മോള്‍ഡോവയില്‍ നിന്ന് തുര്‍ക്കിയിലേക്ക് പോപ്‌കോണ്‍ കൊണ്ടുപോയ ചരക്കുകപ്പല്‍ പിടിച്ചെടുത്തത് യുക്രൈന്‍ അധികൃതര്‍; കപ്പലില്‍ അഞ്ച് മാസമായി കുടുങ്ങിക്കിടക്കുന്നവരില്‍ അഞ്ച് പേര്‍ ഇന്ത്യന്‍ നാവികര്‍; രണ്ട് മാസമായി ശമ്പളവും ഇല്ലാത്ത അവസ്ഥയില്‍; യുദ്ധമേഖലയില്‍ നിന്നും നാട്ടിലെത്താന്‍ കഴിയാതെ ഇന്ത്യക്കാരന്‍
കപ്പലില്‍ അഞ്ച് മാസമായി കുടുങ്ങിക്കിടക്കുന്നവരില്‍ അഞ്ച് പേര്‍ ഇന്ത്യന്‍ നാവികര്‍
ലണ്ടന്‍: ഉപേക്ഷിക്കപ്പെട്ട നാവികരുടെ പട്ടികയില്‍ ഇന്ത്യ ഒന്നാമതാകാന്‍ കാരണം എന്താണ്? ഇത് സംബന്ധിച്ച് പ്രമുഖ മാധ്യമമായ ബി.ബി.സി പുറത്തു വിട്ട വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണ്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ യുക്രൈനിയന്‍ സമുദ്രത്തില്‍ ഒരു ചരക്ക് കപ്പലില്‍ കുടുങ്ങിക്കിടക്കുകയാണ് ഒരിന്ത്യന്‍ നാവികന്‍ എന്നാണ് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇയാളുടെ യഥാര്‍ത്ഥ പേരോ വിശദാംശങ്ങളോ അവര്‍ പുറത്തു വിട്ടിട്ടില്ല.
തത്ക്കാലം ഇയാള്‍ക്ക് മനസ് കുമാര്‍ എന്ന പേരാണ് ബി.ബി.സി നല്‍കിയിരിക്കുന്നത്. ഏപ്രില്‍ 18 ന് യുക്രൈനിനേയും റൊമാനിയയെയും വിഭജിക്കുന്ന ഡാന്യൂബ് നദിയിലൂടെ സഞ്ചരിക്കുമ്പോള്‍ അധികൃതര്‍ കപ്പല്‍ റെയ്ഡ് ചെയ്യുകയായിരുന്നു. മോള്‍ഡോവയില്‍ നിന്ന് തുര്‍ക്കിയിലേക്ക് പോപ്‌കോണ്‍ കൊണ്ടുപോകുകയായിരുന്ന കപ്പലില്‍ പതിനാല് പേരാണ് ഉണ്ടായിരുന്നത്. കൊള്ളയടിച്ച തങ്ങളുടെ ധാന്യം റഷ്യ മൂന്നാം രാജ്യങ്ങള്‍ക്ക് വില്‍ക്കാന്‍ ഉപയോഗിക്കുന്ന സംഘത്തിന്റെ ഭാഗമാണ് അങ്ക എന്ന ഈ കപ്പല്‍ എന്നാണ് യുക്രൈന്‍ ആരോപിച്ചത്.
