- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുസ്ലീം പുരോഹിതരുടെ പ്രണയംവരെ പഠിക്കുന്നു; ഹണിട്രാപ്പും വ്യാപകം; ഇറാനിനുള്ളില്‍ ഇസ്രയേലിന്റെ 'രഹസ്യസൈന്യം'; എവിടെയും ചാരക്കണ്ണുകള്‍; ഖമീനിയുടെ മനസാക്ഷി സൂക്ഷിപ്പുകാരന് മൊസാദിന്റെ ചാരനെന്ന് സംശയം; ആ ഒറ്റുകാരന്‍ ആര്? ഇസ്രയേല്‍ ചാരവലയത്തില്‍ കുടുങ്ങി ഇറാന്‍
ആ ഒറ്റുകാരന്‍ ആര്? ഇസ്രയേല്‍ ചാരവലയത്തില്‍ കുടുങ്ങി ഇറാന്‍

'വണ്‍, ടൂ, ത്രീ'..... എന്ന് പറഞ്ഞുകൊണ്ടുള്ള നമ്പറിട്ടുള്ള കൊലകള്‍! ഇസ്രയേല്‍ ഇറാനില്‍ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍ കണ്ടാല്‍ ആരും അമ്പരുന്നുപോവും. കൊല്ലുമെന്ന് മുന്നറിയിപ്പ് നല്‍കുന്ന കൃത്യമായി കൊല്ലുന്നു. ആദ്യം ഇറാന്‍ ആണവശാസ്ത്രഞ്ജര്‍, പിന്നെ സൈനിക നിലയങ്ങള്‍, പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി....
ഇപ്പോള്‍ അമേരിക്ക-ഇസ്രയേല്‍ സഖ്യത്തിന് ഏറ്റവും വലിയ ഭീഷണി ഉയര്‍ത്തിയ ഇറാന്‍ സുരക്ഷാ തലവന്‍ അലി ലാരിജാനി കൊല്ലപ്പെട്ടതായി ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രായേല്‍ പ്രതിരോധ മന്ത്രി കാറ്റ്‌സും ഈ അവകാശവാദം ഉന്നയിക്കുന്നു. ഇറാന്റെ ആണവ ചര്‍ച്ചകള്‍ക്ക് മുമ്പ് നേതൃത്വം നല്‍കിയിരുന്നു ലാരിജാനി നിലവില്‍ ദേശീയ സുരക്ഷ കൗണ്‍സില്‍ സെക്രട്ടറിയാണ്. ഇറാന്റെ അധികാര ഘടനയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളില്‍ ഒരാളാണിയാള്‍. അലി ലാരിജാനിയുടെ മരണം സ്ഥിരീകരിക്കപ്പെടുകയാണെങ്കില്‍, അലി ഖമീനിക്ക് ശേഷം ഇസ്രയേല്‍ വകവരുത്തുന്ന ഏറ്റവും മുതിര്‍ന്ന ഇറാനിയന്‍ നേതാവായിരിക്കും അത്.
ഇസ്രയേലും ഇറാനും, ഇറാനും തമ്മില്‍ ഏകദേശം 1,000 കിലോമീറ്റര്‍ മുതല്‍ 1,200 കിലോമീറ്റര്‍ വരെ (ഏകദേശം 600 മുതല്‍ 750 മൈല്‍) ദൂരമുണ്ട്. ഇസ്രായേലിനും ഇറാനും അതിര്‍ത്തികളില്ല. എന്നിട്ടും വലിയൊരു ചാര ശൃംഖലമാണ് ഇസ്രയേല്‍ ഇറാനില്‍ കെട്ടിപ്പെടുത്തിരിക്കുന്നു. ഇറാനെ ഓരോ നേതാക്കളും എന്തുചെയ്യുന്നു, അവരുടെ മക്കള്‍ എവിടെ പഠിക്കുന്നു എന്ന് തൊട്ട്. അവര്‍ക്കുള്ള രഹസ്യ പ്രണയങ്ങള്‍പോലും മൊസാദിന് അറിയാം. ഇറാന്‍ നേതൃത്വത്തിലെ പ്രമുഖരെ ചാരപ്പണിക്ക് ഉപയോഗിച്ചാണ്, ഇസ്രയേല്‍ ഈ കൊലപാതക പരമ്പരകള്‍ നടത്തുന്നത്. മെസാദ് ചാരന്‍മ്മാരാല്‍ തങ്ങള്‍ വലയം ചെയ്യപ്പെട്ടിരിക്കയാണെന്ന് ഇറാന്‍ നേതൃത്വവും സമ്മതിക്കുന്നുണ്ട്.
ഖമീനിയുടെ സോള്‍, മൊസാദിന്റെ സ്പൈ!
2026 ഫെബ്രുവരി 28-ന് നടന്ന ഇസ്രയേല്‍-യുഎസ് സംയുക്ത ഓപ്പറേഷനില്‍, ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി കൊല്ലപ്പെട്ടപ്പോള്‍ ലോകം നടുങ്ങി. എങ്ങനെയാണ് ഇത്രും കൃത്യമായി വിവരങ്ങള്‍ ശേഖരിച്ച്, നൊടിയിടപോലും പിഴക്കാതെ ആക്രമണം നടത്താന്‍ കഴിയുന്നത് എന്നത് അമ്പരപ്പിക്കുന്നതാണ്. പതിറ്റാണ്ടുകള്‍ നീണ്ട രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങളിലൂടെയും ആധുനിക സാങ്കേതിക വിദ്യയിലൂടെയുമാണ് ഇസ്രയേല്‍ ഈ നേട്ടം കൈവരിച്ചത്. ഖമീനി വധത്തില്‍ മൊസാദിനേക്കാള്‍ റോള്‍ വഹിച്ചത് അമേരിക്കന്‍ ചാര സംഘടനയാ സിഐഎയാണ്.
