താരലേലം നിർത്തലാക്കണം; പകരം വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന താരകൈമാറ്റം മതി; ലീഗിന്റെ ദൈർഘ്യം ആറ് മാസമാക്കി വർധിപ്പിക്കണം; ഐപിഎല്ലിൽ മാറ്റങ്ങൾ ആവശ്യപ്പെട്ട് റോബിൻ ഉത്തപ്പ
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) ഘടനയിലും നടത്തിപ്പിലും മാറ്റങ്ങൾ വരുത്തണമെന്ന് ആവശ്യപ്പെട്ട് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പ. വർഷം തോറും നടക്കുന്ന കളിക്കാരുടെ മെഗാ ലേലം ബിസിസിഐ നിർത്തലാക്കണം എന്നാണ് ഉത്തപ്പ പ്രധാനമായും ആവശ്യപ്പെടുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിന് സമാനമായ ഒരു വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന താരകൈമാറ്റ സംവിധാനം കൊണ്ടുവരണം.
ഇതിനായി കളിക്കാരെ ഉൾപ്പെടുത്തി ഒരു പ്രാരംഭ ലിസ്റ്റ് തയ്യാറാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. കളിക്കാരനായിരുന്ന കാലം മുതൽ താൻ ഈ അഭിപ്രായം പങ്കുവെക്കുന്നുണ്ടെന്നും ഉത്തപ്പ തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി.നിലവിലെ രണ്ടര മാസം മാത്രം ദൈർഘ്യമുള്ള ഐപിഎൽ ലീഗ് ഘടനയിലും മാറ്റം വേണമെന്ന് ഉത്തപ്പ അഭിപ്രായപ്പെട്ടു. ലീഗിന്റെ ദൈർഘ്യം കുറഞ്ഞത് ആറ് മാസമായി വർദ്ധിപ്പിക്കണം. ലോകത്തിലെ മുൻനിര ക്രിക്കറ്റ് ലീഗാണ് ഐപിഎൽ എങ്കിലും, ഇപ്പോഴും ഇത് ടെലിവിഷനുവേണ്ടിയുള്ള വിനോദമൂല്യത്തിൽ മാത്രം ഒതുങ്ങിനിൽക്കുകയാണ്.
ഈ രീതി മാറണം. ഐപിഎല്ലിന് കൂടുതൽ പക്വതയും പരിഷ്കരണവും ആവശ്യമായ സമയമാണിത്. ഓരോ വർഷവും ടീമുകൾ മാറുമ്പോൾ, ഒരു പ്രത്യേക ഫ്രാഞ്ചൈസിക്ക് വേണ്ടി ശക്തമായ ആരാധകക്കൂട്ടായ്മകൾ വളർത്തിയെടുക്കാൻ ലീഗിന് സാധിക്കാതെ വരുന്നു. കളിക്കാർ കൂടുതൽ കാലം ഒരേ ടീമിന്റെ ഭാഗമായി നിലനിൽക്കുമ്പോളാണ് ടീമുകൾക്ക് സ്ഥിരമായ ഒരു ആരാധകവൃന്ദം ഉണ്ടാകുന്നത്. ആറ് മാസത്തോളം നീണ്ടുനിൽക്കുന്ന ലീഗ് ഇതിന് സഹായകമാകും. ഈ സമയത്തും അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കാൻ സാധിക്കുന്ന തരത്തിൽ ലീഗിനെ വളർത്തണമെന്നും ഉത്തപ്പ കൂട്ടിച്ചേർത്തു.