തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് എല്‍.ഡി.എഫ് നേതൃത്വം ആവര്‍ത്തിക്കുമ്പോഴും, പാര്‍ട്ടിക്കുള്ളിലെ ബൂത്ത് തല അവലോകന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോള്‍ ഇടത് ക്യാമ്പുകളില്‍ പ്രതീക്ഷയും ആശങ്കയും ഒരുപോലെ നിഴലിക്കുന്നു. മന്ത്രിസഭയിലെ പ്രമുഖര്‍ പോലും പരാജയപ്പെട്ടേക്കാമെന്ന മണ്ഡലം കമ്മിറ്റികളുടെ റിപ്പോര്‍ട്ടുകള്‍ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

തിരുവനന്തപുരത്ത് സിറ്റിംഗ് സീറ്റുകളില്‍ അട്ടിമറി ഭീതി

കഴിഞ്ഞ തവണ 14-ല്‍ 13 സീറ്റും നേടിയ തിരുവനന്തപുരം ജില്ലയില്‍ ഇത്തവണ ചിത്രം മാറിയേക്കാമെന്നാണ് സി.പി.എം വിലയിരുത്തല്‍. നെയ്യാറ്റിന്‍കര, അരുവിക്കര, കാട്ടാക്കട, നേമം മണ്ഡലങ്ങളില്‍ വിജയിച്ചാല്‍ തന്നെ ഭൂരിപക്ഷം വളരെ കുറവായിരിക്കും. തിരുവനന്തപുരം, കോവളം സീറ്റുകളില്‍ നിര്‍ത്തിയ പൊതുസ്വതന്ത്രരുടെ വിജയസാധ്യത കുറവാണെന്നാണ് പാര്‍ട്ടിയുടെ നിഗമനം.

വര്‍ക്കല, ആറ്റിങ്ങല്‍, പാറശ്ശാല എന്നിവിടങ്ങളില്‍ വിജയം ഉറപ്പാണ്. വട്ടിയൂര്‍ക്കാവില്‍ വി.കെ പ്രശാന്ത് കടുത്ത മത്സരം നേരിട്ടെങ്കിലും ജയിച്ചുകയറുമെന്ന് പാര്‍ട്ടി കരുതുന്നു.

പാലക്കാട് പത്തും ഉറപ്പ്; തൃത്താലയില്‍ രാജേഷ് ജയിക്കും

പാലക്കാട് ജില്ലയില്‍ സി.പി.എം വലിയ ആത്മവിശ്വാസത്തിലാണ്. മന്ത്രി എം.ബി. രാജേഷും വി.ടി. ബല്‍റാമും ഏറ്റുമുട്ടിയ തൃത്താലയില്‍ വിജയം ഉറപ്പാണെന്ന് ജില്ലാ സെക്രട്ടേറിയറ്റ് വിലയിരുത്തുന്നു. ജില്ലയിലെ 10 സിറ്റിംഗ് സീറ്റുകളും നിലനിര്‍ത്തും. പാലക്കാട്, മണ്ണാര്‍ക്കാട് സീറ്റുകളും തിരിച്ചുപിടിക്കുന്നത് പ്രയാസകരമാകും. പാലക്കാട് മണ്ഡലത്തില്‍ എന്‍.എം.ആര്‍ റസാഖ് രണ്ടാമതെത്തുമെന്നാണ് കണക്കുകൂട്ടല്‍.

കോങ്ങാട് ബി.ജെ.പി കോണ്‍ഗ്രസിനെയും, മലമ്പുഴയില്‍ കോണ്‍ഗ്രസ് ബി.ജെ.പിയെയും സഹായിച്ചതായി പാര്‍ട്ടി ആരോപിക്കുന്നുണ്ടെങ്കിലും ഈ സീറ്റുകള്‍ നിലനിര്‍ത്താമെന്ന് നേതൃത്വം വിശ്വസിക്കുന്നു.

മലപ്പുറത്ത് മന്ത്രി അബ്ദുറഹിമാന് തിരിച്ചടിയോ?

മലപ്പുറം ജില്ലയിലെ റിപ്പോര്‍ട്ടുകള്‍ സി.പി.എമ്മിന് ഒട്ടും ശുഭകരമല്ല. മന്ത്രി വി. അബ്ദുറഹിമാന്‍ തിരൂരില്‍ പരാജയപ്പെട്ടേക്കാമെന്ന് പാര്‍ട്ടി ഭയപ്പെടുന്നു. കഴിഞ്ഞ തവണ എല്‍.ഡി.എഫിനൊപ്പമായിരുന്ന താനൂരും ഇത്തവണ കൈവിട്ടുപോകാന്‍ സാധ്യതയുണ്ട്. പൊന്നാനിയിലും തവനൂരിലും ഭൂരിപക്ഷം വലിയ തോതില്‍ കുറഞ്ഞാലും ഈ രണ്ട് സീറ്റുകള്‍ നിലനിര്‍ത്താമെന്ന നേരിയ ആശ്വാസത്തിലാണ് നേതൃത്വം.

ഇടുക്കിയില്‍ പീരുമേട് നഷ്ടമായേക്കും

ഇടുക്കിയില്‍ പീരുമേട്ടില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സിറിയക് തോമസിന് അനുകൂലമായുണ്ടായ സഹതാപ തരംഗം എല്‍.ഡി.എഫിന് പാരയാകും. ഉടുമ്പഞ്ചോലയിലും ഇടുക്കിയിലും വിജയം ഉറപ്പാണ്. ദേവികുളത്ത് മത്സരം അതിശക്തമാണ്.

കൊല്ലത്തും കോഴിക്കോട്ടും കടുത്ത പോരാട്ടം

കൊല്ലത്ത് ആറ് മുതല്‍ ഒന്‍പത് സീറ്റുകള്‍ വരെ ലഭിക്കാം. കൊല്ലം, ചവറ, കുന്നത്തൂര്‍, കുണ്ടറ, പത്തനാപുരം മണ്ഡലങ്ങളില്‍ ഫലം പ്രവചനാതീതമാണ്.

കോഴിക്കോട് ജില്ലയില്‍ എട്ട് സീറ്റുകള്‍ ഉറപ്പാണ്. വടകര തിരിച്ചുപിടിക്കുമെന്ന് പ്രതീക്ഷിക്കുമ്പോഴും കോഴിക്കോട് സൗത്ത്, കുന്ദമംഗലം, നാദാപുരം, കുറ്റ്യാടി, കൊയിലാണ്ടി സീറ്റുകളില്‍ ആശങ്കയുണ്ട്.

കണ്ണൂരും കാസര്‍കോടും എന്തുസംഭവിക്കും?

കണ്ണൂരില്‍ സിറ്റിംഗ് സീറ്റുകള്‍ നിലനിര്‍ത്താമെന്നാണ് പ്രതീക്ഷ. കാസര്‍കോട് ജില്ലയില്‍ തൃക്കരിപ്പൂരില്‍ ന്യൂനപക്ഷ ഏകീകരണം ഗുണമാകുമെന്ന് കരുതുമ്പോഴും, ഉദുമയില്‍ 1500 വോട്ടുകള്‍ക്ക് പിന്നിലാണെന്ന റിപ്പോര്‍ട്ടുകള്‍ പാര്‍ട്ടിയെ അസ്വസ്ഥമാക്കുന്നുണ്ട്.