ഖമീനിയുടെ നീക്കങ്ങളെക്കുറിച്ച് മാസങ്ങളായി സി.ഐ.എ നിരീക്ഷണം നടത്തുന്നുണ്ടായിരുന്നു. ടെഹ്‌റാനിലെ ഒരു സുരക്ഷിത കേന്ദ്രത്തില്‍ ഇറാനിലെ ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി ഖമീനി കൂടിക്കാഴ്ച നടത്തുന്നുണ്ടെന്ന 'ഹൈ ഫിഡിലിറ്റി' വിവരങ്ങള്‍ സി.ഐ.എ ഇസ്രയേലിന് കൈമാറി. ടെഹ്‌റാനിലെ ട്രാഫിക് ക്യാമറ ശൃംഖല വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇസ്രയേല്‍ ഹാക്ക് ചെയ്തിരുന്നു. ഈ ക്യാമറകളിലൂടെ ഖമീനിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ എവിടെയാണ് പാര്‍ക്ക് ചെയ്തിരിക്കുന്നത് എന്നും അവരുടെ ദിനചര്യകളും നിരീക്ഷിക്കാന്‍ ഇസ്രയേലിന് കഴിഞ്ഞു.ഖമീനിയുടെ വസതിക്ക് സമീപമുള്ള ട്രാഫിക് ക്യാമറകള്‍ ഹാക്ക് ചെയ്തതിലൂടെ വാഹനങ്ങളുടെ നീക്കങ്ങള്‍ അവര്‍ തത്സമയം നിരീക്ഷിച്ചു. മറ്റൊരു രീതില്‍ പറഞ്ഞാല്‍ ഖമീനി വധം ഇസ്രയേല്‍ ഉദ്യോഗസ്ഥര്‍ ലൈവായി കാണുകയാണ്.
മൊബൈല്‍ ഫോണ്‍ ശൃംഖലകളില്‍ നുഴഞ്ഞുകയറി ഉന്നത ഉദ്യോഗസ്ഥരുടെ സംഭാഷണങ്ങളും നീക്കങ്ങളും ഇസ്രയേല്‍ നിരീക്ഷിച്ചു. വന്‍തോതിലുള്ള ഡാറ്റ വിശകലനം ചെയ്ത് കൃത്യമായ സ്ഥാനം കണ്ടെത്താന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത സംവിധാനങ്ങള്‍ അവര്‍ ഉപയോഗിച്ചു. സാധാരണയായി രാത്രികാലങ്ങളിലാണ് ഇത്തരം ആക്രമണങ്ങള്‍ നടത്താറുള്ളതെങ്കിലും, ഈ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പകല്‍ സമയത്തേക്ക് ആക്രമണം മാറ്റി.
സാധാരണയായി രാത്രികാലങ്ങളില്‍ നേതാക്കള്‍ സുരക്ഷിതമായ രഹസ്യ കേന്ദ്രങ്ങളിലേക്ക് മാറാനോ അല്ലെങ്കില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ ഉറങ്ങാനോ സാധ്യതയുണ്ട്. എന്നാല്‍ 2026 ഫെബ്രുവരി 28-ന് രാവിലെ 9:40-ഓടെ ഖമീനിയും മറ്റ് ഉന്നത കമാന്‍ഡര്‍മാരും ഒരു പ്രത്യേക മീറ്റിംഗിനായി ഒത്തുചേരുന്നു എന്ന കൃത്യമായ വിവരം ഇസ്രയേലിനും സി.ഐ.എയ്ക്കും ലഭിച്ചു. എല്ലാവരും ഒരേ സ്ഥലത്ത് ഉണ്ടെന്ന് ഉറപ്പുവരുത്താനാണ് പകല്‍ സമയം തിരഞ്ഞെടുത്തത്. രാത്രിയെ അപേക്ഷിച്ച് പകല്‍ സമയത്ത് ഡ്രോണുകള്‍ക്കും സാറ്റലൈറ്റുകള്‍ക്കും ലക്ഷ്യസ്ഥാനം കൂടുതല്‍ വ്യക്തമായി നിരീക്ഷിക്കാന്‍ സാധിക്കും. ഖമീനിയുടെ സുരക്ഷാ വാഹനങ്ങള്‍ എവിടെയാണ് പാര്‍ക്ക് ചെയ്തിരിക്കുന്നത് എന്നും അദ്ദേഹം ഏത് കെട്ടിടത്തിനുള്ളിലേക്കാണ് പ്രവേശിച്ചത് എന്നും തത്സമയം കണ്ട് ഉറപ്പുവരുത്തിയ ശേഷമാണ് മിസൈലുകള്‍ തൊടുത്തത്. മിക്കവാറും വലിയ വ്യോമാക്രമണങ്ങള്‍ രാത്രിയിലാണ് നടക്കാറുള്ളത്. അതുകൊണ്ടുതന്നെ പകല്‍ സമയത്ത് ഇത്തരമൊരു ഭീമമായ ആക്രമണം ഇറാന്‍ പ്രതീക്ഷിച്ചിരുന്നില്ല. ഈ അപ്രതീക്ഷിത നീക്കം ഇറാന്റെ പ്രതിരോധ സംവിധാനങ്ങളെ ആശയക്കുഴപ്പത്തിലാക്കി. ആക്രമണത്തിന് ശേഷം ഇറാനിലെ ഉന്നത ഉദ്യോഗസ്ഥര്‍ തമ്മില്‍ നടത്തിയ സംഭാഷണങ്ങളുടെ ശബ്ദരേഖകളും മൊസാദ് ചോര്‍ത്തി. ഇതിലൂടെയാണ് പരിക്കേറ്റ മൊജ്തബ ഖമീനി രക്ഷപ്പെട്ടതിനെക്കുറിച്ചുള്ള വിവരങ്ങള്‍ അവര്‍ അറിഞ്ഞത്.
