പത്തിലും തോറ്റ് ഏറ്റവും പിന്നില്‍; സീസണ്‍ അവസാനിച്ചത് നിരാശയില്‍; 'ബിഗ് ബൈ' പറഞ്ഞ് സഞ്ജു സംസണ്‍! നായകനെ യാത്രയാക്കുന്ന വീഡിയോ പങ്കുവച്ച് രാജസ്ഥാന്‍ റോയല്‍സ്; ആ യാത്ര പറച്ചില്‍ കണ്ട് ചോദ്യങ്ങളുമായി ആരാധകര്‍; ഐപിഎല്‍ ഭാവിയെക്കുറിച്ചു നിര്‍ണായക സൂചന നല്‍കി മലയാളി താരം
റോയല്‍സിനൊപ്പം ഇതു സഞ്ജുവിന്റെ അവസാന സീസണ്‍?
ജയ്പുര്‍: ഐപിഎല്ലിന്റെ പതിനെട്ടാം സീസണില്‍ നിന്നും പടിയിറങ്ങിയ ആദ്യത്തെ ടീമായി മാറിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. പ്ലേഓഫ് പ്രതീക്ഷകള്‍ നേരത്തേ അസ്തമിച്ചെങ്കിലും അവസാന ലീഗ് മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ തകര്‍പ്പന്‍ ജയവുമായാണ് വിടവാങ്ങല്‍ ആഘോഷിച്ചത്. അഞ്ചു തവണ ചാംപ്യന്‍മരായ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്സിനെ ആറു വിക്കറ്റിനു റോയല്‍സ് പരാജയപ്പെടുത്തുകയായിരുന്നു.
പ്ലേഓഫിലെത്താനായില്ലെങ്കിലും ജയത്തോടെ പോസിറ്റീവായ സീസണ്‍ അവസാനിപ്പിക്കാനായത് തീര്‍ച്ചയായും റോയല്‍സ് ആരാധകരെ സന്തോഷിപ്പിക്കുക തന്നെ ചെയ്യും. വൈഭവ് സൂര്യവംശിയെന്ന പതിനാലുകാരന്‍ പയ്യനെ ഐപിഎല്ലില്‍ അവതരിപ്പിച്ച് വന്‍ വിജയമായതും ആരാധകര്‍ക്ക് ആശ്വസിക്കാനുള്ള വകയാണ്. എന്നാല്‍ ഈ സീസണിലെ മല്‍സങ്ങള്‍ പൂര്‍ത്തിയായതോടെ റോയല്‍സ് ആരാധകര്‍ ഉറ്റുനോക്കുന്നത് സഞ്ജുവിന്റെ ഭാവിയെക്കുറിച്ചാണ്. അടുത്ത സീസണിലു അദ്ദേഹം റോയല്‍സില്‍ തുടരുമോ, അല്ലെങ്കില്‍ മറ്റൊരു ടീമിലേക്കു ചേക്കേറുമോയെന്ന സംശയമാണ് പലര്‍ക്കുമുളളത്.
അതിനിടെ രാജസ്ഥാന്റെ ഐപിഎല്‍ സീസണ്‍ നിരാശജനകമായി അവസാനിച്ചതിന് പിന്നാലെ സഞ്ജു സാംസണ്‍ ടീം ക്യാമ്പ് വിടുന്ന വീഡിയോയും പുറത്തുവന്നുകഴിഞ്ഞു. സഞ്ജുവിനെ യാത്രയാക്കുന്ന വീഡിയോ രാജസ്ഥാന്‍ റോയല്‍സ് പങ്കുവച്ചു. ഇത്തവണ ഒമ്പതാം സ്ഥാനത്താണ് രാജസ്ഥാന്‍ റോയല്‍സ് സീസണ്‍ അവസാനിപ്പിച്ചത്. 14 മത്സങ്ങള്‍ കളിച്ചപ്പോള്‍ ആകെ കിട്ടിയത് എട്ട് പോയിന്റ് മാത്രം. നാല് മത്സരങ്ങള്‍ ടീം ജയിച്ചപ്പോള്‍ പത്ത് മാച്ചുകളില്‍ രാജസ്ഥാന്‍ പരാജയപ്പെട്ടു. ചെന്നൈയ്ക്ക് ഒരു മത്സരം കൂടി ശേഷിക്കുന്നതിനാല്‍ ഒമ്പതാം സ്ഥാനവും ഉറപ്പില്ല.
