തിരുവനന്തപുരം : തിരുവനന്തപുരം മേയര്‍ വിവി രാജേഷ് ആ ചരിത്ര മുഹൂര്‍ത്തം ഒഴിവാക്കുന്നത് മുന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ കാട്ടിയ ആന മണ്ടത്തരം കാരണം. മുമ്പ് രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ തിരുവനന്തപുരം സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടായതായി ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്ന് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചിരുന്നു. 2021ലായിരുന്നു ആ സംഭവം. അന്ന് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്റെ ഔദ്യോഗിക വാഹനം രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചിരുന്നു. ഇത് വലിയ വിവാദമായി. ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടി കൂടിയാണ് മേയര്‍ വിമാനത്താവള സന്ദര്‍ശനം ഒഴിവാക്കിയത്. ഇതോടെ മറ്റൊരു വ്യക്തിയ്ക്ക് വിമാനത്താവളത്തില്‍ മോദിയെ കാണാനും അവസരമൊരുങ്ങി. അതായത് മോദിയെ സ്വീകരിക്കാന്‍ തിരുവനന്തപുരത്തെ ആദ്യ ബിജെപി മേയര്‍ എത്തില്ല. അതിന് പകരം മേയറെ കാണാന്‍ പ്രധാനമന്ത്രി എത്തുന്ന തരത്തിലേക്ക് ചിത്രം മാറി.

2021ല്‍ പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്റെ ചടങ്ങില്‍ പങ്കെടുക്കാനാണ് രാഷ്ട്രപതി കോവിന്ദ് തലസ്ഥാനത്തെത്തിയത്. ഗവര്‍ണറും മുഖ്യമന്ത്രിയും മേയറും ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. പിന്നീട് പി.എന്‍.പണിക്കരുടെ പൂര്‍ണകായ വെങ്കല പ്രതിമ പൂജപ്പുര പാര്‍ക്കില്‍ അനാവരണം ചെയ്യാനായി രാഷ്ട്രപതി യാത്ര തിരിച്ചു. 14 വാഹനങ്ങളാണ് രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തില്‍ ഉണ്ടായിരുന്നത്. ഇതിലൊന്നിലാണ് മുഖ്യമന്ത്രിയടക്കം യാത്ര ചെയ്തത്. രാഷ്ട്രപതിക്കൊപ്പം പൂജപ്പുരയിലെ ചടങ്ങില്‍ പങ്കെടുക്കേണ്ടതിനാല്‍ മേയറുടെ വാഹനവും വിവിഐപി വാഹന വ്യൂഹത്തിലേക്കു കയറാന്‍ ശ്രമിച്ചു. വിമാനത്താവളത്തില്‍നിന്ന് ജനറല്‍ ആശുപത്രി വരെയുള്ള ഭാഗംവരെ വിവിഐപി വാഹനവ്യൂഹത്തിനൊപ്പമാണ് മേയറുടെ വാഹനവും സഞ്ചരിച്ചത്. പിന്നീട് രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് മേയറുടെ വാഹനം കയറി. കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍ ഈ സുരക്ഷാ വീഴ്ചയെക്കുറിച്ച് പൊലീസിനോട് റിപ്പോര്‍ട്ട് തേടി. ഇത് വലിയ വിവാദവുമായി. ഓവര്‍ടേക്ക് ചെയ്തായിരുന്നു അന്ന് ആര്യാ രാജേന്ദ്രന്റെ കാര്‍ മുമ്പോട്ട് കുതിച്ചത്. അന്ന് പൂജപ്പുരയിലെ ചടങ്ങില്‍ വാട്ടര്‍ കണക്ഷന്‍ നല്‍കാതെ ശുചിമുറിയൊരുക്കിയതും വിവാദമായി. രാഷ്ട്രപതിക്ക് ശുചിമുറി ഉപയോഗിക്കാന്‍ വെള്ളം പുറത്തുനിന്ന് കൊണ്ടു വരേണ്ടി വന്നു. ഇതു കാരണം ചടങ്ങ് 15 മിനിറ്റോളം വൈകി. ഇത്തരെ വിവാദങ്ങള്‍ ഒഴിവാക്കുകായണ് മേയര്‍ രാജേഷ് ഇപ്പോള്‍ ശ്രദ്ധിക്കുന്നത്.

രണ്ടു മണിക്കൂര്‍ മാത്രമാണ് മോദിയുടെ തിരുവനന്തപുരം സന്ദര്‍ശനം. വിമാനത്താവളത്തില്‍ നിന്നും അതിവേഗം റെയില്‍വേ പരിപാടിക്ക് മോദി എത്തും. ഈ വേദിയില്‍ മോദി എത്തുന്നതിന് മുമ്പ് മേയര്‍ക്ക് എത്തണമെങ്കില്‍ ആര്യാ രാജേന്ദ്രന്‍ അന്ന് ചെയ്തതു പോലെയുള്ള മണ്ടത്തരം ചെയ്യണം. പ്രധാനമന്ത്രിയുടെ യാത്ര സമയം തിരുവനന്തപുരം മുഴുവന്‍ ഗതാഗത കുരുക്കിലാകാനും സാധ്യതയുണ്ട്. അതിനാല്‍ മറ്റ് വഴികളിലൂടെ വേദികളിലേക്ക് എത്താനും സാധ്യത കുറവ്. അങ്ങനെ റോഡ് ഷോയില്‍ അടക്കം പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യം മേയര്‍ക്കുണ്ടാകുമായിരുന്നു. ഇത് മനസ്സിലാക്കിയാണ് മേയര്‍ വിമാനത്താവളം ഒഴിവാക്കുന്നത്.