ഇപ്പോള്‍ മറ്റൊരു ഞെട്ടിക്കുന്ന വിവരംകൂടി ഖമീനി വധവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നുണ്ട്. ഖമീനിയുടെ തൊട്ടടുത്ത വൃത്തങ്ങളില്‍ പോലും ഇസ്രയേലിന്റെ ചാരന്മാരുണ്ടായിരുന്നു എന്നതാണ് ആ വിവരം. കൃത്യമായ വിവരം ചോര്‍ത്തി നല്‍കിയത് ഖമീനിയുടെ സന്തത സഹചാരിയായ മിലിട്ടറി കമാന്‍ഡര്‍ ആണെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്! ഈ സംശയത്തില്‍ സംശയത്തില്‍ ഖുദ്‌സ് ഫോഴ്‌സ് തലവന്‍ ഇസ്മായില്‍ ഖാനിയെ ഇറാന്‍ തടങ്കലിലാക്കിയതായും വാര്‍ത്തകളുണ്ട്.
ഇറാനിനുള്ളില്‍ ഇസ്രയേല്‍ രഹസ്യസൈന്യം
ഇറാനിലെ സുരക്ഷാ സംവിധാനങ്ങള്‍ക്കുള്ളില്‍ ഇസ്രയേലിന്റെ ചാരസംഘടനയായ മൊസാദ് അതിശക്തമായ ചാര ശൃംഖലകെട്ടിപ്പടുത്തിട്ടുണ്ടെന്ന്, അല്‍ജസീറയടക്കമുള്ള മാധ്യമങ്ങള്‍പോലും സമ്മതിക്കുന്നു. പതിറ്റാണ്ടുകളായി ഇറാനില്‍ തമ്പടിച്ചിട്ടുള്ള ഇസ്രയേലിന്റെ ഈ 'രഹസ്യ സൈന്യം' സൈനിക കേന്ദ്രങ്ങളിലും ആണവ പദ്ധതികളിലും വരെ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് ഇറാന്‍ ഉന്നത ഉദ്യോഗസ്ഥര്‍വരെ സമ്മതിച്ചതാണ്.
്ഇസ്രയേല്‍ നേരിട്ട് അയക്കുന്ന ഉദ്യോഗസ്ഥരേക്കാള്‍ ഉപരിയായി ഇറാനിലെ പ്രാദേശിക പൗരന്മാരെയാണ് മൊസാദ് വിവരശേഖരണത്തിന് ഉപയോഗിക്കുന്നത്. ഭരണകൂടത്തോട് എതിര്‍പ്പുള്ള ഇറാനിലെ കുര്‍ദുകള്‍, ബലൂചികള്‍ തുടങ്ങിയ ന്യൂനപക്ഷങ്ങളെയും മറ്റ് വിമതരെയും മൊസാദ് റിക്രൂട്ട് ചെയ്യുന്നു. ഇറാനിലെ സുരക്ഷാ ഏജന്‍സികള്‍ക്കുള്ളില്‍ പോലും മൊസാദിന് ചാരന്മാരുണ്ട്. മൊസാദിനെ തടയാന്‍ ഇറാന്‍ രൂപീകരിച്ച യൂണിറ്റിന്റെ തലവന്‍ പോലും ഇസ്രയേലിന്റെ ചാരനായിരുന്നു എന്ന് മുന്‍ ഇറാന്‍ പ്രസിഡന്റ് മഹ്‌മൂദ് അഹമ്മദി നെജാദ് വെളിപ്പെടുത്തിയിട്ടുണ്ട്! ഈ ഉദ്യോഗസ്ഥനോടൊപ്പം അതേ യൂണിറ്റിലെ മറ്റ് 20 ഏജന്റുമാരും മൊസാദിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്നു. ഇവര്‍ വഴിയാണ് ഇറാന്റെ ആണവ രഹസ്യങ്ങള്‍ ഇസ്രയേലിലേക്ക് ചോര്‍ന്നതെന്നും അദ്ദേഹം ആരോപിച്ചു.
