പത്തനംതിട്ട: പത്തനംതിട്ട കോന്നിയില്‍ ഇടതു കണ്‍വെന്‍ഷന്‍ യോഗത്തില്‍ പ്രസംഗത്തിനിടെ ചോദ്യം ചോദിച്ചയാളോട് വീട്ടില്‍ പോയി ചോദിക്കൂ എന്ന മുഖ്യമന്ത്രിയുടെ മറുപടി ഏറെ വിവാദമാകുകയാണ്. വോട്ടു ചോദിക്കാന്‍ ഇടതു സഖാക്കള്‍ വീട്ടിലേക്ക് എത്തുമ്പോള്‍ ആളുകള്‍ ഇങ്ങനെ പ്രതികരിച്ചാല്‍ മതിയോ എന്ന മറുചോദ്യവുമായി വിഷയം കത്തിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. ഇതിനിടെ മുഖ്യമന്ത്രിയോട് ഒരു ചോദ്യം ചോദിക്കാനുണ്ടെന്ന് സദസ്സില്‍ നിന്ന് വിളിച്ചു പറഞ്ഞയാളെ കണ്ടെത്തി. അട്ടച്ചാക്കല്‍ ഈസ്റ്റ് മുക്ക് സ്വദേശി ദാസ് പി ജോര്‍ജ് ആണ് മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ചത്. എന്നാല്‍, ചോദ്യം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ വീട്ടില്‍ പോയി ചോദിക്കൂ എന്ന് മുഖ്യമന്ത്രി മറുപടി നല്‍കുകയായിരുന്നു.

പാര്‍ട്ടി പ്രവര്‍ത്തകനാണ് ദാസ് പി ജോര്‍ജ്. ചോദ്യം വികസനത്തെക്കുറിച്ചും കേന്ദ്ര ഫണ്ട് കിട്ടാത്തതിനെക്കുറിച്ചുമായിരുന്നുവെന്ന് ദാസ് പി ജോര്‍ജ് പ്രതികരിച്ചു. താന്‍ പിണറായി വിജയന്റെ ആരാധകനാണെന്നാണ് ദാസ് പറയുന്നത്. താന്‍ ചോദ്യം ഉയര്‍ത്തിയത് കൊണ്ട് പ്രസംഗം തടസ്സപ്പെടുന്ന അവസ്ഥ വന്നു. അതുകൊണ്ടാകാം മുഖ്യമന്ത്രി അങ്ങനെ പ്രതികരിച്ചത് എന്നാണ് ദാസ് പറയുന്നത്. മുന്നോട്ടുള്ള വികസനത്തിന് പണം വേണം, കേന്ദ്ര് ഫണ്ട് തടഞ്ഞിരിക്കയാണ് ഇതേക്കുറിച്ചാണ് ചോദിക്കാന്‍ തുനിഞ്ഞതെന്നും ദാസ് വ്യക്തമാക്കി.

ഇന്നലെ വൈകീട്ട് കോന്നിയില്‍ നടന്ന എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍ ആയിരുന്നു സംഭവം. മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടയായിരുന്നു സദസ്സിലിരുന്ന ഒരാള്‍ ഒരു ചോദ്യം എന്ന് മുഖ്യമന്ത്രിയോട് പറഞ്ഞത്. കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പ്രസംഗിക്കുമ്പോള്‍ ആയിരുന്നു ചോദ്യമെത്തിയത്. ഉടന്‍ തന്നെ വീട്ടില്‍ പോയി ചോദിക്കൂ എന്ന് മറുപടി നല്‍കുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ യുഡിഎഫുകാര്‍ വിഷയം ഏറ്റെടുത്തിട്ടുണ്ട്. ഇതാണ് യഥാര്‍ഥ പിണറായി വിജയനെന്ന് ട്രോളി യുഡിഎഫ് സൈബറിടങ്ങളും രംഗത്തുവന്നത്. ക്യാമറകള്‍ക്ക് മുന്നില്‍ സരസമായി സംസാരിക്കുന്ന പിണറായി വെറും പി ആര്‍ വിജയനാണ് എന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം. തനി സ്വഭാവം പുറത്തുവന്നതാണെന്നാണ് യുഡിഎഫുകാര്‍ പരിഹസിക്കുന്നത്. എന്തായാലും ആ ചോദ്യം ചോദിച്ച സഖാവിന്റെ അവസ്ഥയെയും പലരും പരിഹസിക്കുന്നുണ്ട്. ഈ സംഭവത്തോടെ പിണറായി ധാര്‍ഷ്ട്യം വീണ്ടും ചര്‍ച്ചകളില്‍ നിറഞ്ഞിട്ടുണ്ട്.

തിരഞ്ഞെടുപ്പ് വേളയില്‍ തുടര്‍ച്ചയായി രണ്ടാം തവണയാണ് മുഖ്യമന്ത്രി വാവിട്ട് സംസാരിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രയോഗങ്ങള്‍ ആയുധമാക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. ചെറ്റത്തരം പരാമര്‍ശവും വീട്ടില്‍ പോയി പറയലും ഉന്നയിക്കും. പി ആര്‍ ഏശുന്നില്ലെന്നാണ് ആരോപണം. നേരത്തെ അമ്പലപ്പുഴയിലെ സ്വതന്ത്രസ്ഥാനാര്‍ഥി ജി. സുധാകരന്റെ നിലപാടിനെ ചെറ്റത്തരം എന്നും വിശേഷിപ്പിച്ചിരുന്നു.


ജി.സുധാകരന്‍ കാണിച്ച വഞ്ചനയ്ക്ക് ഇതില്‍ പരം വേറൊരു വിശേഷണമില്ലെന്നുറപ്പിച്ച് മുഖ്യമന്ത്രി നിലപാടു പറഞ്ഞു. പഴയ പരനാറി പ്രയോഗമുണ്ടാക്കിയ പൊല്ലാപ്പുകള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ ജി.സുധാകരന്‍ ചെയ്തതിനെക്കുറിച്ച് പറയാന്‍ എന്റെ നിഘണ്ടുവില്‍ വേറെ വാക്കില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.