സഞ്ജുവിനെ സംബന്ധിച്ചിടത്തോളം അത്ര നല്ല സീസണായിരുന്നില്ല ഇത്. രാജസ്ഥാന്‍ ക്യാപ്റ്റനെന്ന നിലയില്‍ സീസണില്‍ ആറ് കളികളില്‍ രണ്ട് ജയം മാത്രമാണ് സഞ്ജുവിന്റെ അക്കൗണ്ടിലുള്ളത്. ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരക്കിലെ കൈവരിലിന് പരിക്കേറ്റ സഞ്ജുവിന് സീസണിലെ ആദ്യ മൂന്ന് കളികളില്‍ ഇംപാക്ട് പ്ലേയറായാണ് കളിച്ചത്. ആദ്യ ഏഴ് കളിക്കുശേഷം വീണ്ടും പരിക്കിന്റെ പിടിയിലായ സഞ്ജു ടീമില്‍ നിന്ന് പുറത്തായപ്പോള്‍ ആദ്യ മൂന്ന് കളികളിലെന്ന പോലെ റിയാന്‍ പരാഗ് ആണ് ടീമിനെ നയിച്ചത്. സീസണിലാകെ ഒമ്പത് കളികളില്‍ ഒരു അര്‍ധസെഞ്ചുറി അടക്കം 285 റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത്.റണ്‍വേട്ടക്കാരില്‍ നിലവില്‍ 25ാമതാണ് സഞ്ജു.
സഞ്ജു രാജസ്ഥാന്‍ വിടുമെന്ന സൂചനകള്‍ നേരത്തെ ഉണ്ടായിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴസ്, ചെന്നൈ സൂപ്പര്‍ കിംഗ്സ് എന്നിവര്‍ സഞ്ജുവിനെ നോട്ടമിടുന്നുണ്ട്. ഇതിനിടെ സഞ്ജുവിന്റെ യാത്ര പറച്ചില്‍ ഒരു ചോദ്യ ചിഹ്നമാവുകമയാണ്. 'ബിഗ് ബൈ' പറഞ്ഞിട്ടാണ് സഞ്ജു മടങ്ങുന്നത്. രാജസ്ഥാനൊപ്പം സഞ്ജുവിന്റെ അവസാന സീസണായിരിക്കുമോ എന്നാണ് ആരാധകരുടെ ചോദ്യം.
എന്നാല്‍ തന്റെ ഐപിഎല്‍ ഭാവിയെക്കുറിച്ചു നിര്‍ണാക സൂചന സഞ്ജു നല്‍കിയിരുന്നു. ചെന്നൈയുമായുള്ള മല്‍സരശേഷം സംസാരിക്കവെയാണ് സഞ്ജു നിര്‍ണായക സൂചന നല്‍കിയത്. രാജസ്ഥാന്‍ റോയല്‍സ് വിടാന്‍ തനിക്കൊരു പ്ലാനുമില്ലെന്നും അടുത്ത ഐപിഎല്‍ സീസണിന്‍ ശക്തമായി തിരിച്ചുവരവാണ് ലക്ഷ്യമിടുതെന്ന സൂചനയാണ് സഞ്ജു സാംസണ്‍ നല്‍കിയിരിക്കുന്നത്. പോസ്റ്റ് മാച്ച് ഷോയില്‍ സംസാരിക്കവെയാണ് റോയല്‍സിന്റെ ഈ സീസണിനെ കുറിച്ചും അടുത്ത സീസണിലേക്കുള്ള തയ്യാറെടുപ്പുകളെ കുറിച്ചും തുറന്നു പറഞ്ഞത്.
ഞങ്ങള്‍ക്കു ഈ സീസണില്‍ തീര്‍ച്ചയായും കൂടുതല്‍ നന്നായി ചെയ്യാന്‍ സാധിക്കുമായിരുന്നു. ഇതില്‍ ഭാഗ്യത്തിലൊന്നുമല്ല കാര്യം (ജയിക്കേണ്ടിയിരുന്ന ചില കളികള്‍ റോയല്‍സ് തോറ്റിരുന്നു). ഞങ്ങള്‍ ഈ സീസണില്‍ ചില പിഴവുകള്‍ വരുത്തിയിട്ടുണ്ട്. അടുത്ത ഐപിഎല്‍ സീസണില്‍ കൂടുതല്‍ മെച്ചപ്പെട്ട മാനസികാവസ്ഥയോടെ ഞങ്ങള്‍ തിരിച്ചെത്തേണ്ടതു ആവശ്യമാണ് എന്നാണ് സഞ്ജു വ്യക്തമാക്കിയത്.
റോയല്‍സ് വിടാന്‍ യാതൊരു പ്ലാനുമില്ലെന്നും അടുത്ത സീസണിലും താന്‍ ടീമിലുണ്ടാലുമെന്ന നിര്‍ണായക സൂചന കൂടിയാണ് ഈ വാക്കുകളിലൂടെ അദ്ദേഹം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ആഴ്ചകളായി സഞ്ജുവിന്റെ ഐപിഎല്‍ ഭാവിയെക്കുറിച്ച് പല അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു.
