ചരിത്രപ്രധാനമായ എല്ലാ സംഭവങ്ങളും വ്യക്തികളും രണ്ടുതവണ പ്രത്യക്ഷപ്പെടുമെന്ന് ഹേഗല്‍ ഒരിടത്ത് പറഞ്ഞിട്ടുണ്ട്. എന്നാല്‍ അതിനോടൊപ്പം 'ആദ്യത്തേത് ദുരന്തമായും രണ്ടാമത്തേത് പ്രഹസനമായും' എന്ന് ചേര്‍ക്കാന്‍ ഹേഗല്‍ മറന്നുപോയി എന്ന് എഴുതിയത് സാക്ഷാല്‍ കാള്‍ മാര്‍ക്സാണ്. ഒരു തിരഞ്ഞെടുപ്പിന്റെ പടിവാതിയില്‍നില്‍ക്കുന്ന കേരളത്തില്‍, ഇപ്പോള്‍ സിപിഎമ്മിലടക്കം സംഭവിക്കുന്ന രാഷ്ട്രീയ പരിണാമങ്ങള്‍ കണ്ടാല്‍, ചരിത്രം പ്രഹസനമായി തന്നെ ആവര്‍ത്തിക്കുമെന്ന് ഉറപ്പാണ്. കാരണം ഒരുകാലത്ത് പിണറായി വിജയനുവേണ്ടി, വി എസിനെതിരെ ശക്തമായി പണിയെടുത്തവരെല്ലാം, ഇന്ന് അതേ പിണറായിയാല്‍ തഴയപ്പെടുകയാണ്. പാര്‍ട്ടിയില്‍ അടിമുടി പിടിമുറിക്കിയ 'പിണറായിസം' എന്ന ആശയം പലരെയും നിഷ്‌ക്കാസനം ചെയ്യുകയാണ്.

പി ശശിമുതല്‍ പി കെ ശ്യാമള വരെ

വിജയനും, മൂന്ന് ജയരാജന്‍മ്മാരും ചേര്‍ന്നാല്‍ അത് പാര്‍ട്ടിയായി. ഒരുകാലത്ത് സിപിഎമ്മില്‍ പ്രചരിച്ചിരുന്ന ഒരു ചൊല്ലായിരുന്നു അത്. പിണറായി വിജയനും, ഇ.പി, എം വി, പി ജയരാജന്‍മ്മാരും ചേര്‍ന്നാല്‍ ഫലത്തില്‍ അത് സിപിഎം സെക്രട്ടേറിയേറ്റായി. പക്ഷേ ഈ തിരഞ്ഞെടുപ്പോടെ ആ ഫോര്‍മുലക്ക് അന്ത്യമായിരിക്കയാണ്. മുന്ന് ജയരാജന്‍മ്മാരും ഇത്തവണ സീറ്റ് കിട്ടിയില്ല. ഇതില്‍ പാര്‍ട്ടിക്ക് അനഭിമതനായികൊണ്ടിരിക്കുന്ന ഇ പി ജയരാജനൊക്കെ ഇതോടെ രാഷ്ട്രീയ രംഗത്തുനിന്നുതന്നെ വിരമിക്കയാണ്. സമാനമാണ് കണ്ണൂരിലെ കരിസ്മാറ്റിക്ക് നേതാവായ പി ജയാജന്റെയും അവസ്ഥ.

എം വി ജയരാജന്‍ മാത്രമാണ് ഇപ്പോഴും പിടിച്ചു നില്‍ക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന് പഴയ പവറില്ല. 2025 മാര്‍ച്ചില്‍ നടന്ന കൊല്ലം സംസ്ഥാന സമ്മേളനത്തില്‍ എം.വി.ജയരാജന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി. തുടര്‍ന്ന് ജില്ലാ സെക്രട്ടറി സ്ഥാനം കെ കെ രാഗേഷിനുവേണ്ടി അദ്ദേഹം ഒഴിഞ്ഞു. സി.പി.എം കണ്ണൂര്‍ ഘടകത്തിലെ ഒരു തലമുറമാറ്റമായാണ് രാഗേഷിന്റെ നിയമനം വിലയിരുത്തപ്പെടുന്നത്. പക്ഷേ ഫലത്തില്‍ അത് 'പിണറായിസം' എന്ന ഏകാധിപത്യത്തിലേക്കാണ് കാര്യങ്ങളെ കൊണ്ടത്തിച്ചത്.