സ്റ്റക്സ്നെറ്റ് പോലുള്ള വൈറസുകള്‍ ഉപയോഗിച്ച് ഇറാനിലെ ആണവ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം മൊസാദ് നേരത്തെ തടസ്സപ്പെടുത്തിയിരുന്നു. ഇറാനില്‍ വലിയ രീതിയിലുള്ള രഹസ്യആയുധശേഖരും ഇസ്രയേലിനുണ്ട്. ഇറാന്റെ അതിര്‍ത്തികള്‍ വഴിയോ കടല്‍ വഴിയോ ഡ്രോണുകളും ആയുധങ്ങളും മൊസാദ് രാജ്യത്തിനുള്ളിലേക്ക് എത്തിക്കുന്നു. സ്യൂട്ട്കേസുകളിലും കണ്ടെയ്നറുകളിലും മറ്റുമായി ഡ്രോണുകളുടെ ഭാഗങ്ങളും സ്ഫോടക വസ്തുക്കളും മാസങ്ങളെടുത്ത് കടത്തുന്നു.
ഇറാനിലെ നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മൊസാദിന്റെ പ്രത്യേക സംഘങ്ങള്‍ ആയുധങ്ങള്‍ ഘടിപ്പിച്ച വാഹനങ്ങളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണങ്ങള്‍ നടത്തുന്നു. ഈ ശൃംഖല ഉപയോഗിച്ച് നിരവധി നിര്‍ണ്ണായക നീക്കങ്ങള്‍ മൊസാദ് നടത്തിയിട്ടുണ്ട്. ഇറാനിലെ ആണവ ശാസ്ത്രജ്ഞനായിരുന്ന മോഹ്‌സെന്‍ ഫക്രിസാദയെ റിമോട്ട് കണ്‍ട്രോള്‍ മെഷീന്‍ ഗണ്‍ ഉപയോഗിച്ച് വധിച്ചത് ഇതിന്റെ ഉദാഹരണമാണ്. 2018-ല്‍ തെഹ്‌റാനിലെ അതീവ സുരക്ഷയുള്ള ഗോഡൗണില്‍ നിന്ന് 50,000-ല്‍ പരം പേജുകളുള്ള ആണവ രഹസ്യങ്ങള്‍ മൊസാദ് മോഷ്ടിച്ച് ഇസ്രയേലിലേക്ക് കടത്തിയിരുന്നു.ഇറാനിലെ ഉന്നത ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ ഇത്രയും വലിയൊരു ഓപ്പറേഷന്‍ വിജയിക്കില്ല.രേഖകള്‍ സൂക്ഷിച്ച സ്ഥലം, അവിടെ എപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉണ്ടാകില്ല തുടങ്ങിയ കൃത്യമായ വിവരങ്ങള്‍ അകത്തുള്ളവര്‍ തന്നെ നല്‍കിയതിനാലാണ് ഇസ്രയേലിന് ഇത് സാധ്യമായത്. ഭരണകൂടത്തോടുള്ള അതൃപ്തിയും സാമ്പത്തിക ലാഭവും കാരണം ഇറാനിലെ ഉദ്യോഗസ്ഥര്‍ തന്നെ മൊസാദിന് വിവരങ്ങള്‍ കൈമാറുകയാണ്.
ചത്താലും ചാരനെ കൈവിടില്ല
തങ്ങളുടെ ചാരന്മാരെ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുന്ന ഒന്നാണ് മൊസാദ്. അവര്‍ ഒരിക്കലും ചാരനെ ഒറ്റില്ല. തങ്ങളുടെ തലപോയായും ചാരനെ കൈവിടില്ല. 'നിങ്ങളെ ഞങ്ങള്‍ ഒരിക്കലും കൈവിടില്ല' എന്ന ഉറപ്പാണ് പുതിയ ചാരന്മാരെ റിക്രൂട്ട് ചെയ്യാന്‍ മൊസാദ് പ്രധാനമായും ഉപയോഗിക്കുന്ന ആയുധമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ചാരപ്പണി തുടങ്ങുന്നതിന് മുന്‍പ് തന്നെ, അപകടമുണ്ടായാല്‍ എങ്ങനെ ആ രാജ്യത്തുനിന്ന് രക്ഷപ്പെടണം എന്നതിനെക്കുറിച്ച് കൃത്യമായ എക്സിറ്റ് പ്ലാന്‍ പ്ലാന്‍ മൊസാദ് തയ്യാറാക്കും. ഇറാന്‍ പോലുള്ള രാജ്യങ്ങളില്‍ നിന്ന് അതിര്‍ത്തി കടത്തി ചാരന്മാരെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ പ്രത്യേക ടീമുകള്‍ മൊസാദിനുണ്ട്. ചാരപ്പണിക്ക് ശേഷം ചാരനും കുടുംബത്തിനും ഇസ്രയേലിലോ യൂറോപ്പിലോ അമേരിക്കയിലോ താമസിക്കാനുള്ള സൗകര്യം അവര്‍ ഒരുക്കും. പിടിക്കപ്പെടാതിരിക്കാന്‍ ചാരന്റെയും കുടുംബത്തിന്റെയും പേരും വിലാസവും പൂര്‍ണ്ണമായും മാറ്റും. ചില അതീവ രഹസ്യ സ്വഭാവമുള്ള കേസുകളില്‍ ചാരന്റെ മുഖച്ഛായ മാറ്റാന്‍ പ്ലാസ്റ്റിക് സര്‍ജറി വരെ മൊസാദ് ചെയ്യാറുണ്ട്.