കോച്ച് രാഹുല്‍ ദ്രാവിഡുമായി അദ്ദേഹം അത്ര നല്ല രസത്തിലല്ലെന്നും ഈ കാരണത്താല്‍ സീസണിനു ശേഷം ടീം വിടുമെന്നുമെന്നുമെല്ലാം സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചു. ചെന്നൈ സൂപ്പര്‍ കിങ്സ്, കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് ടീമുകളുമായി ബന്ധപ്പെടുത്തിയെല്ലാം സഞ്ജുവിന്റെ പേരില്‍ വാര്‍ത്തകളും വന്നിരുന്നു.
ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ കണ്ടെത്തലായി മാറിയിരിക്കുന്ന 14 കാരനായ വൈഭവ് സൂര്യവംശിയെ വാനോളം പുകഴ്ത്താനും സഞ്ജു സാംസണ്‍ മറന്നില്ല. വൈഭവിനെക്കുറിച്ചു പറയാന്‍ എനിക്കു വാക്കുകളില്ല. അവന്‍ നേടിയ ആ സെഞ്ചറി ശരിക്കുമൊരു ക്ലാസ് തന്നെയായിരുന്നു. ഒരു സ്ലോ ബോളിനെ കവറിനു മുകളിലൂടെ പായിക്കാന്‍ അവനു സാധിക്കും. ചെന്നൈ സൂപ്പര്‍ കിങ്സുമായുള്ള ഈ മല്‍സരത്തിലെ മധ്യ ഓവറുകളില്‍ വളരെ സ്മാര്‍ട്ടായിട്ടാണ് വൈഭവ് തന്റെ ബാറ്റിങുമായി മുന്നോട്ടുപോയത്. ഇത്ര ചെറിയ പ്രായത്തില്‍ തന്നെ കളിയെക്കുറിച്ച് അവന്റ അവബോധം ഗംഭീരം തന്നെയാണെന്നും സഞ്ജു ചൂണ്ടിക്കാട്ടി.
ചെന്നൈ നല്‍കിയ 188 റണ്‍സിന്റെ വിജയലക്ഷ്യം വളരെ അനായാസം മറികടക്കാന്‍ റോയല്‍സിനെ സഹായിച്ചത് ജയ്സ്വാളിന്റെ തകര്‍പ്പന്‍ ഫിഫ്റ്റിയാണ്. 33 ബോളില്‍ നാലു വീതം ഫോറും സിക്സറുമടക്കം താരം അടിച്ചെടുത്തത് 57 റണ്‍സാണ്. രണ്ടാം വിക്കറ്റില്‍ വൈഭവും സഞ്ജുവും ചേര്‍ന്നെടുത്ത 98 റണ്‍സാണ് റോയല്‍സിന്റെ വിജയത്തിനു അടിത്തറയിട്ടത്. സഞ്ജു 31 ബോളില്‍ മൂന്നു ഫോറും രണ്ടു സിക്സറുമടക്കം 41 റണ്‍സും നേടി പുറത്താവുകയായിരുന്നു.
സീസണ്‍ അവസാനിപ്പിച്ചപ്പോള്‍ അപൂര്‍വനേട്ടം സ്വന്തമാക്കി സഞ്ജുവിന് സാധിച്ചു. രാജസ്ഥാന് വേണ്ടി ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള താരമായ സഞ്ജു ഇന്നലെ രാജസ്ഥാന്‍ കുപ്പായത്തില്‍ 4000 റണ്‍സ് പിന്നിട്ടു. ഇന്നലെ ചെന്നൈക്കെതിരായ മത്സരത്തിനിറങ്ങുമ്പോള്‍ 15 റണ്‍സ് കൂടിയായിരുന്നു 4000 റണ്‍സെന്ന നാഴിക്കല്ല് പിന്നിടാന്‍ സഞ്ജുവിന് വേണ്ടിയിരുന്നത്. 31 പന്തില്‍ 41 റണ്‍സെടുത്ത സഞ്ജു വൈഭവ് സൂര്യവന്‍ശിക്കൊപ്പം രണ്ടാം വിക്കറ്റില്‍ നിര്‍ണായക കൂട്ടുകെട്ടിലും പങ്കാളിയായി.
രാജസ്ഥാന്‍ ജേഴ്സിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള താരമായ സഞ്ജു രണ്ടാം സ്ഥാനത്തുള്ള ജോസ് ബട്‌ലറെ(3055) ബഹുദൂരം പിന്നിലാക്കിയിരുന്നു. ഈ സീസണില്‍ കൊല്‍ക്കത്തയെ നയിച്ച അജിങ്ക്യാ രഹാനെയാണ്(2810) രാജസ്ഥാന്‍ ജേഴ്സിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള മൂന്നാമത്തെ ബാറ്റര്‍.