ക്രിക്കറ്റില്‍ പിച്ചവച്ച ട്രാവന്‍കൂര്‍-കൊച്ചിന്‍ ടീം; 1950-60 സീസണില്‍ കേരളത്തിനായി ബാലന്‍ പണ്ഡിറ്റ് ജോര്‍ജ് എബ്രഹാം ചരിത്രകൂട്ടുകെട്ട്; 1994-95 സീസണില്‍ പ്രീക്വാര്‍ട്ടറില്‍; അന്ന് ഗുജറാത്തിനെ വീഴ്ത്തി സെമി പ്രവേശനം; 74 വര്‍ഷവും 352 മത്സരങ്ങളും നീണ്ട കാത്തിരിപ്പിനൊടുവില്‍ ഫൈനലില്‍
74 വര്‍ഷവും 352 മത്സരങ്ങളും നീണ്ട കാത്തിരിപ്പിനൊടുവില്‍ ഫൈനലില്‍
അഹമ്മദാബാദ്: 1951 - 52 സീസണ്‍ മുതലാണ് പില്‍ക്കാലത്ത് കേരളമായി മാറിയ ഈ നാട് രഞ്ജി ട്രോഫി കളിക്കാന്‍ തുടങ്ങിയത്. അന്ന് ക്രിക്കറ്റില്‍ പിച്ചവച്ചു തുടങ്ങിയ ടീമിന്റെ പേര് ട്രാവന്‍കൂര്‍-കൊച്ചിന്‍ ക്രിക്കറ്റ് ടീം എന്നായിരുന്നു പേര്. 1957-ല്‍ ആയപ്പോഴേക്കും ടീമിന്റെ പേര് കേരളം എന്നായി മാറി. രഞ്ജിട്രോഫിയില്‍ കരുത്തറിയിച്ച ഒട്ടേറെ നിമിഷങ്ങള്‍ കേരളത്തിന് പിന്നീട് നേടാനായെങ്കിലും സെമി ബര്‍ത്ത് പോലും വിദൂര സ്വപ്‌നമായിരുന്നു. എന്നാല്‍ നീണ്ട 74 വര്‍ഷത്തെ കാത്തിരിപ്പിനും 352 മത്സരങ്ങളിലെ പോരാട്ടത്തിനുമൊടുവിലാണ് കേരളം ആദ്യമായി രഞ്ജി ട്രോഫിയുടെ ഫൈനലില്‍ എത്തുന്നത്.
പഴയ തിരുവിതാംകൂര്‍-കൊച്ചി ടീം കേരള ക്രിക്കറ്റ് ടീം ആയശേഷം 1957ലാണ് കേരളം ആദ്യമായി രഞ്ജി ട്രോഫി ടൂര്‍ണമെന്റില്‍ മത്സരിക്കാനിറങ്ങുന്നത്. ആദ്യ സീസണില്‍ മദ്രാസിനും മൈസൂരുവിനും ആന്ധ്രക്കും ഹൈദരാബാദിനുമെതിരായ എല്ലാ മത്സരങ്ങളും തോറ്റായിരുന്നു കേരളത്തിന്റെ രഞ്ജി അരങ്ങേറ്റം. 57-ല്‍ നാല് മത്സരങ്ങളും കേരളം തോറ്റു. അതില്‍ മൂന്നെണ്ണത്തിലും ഇന്നിങ്സ് തോല്‍വി!.
എന്നാല്‍ 1950-60 സീസണില്‍ ബാലന്‍ പണ്ഡിറ്റും ജോര്‍ജ് എബ്രഹാമും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 410 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ബാലന്‍ പണ്ഡിറ്റിന്റെ വക 262 റണ്‍സ്, ജോര്‍ജ് എബ്രഹാം വക 198 റണ്‍സ്. മൊബൈല്‍ ഫോണും ടിവിയും ഒന്നുമില്ലാത്തതിനാല്‍ വൈകിക്കിട്ടിയ സന്തോഷവാര്‍ത്തയില്‍ എണ്ണിയെടുക്കാന്‍ മാത്രമുള്ള മലയാളി ക്രിക്കറ്റ് പ്രേമികള്‍ ആവേശംകൊണ്ടു.