അതോടൊപ്പം പി ജയരാജനടക്കമുള്ളവര്‍ ശക്തമായി എതിര്‍ത്ത പി ശശി വീണ്ടും താക്കോല്‍ സ്ഥാനങ്ങളിലെത്തുകയാണ്. സിപിഎം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി. ശശി, ഏഴു വര്‍ഷത്തെ പുറത്താക്കലിനു ശേഷം 2018-ലാണ് പാര്‍ട്ടിയില്‍ തിരിച്ചെത്തിയത്. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരിക്കെ ഒരു ഡിവൈഎഫ്ഐ വനിതാ നേതാവിനോട് മോശമായി പെരുമാറിയെന്ന പരാതിയെത്തുടര്‍ന്നാണ് അദ്ദേഹത്തിനെതിരെ നടപടിയുണ്ടായത്. 2010 ഡിസംബറില്‍ ശശിയെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. എന്നാല്‍ അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ളവരുടെ ശക്തമായ നിലപാടിനെത്തുടര്‍ന്ന് 2011 ജൂലൈയില്‍ അദ്ദേഹത്തെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. എന്നാല്‍ ഹാസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതി അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങള്‍ തള്ളുകയും അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും ചെയ്തു.

കോടതി വിധിക്ക് പിന്നാലെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്ന് പി ശശി നേതൃത്വത്തോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് 2018 ജൂലൈയില്‍ തലശ്ശേരി ടൗണ്‍ കോര്‍ട്ട് ബ്രാഞ്ച് കമ്മിറ്റിയില്‍ അംഗത്വം നല്‍കിക്കൊണ്ട് അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തു. പാര്‍ട്ടിക്ക് പുറത്തായിരുന്ന സമയത്തും അദ്ദേഹം അഭിഭാഷകനായി ജോലി ചെയ്യുകയും സി.പി.എം പ്രവര്‍ത്തകര്‍ പ്രതികളായ കേസുകളില്‍ (ഉദാഹരണത്തിന് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ്) അവര്‍ക്കായി ഹാജരാവുകയും ചെയ്തിരുന്നു. തിരിച്ചെത്തിയ ശേഷം അദ്ദേഹം വേഗത്തില്‍ പാര്‍ട്ടി പദവികളിലേക്ക് ഉയര്‍ന്നു. 2019-ല്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായി. 2022-ല്‍ സംസ്ഥാന കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2022 ഏപ്രിലില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിതനായി. ശരവേഗത്തിലുള്ള വളര്‍ച്ച. ശശി ഇത്തവണ മത്സരിക്കുന്നില്ലെങ്കിലും പാര്‍ട്ടിയിലെ ഡിസിഷന്‍ മേക്കറായി അയാള്‍ മാറിക്കഴിഞ്ഞു.




അതേസമയം, ആന്തൂരില്‍ സാജന്‍ എന്ന വ്യവസായിയുടെ മരണത്തിന് കാരണക്കാരിയെന്നപേരില്‍പോലും വിശേഷിപ്പിക്കപ്പെട്ട, തളിപ്പറമ്പ് മുന്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്സന്‍ പി കെ ശ്യാമളക്കും സീറ്റ് കിട്ടിയിട്ടുണ്ട്. പാര്‍ട്ടിക്കാര്‍ക്കുപോലും യോജിപ്പില്ലാത്ത ഈ വനിതാ നേതാവ്, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യയായതുകൊണ്ടാണ്, ഇത്രും നെഗറ്റീവ് ഇമേജുകള്‍ക്കിടയിലും, സ്ഥാനാര്‍ത്ഥിയായത് എന്ന് പാര്‍ട്ടിക്ക് അകത്തുനിന്നുതന്നെ വിമര്‍ശനം വന്നിട്ടുണ്ട്. വിജയ-ജയരാജ യുഗത്തിന് പകരം സിപിഎമ്മില്‍ നിലനില്‍ക്കുന്നത്, വിജയ ഗോവിന്ദയുഗമാണ്!

ഇ പി എവിടെയുമില്ല!

ഒരുകാലത്ത് സിപിഎമ്മില്‍, ജീവിച്ചിരിക്കുന്ന രക്തസാക്ഷി എന്ന പരിവേഷമുള്ളയാളായിരുന്നു ഇ പി ജയരാജന്‍. 1995 ഏപ്രിലില്‍ ചണ്ഡീഗഡ് പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് മടങ്ങുമ്പോള്‍ ആന്ധ്രാപ്രദേശിലെ ഓങ്കോളിനടുത്തുവെച്ച് ട്രെയിനില്‍ വെച്ച് അദ്ദേഹത്തിന് വെടിയേറ്റത് കേരളത്തെ ഞെട്ടിച്ചതാണ്. മരണത്തില്‍നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഈ കേസില്‍ കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരനെതിരെ ഗൂഢാലോചന ആരോപണം ഉയരുകയും പിന്നീട് കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു. ആക്രമണത്തില്‍ കഴുത്തില്‍ തറച്ച വെടിയുണ്ടയുടെ ചീളുകള്‍ ജയാജന്റെ ശരീരത്തില്‍നിന്നും ഇന്നും നീക്കം ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ പാര്‍ട്ടിക്കാരുടെ വികാരമായിരുന്നു ഒരുകാലത്ത്് അദ്ദേഹം.