പുതിയ പാസ്‌പോര്‍ട്ട്, ജനന സര്‍ട്ടിഫിക്കറ്റ്, വിദ്യാഭ്യാസ രേഖകള്‍ എന്നിവയുള്‍പ്പെടെയുള്ള ഒരു പുതിയ ജീവിതം തന്നെ അവര്‍ക്ക് നല്‍കും. മേക്ക്ഓവര്‍ ആണ് മൊസാദിന്റെ മറ്റൊരു പ്രത്യേക. സിഖുകാരനെ ആഫ്രിക്കക്കാരനാക്കാന്‍ മൊസാദ് ടീമിനെ് ഞൊടിയിട മതി.
ഇറാന്റെ ആണവ രഹസ്യങ്ങള്‍ ചോര്‍ത്തുന്നവര്‍ക്ക് ദശലക്ഷക്കണക്കിന് ഡോളറാണ് ഇസ്രയേല്‍ പ്രതിഫലം നല്‍കുന്നത്.ഈ പണം പലപ്പോഴും വിദേശ ബാങ്ക് അക്കൗണ്ടുകളിലോ ക്രിപ്റ്റോ കറന്‍സിയിലോ ആണ് നല്‍കുക. ഇത് ആ വ്യക്തിക്ക് ശിഷ്ടകാലം സുഖമായി ജീവിക്കാന്‍ പര്യാപ്തമായിരിക്കും. ചിലരെ ഭീഷണിപ്പെടുത്തി വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ട്. അധികാരമോ പദവിയോ വാഗ്ദാനം ചെയ്തുള്ള പ്രലോഭനനവും ഹണിട്രാപ്പുമടക്കം നിരവധി തന്ത്രങ്ങള്‍ ഈ സ്പൈ നെറ്റ്വര്‍ക്കിനുണ്ട്.
ചാരന്‍ പിടിക്കപ്പെട്ടാല്‍ പോലും അവരെ വിട്ടുകിട്ടാന്‍ ഇസ്രയേല്‍ നയതന്ത്രപരമായി സമ്മര്‍ദ്ദം ചെലുത്തും.തടവുകാരെ കൈമാറുന്ന ഉടമ്പടികളിലൂടെ സ്വന്തം ചാരന്മാരെ മോചിപ്പിക്കാന്‍ ഇസ്രയേല്‍ ശ്രമിക്കാറുണ്ട്. ചാരന്‍ കൊല്ലപ്പെട്ടാല്‍ അവരുടെ കുടുംബത്തിന് എല്ലാ സംരക്ഷണവും സാമ്പത്തിക സഹായവും മൊസാദ് ഇസ്രയേലില്‍ ഉറപ്പാക്കും. എലി കോഹന്‍ എന്ന വിഖ്യാത ചാരന്‍ സിറിയയില്‍ പിടിക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തെ വധശിക്ഷയില്‍ നിന്ന് രക്ഷിക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ ഇസ്രയേല്‍ നടത്തിയ ശ്രമങ്ങള്‍ ഇതിന് വലിയൊരു ഉദാഹരണമാണ്.
1965-ല്‍ സിറിയയില്‍ വെച്ച് പിടിക്കപ്പെടുകയും തൂക്കിലേറ്റപ്പെടുകയും ചെയ്ത ഇസ്രയേല്‍ ചാരനാണ് എലി കോഹന്‍. 50 വര്‍ഷത്തിന് ശേഷവും അദ്ദേഹത്തിന്റെ മൃതദേഹം തിരികെ കൊണ്ടുവരാന്‍ ഇസ്രയേല്‍ ശ്രമം തുടരുന്നു. 2018-ല്‍ ഒരു രഹസ്യ ഓപ്പറേഷനിലൂടെ അദ്ദേഹത്തിന്റെ വാച്ച് മാത്രം സിറിയയില്‍ നിന്ന് മോഷ്ടിച്ച് ഇസ്രയേല്‍ തിരികെ കൊണ്ടുവന്നു. ഇത് ലോകത്തുള്ള എല്ലാ ചാരന്മാര്‍ക്കും മൊസാദ് നല്‍കുന്ന ഒരു സന്ദേശമാണ്: 'നിങ്ങളെ ഞങ്ങള്‍ ഒരിക്കലും മറക്കില്ല' എന്നത് മൊസാദിന്റെ ഉറപ്പാണ്.
പക്ഷേ ഇങ്ങനെയൊക്കെയാണെങ്കിലും പല ചാരന്‍മ്മാരും പിടിക്കപ്പെട്ടിട്ടുണ്ട്. 2025 ഏപ്രിലില്‍ വധിക്കപ്പെട്ട മൊഹ്സെന്‍ ലംഗാര്‍നേഷിന്‍ ഒരു ഐ.ആര്‍.ജി.സി ഉദ്യോഗസ്ഥന്റെ വധത്തിന് മൊസാദിന് സാങ്കേതികവും പ്രവര്‍ത്തനപരവുമായ സഹായം നല്‍കിയതായി സ്ഥിരീകരിച്ചിട്ടുണ്ട്.
2026 ജനുവരിയില്‍ അലി അര്‍ദസ്താനി എന്നയാളെ ഇറാന്‍ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. ഇദ്ദേഹം ക്രിപ്റ്റോ കറന്‍സി വഴിയുള്ള സാമ്പത്തിക ലാഭത്തിനും ബ്രിട്ടീഷ് വിസയ്ക്കും വേണ്ടി മൊസാദിന് രഹസ്യ വിവരങ്ങള്‍ കൈമാറിയതെന്ന് ഇറാന്‍ ആരോപിക്കുന്നു. ചാരന്‍മ്മാരാണെന്ന സംശയത്തിന്റെ പേരിലും പലരും കൊല്ലപ്പെട്ടിട്ടുണ്ട്.