2021ല്‍ രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് തിരുവനന്തപുരം മേയറുടെ വാഹനം കയറ്റാന്‍ ശ്രമിച്ചത് ഗൗരവതരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അന്ന് പ്രതികരിച്ചിരുന്നു. രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് ഇതരവാഹനം കയറിയത് സുരക്ഷാവീഴ്ചയാണ്. മേയര്‍ക്കും കുറ്റക്കാര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറാവണം. ഇതിലെ പ്രോട്ടോകോള്‍ ലംഘനം മനസ്സിലാവാത്തത് മേയര്‍ക്കു മാത്രമാണ്. രാഷ്ട്രപതിയുടെ കേരള സന്ദര്‍ശനത്തില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ വലിയ വീഴ്ചയാണ് വരുത്തിയത്. അദ്ദേഹത്തിന്റെ ശുചിമുറിയില്‍ വെള്ളമില്ലാത്ത സാഹചര്യം ഉണ്ടായെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്. കേരളത്തിന് മുഴുവന്‍ നാണക്കേടുണ്ടാക്കുന്ന പ്രവര്‍ത്തനമാണ് അധികൃതരുടെ ഭാഗത്തു നിന്നുണ്ടായതെന്നും ആരോപിച്ചിരുന്നു.

ചരിത്രത്തിലാദ്യമായി ബിജെപി നഗരസഭാ ഭരണം പിടിച്ചെടുത്തതിന് പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തലസ്ഥാനത്തെത്തുന്നത്. എന്നാല്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയെ സ്വീകരിക്കുന്ന വിശിഷ്ട വ്യക്തികളുടെ പട്ടികയില്‍ മേയര്‍ വി.വി. രാജേഷ് ഉള്‍പ്പെട്ടിട്ടില്ലെന്നത് ഞെട്ടലായി. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, ഉന്നത ഉദ്യോഗസ്ഥര്‍, എന്‍ഡിഎ നേതാക്കള്‍ തുടങ്ങി 22 പേരാണ് സ്വീകരണ പട്ടികയിലുള്ളത്. പ്രധാനമന്ത്രി പങ്കെടുക്കുന്ന രണ്ട് പൊതുപരിപാടികളിലും താന്‍ വേദിയിലുള്ളതിനാലാണ് സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി വിമാനത്താവളത്തിലെ സ്വീകരണം ഒഴിവാക്കിയതെന്ന് മേയറുടെ ഓഫിസ് വിശദീകരിച്ചു.

നഗരസഭാ ഭരണം ലഭിച്ചാല്‍ 45 ദിവസത്തിനകം പ്രധാനമന്ത്രിയെ നഗരത്തിലെത്തിക്കുമെന്ന ബിജെപി നേതൃത്വത്തിന്റെ വാഗ്ദാനം പാലിക്കപ്പെടുന്ന സന്ദര്‍ശനമാണിത്. മേയര്‍ വി.വി. രാജേഷ് നഗരവികസനത്തിനായുള്ള സമഗ്ര രേഖ ചടങ്ങില്‍ പ്രധാനമന്ത്രിക്ക് കൈമാറും. അതോടൊപ്പം കേരളത്തിന് അനുവദിച്ച നാല് പുതിയ ട്രെയിനുകളുടെ ഫ്ലാഗ് ഓഫും അദ്ദേഹം നിര്‍വ്വഹിക്കും. തിരുവനന്തപുരം-താമ്പരം, തിരുവനന്തപുരം-ഹൈദരാബാദ്, നാഗര്‍കോവില്‍-മംഗളൂരു എന്നീ അമൃത് ഭാരത് ട്രെയിനുകളും ഗുരുവായൂര്‍-തൃശ്ശൂര്‍ പാസഞ്ചറുമാണ് പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കുന്നത്. ബിജെപി മേയര്‍ മോദിയെ സ്വീകരിക്കുമെന്നായിരുന്നു പ്രചരണം. എന്നാല്‍ ഉദ്ഘാടന വേദിയിലെ സംവിധാനങ്ങളൊരുക്കാനും മുന്നിലുള്ളത് മേയറാണ്. ഇതു കൂടി പരിഗണിച്ചാണ് മേയര്‍ വിമാനത്താവളത്തിലേക്ക് പോകാത്തത്. ബിജെപിയുടെ തീരുമാനം കൂടിയാണ് ഇത്.

ഓവര്‍ ബ്രിഡ്ജ് മുതല്‍ പുത്തരിക്കണ്ടം മൈതാനം വരെ നീളുന്ന വന്‍ റോഡ് ഷോയും തുടര്‍ന്ന് ബിജെപിയുടെ പൊതുസമ്മേളനവും നടക്കും. ഇതിന് മുന്നോടിയായി നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ ഒരു പ്രമുഖ നേതാവ് ഇന്ന് ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഈ സന്ദര്‍ശനത്തിന് രാഷ്ട്രീയമായി വലിയ പ്രാധാന്യമാണുള്ളത്. ഇതും രാജേഷിന്റെ വിട്ടു നില്‍ക്കലിന് കാരണമായി എന്നാണ് വിലയിരുത്തല്‍.