ക്വാളിഫയറില്‍ സീറ്റുറപ്പിച്ച് ബംഗളുരു; അവസാന മത്സരത്തില്‍ ലക്നൗവിനെതിരെ ത്രസിപ്പിക്കുന്ന ജയം; 228 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചത് 4 വിക്കറ്റ് നഷ്ടത്തില്‍; വെടിക്കെട്ട് ബാറ്റിങ്ങോടെ ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി ജിതേഷ്; ക്വാളിഫയറില്‍ ബംഗളുരുവിന് എതിരാളി പഞ്ചാബ്; എലിമിനേറ്ററില്‍ മുംബൈ -ഗുജറാത്ത് പോരാട്ടം

ആര്‍സിബിക്ക് ലക്‌നൗവിന് എതിരെ ആറുവിക്കറ്റ് ജയം

Update: 2025-05-27 18:35 GMT

ലക്നൗ:നിര്‍ണ്ണായക മത്സരത്തില്‍ ലക്നൗവിനെ ആധികാരികമായി തകര്‍ത്ത് രാജകീയമായി ബംഗളുരുവിന്റെ ക്വാളിഫയര്‍ പ്രവേശനം. ലഖ്നൗ ഉയര്‍ത്തിയ 228 റണ്‍സിന്റെ ലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തിലാണ് ബംഗളുരു മറികടന്നത്.ആദ്യം ബാറ്റു ചെയ്ത ലക്നൗ ഉയര്‍ത്തിയ 228 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് 18.4 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ആര്‍സിബി എത്തി.ബെംഗളൂരുവിനായി ക്യാപ്റ്റന്‍ ജിതേഷ് ശര്‍മയും വിരാട് കോലിയും അര്‍ധ സെഞ്ചറി നേടി. 33 പന്തുകള്‍ നേരിട്ട ജിതേഷ് ശര്‍മ 85 റണ്‍സെടുത്തു പുറത്താകാതെനിന്നു. 30 പന്തില്‍ വിരാട് കോലി 54 റണ്‍സെടുത്തു.

ക്വാളിഫയര്‍ 1 ഉറപ്പിക്കാന്‍ തകര്‍ത്തടിച്ചാണ് ബെംഗളൂരു തുടങ്ങിയത്.ഫിലിപ് സാള്‍ട്ടും വിരാട് കോലിയും പവര്‍ പ്ലേ യില്‍ വെടിക്കെട്ടോടെ മിന്നിയപ്പോള്‍ ബെംഗളൂരു അഞ്ചോവറില്‍ 60-ലെത്തി.പിന്നാലെ സാള്‍ട്ട് പുറത്തായി. 19 പന്തില്‍ നിന്ന് 30 റണ്‍സെടുത്താണ് താരം മടങ്ങിയത്. മൂന്നാമനായി ഇറങ്ങിയ നായകന്‍ രജത് പാട്ടിദാറിന് കാര്യമായ സംഭാവന നല്‍കാനായില്ല. 14 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. പിന്നാലെ ലിയാം ലിവിങ്സ്റ്റണ്‍ ഡക്കായി മടങ്ങി.അതോടെ ബെംഗളൂരു 90-3 എന്ന നിലയിലായി.

പിന്നീട് മായങ്ക് അഗര്‍വാളുമൊത്ത് കോലി സ്‌കോറുയര്‍ത്തി. കോലി അര്‍ധസെഞ്ചുറി തികച്ചതോടെ ബെംഗളൂരുവിന് ജയപ്രതീക്ഷ കൈവന്നു. എന്നാല്‍ ടീം സ്‌കോര്‍ 123-ല്‍ നില്‍ക്കേ കോലി പുറത്തായത് ടീമിന് തിരിച്ചടിയായി. 30 പന്തില്‍ നിന്ന് കോലി 54 റണ്‍സെടുത്തു. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ജിതേഷ് ശര്‍മയും മായങ്ക് അഗര്‍വാളും ചേര്‍ന്ന് ടീമിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.