എന്നാല്‍ അങ്കയുടെ ചീഫ് ഓഫീസറായ കുമാര്‍ പറയുന്നത് കപ്പല്‍ ടാന്‍സാനിയയുടെ പതാകയ്ക്ക് കീഴിലാണ് സഞ്ചരിക്കുന്നതെന്നും ഒരു തുര്‍ക്കി കമ്പനിയാണ് ഇത് കൈകാര്യം ചെയ്യുന്നതെന്നുമാണ്. എന്നാല്‍ കപ്പലിന്റെ ഉടമസ്ഥാവകാശം കൃത്യമായി ആരുടേതാണെന്ന് കുമാറും സഹപ്രവര്‍ത്തകരും നല്‍കിയ രേഖകളില്‍ നിന്ന് വ്യക്തമല്ല. കുമാറിനെ കൂടാതെ അഞ്ച് ഇന്ത്യന്‍ പൗരന്മാരും രണ്ട് അസര്‍ബൈജാന്‍കാരും ആറ് ഈജിപ്തുകാരുമാണ് കപ്പലിലെ ജീവനക്കാര്‍. അന്വേഷണ പരിധിയില്‍ ഇല്ലാത്തതിനാല്‍ കപ്പലിന് പോകാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് ഉക്രേനിയന്‍ അധികൃതര്‍ അറിയിച്ചിട്ടും, അഞ്ച് മാസത്തിന് ശേഷവും എല്ലാവരും കപ്പലില്‍ തന്നെ തുടരുകയാണ് എന്നാണ് കുമാര്‍ വ്യക്തമാക്കിയത്.
കഴിഞ്ഞ ജൂണ്‍ മാസം മുതല്‍ ജീവനക്കാര്‍ക്ക് ശമ്പളവും നഷ്ടപ്പെട്ടിരിക്കുകയാണ്. ജോലി ഏറ്റെടുക്കുന്ന സമയത്ത് കപ്പലിന്റെ പൂര്‍വ്വ ചരിത്രത്തെ കുറിച്ച് ക്രൂവിന് അറിയില്ലായിരുന്നുവെന്നാണ് കുമാര്‍ പറയുന്നത്. ഇപ്പോള്‍ കാര്യങ്ങള്‍ തങ്ങളുടെ നിയന്ത്രണത്തിന് അപ്പുറമാണെന്നും അടിയന്തരമായി പരിഹാരം ഉണ്ടാകണം എന്നുമാണ് ജീവനക്കാര്‍ ആവശ്യപ്പെടുന്നത്. പ്രതിസന്ധി പരിഹരിക്കാന്‍ കപ്പല്‍ഉടമയും ഇന്ത്യന്‍ ഷിപ്പിംഗ് ഉദ്യോഗസ്ഥരും തങ്ങളോട് ഒരു ദിവസം കൂടി ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതുവരെ പ്രതീക്ഷ നല്‍കുന്ന ഒന്നും
ഉണ്ടായിട്ടില്ലെന്നാണ് അവര്‍ വ്യക്തമാക്കുന്നത്.
യുദ്ധമേഖലയില്‍ നിന്നും എത്രയും വേഗം നാട്ടിലെത്തുകയാണ് ലക്ഷ്യമെന്നും ജീവനക്കാര്‍ പറയുന്നു. ലോകമെമ്പാടുമായി ചരക്കു കപ്പലുകളിലെ നാവികരെയും ജീവനക്കാരെയും എത്തിക്കുന്നതില്‍ രണ്ടാമത്തെ വലിയ രാജ്യമാണ് ഇന്ത്യ. എന്നാല്‍ ഉപേക്ഷിക്കപ്പെട്ട നാവികര്‍ എന്നറിയപ്പെടുന്ന ക്രൂ അംഗങ്ങളുടെ പട്ടികയിലും ഇന്ത്യ ഒന്നാമതാണ് എന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ലോകമെമ്പാടുമുള്ള നാവികരെ പ്രതിനിധീകരിക്കുന്ന ഇന്റര്‍നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ഫെഡറേഷന്റെ കണക്കുകള്‍ പ്രകാരം, 2024 ല്‍ 312 കപ്പലുകളിലായി ഉപേക്ഷിക്കപ്പെട്ട 3,133 നാവികര്‍ ഉണ്ടായിരുന്നു . അതില്‍ 899 പേര്‍ ഇന്ത്യന്‍ പൗരന്മാരായിരുന്നു.