പാക്ക് ബൗളറുടെ അതിരുകടന്ന വിക്കറ്റ് ആഘോഷം; വിരല്‍ ചൂണ്ടി ഷൂസ് കാണിച്ചുകൊടുത്ത് വൈഭവ് സൂര്യവംശി; തക്കതായ മറുപടിയെന്ന് ആരാധകർ; വൈറലായി വീഡിയോ

Update: 2025-12-22 10:47 GMT

ദുബായി: അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ആവേശം വാനോളമുയർന്നപ്പോൾ മൈതാനത്ത് അരങ്ങേറിയ നാടകീയ സംഭവങ്ങളാണ് ഇപ്പോൾ കായിക ലോകത്ത് ചർച്ചയാകുന്നത്. ഇന്ത്യൻ യുവതാരം വൈഭവ് സൂര്യവംശിയും പാക്കിസ്ഥാൻ പേസർ അലി റാസയും തമ്മിലുണ്ടായ വാക്കുതർക്കം മത്സരത്തിന്റെ ഗതിയെക്കാൾ ശ്രദ്ധിക്കപ്പെട്ടു.

ദുബായിൽ നടന്ന ഇന്ത്യ-പാക്കിസ്ഥാൻ കലാശപ്പോരാട്ടത്തിനിടെയാണ് സംഭവം. പാകിസ്ഥാൻ ഉയർത്തിയ 348 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിംഗിനിറങ്ങിയതായിരുന്നു ഇന്ത്യ. വെറും 14 വയസ്സ് മാത്രം പ്രായമുള്ള വൈഭവ് സൂര്യവംശി തകർപ്പൻ ഫോമിലാണ് ഇന്നിംഗ്സ് ആരംഭിച്ചത്. എന്നാൽ അഞ്ചാം ഓവറിൽ അലി റാസയുടെ പന്തിൽ താരം പുറത്തായി.

വൈഭവിനെ പുറത്താക്കിയതിന് പിന്നാലെ അലി റാസ അതിരുകടന്ന രീതിയിൽ ആഘോഷം പ്രകടിപ്പിക്കുകയും താരത്തിന് നേരെ ചില പ്രകോപനപരമായ വാക്കുകൾ എറിയുകയും ചെയ്തു. സാധാരണയായി ഇത്തരം സന്ദർഭങ്ങളിൽ ബാറ്റർമാർ നിശബ്ദരായി മടങ്ങാറാണ് പതിവ്. എന്നാൽ കൗമാര താരമായ വൈഭവ് അടങ്ങിയിരുന്നില്ല. അലി റാസയ്ക്ക് നേരെ തിരിഞ്ഞ വൈഭവ് തന്റെ ഷൂസിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് മറുപടി നൽകി.

വെറും 10 പന്തിൽ നിന്ന് 26 റൺസെടുത്താണ് വൈഭവ് പുറത്തായത്. ഇതിൽ മൂന്ന് സിക്സറുകളും ഒരു ഫോറും ഉൾപ്പെടുന്നു. പാക്ക് ബൗളർമാരെ തുടക്കം മുതൽ തന്നെ കടന്നാക്രമിച്ച വൈഭവ് പുറത്തായതോടെ ഇന്ത്യയുടെ നില പരുങ്ങലിലായി. ഒടുവിൽ 156 റൺസിന് ഇന്ത്യ ഓൾഔട്ടാവുകയും 191 റൺസിന്റെ കനത്ത തോൽവി വഴങ്ങുകയും ചെയ്തു. വൈഭവിന്റെ ഈ പെരുമാറ്റത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്.

പാക്ക് താരത്തിന്റെ അനാവശ്യ പ്രകോപനത്തിന് തക്കതായ മറുപടി നൽകിയ വൈഭവിനെ ഒരു വിഭാഗം ആരാധകർ അഭിനന്ദിക്കുമ്പോൾ, മത്സരത്തിന്റെ സമ്മർദ്ദത്തിൽ സംയമനം പാലിക്കണമായിരുന്നു എന്ന് മറ്റൊരു വിഭാഗം അഭിപ്രായപ്പെടുന്നു. 1.1 കോടി രൂപയ്ക്ക് ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയ വൈഭവ് സൂര്യവംശി, ഇതിനോടകം തന്നെ ഇന്ത്യൻ ക്രിക്കറ്റിലെ ഭാവി താരമായി അറിയപ്പെട്ടു കഴിഞ്ഞു. ഇന്ത്യൻ ക്യാപ്റ്റൻ ആയുഷ് മാത്രെയും സമാനമായ രീതിയിൽ പാക് താരങ്ങളുമായി മൈതാനത്ത് വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു.

Tags:    

Similar News