ഇപ്പോള്‍, ചാരന്മാരുടെ ജീവന്‍ അപകടത്തിലാക്കാതിരിക്കാന്‍, മൊസാദ് സാങ്കേതികവിദ്യയെയാണ് കൂടുതല്‍ ആശ്രയിക്കുന്നത്. 2020-ല്‍ ഇറാനിയന്‍ ശാസ്ത്രജ്ഞന്‍ മോഹ്‌സെന്‍ ഫക്രിസാദയെ വധിച്ചത് ഉപഗ്രഹ നിയന്ത്രിത മെഷീന്‍ ഗണ്‍ ഉപയോഗിച്ചാണ്. സംഭവസ്ഥലത്ത് ഒരു ഇസ്രയേലി ചാരന്‍ പോലും നേരിട്ട് ഉണ്ടായിരുന്നില്ല. അതുപോലെ ലോകമെമ്പാടുമുള്ള ജൂത വംശജരായ സഹായികള്‍ ഇസ്രയേലിനുണ്ട്. അവരെ 'സയാനിം' എന്നാണ് വിളിക്കുന്നത്. ഇവര്‍ ചാരന്മാരല്ല, പക്ഷേ മൊസാദ് ഏജന്റുമാര്‍ക്ക് ആവശ്യമായ വീട്, വണ്ടി, മരുന്ന് തുടങ്ങിയ സഹായങ്ങള്‍ നല്‍കും. അത് പണത്തിനുവേണ്ടിയല്ല. യഹൂദ സമൂഹത്തിന്റെ നിലനില്‍പ്പിന് വേണ്ടിയാണ്.
പുരോഹിതരുടെ പ്രണയംവരെ പഠിക്കുന്നു
അതിശക്തമായ നിരീക്ഷണ പാടവമാണ് മൊസാദിനെ വ്യത്യസ്തമാക്കുന്നത് എന്നാണ്, അവരെക്കുറിച്ച് കൃത്യമായി പഠിച്ച, 'റൈസ് ആന്റ് കില്‍ ഫസ്റ്റ്' എന്ന പുസ്തകം പറയുന്നത്. കഴിഞ്ഞ 70 വര്‍ഷത്തിനിടെ മൊസാദ് ലോകത്ത് ആകമാനം 2700നടുത്ത് കൊലപാതക ശ്രമങ്ങള്‍ നടത്തിയെന്നാണ് പുസ്തകം പറയുന്നത്. മൊസാദ്, ആഭ്യന്തര സുരക്ഷ ഏജന്‍സിയായ ഷിന്‍ ബെറ്റ്, ഇസ്രയേല്‍ സൈന്യം തുടങ്ങിയവയുടെ ഭാഗമായ മുന്‍ ഉദ്യോഗസ്ഥരില്‍ നിന്നാണ്, യെദിയോട്ട് അഹാരോനോട്ട് പത്രത്തിന്റെ രഹസ്യന്വേഷണ കാര്യങ്ങളുടെ പ്രത്യേക റിപ്പോര്‍ട്ടര്‍ റോണന്‍ ബര്‍ഗ്മാന്‍ പുസ്തകം തയ്യാറാക്കിയത്.
പ്രാചീന ജൂതരുടെ താല്‍മഡ് അനുശാസനത്തില്‍ നിന്നാണ് പുസ്തകത്തിന് പേര് നല്‍കിയിരിക്കുന്നത് ആരെങ്കിലും ''നിങ്ങളെ കൊല്ലാന്‍ തയ്യാറെടുക്കുന്നുണ്ടെങ്കില്‍ അയാളെ പെട്ടെന്ന് തന്നെ കൊല്ലൂ'' എന്നതാണ് അത്. ഇസ്രയേല്‍ മുന്‍ പ്രധാനമന്ത്രിമാരായ എഹൂദ് ബറാക്, എഹൂദ് ഓല്‍മര്‍ട്ട് തുടങ്ങിയവരെയൊക്കെ അഭിമുഖം ചെയ്തിട്ടുള്ള മാധ്യമപ്രവര്‍ത്തകനാണ് റോണന്‍ ബര്‍ഗ്മാന്‍. എന്നാല്‍ ഇസ്രയേലി രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ തന്റെ പുസ്തകത്തില്‍ ഇടപെട്ടെന്ന് ബര്‍ഗ്മാന്‍ പറയുന്നു. 2016-ല്‍ അന്തരിച്ച, എട്ട് വര്‍ഷക്കാലം മൊസാദിന്റെ തലവനായിരുന്ന മീര്‍ ദഗനാണ് റോണന്‍ ബര്‍ഗ്മാന്റെ ഏറ്റവും പ്രധാന വിവര സ്രോതസുകളില്‍ ഒരാള്‍. ഔദ്യോഗിക ജീവിതത്തിന്റെ അവസാന കാലത്ത് അദ്ദേഹം പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി രൂക്ഷമായ അഭിപ്രായ ഭിന്നതയിലായിരുന്നു. ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഇത്.
