കോട്ടയം: കുടമാളൂരിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് അപകടം. പുക ഉയരുന്നതുകണ്ട് യാത്രക്കാർ ഉടൻ പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി. അപകടത്തിൽ ആർക്കും പരിക്കില്ല. അതേസമയം, കാർ പൂർണമായും കത്തിനശിച്ചു.

കുമാരനല്ലൂർ സ്വദേശി കൃഷ്ണകുമാറും സഹോദരിയുമാണ് കാറിലുണ്ടായിരുന്നത്. തീ പടരുന്നതു കണ്ട് നാട്ടുകാർ ഉടൻതന്നെ തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കോട്ടയത്തുനിന്ന് അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തിയപ്പോഴേക്കും കാർ പൂർണമായും കത്തിയിരുന്നു.