ഒരറ്റത്ത് വിക്കറ്റുകൾ പൊഴിഞ്ഞു; സെഞ്ചുറിയുമായി കോലിയുടെ പോരാട്ടം; പിന്തുണ നൽകി നിതീഷ് കുമാർ റെഡ്ഡി; ഹർഷിത് റാണയുടെ ഓൾ റൗണ്ട് മികവും പാഴായി; ഇൻഡോർ ഏകദിനത്തിൽ ഇന്ത്യയ്ക്ക് 41റൺസിന്റെ തോൽവി; പരമ്പര സ്വന്തമാക്കി കിവിപ്പട

Update: 2026-01-18 16:17 GMT

ഇൻഡോർ: ന്യൂസിലൻഡിനെതിരെയുള്ള നിർണ്ണായകമായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 41റൺസിന്റെ തോൽവി. ഇതോടെ 3 മത്സരങ്ങളുടെ പരമ്പര ന്യൂസിലാൻഡ് 2-1ന് സ്വന്തമാക്കി. ന്യൂസിലൻഡ് ഉയർത്തിയ 338 റൺസെന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ 46 ഓവറിൽ 296 റൺസിന് പുറത്തായി. മത്സരത്തിൽ 112 പന്തിൽ നിന്ന് 124 റൺസ് നേടിയ കോലി ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. 54-ാം ഏകദിന സെഞ്ചറിയാണ് കോഹ്‌ലി ഇന്ന് കുറിച്ചത്.

കളി കൈവിട്ടു എന്ന് തോന്നിച്ച ഘട്ടത്തിലാണ് വിരാട് കോഹ്‌ലി ക്രീസിലെത്തിയത്. വെറും 91 പന്തിൽ നിന്നാണ് അദ്ദേഹം തന്റെ 54-ാം ഏകദിന സെഞ്ചറി (അന്താരാഷ്ട്ര ക്രിക്കറ്റിലെ 85-ാം സെഞ്ചറി) തികച്ചത്. ഇന്നിംഗ്‌സിൽ 8 ഫോറുകളും 2 സിക്സറുകളും ഉൾപ്പെട്ടിരുന്നു. രോഹിത് ശർമ്മ (11), ശുഭ്മാൻ ഗിൽ (23), ശ്രേയസ് അയ്യർ (3), കെ.എൽ രാഹുൽ (1) എന്നിവർ നേരത്തെ പുറത്തായതോടെ ഇന്ത്യ 82/4 എന്ന നിലയിൽ തകർന്നിരുന്നു. അവിടെ നിന്നാണ് കോഹ്‌ലി ഇന്നിംഗ്‌സ് കെട്ടിപ്പടുത്തത്.

വിക്കറ്റുകൾ വീഴുമ്പോഴും യുവതാരം നിതീഷ് കുമാർ റെഡ്ഡിയെ (53) കൂട്ടുപിടിച്ച് കോഹ്‌ലി അഞ്ചാം വിക്കറ്റിൽ 88 റൺസ് കൂട്ടിച്ചേർത്തു. പിന്നീട് ഹർഷിത് റാണയും കോഹ്‌ലിക്ക് മികച്ച പിന്തുണ നൽകി. ഈ സെഞ്ചറിയോടെ ന്യൂസിലൻഡിനെതിരെ ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ചറികൾ (7) നേടുന്ന താരമെന്ന റെക്കോർഡ് കോഹ്‌ലി സ്വന്തമാക്കി. റിക്കി പോണ്ടിംഗ്, വീരേന്ദർ സെവാഗ് എന്നിവരെയാണ് അദ്ദേഹം പിന്നിലാക്കിയത്. മൂന്നാം നമ്പറിൽ ഇറങ്ങി ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്‌സ്മാൻ എന്ന റെക്കോർഡും കോലിക്ക് സ്വന്തമായി.

ഇന്ത്യയുടെ ബാറ്റിംഗ് നിരയിൽ ഓപ്പണർമാരായ രോഹിത് ശർമ്മ (11), ശുഭ്മാൻ ഗിൽ (23) എന്നിവർക്ക് മികച്ച തുടക്കം നൽകാനായില്ല. ശ്രേയസ് അയ്യർ (3), കെ എൽ രാഹുൽ (1) എന്നിവരും വേഗത്തിൽ പുറത്തായി. കോലി ഒരുവശത്ത് ഉറച്ചുനിന്നപ്പോൾ, മറുവശത്ത് വിക്കറ്റുകൾ തുടർച്ചയായി വീഴുകയായിരുന്നു. പിന്നീട് നിതിഷ് കുമാർ റെഡ്ഡി 53 റൺസെടുത്ത് കോലിക്ക് പിന്തുണ നൽകി. രവീന്ദർ ജഡേജ 12 റൺസെടുത്ത് പുറത്തായി. ഇതോടെ ഇന്ത്യ വലിയ സമ്മർദ്ദത്തിലായി. എന്നാൽ വാലറ്റത്തിൽ കോലിയോടൊപ്പം ചേർന്ന് ഹർഷിത് റാണ മികച്ച പ്രകടനം കാഴ്ചവെച്ചു. ഹർഷിത് റാണ (52) റൺസ് നേടി പുറത്തായി.

നേരത്തെ, ഡാരിൽ മിച്ചലിന്റെയും ഗ്ലെൻ ഫിലിപ്സിന്റെയും സെഞ്ച്വറികളുടെ പിൻബലത്തിൽ ന്യൂസിലൻഡ് 8 വിക്കറ്റ് നഷ്ടത്തിൽ 337 റൺസ് നേടിയിരുന്നു. മിച്ചൽ 137 റൺസും ഫിലിപ്സ് 106 റൺസും നേടി. ഒരു ഘട്ടത്തിൽ 58 റൺസിന് 3 വിക്കറ്റ് നഷ്ടപ്പെട്ട് തകർച്ച നേരിട്ട ന്യൂസിലൻഡിനെ ഈ സഖ്യം 219 റൺസിന്റെ കൂട്ടുകെട്ടിലൂടെ കരകയറ്റി. പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം ടീമിലെത്തിയ ഇടംകൈയ്യൻ പേസർ അർഷ്ദീപ് സിംഗ് ഹെൻറി നിക്കോൾസിനെ (0) പുറത്താക്കി മികച്ച തുടക്കം നൽകിയിരുന്നു. പിന്നാലെയായിരുന്നു മിച്ചലിന്റെയും ഫിലിപ്സിന്റെയും മിന്നും ബാറ്റിങ് പ്രകടനം.

Tags:    

Similar News