2016ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞാല്‍ മന്ത്രിസഭയിലെ രണ്ടാമനായിട്ടാണ് ഇ.പി. ജയരാജന്‍ കണക്കാക്കപ്പെട്ടിരുന്നത്. എന്നാല്‍ അദ്ദേഹം തുടങ്ങിയത് തന്നെ വിവാദത്തോടെയാണ്. മന്ത്രിയായിരിക്കെ സ്പോര്‍ട്സ് കൗണ്‍സില്‍ അധ്യക്ഷയായിരുന്ന അഞ്ജു ബോബി ജോര്‍ജിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചത് അവരെ അപഹസിച്ചുവെന്നത് ചര്‍ച്ചയായിരുന്നു. ബോക്സിംഗ് ഇതിഹാസം മുഹമ്മദ് അലി അന്തരിച്ചപ്പോള്‍ അദ്ദേഹം 'കേരളത്തിന് വേണ്ടി സ്വര്‍ണ്ണമെഡല്‍ നേടിയ വ്യക്തിയായിരുന്നു' എന്ന് ചാനല്‍ പ്രതികരണത്തിനിടെ പറഞ്ഞത് ജയരാജന്‍ ട്രാളുകള്‍ക്ക് കാരണമായി.

അതിനുശേഷമാണ്, ബന്ധുനിയമന വിവാദം വന്നത്. വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെ മാനേജിംഗ് ഡയറക്ടറായി തന്റെ അടുത്ത ബന്ധുവായ (പി.കെ. ശ്രീമതി എം.പിയുടെ മകന്‍) പി.കെ. സുധീര്‍ നമ്പ്യാരെ നിയമിച്ചതാണ് പ്രധാന വിവാദമായത്. ഇതോടൊപ്പം മറ്റ് ചില ബന്ധുക്കളെയും ഉന്നത തസ്തികകളില്‍ നിയമിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണങ്ങളും ഉയര്‍ന്നു. മതിയായ യോഗ്യതയോ മുന്‍പരിചയമോ ഇല്ലാത്തവരെ നിയമിച്ചുവെന്ന പ്രതിപക്ഷത്തിന്റെ ആക്ഷേപം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി.

വിവാദം കനത്തതോടെ പാര്‍ട്ടിക്കുള്ളിലും മുന്നണിയിലും അദ്ദേഹത്തിനെതിരെ സമ്മര്‍ദ്ദമുയര്‍ന്നു.സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും പ്രതിച്ഛായ സംരക്ഷിക്കാനായി 2016 ഒക്ടോബര്‍ 14-ന് അദ്ദേഹം മന്ത്രിസ്ഥാനം രാജിവെച്ചു. വിജിലന്‍സ് ഈ കേസില്‍ അന്വേഷണം ആരംഭിക്കുകയും അദ്ദേഹത്തെ ഒന്നാം പ്രതിയാക്കി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.2017 സെപ്റ്റംബറില്‍ കേരള ഹൈക്കോടതി ഈ കേസ് റദ്ദാക്കി. നിയമനത്തില്‍ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നും ആര്‍ക്കും സാമ്പത്തിക ലാഭമുണ്ടായിട്ടില്ലെന്നുമുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് പരിഗണിച്ചായിരുന്നു കോടതി നടപടി.കോടതി കുറ്റവിമുക്തനാക്കിയതിനെത്തുടര്‍ന്ന് 2018 ഓഗസ്റ്റ് 14-ന് ഇ.പി. ജയരാജന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. താന്‍ നേരത്തെ കൈകാര്യം ചെയ്തിരുന്ന വ്യവസായം, കായികം, യുവജനക്ഷേമം എന്നീ വകുപ്പുകള്‍ തന്നെ അദ്ദേഹത്തിന് തിരികെ ലഭിച്ചു.

പക്ഷേ തുടര്‍ന്നും വിവദമുണ്ടായി. കണ്ണൂരിലെ വൈദേകം ആയുര്‍വേദ റിസോര്‍ട്ടില്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് നിക്ഷേപമുണ്ടെന്ന ആരോപണം പാര്‍ട്ടിക്ക് ഉള്ളില്‍ തന്നെ വലിയ തര്‍ക്കങ്ങള്‍ക്ക് വഴിവെച്ചു. ഇതെല്ലാം കാരണം അദ്ദേഹത്തിന് വീണ്ടുമൊരു ടേം സിപിഎം നിഷേധിച്ചു. അതോടെ പാര്‍ട്ടിയും ഇ പിയും അകലാനും തുടങ്ങി. തുടര്‍ന്ന് അദ്ദേഹം ബിജെപിയില്‍ ചേരുന്നുവെന്നും, പ്രകാശ് ജാവദേ്ക്കരെ കണ്ടുവെന്നുമെല്ലാം വാര്‍ത്തകള്‍ വന്നു. അതും വിവാദകൊടുങ്കാറ്റുയര്‍ത്തി. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്നും ഇ പിയെ മാറ്റി.