വിഷം കലര്‍ത്തിയ ടൂത്ത് പേസ്റ്റ്, ആയുധധാരികളായ ഡ്രോണുകള്‍, പൊട്ടിത്തെറിക്കുന്ന മൊബൈല്‍ ഫോണുകള്‍, റിമോട്ട് കണ്‍ട്രോള്‍ ബോംബ് ഘടിപ്പിച്ച സ്പെയര്‍ ടയറുകള്‍ ഇങ്ങനെ ഇസ്രയേലിന്റെ കൊലപാതക ഓപ്പറേഷനുകളെപ്പറ്റി പുസ്തകം വിവരിക്കുന്നു. മുസ്ലീം പുരോഹിതന്മാരുടെ രഹസ്യ പ്രണയബന്ധങ്ങള്‍ അന്വേഷിച്ച് ഭീഷണിപ്പെടുത്തുക തൊട്ട് ഹണിട്രാപ്പ്വെരെ മൊസാദ് നടത്തുന്നുണ്ടെന്ന് പുസ്തകം പറയുന്നു. ഇപ്പോള്‍ ഇറാനിലും ചില പുരോഹിതരെ ഇസ്രയേല്‍ ചാര സുന്ദരിമാര്‍ ഹണി ട്രാപ്പ് നടത്തിയതായി ആരോപണമുണ്ട്.
ഇരുചെവിയറിയാതെ ശത്രുവിനെ ഉന്മൂലനം ചെയ്യാനുള്ള മൊസാദിന്റെ മാസ്റ്റര്‍പീസ് രീതികളിലൊന്നാണ് വിഷസൂചിപ്രയോഗം. ഒരു പുഷ്പംപോലെ കൊല്ലുക എന്നതാണ് അവരുടെ രീതി. 2010 ജനുവരി 20ന് ദുബൈയില്‍വെച്ച് ഹമാസ് നേതാവ്, മഹ്‌മൂദ് അബ്ദുല്‍ റഹൂഫ് മുഹമ്മദ് ഹസ്സനെ കൊലപ്പെടുത്തിയത് അങ്ങനെയാണ്. ഹോട്ടല്‍ മുറിയില്‍ ഉറങ്ങാന്‍ പോയ മഹമൂദ് പിറ്റേദിവസം ഹൃദയാഘാതം വന്ന് മരിച്ചെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ വൈകതെ ഇത് മൊസാദ് നടത്തിയ കൊലയാണെന്ന് തെളിഞ്ഞു. ഹോട്ടലിലെ അത്യാധുനിക ലോക്കിന്റെ സോഫ്‌റ്റ്വെയറില്‍ പോലും മാറ്റം വരുത്തിയാണ് മഹ്‌മൂദിന്റെ റൂമില്‍ കയറിയത്. ഇത്തരം ലോക്കുകള്‍ തുറക്കാന്‍ പ്രത്യേകം കഴിവുള്ളവര്‍ മൊസാദിലുണ്ട്. ലോക്കിന്റെ മാതൃകയും ചിത്രവും ലഭിച്ചാല്‍ എല്ലാം നിമിഷങ്ങള്‍ക്കുള്ളില്‍ പൊട്ടിക്കാന്‍ അവര്‍ക്ക് സാധിക്കും. ജനുവരി 19 ന് വൈകീട്ട് പുറത്തുപോയി വന്ന മഹ്‌മൂദിനെ ആ രാത്രി തന്നെ വധിച്ച് എല്ലാ കൊലയാളികളും ദുബായില്‍ നിന്ന് മടങ്ങിയിരുന്നു. ഒരു കുഞ്ഞുപോലും വിവരം അറിഞ്ഞില്ല. അതാണ് മൊസാദ്. മൊസാദ് ചാരസുന്ദരി ഗെയിലും അന്ന് സിസിടിവിയില്‍ കുടുങ്ങി.
്ആ ഒറ്റുകാരന്‍ ആര്?
മൊസാദിലെ 40 ശതമാനം ജീവനക്കാരും വനിതകളാണ്. തീര്‍ന്നില്ല മൊസാദിന്റെ തലപ്പത്തുള്ള 24 ശതമാനം പേരും സ്ത്രീകളാണ്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഈ ചാരംഘടനയില്‍ അംഗമായിരുന്ന സില്‍വിയ റാഫേല്‍ എന്ന സുന്ദരി മ്യൂണിക്ക് ഒളിമ്പിക്‌സ് വേദിയില്‍ ഇസ്രയേല്‍ അത്‌ലറ്റുകളെ വധിച്ചവരില്‍ മൂന്നു പേരെ പിടികൂടി വധിച്ചത് ചരിത്രമാണ്. നോര്‍വ്വേ സര്‍ക്കാര്‍ ഇവരെ പിടികൂടി എങ്കിലും ഒടുവില്‍ ഇസ്രയേല്‍ ഇവരെ നാട്ടിലേക്ക് കൊണ്ട് വരികയായിരുന്നു.
