- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്കുള്ള പുനരധിവാസ സഹായം വൈകുന്നു; നവംബര്‍ 19 ന് വയനാട്ടില്‍ യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും ഹത്താല്‍; യുഡിഎഫ് പ്രതിഷേധം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ; തുരങ്കം വച്ചത് സംസ്ഥാന സര്‍ക്കാരെന്ന് ബിജെപി
നവംബര്‍ 19 ന് വയനാട്ടില്‍ യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും ഹത്താല്‍
കല്‍പറ്റ: ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതര്‍ക്കുള്ള പുനരധിവാസം വൈകുന്നു എന്നാരോപിച്ച് നവംബര്‍ 19-ന് വയനാട്ടില്‍ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ഇതിന് പിന്നാലെ എല്‍ഡിഎഫും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. കേന്ദ്ര സഹായം വൈകുന്നതിന് എതിരെയാണ് എല്‍ഡിഎഫ് ഹര്‍ത്താല്‍.
ഹര്‍ത്താല്‍ ദിനത്തില്‍ കേന്ദ്ര ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തുമെന്ന് യുഡിഎഫ് പ്രഖ്യാപിച്ചു. ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരെയും പങ്കെടുപ്പിക്കും.
വയനാട ഉരുള്‍പൊട്ടല്‍ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ ആവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ തുക കേരളത്തിന്റെ ദുരന്തപ്രതികരണ ഫണ്ടില്‍ (എസ്ഡിആര്‍എഫ്) ബാക്കിയുണ്ടെന്നാണു ഡല്‍ഹിയില്‍ കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി കെ.വി.തോമസിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി കഴിഞ്ഞദിവസം നല്‍കിയ കത്തില്‍ പറയുന്നത്.
പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്നുള്ള നിര്‍ദേശപ്രകാരമാണ് ആഭ്യന്തര സഹമന്ത്രി മറുപടി നല്‍കിയതെന്നാണു വിവരം. 2024 ഏപ്രില്‍ 1 വരെ 394 കോടി രൂപ എസ്ഡിആര്‍എഫില്‍ ബാക്കിയുണ്ടെന്ന് അക്കൗണ്ടന്റ് ജനറല്‍ അറിയിച്ചിട്ടുണ്ടെന്നു കേന്ദ്രത്തിന്റെ മറുപടിയില്‍ പറയുന്നു. 2024-25ല്‍ എസ്ഡിആര്‍എഫിലേക്ക് 388 കോടി കൈമാറിയതില്‍ 291 കോടി കേന്ദ്ര വിഹിതമാണ്. പ്രത്യേക സഹായമായി 1500 കോടിയോളം രൂപയാണു കേരളം ആവശ്യപ്പെട്ടത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സന്ദര്‍ശനവും കേന്ദ്രം ഇതുവരെ കൈക്കൊണ്ട നടപടികളും കേന്ദ്രമന്ത്രിയുടെ കത്തില്‍ വിശദീകരിച്ചിട്ടുണ്ട്. കേരളം ആവശ്യപ്പെടാതെതന്നെ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതി മനസ്സിലാക്കാന്‍ കേന്ദ്രസംഘത്തെ നിയോഗിച്ചിരുന്നുവെന്നും അവരുടെ റിപ്പോര്‍ട്ടിന്റെയും വ്യവസ്ഥകളുടെയും അടിസ്ഥാനത്തില്‍ തുടര്‍നടപടിയുണ്ടാകുമെന്നുമാണ് പറയുന്നത്. എന്നാല്‍, വയനാട് സന്ദര്‍ശനം ഓഗസ്റ്റ് എട്ടിനു പൂര്‍ത്തിയാക്കിയ സംഘം മാസങ്ങള്‍ക്കു മുന്‍പേ റിപ്പോര്‍ട്ട് കൈമാറിയതാണ്.
വയനാട്ടിലേത് ദേശീയദുരന്തമായി പ്രഖ്യാപിക്കാന്‍ മാര്‍ഗരേഖ അനുവദിക്കുന്നില്ലെന്നു കത്തില്‍ ആവര്‍ത്തിച്ചിട്ടുണ്ട്. ദുരന്തനിവാരണം അടിസ്ഥാനപരമായി സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ദേശീയ, സംസ്ഥാന ദുരന്തപ്രതികരണ ഫണ്ടുകളില്‍നിന്നുള്ള സാമ്പത്തിക സഹായം സമാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ളതാണെന്നും നഷ്ടപരിഹാരം നല്‍കാനല്ലെന്നും കേന്ദ്രം പറയുന്നു.
തുരങ്കം വെച്ചത് സംസ്ഥാന സര്‍ക്കാര്‍: കെ.സുരേന്ദ്രന്‍
വയനാട് പുനരധിവാസ പാക്കേജിന് തുരങ്കം വെച്ചത് സംസ്ഥാന സര്‍ക്കാരാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവത്തെ കുറ്റകരമായ മൗനത്തിലൂടെ പ്രതിപക്ഷം സഹായിക്കുകയാണ്. ദുരന്തമുണ്ടായ ശേഷം നാലുമാസം കഴിഞ്ഞിട്ടും ഒരു സര്‍വ്വകക്ഷി യോഗം പോലും വിളിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചില്ല. 2013ല്‍ യുപിഎ സര്‍ക്കാരാണ് ദേശീയ ദുരന്തം എന്ന പദം എടുത്തു കളഞ്ഞത്. അതിന്റെ പേരില്‍ വിഡി സതീശനും സംഘവും മോദി സര്‍ക്കാരിനെതിരെ തിരിഞ്ഞിട്ട് കാര്യമില്ല. കെസി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ മന്ത്രിമാരായ മന്‍മോഹന്‍ സിംഗ് സര്‍ക്കാരിനെതിരെയാണ് യുഡിഎഫ് പ്രതിഷേധിക്കേണ്ടത്. ദുരന്തത്തിന്റെ വ്യാപ്തി അനുസരിച്ചുള്ള സഹായം കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രിമാര്‍ വ്യക്തമാക്കിയതാണ്. എന്നാല്‍ രാഷ്ട്രീയലാഭം ലക്ഷ്യമിട്ടാണ് എല്‍ഡിഎഫും യുഡിഎഫും ഇപ്പോള്‍ വിവാദങ്ങളുണ്ടാക്കുന്നത്. പാലക്കാട് ഉപതിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. ഡിറ്റേയില്‍ഡ് സ്റ്റഡി റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു