'ടെസ്റ്റ് ക്രിക്കറ്റ് മരിച്ചെന്ന് പറഞ്ഞവർക്കുള്ള മറുപടി, പരമ്പര നേടാകാത്തതിൽ നിരാശ'; ഇന്ത്യയുടെ പോരാട്ടവീര്യം മത്സരവും പരമ്പരയും ഇംഗ്ലണ്ടിൽ നിന്ന് അകറ്റിയെന്ന് ബെൻ സ്റ്റോക്സ്

Update: 2025-08-06 13:42 GMT

ലണ്ടൻ: ഓവലിലെ അവസാന ടെസ്റ്റിലെ ഐതിഹാസിക വിജയത്തോടെയാണ് ഇംഗ്ലണ്ടിനെതിരായ പരമ്പര ഇന്ത്യ സമനിലയിലെത്തിച്ചത്. ഇന്ത്യൻ ടീമിന്റെ പോരാട്ട വീര്യത്തെ പ്രശംസിച്ച് മുൻ താരങ്ങളടക്കം നിരവധി പേർ ഇതിനോടകം രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ പരമ്പര നേടാൻ കഴിയാത്തതിൽ നിരാശയും ദേഷ്യവുമുണ്ടെന്ന് വെളിപ്പെടുത്തി ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്.

5 ടെസ്റ്റും രണ്ടു മികച്ച ടീമുകൾ തമ്മിലുള്ള ബലാബലം പോരാട്ടമായിരുന്നു. എല്ലാ മത്സരങ്ങളും അ‍ഞ്ചാം ദിവസമാണ് അവസാനിച്ചതെന്ന പ്രത്യേകതയും ഈ പരമ്പരയ്ക്കുണ്ട്. ക്രിക്കറ്റ് ആരാധകർക്കു പൂർണ സംതൃപ്തി നൽകിയ പരമ്പരയായിരിക്കും ഇത്. എന്നാൽ ഞങ്ങളെ സംബന്ധിച്ചിടത്തോളം പരമ്പര നേടാൻ സാധിക്കാത്തതിൽ അതിയായ നിരാശയുണ്ടെന്നായിരുന്നു സ്റ്റോക്സ് പറഞ്ഞത്. പരുക്കുമൂലം അഞ്ചാം ടെസ്റ്റിൽ സ്റ്റോക്സ് കളിച്ചിരുന്നില്ല.

അ‍ഞ്ചാം ടെസ്റ്റ് സമനില ആയാൽ പോലും പരമ്പര സ്വന്തമാക്കാമായിരുന്നു. എന്നാൽ ഇന്ത്യയുടെ പോരാട്ടവീര്യം അതിന് തടസ്സമായി. ടെസ്റ്റ് ക്രിക്കറ്റ് മരിക്കുന്നു എന്നു വിമർശിക്കുന്നവർക്കുള്ള മറുപടി കൂടിയാണ് ഈ പരമ്പര. അത്രയും ആവേശം നിറഞ്ഞ മത്സരങ്ങളായിരുന്നു പരമ്പരയിൽ ഉടനീളം നടന്നതെന്നും സ്റ്റോക്സ് കൂട്ടിച്ചേർത്തു.

ആവേശകരമായ അഞ്ചാം മത്സരത്തിൽ ആറു റൺസിന്റെ വിജയമാണ് ഇന്ത്യ നേടിയത്. 374 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ 367ന് ഓൾഔട്ടായി. ആദ്യ ഇന്നിങ്സില്‍ നാലും രണ്ടാം ഇന്നിങ്സിൽ അഞ്ചും വിക്കറ്റുകൾ വീഴ്ത്തിയ പേസർ മുഹമ്മദ് സിറാജാണു കളിയിലെ താരം. പ്രസിദ്ധ് കൃഷ്ണ രണ്ട് ഇന്നിങ്സുകളിലുമായി എട്ടു വിക്കറ്റുകൾ സ്വന്തമാക്കി. ശുഭ്മാൻ ഗില്ലായിരുന്നു പരമ്പരയിലെ താരം. 

Tags:    

Similar News