ഇ പിയുടെ ആത്മകഥയും വന്‍ വിവാദങ്ങളുണ്ടായി. 2024 നവംബറിലെ േഉപതിരഞ്ഞെടുപ്പ് ദിവസം ഡി.സി. ബുക്സ് പ്രസിദ്ധീകരിക്കാനിരുന്ന 'കട്ടന്‍ ചായയും പരിപ്പുവടയും - ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം' എന്ന പേരുള്ള പുസ്തകത്തിലെ ഭാഗങ്ങള്‍ പുറത്തുവന്നതാണ് വിവാദത്തിന് കാരണം. ഇതില്‍ രണ്ടാം പിണറായി സര്‍ക്കാരിനും എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് തന്നെ മാറ്റിയതിനും എതിരെ വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ പുറത്തുവന്ന ഭാഗങ്ങള്‍ തന്റെയല്ലെന്നും താന്‍ എഴുതിക്കൊണ്ടിരിക്കുന്ന പുസ്തകം ആര്‍ക്കും നല്‍കിയിട്ടില്ലെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി. തന്റെ അറിവില്ലാതെ വ്യാജരേഖകള്‍ ചമച്ചതാണെന്ന് ആരോപിച്ച് അദ്ദേഹം പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. വിവാദങ്ങള്‍ക്കൊടുവില്‍, 'ഇതാണ് എന്റെ ജീവിതം' എന്ന യഥാര്‍ത്ഥ ആത്മകഥ 2025 നവംബര്‍ 3-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. മാതൃഭൂമി ബുക്സായിരുന്നു പ്രസാധകര്‍. ഇതില്‍ ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്‍ തന്റെ മകനെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമിച്ചതായും മറ്റും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ പൂര്‍ണ്ണമായും രാഷ്ട്രീയ വനവാസത്തിലേക്ക് നീങ്ങുകയാണ് ഇ പി. നിലവില്‍ 75 വയസ്സുള്ള അദ്ദേഹം ഇപ്പോഴും സിപിഎം കേന്ദ്രകമ്മറ്റി അംഗമാണ്. പക്ഷേ ഇനി പഴയതുപോലെ സജീവ രാഷ്ട്രയത്തലില്ല എന്നാണ് ഇ പിയുടെ നിലപാട്.

വീണുപോയ കണ്ണൂരിന്‍ താരകം!






ഒരുകാലത്ത് വി എസ് അച്യുതാനന്ദന്‍ കഴിഞ്ഞാല്‍, സിപിഎമ്മില്‍ എറ്റവും കൂടുതല്‍ ജനപ്രീതിയുണ്ടായിരുന്ന നേതാവായിരുന്നു പി ജയരാജന്‍. സിപിഎമ്മില്‍ ജീവിച്ചിരിക്കുന്ന രക്തസാക്ഷി പരിണഗണന കിട്ടിയ നേതാവാണ് അദ്ദേഹവും. ആര്‍എസ്എസ് ആക്രമണത്തില്‍പെട്ട് ഒരു കൈയുടെ സ്വാധീനംപോലും നഷ്ടപ്പെട്ടിരുന്നു. 1999 ഓഗസ്റ്റ് 25-ന് ഒരു തിരുവോണ നാളിലാണ്. കണ്ണൂര്‍ ജില്ലയിലെ കിഴക്കേ കതിരൂരിലെ സ്വന്തം വീട്ടില്‍ വെച്ചാണ് പി ജയരാജനുനേരെ വധശ്രമമുണ്ടായത്. തിരുവോണ ദിവസം വൈകുന്നേരം ആര്‍എസ്എസ്/ബിജെപി പ്രവര്‍ത്തകരായ ഒരു സംഘം അദ്ദേഹത്തിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി ബോംബെറിയുകയും അദ്ദേഹത്തെയും ഭാര്യയെയും ആക്രമിക്കുകയുമായിരുന്നു. ജയരാജന്റെ വലതുകൈ ഏതാണ്ട് അറ്റുപോയ നിലയിലായിരുന്നു. കൂടാതെ ഇടതുകൈയിലെ വിരല്‍ നഷ്ടപ്പെടുകയും നട്ടെല്ലിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കൊച്ചിയിലെ ആശുപത്രിയില്‍ വെച്ച് നടന്ന 13 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായത്.

