ഹൈദരാബാദില്‍ വെടിക്കെട്ടിന് തിരികൊളുത്തിയ അഭിഷേക് ശര്‍മ്മ താണ്ടിയത് അസാധ്യമെന്ന് കരുതിയ റണ്‍മല; പഞ്ചാബ് കിങ്‌സിനെ 8 വിക്കറ്റിന് കീഴടക്കി സണ്‍റൈസേഴ്‌സിന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്; ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന ഇന്ത്യന്‍ കളിക്കാരനായി അഭിഷേകിന്റെ റെക്കോഡ്; കിടിലന്‍ കളിയുടെ കാഴ്ച
പഞ്ചാബ് കിങ്‌സിനെ 8 വിക്കറ്റിന് കീഴടക്കി സണ്‍റൈസേഴ്‌സിന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്
ഹൈദരാബാദ്: ഐപിഎല്ലില്‍, കീഴടക്കാന്‍ അസാധ്യമെന്ന് കരുതിയ റണ്‍മല അഭിഷേക് ശര്‍മ്മ വീറോടെ താണ്ടിയപ്പോള്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് പഞ്ചാബ് കിങ്‌സിന് എതിരെ 8 വിക്കറ്റ് ജയം. ആറ് വിക്കറ്റിന് 245 റണ്‍സ് എന്ന ഭീമന്‍ സകോര്‍ പഞ്ചാബ് കെട്ടി ഉയര്‍ത്തിയപ്പോള്‍, കരുതിയിരിക്കില്ല, എതിരാളികള്‍ അത് അപ്രസക്തമാക്കുമെന്ന്. സ്‌കോര്‍: സണ്‍റൈസേഴ്‌സ്: 247-2 ( 18.3). പഞ്ചാബ്: 245-6 (20)
55 പന്തില്‍ 141 റണ്‍സുമായി ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന ഇന്ത്യന്‍ കളിക്കാരനായി മാറി അഭിഷേക് ശര്‍മ്മ. 14 ഫോറും 10 സിക്‌സും അടങ്ങിയ ഇന്നിങ്‌സിലൂടെ അഭിഷേക് കെ എല്‍ രാഹുലിന്റെ 132 റണ്‍സ് മറികടന്ന് പുതിയ റെക്കോഡിട്ടു. നേരത്തെ ശ്രയേസ് അയ്യര്‍ 36 പന്തില്‍ നേടിയ 82 റണ്‍സിന്റെ കരുത്തിലാണ് പഞ്ചാബ് 245 റണ്‍സിലേക്ക് കുതിച്ചത്. മാര്‍ക്കസ് സ്റ്റോയിനിസിന്റെ അവസാന നാലുപന്തിലെ തുടരന്‍ സിക്‌സുകളാണ് പഞ്ചാബിനെ 250 ന് അടുത്തെത്തിച്ചത്.
അഭിഷേകും, ട്രാവിസ് ഹെഡും ചേര്‍ന്ന് സണ്‍റൈസേഴ്‌സിന് തകര്‍പ്പന്‍ തുടക്കമിട്ടു. 37 പന്തില്‍ 66 റണ്‍സെടുക്കവേയാണ് ഹെഡ് മടങ്ങിയത്. അതോടെ അഭിഷേക് കളം നിറഞ്ഞാടുകയായിരുന്നു. ഒന്‍പത് ബൗണ്ടറിയും മൂന്ന് സിക്‌സും അടങ്ങുന്നതായിരുന്നു ഹെഡിന്റെ ഇന്നിംഗ്‌സ്. ഹെഡും അഭിഷേകും ചേര്‍ന്ന് 171 റണ്‍സാണ് ഓപ്പണിംഗ് വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. ഇരുവരും വിജയത്തിനടുത്ത് മടങ്ങിയെങ്കിലും ക്ലാസണ്‍ മത്സരം ഫിനിഷ് ചെയ്തു. 14 പന്തില്‍ 21 റണ്‍സാണ് ക്ലാസണ്‍ എടുത്തത്.
പഞ്ചാബിന് വേണ്ടി അര്‍ഷ്ദീപ് സിംഗും യുഷ്വേന്ദ്ര ചാഹലും ഓരോ വിക്കറ്റ് വീതം എടുത്തു. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് വേണ്ടി പ്രിയാന്‍ഷ് ആര്യയും പ്രഭ്സിമ്രാന്‍ സിങ്ങും തകര്‍പ്പന്‍ തുടക്കം നല്‍കി. അതോടെ മൂന്നോവറില്‍ തന്നെ ടീം അമ്പതിലെത്തി. നാലാം ഓവറില്‍ പ്രിയാന്‍ഷ് ആര്യ പുറത്തായെങ്കിലും ശ്രേയസ്സ് അയ്യര്‍ സ്‌കോറിങ് ഉയര്‍ത്തി.. 13 പന്തില്‍ 36 റണ്‍സെടുത്താണ് പ്രിയാന്‍ഷ് മടങ്ങിയത്.
പ്രഭ്സിമ്രാന്‍ സിങ് 23 പന്ത് നേരിട്ട് 42 റണ്‍സെടുത്തു. മൂന്നാം വിക്കറ്റില്‍ നേഹല്‍ വധേരയെ കൂട്ടുപിടിച്ച് ശ്രേയസ്സ് അയ്യര്‍ പഞ്ചാബ് സ്‌കോര്‍ 150 കടത്തി. വധേര(27)യും ശശാങ്ക് സിങ്ങും(2) പുറത്തായതോടെ പഞ്ചാബ് 168-4 എന്ന നിലയിലായി. അര്‍ധസെഞ്ചുറി തികച്ചതിന് പിന്നാലെ ശ്രേയസ്സ് അയ്യര്‍ മിന്നിയതോടെ പഞ്ചാബ് കൂറ്റന്‍ സ്‌കോറിലേക്കുയര്‍ന്നു. സ്റ്റോയിനിസ് 11 പന്തില്‍ നിന്ന് 34 റണ്‍സെടുത്തു.
വിജയത്തോടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് നാല് പോയിന്റായി. കഴിഞ്ഞ നാല് മത്സരങ്ങളിലും പരാജയപ്പെട്ട ഹൈദരാബാദിന് ഇത് തകര്‍പ്പന്‍ തിരിച്ചുവരവായി.