യമങ്ങളിലും സഞ്ജു തന്നെയാണ് സംസാരവിഷയം. അതേസമയം ക്രിക്കറ്റ് കളിയെഴുത്തുകാരനായ സന്ദീപ് ദാസിന്റെ കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. ലെജന്‍ഡറി ഇന്നിംഗ്‌സുകള്‍ കളിക്കാന്‍ ശേഷിയുള്ള സഞ്ജു ടീമിനുവേണ്ടി ''Hit out or Get out'' എന്ന ശൈലിയില്‍ ബാറ്റ് വീശിക്കൊണ്ടിരിക്കുകയായിരുന്നു. ജാംബവാന്‍ ഹനുമാന് നല്‍കിയത് പോലുള്ള ഉപദേശം സഞ്ജുവിനും ലഭിച്ചിട്ടുണ്ടാവണം. ടീമില്‍നിന്ന് പുറത്താക്കില്ല എന്ന ഉറപ്പ് ഗംഭീറും സൂര്യയും സഞ്ജുവിന് നല്‍കിയിട്ടുണ്ടാവണം. അയാള്‍ക്ക് അത് മാത്രം മതിയായിരുന്നു! ഹനുമാന്‍ ലങ്കാനഗരി കത്തിച്ചു. സഞ്ജു വാംഖഡേ മൈതാനത്തിന് തീപിടിപ്പിച്ചു! ഇംഗ്ലണ്ട് ബോളര്‍മാര്‍ ചാരമായി! ഒരുപിടി ചാരം

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

സുനില്‍ ഗാവസ്‌കര്‍ ബാക്കിവെച്ചുപോയ ഒരു കടം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്ക് വേണ്ടി വീട്ടിയ സഞ്ജു സാംസണ്‍ എന്ന മലയാളിയുടെ കഥ! നമുക്കെല്ലാവര്‍ക്കും അഭിമാനം കൊള്ളാവുന്ന ഇതിഹാസകഥയാണ് അത്

സഞ്ജുവിന്റെ ബലിഷ്ഠമായ ചുമലുകളില്‍ ഇരുന്നുകൊണ്ട് ടീം ഇന്ത്യ ടി-20 ലോകകപ്പ് ഫൈനലിലേയ്ക്ക് നടന്നുകയറിയിരിക്കുന്നു! ഏതാണ്ട് 40 വര്‍ഷങ്ങളുടെ പഴക്കമുള്ള ഒരു മുറിവിനെ ബ്രൂട്ടല്‍ ഹിറ്റിങ്ങ് കൊണ്ട് ഉണക്കിയ മാന്ത്രികനായി സഞ്ജു അവതരിക്കുകയായിരുന്നു!

1987-ലെ ഏകദിന ലോകകപ്പിന്റെ സെമിഫൈനല്‍ അരങ്ങേറിയത് മുംബൈയിലെ വാംഖഡേ സ്റ്റേഡിയത്തിലായിരുന്നു. 1983-ല്‍ ചരിത്രം സൃഷ്ടിച്ച കപില്‍ ദേവിന്റെ സംഘം ലോകകപ്പ് നിലനിര്‍ത്തുമെന്ന് ഇന്ത്യന്‍ ആരാധകര്‍ ഉറച്ചുവിശ്വസിച്ചിരുന്നു. എന്നാല്‍ സെമിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടു! ആ മത്സരത്തില്‍ ഇന്ത്യയ്ക്കുവേണ്ടി കളത്തിലിറങ്ങിയ മനീന്ദര്‍ സിംഗ് പിന്നീട് പരിതപിച്ചു-

''ഇംഗ്ലണ്ടിനോടുള്ള തോല്‍വി അംഗീകരിക്കാന്‍ ഞങ്ങള്‍ ശരിക്കും പ്രയാസപ്പെട്ടു. കളി കഴിഞ്ഞപ്പോള്‍ പല ഇന്ത്യന്‍ താരങ്ങളുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു...!''

സുനില്‍ ഗാവസ്‌കര്‍ എന്ന മഹാനായ ക്രിക്കറ്ററുടെ അവസാന മത്സരമായിരുന്നു അത്. സ്വന്തം മണ്ണായ മുംബൈയില്‍ വെച്ച് തോല്‍വിയുടെ വേദനയോടെ അദ്ദേഹം ക്രിക്കറ്റ് പാഡുകള്‍ അഴിച്ചുവെച്ചു.

