അന്ന് പരുക്ക് 'അഭിനയിച്ചത്' ദക്ഷിണാഫ്രിയെ പൂട്ടാന്‍; ഇത്തവണ പണികൊടുത്തത് കൊല്‍ക്കത്തയ്ക്ക്; തകര്‍ത്തടിച്ച രഹാനെക്കും വെങ്കടേഷിനും താളം തെറ്റിയത് ഋഷഭ് പന്തിന്റെ വൈദ്യപരിശോധനയില്‍; അഭിനയസിംഹമെന്ന് സോഷ്യല്‍ മീഡിയ

രഹാനെക്കും വെങ്കടേഷിനും താളം തെറ്റിയത് ഋഷഭ് പന്തിന്റെ വൈദ്യപരിശോധനയില്‍

Update: 2025-04-09 12:50 GMT

കൊല്‍ക്കത്ത: ഐപിഎലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ലക്‌നൗ നാലു റണ്‍സ് വിജയം സ്വന്തമാക്കിയെങ്കിലും ടീം ക്യാപ്റ്റന്‍ ഋഷഭ് പന്തിനെതിരെ ആരാധകര്‍ കടുത്ത വിമര്‍ശനമാണ് ഉന്നയിക്കുന്നത്. മിച്ചല്‍ മാര്‍ഷിന്റെ വിക്കറ്റ് നഷ്ടമായപ്പോള്‍ ഋഷഭ് പന്ത് കളിക്കാന്‍ ഇറങ്ങാതിരുന്നതാണ് ആരാധകരെ പ്രകോപിപ്പിച്ചത്. സാധാരണയായി നിക്കോളാസ് പുരാനു പിന്നാലെ നാലാമനായാണ് ഋഷഭ് പന്ത് ബാറ്റിങ്ങിന് ഇറങ്ങാറ്. എന്നാല്‍ കൊല്‍ക്കത്തയ്‌ക്കെതിരെ ഡേവിഡ് മില്ലര്‍, അബ്ദുല്‍ സമദ് എന്നിവര്‍ പന്തിനും മുന്‍പേ ക്രീസിലെത്തുകയായിരുന്നു. മികച്ച സ്‌കോറിലേക്ക് ടീം നീങ്ങിയിട്ടും വെടിക്കെട്ട് ബാറ്ററായ പന്ത് പിന്നാക്കം പോയതാണ് ആരാധകരെ പ്രകോപിപ്പിച്ചത്.

അവസാന പന്തുകളില്‍ ഡഗ്ഔട്ടില്‍ തയാറായി നില്‍ക്കുന്ന ഋഷഭ് പന്തിനെ പല തവണ ടെലിവിഷനില്‍ കാണിച്ചിരുന്നു. എന്നാല്‍ വിക്കറ്റു പോകാതിരുന്നതോടെ പന്തിനു ബാറ്റു ചെയ്യേണ്ടിവന്നില്ല. ലക്‌നൗ മുന്‍നിര ബാറ്റര്‍മാര്‍ തകര്‍ത്തടിക്കുന്നതിനിടെയായിരുന്നു ഋഷഭ് പന്ത് ബാറ്റിങ് ക്രമത്തില്‍ പിന്നോട്ടുപോയത്. സീസണില്‍ ഇതുവരെ മികച്ച സ്‌കോര്‍ കണ്ടെത്താന്‍ സാധിക്കാതിരുന്ന പന്ത് ബാറ്റിങ്ങിനിറങ്ങാതെ 'ഒളിച്ചിരിക്കുകയാണ്' എന്നായിരുന്നു സമൂഹമാധ്യമങ്ങളിലെ വിമര്‍ശനം.

അതേ സമയം കൊല്‍ക്കത്ത വിജയലക്ഷ്യത്തിലേക്ക് മുന്നേറവെ ഋഷഭ് പന്ത് പരിക്കേറ്റ് വൈദ്യപരിശോധന തേടിയതും വിവാദമായിരുന്നു. 12 ഓവറില്‍ 149-2 എന്ന ശക്തമായ നിലയില്‍ കൊല്‍ക്കത്ത ബാറ്റ് ചെയ്യവെ റിഷഭ് പന്തിന് വൈദ്യസഹായം ആവശ്യമായി വന്നു. രഹാനെയും വെങ്കടേഷും മികച്ച രീതിയില്‍ ബാറ്റ് ചെയ്യവെയായിരുന്നു സംഭവം. ഇതോടെ മത്സരത്തിനിടയില്‍ ചെറിയ ഇടവേളയുമുണ്ടായി. പന്തിന് വൈദ്യസഹായം ലഭിച്ചതിന് ശേഷമുള്ള ഓവറുകളില്‍ കൊല്‍ക്കത്തയ്ക്ക് രഹാനേയും വെങ്കടേഷിനേയും നഷ്ടമായി. പിന്നാലെയെത്തിയ രമണ്‍ദീപ്, അംഗ്രിഷ് രഘുവന്‍ശി, ആന്ദ്രെ റസല്‍ എന്നിവരും തുടര്‍ച്ചയായ ഓവറുകളില്‍ കൂടാരം കയറി.

കൊല്‍ക്കത്ത ബാറ്റര്‍മാരുടെ ഒഴുക്ക് നഷ്ടമാക്കുന്നതിനായി പന്ത് മനപ്പൂര്‍വം വൈദ്യസഹായം ആവശ്യപ്പെട്ടതായാണ് സമൂഹമാധ്യമങ്ങളിലെ ഒരുകൂട്ടത്തിന്റെ വാദം. ട്വന്റി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്ക വിജയത്തിലേക്ക് അടുക്കെ പന്ത് സമാനമായി വൈദ്യസഹായം ആവശ്യപ്പെട്ടിരുന്നു. ഇതുമായി താരതമ്യം നടത്തിയാണ് ഇപ്പോഴത്തെ ചര്‍ച്ച. ഫൈനലില്‍ ഈ ഇടവേളയ്ക്ക് ശേഷമായിരുന്നു ഹെന്റിച്ച് ക്ലാസന്റെ വിക്കറ്റ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായതും പിന്നീട് ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവന്നതും. ഫൈനലില്‍ താന്‍ പരുക്ക് അഭിനയിക്കുകയായിരുന്നെന്ന് പന്ത് പിന്നീട് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. എല്ലായ്‌പ്പോഴും ഇത്തരം തന്ത്രങ്ങള്‍ ഫലിക്കണമെന്നില്ലെന്നും ചിലപ്പോഴൊക്കെ ഫലം കാണുമെന്നും പന്ത് പറഞ്ഞിരുന്നു.

ഐപിഎല്‍ സീസണിന് തൊട്ടുമുമ്പ് നടന്ന മെഗാതാരലേലത്തില്‍ 27 കോടി രൂപയ്ക്ക് ലക്‌നൗവിലെത്തിയ ഋഷഭ് പന്തിന് സീസണില്‍ ഇതുവരെ 27 റണ്‍സ് പോലും എടുക്കാന്‍ സാധിച്ചിട്ടില്ല. അഞ്ച് മത്സരങ്ങളില്‍ ലക്‌നൗവിനെ നയിച്ച പന്ത് ഇതുവരെ ആകെ നേടിയത് 19 റണ്‍സ് മാത്രമാണ്. സണ്‍റൈസേഴ്‌സിനെതിരെ സ്വന്തമാക്കിയ 15 റണ്‍സാണു ടോപ് സ്‌കോര്‍. ക്യാപ്റ്റന്‍ തിളങ്ങിയില്ലെങ്കിലും മൂന്നാം വിജയവുമായി പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഉള്ളത്.

Tags:    

Similar News