രഞ്ജിയില്‍ ശ്രദ്ധേയമായ പ്രകടനം നടത്താന്‍ കേരളം പിന്നെയും കാത്തിരിക്കേണ്ടിവന്നത് നാലു പതിറ്റാണ്ടോളമായിരുന്നു. 1994-95ല്‍ കെ എന്‍ അനന്തപദ്മനാഭന്റെ നേതൃത്വത്തിലിറങ്ങിയ കേരളം ദക്ഷിണമേഖലാ വിജയികളായി പ്രീ ക്വാര്‍ട്ടറിലെത്തിയാണ് മികവ് കാട്ടിയത്. 1996-97 സീസണില്‍ ദക്ഷിണ മേഖലാ ജേതാക്കളായ കേരളം സൂപ്പര്‍ ലീഗിലേക്ക് യോഗ്യത നേടി. 2002-2003ല്‍ പ്ലേറ്റ് ലീഗ് ഫൈനലിലെത്തിയ കേരളം 2007-2008 സീസണില്‍ പ്ലേറ്റ് ലീഗ് സെമിഫൈനലിലെത്തി.
2017-2018 സീസണിലാണ് അതിനുശേഷം കേരളം മികച്ച പ്രകടനം നടത്തിയത്. ഗ്രൂപ്പ് ബിയില്‍ രണ്ടാമതെത്തിയ കേരളം ആദ്യമായി രഞ്ജി ക്വാര്‍ട്ടറിലെത്തി. 2018-2019 സീസണില്‍ ആദ്യമായി രഞ്ജി സെമിയിലെത്തിയ കേരളം ദേശീയ തലത്തിലും ശ്രദ്ധേയരായി. ഗുജറാത്തിനെ ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചായിരുന്നു കേരളം ആദ്യമായി സെമിഫൈനലിലെത്തിയത്. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി രഞ്ജിയില്‍ കാര്യമായ നേട്ടം കൊയ്യാതിരുന്ന കേരളം ഇത്തവണ ഒരടികൂടി കടന്ന് ചരിത്രത്തിലാദ്യമായി ഫൈനല്‍ ഉറപ്പിച്ചിരിക്കുന്നു.
അന്ന് സെമിയില്‍ വീണു, ഇന്ന് ചരിത്രഫൈനലില്‍
അന്ന് വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ ബേസില്‍ തമ്പിയുടെ ബൗളിങ്ങില്‍ തകര്‍ന്ന പാര്‍ഥിവ് പട്ടേലിന്റെ ഗുജറാത്ത് ആദ്യ ഇന്നിങ്സില്‍ 162 റണ്‍സിനും രണ്ടാം ഇന്നിങ്സില്‍ 81 റണ്‍സിനും പുറത്തായി. 113 റണ്‍സുമായി സെമിയിലേക്ക് മുന്നേറിയ കേരളത്തെ കാത്തിരുന്നത് കരുത്തരായ വിദര്‍ഭയായിരുന്നു. അന്നും ഇതുപോലൊരു ഫൈനല്‍ പ്രവേശനത്തിനായി ആരാധകര്‍ കാത്തിരുന്നു. എന്നാല്‍ വയനാട്ടില്‍നിന്ന് വാര്‍ത്ത നിരാശപ്പെടുത്തുന്നതായിരുന്നു.
ഉമേഷ് യാദവിന്റെ പേസ് ബൗളിങ്ങിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ കേരളം ദയനീയമായി തകര്‍ന്നു. രണ്ടിന്നിങ്സിലുമായി ഉമേഷ് യാദവ് 12 വിക്കറ്റെടുത്തതോടെ ജലജ് സക്സേനയ്ക്കുപോലും പിടിച്ചുനില്‍ക്കാനായില്ല. കേരളം ആദ്യ ഇന്നിങ്സില്‍ 106 റണ്‍സിനും രണ്ടാം ഇന്നിങ്സില്‍ 91 റണ്‍സിനും കളം വിട്ടു. ഇന്നിങ്സിനും 11 റണ്‍സിനും വിദര്‍ഭ വിജയമാഘോഷിച്ചു. എന്നാല്‍ തൊട്ടടുത്ത വര്‍ഷം കേരളത്തെ കാത്തിരുന്നത് അതിലും വലിയൊരു ദുഃസ്വപ്നമായിരുന്നു. 18 ടീമുകളുള്ള എലൈറ്റ് എ, ബി ഗ്രൂപ്പില്‍ 17-ാം സ്ഥാനക്കാരായ കേരളം തരംതാഴ്ത്തപ്പെട്ടു. എട്ട് മത്സരങ്ങളില്‍നിന്ന് വെറും 10 പോയിന്റായിരുന്നു കേരളത്തിന്റെ സമ്പാദ്യം. തൊട്ടടുത്ത സീസണുകളിലും കേരളത്തിന് കാര്യമായ നേട്ടങ്ങളുണ്ടാക്കാനായില്ല. ഗ്രൂപ്പ് ഘട്ടത്തില്‍തന്നെ യാത്ര അവസാനിച്ചു.