അന്ന് വാംഖഡേയിലെ ബൗണ്ടറിയില്‍ 14 വയസ്സുകാരനായ ഒരു ബോള്‍ ബോയ് ഉണ്ടായിരുന്നു. പേര് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍! ആ സെമിഫൈനല്‍ പരാജയം സച്ചിന്റെ ഉള്ളിലെ പോരാട്ടവീര്യത്തെ ആളിക്കത്തിച്ചിരുന്നു!

സച്ചിന്റെ അന്താരാഷ്ട്ര കരിയര്‍ 24 വര്‍ഷങ്ങളാണ് നീണ്ടുനിന്നത്. അവസരം കിട്ടിയപ്പോഴെല്ലാം സച്ചിന്‍ ഇംഗ്ലിഷ് പടയെ സംഹരിക്കുകയും ചെയ്തു! എന്നാല്‍ 1987-ലെ ലോകകപ്പ് സെമിഫൈനലിന് തുല്യമായ ഒരു മത്സരം സച്ചിന്റെ കരിയറില്‍ സംഭവിച്ചില്ല. 2013-ല്‍ അതേ വാംഖഡേ ഗ്രൗണ്ടില്‍വെച്ച് സച്ചിന്‍ കളിയോട് യാത്രാമൊഴി പറഞ്ഞു. ആ പഴയ കടം അപ്പോഴും അവശേഷിച്ചു!

കണക്കുതീര്‍ക്കാനുള്ള അവസരം സഞ്ജുവിനുവേണ്ടിയാണ് കാലം കരുതിവെച്ചത്! ഒരു ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യയും ഇംഗ്ലണ്ടും വീണ്ടും മുഖാമുഖം വന്നു! പക്ഷേ വാംഖഡേയുടെ മദ്ധ്യഭാഗത്ത് ജോഫ്ര ആര്‍ച്ചര്‍ ഹിമാലയ പര്‍വ്വതം പോലെ നിലകൊള്ളുന്നുണ്ടായിരുന്നു!

മൂന്ന് തവണ തന്നെ പുറത്താക്കിയിരുന്ന ആര്‍ച്ചറിനെതിരെ 8.33 എന്ന ബാറ്റിങ്ങ് ശരാശരിയാണ് സഞ്ജു സൂക്ഷിച്ചിരുന്നത്. സഞ്ജുവിനെ നിഗ്രഹിക്കാനുള്ള ബ്രഹ്‌മാസ്ത്രം ആര്‍ച്ചര്‍ തന്നെയാണെന്ന് സകല ക്രിക്കറ്റ് പണ്ഡിതരും വിലയിരുത്തിയിരുന്നു. ആര്‍ച്ചറുടെ ആദ്യ ഓവറില്‍ സഞ്ജു ബൗണ്ടറിയും സിക്‌സറും നേടി! ഇംഗ്ലണ്ട് ഡഗ്-ഔട്ടിലേയ്ക്കാണ് സിക്‌സര്‍ ലാന്‍ഡ് ചെയ്തത്! ''ഞാന്‍ പോരിന് സജ്ജനാണ് '' എന്ന സഞ്ജുവിന്റെ പ്രസ്താവന ഇംഗ്ലണ്ട് മറുപടി ഉടനെ നല്‍കി. അഭിഷേക് ശര്‍മ്മ ഡീപ് മിഡ്-വിക്കറ്റില്‍ പിടികൊടുത്തു. വിക്കറ്റ് നേടിയതിന്റെ ആഘോഷം വില്‍ ജാക്‌സ് ശര്‍മ്മയുടെ മുഖത്ത് തന്നെ നടത്തി!

അടുത്ത ഓവറില്‍ ആര്‍ച്ചര്‍ വര്‍ദ്ധിത വീര്യത്തോടെ തിരിച്ചെത്തി. അയാള്‍ ആദ്യം എറിഞ്ഞ പന്ത് 147 കിലോമീറ്റര്‍ വേഗതയിലാണ് ചീറിപ്പാഞ്ഞെത്തിയത്! പക്ഷേ സഞ്ജു ആ ഷോര്‍ട്ട്‌ബോളിനെ ഫെന്‍സിലേയ്ക്ക് പുള്‍ ചെയ്തു തൊട്ടുപിന്നാലെ ഒരു ലൈഫ് കിട്ടിയപ്പോള്‍ സഞ്ജുവിന്റെ സ്പീഡ് കുറയുമെന്ന് പലരും വിചാരിച്ചു. എന്നാല്‍ സിക്‌സറും ബൗണ്ടറിയും പായിച്ചാണ് സഞ്ജു ആര്‍ച്ചറെ പറഞ്ഞുവിട്ടത്!