15 ഓവറില്‍ 177-4 എന്ന നിലയിലായിരുന്നു ആര്‍സിബി. ജിതേഷ് ശര്‍മ അതിവേഗ അര്‍ധസെഞ്ചുറിയുമായി കത്തിക്കയറി. കളി കൈവിടുമെന്ന് തോന്നിച്ച ഘട്ടത്തില്‍ ദിഗ്വേഷ് റാത്തി മങ്കാദിങ്ങിന് മുതിര്‍ന്നു. നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലുണ്ടായിരുന്ന ജിതേഷ് ശര്‍മ പന്തെറിയും മുമ്പേ ക്രീസ് വിട്ടു. ദിഗ്വേഷ് ബെയ്ല്‍സ് തെറിപ്പിച്ചു. പക്ഷേ നായകന്‍ പന്ത് അപ്പീല്‍ പിന്‍വലിച്ചതോടെ ജിതേഷ് ശര്‍മ പുറത്തായില്ല. പിന്നാലെ ജിതേഷ് ശര്‍മയും(854) മായങ്ക് അഗര്‍വാളും(41) 18.4 ഓവറില്‍ ടീമിനെ ജയത്തിലെത്തിച്ചു.

ലഖ്നൗ നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സാണെടുത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗവിന് മൂന്നാം ഓവറില്‍ ഓപ്പണര്‍ മാത്യു ബ്രീറ്റ്‌സ്‌കെയെ നഷ്ടമായി. 12 പന്തില്‍ 14 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒന്നിച്ച മിച്ചല്‍ മാര്‍ഷും നായകന്‍ റിഷഭ് പന്തും തകര്‍ത്തടിച്ചു. അതോടെ ആര്‍സിബി ബൗളര്‍മാര്‍ പ്രതിരോധത്തിലായി. ടീം ആറോവറില്‍ 55-ലെത്തി.

സീസണിലുടനീളം മോശം പ്രകടനത്തിന്റെ പേരില്‍ വിമര്‍ശിക്കപ്പെട്ട നായകന്‍ ഋഷഭ് പന്ത് അവസാനമത്സരത്തില്‍ കത്തിക്കയറുന്നതാണ് മൈതാനത്ത് കണ്ടത്. മൂന്നാമനായി ഇറങ്ങിയ താരം ആര്‍സിബി ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു. പിന്നാലെ അര്‍ധസെഞ്ചുറിയും തികച്ചു. 29 പന്തില്‍ നിന്നാണ് താരം അര്‍ധസെഞ്ചുറി തികച്ചത്. പിന്നാലെ ടീം സ്‌കോര്‍ നൂറിലെത്തി. മാര്‍ഷലും വെടിക്കെട്ടിന് തിരികൊളുത്തിയതോടെ ലഖ്‌നൗ സ്‌കോര്‍ കുതിച്ചു.

14-ാം ഓവറില്‍ മാര്‍ഷല്‍ അര്‍ധസെഞ്ചുറി തികച്ചു. ഇരുവരും ക്രീസില്‍ നിലയുറപ്പിച്ചതോടെ ലഖ്‌നൗ 15 ഓവറില്‍ 164-ലെത്തി. 67 റണ്‍സെടുത്ത മാര്‍ഷ് പുറത്തായെങ്കിലും നിക്കൊളാസ് പുരാനുമൊത്ത് പന്ത് ടീമിനെ മികച്ച സ്‌കോറിലെത്തിച്ചു. പിന്നാലെ ലഖ്‌നൗ നായകന്‍ സെഞ്ചുറി തികയ്ക്കുകയും ടീമിനെ 200-കടത്തുകയും ചെയ്തു. നിക്കൊളാസ് പുരാന്‍ 13 റണ്‍സെടുത്ത് പുറത്തായി. ഒടുവില്‍ നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലഖ്‌നൗ 227 റണ്‍സെടുത്തു.

സീസണിലെ ഒന്‍പതാം വിജയത്തോടെ 19 പോയിന്റുമായി ബെംഗളൂരു രണ്ടാം സ്ഥാനത്തെത്തി.മേയ് 29ന് നടക്കുന്ന ക്വാളിഫയറില്‍ പഞ്ചാബ് കിങ്സാണ് ആര്‍സിബിയുടെ എതിരാളി.എലിമിനേറ്ററില്‍ ഗുജറാത്ത് മുംബൈയെ നേരിടും.

Tags:    

Similar News