എന്നാല്‍ ഇത്തവണ എല്ലാം കലങ്ങിത്തെളിഞ്ഞു. ഇന്ത്യയുടെ മുന്‍താരം അമേയ് ഖുറേസിയ പരിശീലനകനായി എത്തിയതോടെ ടീം മെച്ചപ്പെട്ടു. ഏറെ അനുഭവസമ്പത്തുള്ള ഖുറേസിയ കളിക്കളത്തിലും പുറത്തും കര്‍ക്കശക്കാരനായി പെരുമാറി. നന്നായി പരിശീലിക്കുന്നവരെ പ്രോത്സാഹിപ്പിച്ചു. അതിന് മടിച്ചവരെ ടീമിന് പുറത്താക്കി. ഫോമിലെത്തിയില്ലെങ്കിലും പരിശീലനത്തില്‍ വിട്ടുവീഴ്ച്ച ചെയ്യാത്തവരെ ടീമില്‍ നിലനിര്‍ത്തി. അവര്‍ക്ക് അവസരങ്ങള്‍ നല്‍കി. ആ വിശ്വാസം താരങ്ങളും കാത്തു. അസ്ഹറുദ്ദീനും സല്‍മാന്‍ നിസാറും എം.ഡി നിധീഷുമെല്ലാം കളത്തില്‍ പുറത്തെടുത്ത പ്രകടനമാണ് ടീമിന്റെ മാറ്റത്തിന് തെളിവ്.
ക്വാര്‍ട്ടര്‍ ഫൈനലില്‍ പത്താം വിക്കറ്റില്‍ റെക്കോര്‍ഡ് കൂട്ടുകെട്ടുമായി സല്‍മാന്‍ നിസാറും ബേസില്‍ തമ്പിയും ചേര്‍ന്ന് നടത്തിയ പോരാട്ടമാണ് ജമ്മു കശ്മീരിനെതിരെ ഒരു റണ്‍സിന്റെ നിര്‍ണായക ഒന്നാം ഇന്നിംഗ്‌സ് ലീഡുമായി കേരളത്തിന് സെമി ബര്‍ത്തുറപ്പിച്ചത്. ഇപ്പോള്‍ സെമിയില്‍ ആതിഥേയരായ ഗുജറാത്തിനെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ രണ്ട് റണ്‍സിന്റെ ലീഡുമായി ഫൈനലും ഉറപ്പിച്ചു. ഫൈനലില്‍ വിദര്‍ഭയാണ് കേരളത്തിന്റെ എതിരാളികള്‍. ഫൈനലില്‍ കേരളത്തിനെതിരെ വിദര്‍ഭ മുന്നില്‍ നിര്‍ത്തി വെല്ലുവിളിക്കുന്നതും ഒരു മലയാളിയെയാണ്, കരുണ്‍ നായര്‍..... നിലവിലെ ചാമ്പ്യന്മാരായ മുംബൈയെ വീഴത്തി ആത്മവിശ്വാസത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുന്ന വിദര്‍ഭയെ നാഗ്പുരില്‍ വീഴ്ത്താനായാല്‍ കേരളം ആദ്യമായി രഞ്ജി ട്രോഫിയില്‍ മുത്തമിടും. അടുത്ത ബുധനാഴ്ചയാണ് കലാശപ്പോരാട്ടത്തിന് തുടക്കമാകുന്നത്.