അഭിഷേകിനെ വീഴ്ത്തിയ ജാക്‌സിനുള്ള സഞ്ജുവിന്റെ പ്രഹരവും ഉടന്‍ വന്നു-ഒരു ക്ലാസിക് സ്‌ക്വയര്‍കട്ട്! ഗാലറിയില്‍ ഉണ്ടായിരുന്ന രോഹിത് ശര്‍മ്മ അത് കണ്ട് കയ്യടിച്ചു!

ഒരു ബോളറും ആധിപത്യം നേടരുതെന്ന് സഞ്ജുവിന് നിര്‍ബന്ധമുണ്ടായിരുന്നു. ഇംഗ്ലണ്ടിന്റെ തുറുപ്പുചീട്ടായ ആദില്‍ റഷീദിനെ ബൗണ്ടറിയടിച്ചാണ് സഞ്ജു സ്വീകരിച്ചത്! അതും ഡ്രിങ്ക്‌സ് ബ്രേക്കിന് ശേഷമുള്ള ആദ്യ ഡെലിവെറിയില്‍! സാം കറന്‍ ബൗണ്‍സറുകള്‍ ഫലപ്രദമായി എറിഞ്ഞിരുന്നു. എന്നാല്‍ സഞ്ജുവിനെതിരെ കറന്‍ പ്രയോഗിച്ച ഷോര്‍ട്ട്‌ബോളുകളും സ്ലോബോളുകളും ക്രൂരമായ ശിക്ഷയേറ്റുവാങ്ങി! ഡോസനും ഓവര്‍ട്ടനും സഞ്ജുവിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു!

പിന്നീടാണ് സഞ്ജുവും ആര്‍ച്ചറും തമ്മിലുള്ള പോരാട്ടത്തിന്റെ രണ്ടാം റൗണ്ട് ആരംഭിച്ചത്. 2003-ലെ ലോകകപ്പില്‍ സച്ചിന്‍ ഷോയബ് അക്തര്‍ക്കെതിരെ കളിച്ചത് പോലുള്ള ഒരു അപ്പര്‍കട്ട് സഞ്ജു സൃഷ്ടിച്ചെടുത്തു! കൂടാതെ ബാക്ക്ഫൂട്ടില്‍ ഒരു സ്‌ട്രെയിറ്റ് പഞ്ചും! മനം കുളിര്‍പ്പിച്ച രണ്ട് സിക്‌സറുകള്‍ സഞ്ജുവിന് അനായാസമായി ഒരു സെഞ്ച്വറി നേടാമായിരുന്നു. പക്ഷേ ടീമിനുവേണ്ടി വലിയ ഷോട്ടിന് ശ്രമിച്ച് സഞ്ജു സ്വന്തം വിക്കറ്റ് ബലികൊടുത്തു. ആ നിസ്വാര്‍ത്ഥതയെ ലോകം വാഴ്ത്തി! ഒരു ക്രിക്കറ്റര്‍ തന്റെ എതിരാളിയ്ക്കുമേല്‍ മൃഗീയമായ ആധിപത്യം സ്ഥാപിക്കുന്ന കാഴ്ച്ച നാം മുമ്പും കണ്ടിട്ടുണ്ട്. ഷെയ്ന്‍ വോണിനെ നേരിടുന്നതിന് വേണ്ടി ദക്ഷിണാഫ്രിക്കയുടെ ബാറ്ററായിരുന്ന ഡാരില്‍ കള്ളിനന്‍ ഒരു മനഃശാസ്ത്രജ്ഞനെ സമീപിച്ചിരുന്നു. എന്നിട്ടും വോണിനെ മറികടക്കാന്‍ കള്ളിനന് സാധിച്ചില്ല.

ഇവിടെയാണ് സഞ്ജുവിന്റെ മനോബലം നാം തിരിച്ചറിയേണ്ടത്. തനിക്കെതിരെ ഗംഭീര റെക്കോര്‍ഡുകള്‍ ഉണ്ടായിരുന്ന ഹസരംഗയേയും ആര്‍ച്ചറിനെയും അയാള്‍ കാല്‍ക്കീഴിലിട്ട് ചവിട്ടിയരച്ചിരിക്കുന്നു! അതും ഏഷ്യാകപ്പും ലോകകപ്പും പോലുള്ള വമ്പന്‍ വേദികളില്‍ വെച്ച് മത്സരം ഇന്ത്യയില്‍ നിന്ന് തട്ടിയെടുക്കാന്‍ ശ്രമിച്ച ജേക്കബ്ബ് ബേതല്‍ എന്ന ബ്ലാറ്ററുടെ റണ്‍-ഔട്ട് പൂര്‍ത്തിയാക്കിയത് സഞ്ജുവായിരുന്നു.