ആശുപത്രിക്കിടക്കയില്‍നിന്ന് പുറത്തുവന്ന ജയരാജന്‍ വളരെപെട്ടന്നുതന്നെ സിപിഎമ്മിന്റെ കരിസ്മാറ്റിക്ക് നേതാവായി മാറി. എതിരാളികള്‍ക്ക് കാലനും, പാര്‍ട്ടിക്കാര്‍ക്ക് നായകനുമായിരുന്നു അദ്ദേഹം. ബിജെപി കോട്ടകളില്‍പോലും കടന്നുകയറി, ഒരുകാലത്ത് തന്നെ ആക്രമിച്ച ആളുകളെപ്പോലും സിപിഎമ്മിലേക്ക് ചേര്‍ക്കാന്‍ ജയരാജന് കഴിഞ്ഞു. അങ്ങനെ കാലമാറി വന്നവര്‍ അദ്ദേഹത്തെ ചെന്താരകമായും, പാര്‍ത്ഥസാരഥിയുമായൊക്കെ വിശേഷിപ്പിച്ച്, പാട്ടുകളും പോസ്റ്ററുകളുമൊക്കെ ഇറക്കിയതും പാര്‍ട്ടിയില്‍ വ്യക്തിപൂജ വിവാദത്തിനാണ് തുടക്കം കുറിച്ചത്.

കണ്ണൂര്‍ ജില്ലാസെക്രട്ടറിയായി അദ്ദേഹം കത്തിനില്‍ക്കയാണ് വ്യക്തിപൂജാ വിവാദങ്ങള്‍ ഉണ്ടായത്. ജയരാജനെ പുകഴ്ത്തിക്കൊണ്ട് 'കണ്ണൂരിന്‍ ചുവന്ന സൂര്യന്‍' തുടങ്ങിയ പാട്ടുകളും വീഡിയോകളും പുറത്തുവന്നത് പാര്‍ട്ടിയില്‍ വലിയ വിവാദമായി. പാര്‍ട്ടിക്ക് മുകളില്‍ വ്യക്തിയെ പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്നുഎന്ന് കാണിച്ച് സംസ്ഥാന കമ്മിറ്റി അദ്ദേഹത്തെ പരസ്യമായി ശാസിച്ചിരുന്നു. കണ്ണൂര്‍ ജില്ലാസെക്രട്ടറിയായിരുന്ന അദ്ദേഹത്തെ, 2019-ല്‍ വടകര ലോക്സഭാ മണ്ഡലത്തില്‍ മത്സരിപ്പിച്ചതുതന്നെ, ഒതുക്കാനാണെന്ന് ആരോപണമുണ്ടായിരുന്നു. തിരഞ്ഞെടുപ്പില്‍ തോറ്റതോടെ അദ്ദേഹത്തിന് ജില്ലാ സെക്രട്ടറി സ്ഥാനം തിരിച്ചുകിട്ടിതുമില്ല.

കണ്ണൂരിലെ മുതിര്‍ന്ന നേതാക്കളായ ഇരുവരും തമ്മിലുള്ള ശീതയുദ്ധം പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്. കണ്ണൂരിലെ 'വൈദേകം' ആയുര്‍വേദ റിസോര്‍ട്ടുമായി ബന്ധപ്പെട്ട് ഇ.പി. ജയരാജന്റെ കുടുംബത്തിന് അവിഹിത സ്വത്തുണ്ടെന്ന ആരോപണം പി. ജയരാജന്‍ പാര്‍ട്ടി വേദികളില്‍ ഉന്നയിച്ചത് വലിയ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചു. കതിരൂര്‍ മനോജ് വധക്കേസില്‍ യുഎപിഎ ചുമത്തപ്പെട്ടതും അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതും പി ജയരാജനെ നിരന്തരം വിവാദങ്ങളില്‍ നിലനിര്‍ത്തി. പി ജെ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മുഖ്യമന്ത്രി പിണറായി വിജയനുമായിഅകല്‍ച്ചയിലായിരുന്നുവെന്നതും സത്യമാണ്. നിലവില്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനാണ് പി. ജയരാജന്‍. സംസ്ഥാന സമ്മേളനത്തോടെ പി ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് ഉള്‍പ്പെടുത്തുമെന്ന സൂചനയുണ്ടായിരുന്നു. ഇതും നടന്നില്ല.

ഇന്നും സിപിഎമ്മില്‍ ഏറ്റവും കൂടുതല്‍ ഫാന്‍സുള്ള നേതാവാണ് അദ്ദേഹം. പി ജെ ആര്‍മിയെന്ന പേരില്‍ യുവാക്കളുടെ ഒരു വലിയ നിരതന്നെയുണ്ട്. പക്ഷേ അവരോടെല്ലാം ഒരു രീതിയിലുള്ള വിഭാഗീയ പ്രവര്‍ത്തനത്തിനും പോവരുത് എന്ന കര്‍ശന നിര്‍ദേശമാണ് പി ജയരാജന്‍ നല്‍കിയത്. വ്യക്തിയല്ല പാര്‍ട്ടിയാണ് പ്രധാനം എന്ന വാദം അദ്ദേഹം ഇപ്പോഴും ഉയര്‍ത്തിപ്പടിക്കുന്നു. മാത്രമല്ല അഴിമതിരഹിതനായ നേതാവാണ് അദ്ദേഹം. എടിഎം കാര്‍ഡുപോലും ഇല്ലാത്ത ജയരാജനെക്കുറിച്ച് ഒരിക്കല്‍ മനോരമ ഫീച്ചര്‍ ചെയ്തിട്ടുണ്ട്. സിപിമ്മില്‍ മക്കളെ വലിയ സ്ഥാനങ്ങളില്‍ എത്തിക്കാത്ത ഏക നേതാവാണ് പി ജയരാജന്‍. സാധാരണക്കാരായി ചെറിയ ജോലികള്‍ ചെയ്താണ് അദ്ദേഹത്തിന്റെ മക്കള്‍ ജീവിക്കുന്നതാണ്. എന്നാല്‍ പിണറായിയുടെ മകന്‍ വിവേക് കിരണിനെയും, മകള്‍ വീണയെയും ചൊല്ലിയെല്ലാം എന്തെല്ലാം വിവാദങ്ങളാണ് ഉണ്ടായത്. അതുപോലെ പി ജെക്ക് നേരെ ഉയര്‍ന്നുവന്ന വ്യക്തിപൂജ വിവാദം പിണറായിക്കുനേരെ ഉയരുമ്പോള്‍ ആര്‍ക്കും പ്രശ്നമില്ല. പിണറായി 'കാരണഭൂതനാക്കിയ' തിരുവാതിരക്കളിവരെ പാര്‍ട്ടി സമ്മേളനങ്ങളില്‍ ഉണ്ടായി എന്നോര്‍ക്കണം.

ജി സുധാകരന്റെ ആഞ്ഞിലി!






കണ്ണൂരില്‍ പി ജയരാജന് സമാനമായ പ്രതിഛായ ആലപ്പുഴയില്‍ ഉണ്ടായിരുന്ന നേതാവാണ് മുന്‍ മന്ത്രിയായ ജി സുധാകരന്‍. അഴിമതി വിരുദ്ധ പ്രതിഛായയയുണ്ട്. ആര്‍ക്കുമുന്നിലും തലകുനിക്കാതെ നിലക്കും. അടിക്ക് അടി, പല്ലിന് പല്ല എന്നായിരുന്നു പഴയ ശൈലി. സ്വന്തം സഹോദരന്റെ ചോരയില്‍ ചാലിച്ചാണ് ആലപ്പുഴയില്‍ ചെങ്കൊടി പാറിയത്. ജി. സുധാകരന്റെ ഏറ്റവും ഇളയ സഹോദരനായിരുന്നു ജി. ഭുവനേശ്വരന്‍, പന്തളം എന്‍എസ്എസ് കോളേജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും രണ്ടാം വര്‍ഷ ബിഎ ഇക്കണോമിക്സ് വിദ്യാര്‍ത്ഥിയുമായിരിക്കയൊണ് രക്തസാക്ഷിയായത്. 1977 ഡിസംബര്‍ 2-ന് കോളേജ് ക്യാമ്പസില്‍ വെച്ച് എസ്എഫ്ഐ - കെഎസ് യു സംഘര്‍ഷമുണ്ടായി. സംഘര്‍ഷത്തിനിടയില്‍ കെഎസ് യു -പ്രവര്‍ത്തകര്‍ ഭുവനേശ്വരനെ ക്രൂരമായി മര്‍ദ്ദിച്ചു. കാലില്‍ പിടിച്ച് തല തറയില്‍ അടിക്കുകയും, സൈക്കിള്‍ ചെയിന്‍ ഉപയോഗിച്ച് മര്‍ദ്ദിക്കുകയും ചെയ്തു. തറ തലയില്‍ ഇടിച്ച് ഇടിച്ച് തലച്ചോറ് പുറത്തുചാടിപ്പോയി എന്നാണ് ദൃക്്സാക്ഷികള്‍ മൊഴി നല്‍കിയത്!അത്ര ക്രൂരമായിരുന്നു കൊലപാതകം. ഗുരുതരമായി പരിക്കേറ്റ ഭുവനേശ്വരന്‍ അഞ്ച് ദിവസത്തിന് ശേഷം 1977 ഡിസംബര്‍ 7-ന് മരണപ്പെട്ടു.

