മൂന്നുവീതം വിക്കറ്റുമായി ജോഷ് ഹെസല്‍വുഡും സുയാഷ് ശര്‍മ്മയും; ബംഗളൂരുവിന് ബൗളിങ്ങിന് മുന്നില്‍ തകര്‍ന്നടിഞ്ഞ് പഞ്ചാബ് ബാറ്റിങ്ങ് നിര; ആര്‍സിബിക്ക് ഫൈനലിലേക്ക് 102 റണ്‍സ് ദൂരം

ആര്‍സിബിക്ക് ഫൈനലിലേക്ക് 102 റണ്‍സ് ദൂരം

Update: 2025-05-29 16:00 GMT

മല്ലന്‍പുര്‍:ഐപിഎല്ലിലെ ഒന്നാം ക്വാളിഫയറില്‍ ബംഗളുരുവിന് മുന്നില്‍ തകര്‍ന്നടിഞ്ഞ് പഞ്ചാബ് ബാറ്റിങ്ങ് നിര.ആര്‍സിബി ബൗളര്‍മാരെല്ലാം കൃത്യതയോടെ പന്തെറിഞ്ഞപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 101 റണ്‍സിന് എല്ലാവരും പുറത്തായി.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 14.1 ഓവറില്‍ ഓള്‍ഔട്ടാകുകയായിരുന്നു.3 വിക്കറ്റുകള്‍ വീതം നേടിയ സുയാഷ് ശര്‍മ്മയും ജോഷ് ഹേസല്‍വുഡുമാണ് പഞ്ചാബ് ബാറ്റിങ്ങ് നിരയെ തകര്‍ത്തത്.

17 പന്തില്‍ നിന്ന് രണ്ടു വീതം സിക്‌സും ഫോറുമടക്കം 26 റണ്‍സെടുത്ത മാര്‍ക്കസ് സ്റ്റോയ്‌നിസാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. സ്റ്റോയ്‌നിസിനെ കൂടാതെ 18 റണ്‍സ് വീതമെടുത്ത ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിങ്ങിനും അസ്മത്തുള്ള ഒമര്‍സായിക്കും മാത്രമാണ് പഞ്ചാബ് നിരയില്‍ രണ്ടക്കം കാണാനായത്.

തകര്‍ച്ചയോടെയാണ് പഞ്ചാബിന്റെ ഇന്നിംഗ്സ് ആരംഭിച്ചത് ത്ന്നെ.പവര്‍ പ്ലേ പൂര്‍ത്തിയാകും മുമ്പ് തന്നെ പഞ്ചാബിന് നാല് വിക്കറ്റുകളാണ് നഷ്ടമായത്. ഓപ്പണര്‍മാരായ പ്രഭ്സിമ്രാന്‍ സിംഗ് (18), പ്രിയാന്‍ഷ് ആര്യ (7), നായകന്‍ ശ്രേയസ് അയ്യര്‍ (2), ജോഷ് ഇംഗ്ലിസ് (4) എന്നിവര്‍ നിലയുറപ്പിക്കാനാകാതെ മടങ്ങി.പിന്നീട് വന്നവര്‍ക്ക് ആര്‍ക്കും തന്നെ പഞ്ചാബിന്റെ ഇന്നിംഗ്സ് മുന്നോട്ടുകൊണ്ടുപോകാനായില്ല.17 പന്തില്‍ 26 റണ്‍സ് നേടിയ മാര്‍ക്കസ് സ്റ്റോയിനിസിന്റെ പ്രകടനമാണ് പഞ്ചാബിനെ നാണക്കേടില്‍ നിന്ന് ഒഴിവാക്കിയത്.നെഹാല്‍ വധേര 8 റണ്‍സുമായും ശശാങ്ക് സിംഗ് 3 റണ്‍സുമായും മടങ്ങി.

ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങിയ മുഷീര്‍ ഖാന് ഒരു റണ്‍ പോലും നേടാനായില്ല.78 റണ്‍സ് നേടിയപ്പോഴേയ്ക്കും 8 വിക്കറ്റുകളാണ് പഞ്ചാബിന് നഷ്ടമായത്.ഹര്‍പ്രീത് ബ്രാറും അസ്മത്തുള്ള ഒമര്‍സായിയും ചേര്‍ന്ന് പഞ്ചാബിന്റെ സ്‌കോര്‍ 97 വരെ എത്തിച്ചു. സ്‌കോര്‍ 101ല്‍ നില്‍ക്കെ അസ്മത്തുള്ള ഒമര്‍സായിയെ (18) ഹേസല്‍വുഡ് മടക്കിയയച്ചതോടെ പഞ്ചാബിന്റെ പതനം പൂര്‍ത്തിയായി.

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് വേണ്ടി സുയാഷ് ശര്‍മ്മ 3 ഓവറില്‍ 17 റണ്‍സ് വഴങ്ങിയാണ് 3 വിക്കറ്റുകള്‍ വീഴ്ത്തിയത്.ജോഷ് ഹേസല്‍വുഡ് 3.1 ഓവറില്‍ 21 റണ്‍സ് വഴങ്ങി 3 വിക്കറ്റുകള്‍ സ്വന്തമാക്കി.യാഷ് ദയാല്‍ രണ്ടും ഭുവനേശ്വര്‍ കുമാര്‍, റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.ടോസ് നേടിയ ബംഗളുരു ക്യാപ്റ്റന്‍ രജത് ,പഞ്ചാബിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

Tags:    

Similar News