അത് ഏറ്റവും മികച്ച കാവ്യനീതിയായി! ഗംഭീര ക്യാച്ചുകള്‍ എടുത്ത അക്‌സര്‍ പട്ടേലിനും തിലക് വര്‍മ്മയ്ക്കും നന്ദി!ജസ്പ്രീത് ബുംറയുടെയും ഹാര്‍ദിക് പാണ്ഡ്യയുടെയും ഡെത്ത് ബോളിങ്ങ് മനസ്സില്‍ മായാതെ നില്‍ക്കും! 1987-ലെ പരാജയത്തിന്റെ കറ ഇന്ത്യ കഴുകിക്കളഞ്ഞിരിക്കുന്നു. സുനില്‍ ഗാവസ്‌കര്‍ സഞ്ജുവിനെ പലതവണ ക്രൂരമായി വിമര്‍ശിച്ചിട്ടുണ്ട്. ഇപ്പോള്‍ അതേ സഞ്ജു ഗാവസ്‌കര്‍ക്കുവേണ്ടി നീതി നടപ്പിലാക്കിയിരിക്കുന്നു അതുകണ്ട് സച്ചിന്‍ ഉള്‍പ്പുളകമണിഞ്ഞിട്ടുണ്ടാവും!

രാമായണത്തില്‍ ഒരു രംഗമുണ്ട്. രാവണനാല്‍ അപഹരിക്കപ്പെട്ട സീതാദേവി ലങ്കയിലുണ്ട് എന്ന് വാനരപ്പടയ്ക്ക് മനസ്സിലാവുന്നു. കടല്‍ ചാടിക്കടന്ന് ലങ്കയിലെത്താന്‍ ആര്‍ക്ക് കഴിയും എന്ന ചോദ്യത്തോട് സകല വാനരന്‍മാരും മൗനം പാലിക്കുന്നു. അപ്പോള്‍ വയോധികനായ ജാംബവാന്‍ ഹനുമാനോട് പറയുന്നു- ''സ്വന്തം കരുത്ത് എന്താണെന്ന് നിനക്ക് അറിയില്ല ഹനുമാന്‍. ഈ കടല്‍ താണ്ടാന്‍ നിനക്കേ കഴിയൂ...''

അതോടെ ഹനുമാന് സ്വന്തം കഴിവുകളെക്കുറിച്ച് ബോദ്ധ്യം വന്നു. അയാള്‍ കടല്‍ ചാടിക്കടന്ന് സീതയെ കാണുകയും ലങ്കാനഗരി അഗ്‌നിക്കിരയാക്കുകയും ചെയ്തു!

സഞ്ജുവിന്റെ കഥയും സമാനമാണ്. ലെജന്‍ഡറി ഇന്നിംഗ്‌സുകള്‍ കളിക്കാന്‍ ശേഷിയുള്ള അയാള്‍ ടീമിനുവേണ്ടി ''Hit out or Get out'' എന്ന ശൈലിയില്‍ ബാറ്റ് വീശിക്കൊണ്ടിരിക്കുകയായിരുന്നു.

ജാംബവാന്‍ ഹനുമാന് നല്‍കിയത് പോലുള്ള ഉപദേശം സഞ്ജുവിനും ലഭിച്ചിട്ടുണ്ടാവണം. ടീമില്‍നിന്ന് പുറത്താക്കില്ല എന്ന ഉറപ്പ് ഗംഭീറും സൂര്യയും സഞ്ജുവിന് നല്‍കിയിട്ടുണ്ടാവണം. അയാള്‍ക്ക് അത് മാത്രം മതിയായിരുന്നു!

ഹനുമാന്‍ ലങ്കാനഗരി കത്തിച്ചു. സഞ്ജു വാംഖഡേ മൈതാനത്തിന് തീപിടിപ്പിച്ചു! ഇംഗ്ലണ്ട് ബോളര്‍മാര്‍ ചാരമായി! ഒരുപിടി ചാരം

Tags:    

Similar News