ഈ കേസ് നടത്താന്‍ പാര്‍ട്ടിയില്‍ നിന്ന് സാമ്പത്തിക സഹായം ലഭിച്ചില്ലെന്നും, പുരയിടത്തിലെ ആഞ്ഞിലി മരം വെട്ടി വിറ്റ പണം ഉപയോഗിച്ചാണ് കുടുംബം നിയമപോരാട്ടം നടത്തിയതെന്നും ജി. സുധാകരന്‍ ഈയിടെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, അദ്ദേഹത്തിന് പാര്‍ട്ടി നല്‍കിയ പരിഗണനകളില്‍ ഭുവനേശ്വരന്റെ രക്തസാക്ഷിത്വത്തിന് വലിയ പങ്കുണ്ടെന്നാണ് സിപിഎം നേതൃത്വം വ്യക്തമാക്കുന്നത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ആറ് പതിറ്റാണ്ടോളം നീണ്ട ചരിത്രമാണ് ജി. സുധാകരനുള്ളത്. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ടു. എസ്എഫ്ഐയുടെ ആദ്യത്തെ സംസ്ഥാന പ്രസിഡന്റായിരുന്നു അദ്ദേഹം. സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. വി.എസ്. അച്യുതാനന്ദന്റെ വിശ്വസ്തനായാണ് തുടക്കത്തില്‍ അറിയപ്പെട്ടിരുന്നത്. പിന്നീട് അദ്ദേഹം പിണറായി പക്ഷത്തെത്തി. നാല് തവണ എം.എല്‍.എയായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ടുതവണ മന്ത്രിയുമായി.

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്ന് പാര്‍ട്ടി നേതൃത്വവുമായി അദ്ദേഹം അകന്നു. 75 വയസ്സ് കഴിഞ്ഞതിനെത്തുടര്‍ന്ന് സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയിരുന്നു. തുടര്‍ന്ന് 2026 മാര്‍ച്ചില്‍ അദ്ദേഹം സിപിഎം വിടുന്നതായും അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നും പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ പാര്‍ട്ടി അദ്ദേഹത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി രംഗത്തെത്തി. ഇപ്പോള്‍ യുഡിഎഫ് ജി സുധാകരന് പിന്തുണ കൊടുത്തിരിക്കയാണ്. ഫലത്തില്‍ അമ്പലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി സുധാകരന്‍ മാറിയിരിക്കയാണ്. എം വി രാഘവനും, ഗൗരിയമ്മക്കുശേഷം വീണ്ടും സിപിഎം സ്വന്തം നേതാക്കളില്‍നിന്ന് തന്നെ വെല്ലുവിളി നേരിടുകയാണ്.

സ്വരാജ് അടക്കമുള്ള യുവ നിരയില്ല

2026ലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക സിപിഎം പ്രഖ്യാപിച്ചപ്പോള്‍, എം. സ്വരാജ് ഉള്‍പ്പെടെയുള്ള പ്രമുഖരായ യുവ നേതാക്കള്‍ ഇത്തവണ മത്സരരംഗത്തില്ല എന്നത് വലിയ വിമര്‍ശനം ഉയര്‍ത്തുകയാണ്. ജയസാധ്യതയ്ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് സിറ്റിംഗ് എം.എല്‍.എമാര്‍ക്കും പരിചയസമ്പന്നര്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കിയതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് സിപിഎം കേന്ദ്രങ്ങള്‍ പറയുന്നത്. തൃപ്പൂണിത്തുറയില്‍ ഇത്തവണ സ്വരാജ് മത്സരിക്കണമെന്ന് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. പക്ഷേ ഇത് തള്ളിപ്പോയി. പകരം അവിടെ കെ എന്‍. ഉണ്ണികൃഷ്ണനാണ് സ്ഥാര്‍ത്ഥിയായത്.





സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ പി കെ ബിജുവിനെ ഇത്തവണ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പാര്‍ട്ടിയിലെ മറ്റൊരു പ്രധാന യുവമുഖമായ പുത്തലത്ത് ദിനേശനും തിരഞ്ഞെടുപ്പ് ഗോദയിലില്ല നിലവിലെ സ്പീക്കറായ ഷംസീറിനെ ഒഴിവാക്കി തലശ്ശേരിയില്‍ കാരായി രാജനെയാണ് പാര്‍ട്ടി നിശ്ചയിച്ചിരിക്കുന്നത്.കോണ്‍ഗ്രസില്‍ നിന്ന് കാലുമാറിയെത്തിയ ഡോ സരിനും, ഇത്തവണ സീറ്റ് ലഭിച്ചിട്ടില്ല. 56 സിറ്റിംഗ് എം.എല്‍.എമാരെ നിലനിര്‍ത്തിക്കൊണ്ടുള്ള പട്ടികയാണ് പാര്‍ട്ടി പ്രഖ്യാപിച്ചത്. ഇത് പുതിയ മുഖങ്ങള്‍ക്കും യുവാക്കള്‍ക്കും അവസരം കുറച്ചു. 2021-ല്‍ കര്‍ശനമായി നടപ്പിലാക്കിയിരുന്ന രണ്ട് ടേം നിബന്ധന ഇത്തവണ ഒഴിവാക്കി. ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് പരീക്ഷണങ്ങള്‍ക്ക് മുതിരാതെ സുരക്ഷിതമായ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചതാണ് യുവനിരയെ അവഗണിക്കാന്‍ കാരണമായതെന്ന് പറയുന്നു. അതേസമയം, വി.കെ. സനോജ് (മട്ടന്നൂര്‍), കെ.എം. സച്ചിന്‍ ദേവ് (ബാലുശ്ശേരി), എം. വിജിന്‍ (കല്ല്യാശ്ശേരി) തുടങ്ങിയ ചില യുവ നേതാക്കളെ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളായി നിലനിര്‍ത്തുകയോ പുതുതായി ഉള്‍പ്പെടുത്തുകയോ ചെയ്തിട്ടുണ്ട്.

സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയില്‍ വനിതാ പ്രാതിനിധ്യം കുറഞ്ഞുവെന്നും പരാതിയുണ്ട്. സിപിഎം മത്സരിക്കുന്ന 86 സീറ്റുകളില്‍ 10 വനിതാ സ്ഥാനാര്‍ത്ഥികളാണ് പട്ടികയിലുള്ളത്. ഇത് ഏകദേശം 12-13% മാത്രമാണ്. മുന്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ (പേരാവൂര്‍), മന്ത്രിമാരായ വീണാ ജോര്‍ജ് (ആറന്മുള), ഡോ. ആര്‍. ബിന്ദു (ഇരിങ്ങാലക്കുട), എന്നിവരും പി.കെ. ശ്യാമള (തളിപ്പറമ്പ്), അഡ്വ. കെ. ശാന്തകുമാരി (കോങ്ങാട്), ദലീമ ജോജോ (അരൂര്‍), യു. പ്രതിഭ (കായംകുളം), ഒ.എസ്. അംബിക (ആറ്റിങ്ങല്‍) തുടങ്ങിയവരും പട്ടികയിലുണ്ട്. പക്ഷേ നിയമനിര്‍മ്മാണ സഭകളില്‍ സ്ത്രീകള്‍ക്ക് 33% സംവരണം വേണമെന്ന ആവശ്യം ശക്തമായിരിക്കെ, പത്തിലൊന്ന് സീറ്റുകള്‍ മാത്രം നല്‍കിയത് പോരാ എന്ന വിമര്‍ശനം വിവിധ വനിതാ കൂട്ടായ്മകള്‍ ഉന്നയിച്ചിട്ടുണ്ട്. കണക്കുകള്‍ നോക്കുമ്പോള്‍ ഇത് ശരിയാണുതാനും. യുവാക്കളുടെയും സ്ത്രീകളുടെയും മതിയായ പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ ഇടതുപക്ഷത്തിനുപോലും കഴിയുന്നില്ല. ഒരുകാലത്ത് ബന്ധുക്കളായവര്‍ പിന്നീട് ശത്രുക്കളാവുകയാണ്. കേഡര്‍ പാര്‍ട്ടികളില്‍പോലും ജനാധിപത്യം ഉണ്ടാവുന്നില്ല. എല്ലാം തീരുമാനങ്ങളും വ്യക്തികളിലേക്ക് ഒതുങ്ങുകയാണ്.

വാല്‍ക്കഷ്ണം: കാലംമാറുമ്പോഴുള്ള നേതൃപ്രശ്നങ്ങള്‍ ഉള്‍ക്കൊള്ളാനാവത്തവര്‍ കോണ്‍ഗ്രസിലും ധാരാളമുണ്ട്. കെ സുധാകരന്‍ കണ്ണൂരിലുണ്ടാക്കുന്ന പ്രശ്നങ്ങള്‍ നോക്കുക. മരിക്കുന്നതുവരെ അധികാരം ആസ്വദിക്കണം. വിദേശരാജ്യങ്ങളിലെപ്പോലെ റിട്ടയന്‍മെന്റ് എന്ന കാര്യം നമ്മുടെ നേതാക്കള്‍ക്കില്ല!