ഓസ്‌ട്രേലിയൻ പൗരത്വം ഉപേക്ഷിച്ച റയാൻ വില്യംസ് ഇന്ത്യയ്ക്കായി ബൂട്ടകെട്ടും; അംഗീകാരം നൽകി ഫിഫ; ടീമിലെത്തുന്നത് ഫുൾഹാം, പോർട്സ്മൗത്ത് തുടങ്ങിയ ക്ലബുകളിൽ കളിച്ച പരിചയ സമ്പന്നൻ

Update: 2025-11-21 10:37 GMT

ന്യൂഡൽഹി: ഓസ്‌ട്രേലിയൻ പൗരത്വം ഉപേക്ഷിച്ച് ഇന്ത്യൻ ഫുട്ബോൾ ടീമിൽ കളിക്കാൻ എത്തിയ ബെംഗളൂരു എഫ്‌സി താരം റയാൻ വില്യംസിന് ആശ്വാസ വാർത്ത. ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള താരത്തിന്റെ അപേക്ഷയ്ക്ക് ഫിഫയുടെ പ്ലെയേഴ്‌സ് സ്റ്റാറ്റസ് ചേംബർ ഔദ്യോഗികമായി അംഗീകാരം നൽകി. നവംബർ 19-നാണ് ഫിഫയുടെ നിർണ്ണായക തീരുമാനം വന്നത്. ഇതോടെ 32-കാരനായ ഈ വിങ്ങർക്ക് ദേശീയ ടീമിനായി കളത്തിൽ ഇറങ്ങാൻ തടസ്സങ്ങളില്ലാതായി.

ഇന്ത്യൻ വംശജനായ റയാൻ വില്യംസ്, ഓസ്‌ട്രേലിയൻ പൗരത്വം ഉപേക്ഷിച്ച് ഇന്ത്യൻ പൗരത്വം സ്വീകരിക്കുകയായിരുന്നു. താരത്തിന്റെ അമ്മ മുംബൈയിൽ ജനിച്ച ആംഗ്ലോ-ഇന്ത്യൻ കുടുംബാംഗമാണ്. ഏറെ നാളത്തെ നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷമാണ് വില്യംസിന് ഈ ചരിത്രപരമായ അവസരം ലഭിക്കുന്നത്. നേരത്തെ, ഫിഫയുടെ അംഗീകാരം വൈകിയതിനാൽ ബംഗ്ലാദേശിനെതിരായ എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ അദ്ദേഹത്തിന് കളിക്കാൻ കഴിഞ്ഞിരുന്നില്ല.

ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി പദ്ധതികളിൽ റയാൻ വില്യംസിന്റെ സാന്നിധ്യം നിർണായകമാകും. ഇംഗ്ലണ്ടിലെ ഫുൾഹാം, പോർട്സ്മൗത്ത് തുടങ്ങിയ പ്രമുഖ ക്ലബ്ബുകളിൽ കളിച്ചുള്ള വില്യംസിന്റെ വിദേശ പരിചയവും കളിമികവും യുവതാരങ്ങൾക്ക് പ്രചോദനമാകും. ഒരു മുന്നേറ്റനിര താരം എന്ന നിലയിൽ താരത്തിന്റെ വേഗതയും മികച്ച ക്രോസുകളും ഇന്ത്യൻ ടീമിന് വലിയ മുതൽക്കൂട്ടാകുമെന്നാണ് ആരാധകരുടെയും ഫുട്ബോൾ വിദഗ്ധരുടെയും പ്രതീക്ഷ. ഏഷ്യൻ കപ്പ് യോഗ്യത നഷ്ടമായെങ്കിലും, ഭാവി മത്സരങ്ങളിൽ ഇന്ത്യയ്ക്ക് ഒരു പുതിയ ഊർജ്ജം നൽകാൻ വില്യംസിന്റെ വരവ് സഹായകമാകും.

Tags:    

Similar News