'ക്യാപ്റ്റൻ എങ്ങോട്ടുമില്ല..'; സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിൽ തുടരും; നിർണായക തീരുമാനമെടുത്ത് ടീം മാനേജ്‌മെന്റ്

Update: 2025-08-07 11:04 GMT

ജയ്പൂര്‍: മലയാളി താരം സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പർ കിങ്സിലേക്ക് ചേക്കേറുന്നതായുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ചെന്നൈയുമായി താരം ധാരണയായതും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ വന്നു. ധോണിക്ക് ഇനി അധിക നാൾ ടീമിൽ തുടരാൻ സാധിക്കാൻ കഴിയാത്തതിനാൽ പകരമൊരു വിക്കറ്റ് കീപ്പറെ ചെന്നൈ നോട്ടമിട്ടിരിക്കുന്നതായും അത് സഞ്ജു ആണെന്നുമായിരുന്നു റിപ്പോർട്ടുകൾ.

എന്നാല്‍ സഞ്ജുവിന്റെ കാര്യത്തില്‍ രാജസ്ഥാന്‍ റോയല്‍സ് നിര്‍ണായക തീരുമാനം എടുത്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വരുന്ന സീസണിലും സഞ്ജുവിനെ രാജസ്ഥാനൊപ്പം നിര്‍ത്താന്‍ ടീം മാനേജ്‌മെന്റ് തീരുമാനമെടുത്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സഞ്ജുവിനായി കരുക്കൾ നീക്കിയിരുന്നതായി വാർത്തകൾ. എന്നാൽ ഇതെല്ലം തള്ളിക്കളയുന്നതാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനം. സഞ്ജുവിനെയോ മറ്റ് പ്രധാന കളിക്കാരെയോ ഇപ്പോള്‍ കൈമാറാന്‍ രാജസ്ഥാന്‍ റോയല്‍സ് തീരുമാനിച്ചിട്ടില്ല. സഞ്ജു ടീമിന്റെ അവിഭാജ്യ ഘടകമാണെന്നും നായകനായി തുടരുമെന്നും ടീം മാനേജ്‌മെന്റ് ഉറപ്പിച്ച് പറയുന്നു.

2025 സീസണിനിടെ സഞ്ജുവിന് പരിക്കേറ്റിരുന്നു. സീസണിലെ മുഴുവന്‍ മത്സരങ്ങളിലും താരത്തിന് കളിക്കാന്‍ സാധിച്ചിരുന്നില്ല. ടീമിലെ യുവ താരമായ സൂര്യ വംശിയും, യശസ്വി ജയ്‌സ്വാളും മികച്ച പ്രകടനം പുറത്തെടുത്തതോടെ സഞ്ജുവിന് ടീമിലെ സ്ഥാനം നഷ്ടമാകുമെന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. സഞ്ജുവിന്റെ അഭാവത്തിൽ റിയാൻ പരാഗായിരുന്നു കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ.

Tags:    

Similar News