മൊസാദിന്റെ ചാര സുന്ദരിമാര്‍ ഇന്നും ഒരത്ഭുത പ്രതിഭാസമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ഏത് രാജ്യത്തും ഇവരെത്തും ശത്രുരാജ്യങ്ങളിലെ ഉന്നത നേതാക്കളും സൈനിക മേധാവികളുമായെല്ലാം ഇവര്‍ തേന്‍കെണിയൊരുക്കി ചങ്ങാത്തം കൂടും. അങ്ങനെ അവിടുത്തെ രഹസ്യങ്ങളെല്ലാം ചോര്‍ത്തിയെടുക്കും. എന്നാല്‍ ഇവര്‍ക്ക് ഈ പ്രമുഖരോട് കിടക്ക പങ്കിടാന്‍ മൊസാദ് ഒരിക്കലും അനുവാദം നല്‍കാറില്ല. ലബനനില്‍ ഹിസ്ബുള്ളയുടെ പരിപ്പെടുത്ത പേജര്‍ സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ നടത്തിയ അന്വേഷണങ്ങള്‍ ഒടുവില്‍ ചെന്നെത്തിയത് ഒരു അതിസുന്ദരിയിലേക്കാണ്. കൃസ്ത്യാന ബാര്‍സണി ആര്‍സിഡയകോനോ എന്നാണ് ഈ നാല്‍പ്പതുകാരിയുടെ പേര്.
പ്രശസ്തമായ ലണ്ടന്‍ സ്‌ക്കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്നാണ് ഇവര്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിരിക്കുന്നത്. അന്താരാഷ്ട്ര വിഷയങ്ങളിലും പരിസ്ഥിതി സംബന്ധമായ കാര്യങ്ങളിലും ഇവര്‍ വൈദഗ്ധ്യം നേടിയിട്ടുണ്ട്. ഇറ്റാലിയന്‍ഭാഷയും റഷ്യന്‍ ഭാഷയുമടക്കം ഏഴ് ഭാഷകളില്‍ കൃസ്ത്യാന അതി വിദഗ്ധയാണ്. ഇവര്‍ ഫിസിക്‌സില്‍ പി.എച്ച്.ഡിയും കരസ്ഥമാക്കിയിട്ടുണ്ട്. ബി.എ.സി കമ്പനിയുടെ വെബ്‌സൈറ്റിലും ശാസ്ത്രജ്ഞ എന്നാണ് ക്രിസറ്റാ്യാനെയെ വിശേഷിപ്പിക്കുന്നത്. നേരത്തേ പാരീസിലെ ഒരു സ്ഥാപനത്തിലും ഇവര്‍ ജോലി ചെയ്തിട്ടുണ്ട്. ലോകത്തെ എല്ലാ രാജ്യങ്ങളിലും പറന്ന് നടക്കുന്ന ഒരു വനിത എന്നാണ് ഇവരെ പലരും വിശേഷിപ്പിക്കുന്നതും. ക്രിസ്റ്റിയാന എന്തായാലും ഒരു പ്രഹേളികയാണ്. ആരാണ് ഇവര്‍ എന്ന് ഇന്ന് ലോകമെമ്പാടമുള്ള മാധ്യമപ്രവര്‍ത്തകര്‍ തെരയുകയാണ്. എന്നാല്‍ ആര്‍ക്കും പിടികൊടുക്കാതെ ഇപ്പോഴും അവര്‍ എവിടെയോ മറഞ്ഞിരിക്കുകയാണ്.
ഇതുപോലെയുള്ള ചാര സുന്ദരിമാരുടെ നെറ്റ്വര്‍ക്ക് ഇറാനിലും സജീവമാണ്. എന്തിനുംപോന്ന ട്രെയിന്‍ഡ് ചാര വനിതകള്‍ക്ക് പുറമേ, ലോകമെമ്പാടും മൊസാദിന് പെയിഡ് ചാരസുന്ദരികള്‍ ഉണ്ട്. മൊസാദ് ഒരു കാര്യം പറഞ്ഞാല്‍ ഹണി ട്രാപ്പിലുടെയാണെങ്കിലും അവര്‍ കാര്യം നടത്തിത്തരും. അതുപോലെ കോടിക്കണക്കിന് ഡോളര്‍ കൊടുത്ത് മൊസാദ് വളര്‍ത്തുന്ന പെയ്ഡ് ചാരന്‍മ്മാരും ലോകത്തിന്റെ വിവിധ കോണുകളിലുണ്ട്. ഈജിപ്ഷ്യന്‍ പ്രസിഡന്റ് നാസറിന്റെ മരുമകനെപ്പോലും പണം നല്‍കി അവര്‍ കൂറുമാറ്റിയിരുന്നു! ഇപ്പോഴും അജ്ഞാതനായ ഒരു ഉന്നത ചാരന്‍ ഇറാന്‍ നേതൃത്വത്തിലുണ്ട് എന്ന് സംശയമുണ്ട്. അതിനായുള്ള ആഭ്യന്തര അന്വേഷണം അവര്‍ തുടരുന്നുവെന്ന് ലോക മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
വാല്‍ക്കഷ്ണം: നാലുപാടും ശത്രുക്കളാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന ഇസ്രയേല്‍ എന്ന ഒരു കൊച്ചുരാജ്യം അതിജീവിക്കുന്നത് ഈ ചാര നെറ്റ്വര്‍ക്കിലൂടെ കൂടിയാണ്. 'നിങ്ങള്‍ ഞങ്ങളെ അത്താഴമാക്കുന്നതിന് മുമ്പ് ഞങ്ങള്‍ നിങ്ങളെ ഉച്ചഭക്ഷണമാക്കുമെന്നാണ്' ഒരിക്കല്‍ മൂന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണ്‍ ഇതേക്കുറിച്ച് പറഞ്ഞത്.


