- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സ്ത്രീവിരുദ്ധതയ്ക്ക് മാപ്പില്ല! യു. പ്രതിഭ പൊട്ടിക്കരഞ്ഞതോടെ യുഡിഎഫ് പ്രതിരോധത്തില്‍; ആയുധമാക്കി എല്‍ഡിഎഫ്; ഇര്‍ഷാദ് തെറിച്ചു! യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം പോയി, ലീഗില്‍ നിന്ന് സസ്പെന്ഷന്; പുതിയ കണ്‍വീനറായി ബഷീര്‍കുട്ടി; വോട്ട് ചോരാതിരിക്കാന്‍ കായംകുളത്ത് യുഡിഎഫിന്റെ അടിയന്തര സര്‍ജിക്കല്‍ സ്ട്രൈക്ക്
ഇര്‍ഷാദ് തെറിച്ചു! യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം പോയി

ആലപ്പുഴ: കായംകുളം എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു. പ്രതിഭയ്ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ മുസ്ലീം ലീഗ് നേതാവ് എ. ഇര്‍ഷാദിനെ കായംകുളം യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും നീക്കി. ഇതിനുപുറമേ ലീഗ് അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണ വിധേയമായാണ് നടപടി. ഇര്‍ഷാദിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ വ്യാപക വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് യുഡിഎഫ് നേതൃത്വം നടപടിയെടുത്തത്. പി.കെ. ബഷീര്‍കുട്ടിയാണ് കായംകുളത്തെ പുതിയ യുഡിഎഫ് കണ്‍വീനര്‍.
തനിക്കെതിരെ യുഡിഎഫ് നേതാവ് നടത്തിയ അധിക്ഷേപകരവും സ്ത്രീവിരുദ്ധവുമായ പരാമര്‍ശത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് കായംകുളം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു. പ്രതിഭ വ്യക്തമാക്കി. ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞുകൊണ്ടാണ് പ്രതിഭയുടെ പ്രതികരണം. പരാമര്‍ശം വിവാദമായതോടെ യുഡിഎഫ് നേതാവ് എ. ഇര്‍ഷാദ് പിന്നീട് ഖേദം പ്രകടിപ്പിച്ചു.
'ഒരു സ്ത്രീയോടും പറയാന്‍ പാടില്ലാത്തതാണ് ലീഗ് നേതാവ് പറഞ്ഞത്,' വാര്‍ത്താസമ്മേളനത്തിനിടെ വിതുമ്പിക്കൊണ്ട് പ്രതിഭ പറഞ്ഞു. 'ആ വാക്കുകള്‍ ഞെട്ടലും വലിയ വേദനയുമുണ്ടാക്കി. എന്റെ ശരീരഭാഷ പോലും മോശമാക്കിയാണ് അദ്ദേഹം സംസാരിച്ചത്. 'ഡിസിസി പ്രസിഡന്റ് അടക്കമുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു ഈ പരാമര്‍ശമെന്നും അവര്‍ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് സമയത്തുപോലും സ്ത്രീകളോട് ഇത്തരത്തിലാണ് സമീപനമെന്നും, ഇത് സ്ത്രീകളെ മൊത്തത്തില്‍ അപമാനിക്കുന്ന പരാമര്‍ശമാണെന്നും പ്രതിഭ വ്യക്തമാക്കി. ഒരു സ്ത്രീയുടെ ശരീരമോ മുഖമോ അല്ല തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഈ വിഷയത്തില്‍ പോലീസിനും ജില്ലാ കളക്ടര്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കുമെന്ന് യു. പ്രതിഭ അറിയിച്ചു. തെറ്റ് ചെയ്തിട്ട് പിന്നീട് ഖേദം പ്രകടിപ്പിച്ചാല്‍ അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചതോടെയാണ് എ. ഇര്‍ഷാദ് സംഭവത്തില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയയിലെ പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം പ്രതികരിച്ചു. തന്റെ പ്രസംഗം പൂര്‍ണമായി കേള്‍ക്കണമെന്നും, ഒരു ഭാഗം മാത്രം അടര്‍ത്തിമാറ്റി പ്രചരിപ്പിച്ചതാണെന്നും ഇര്‍ഷാദ് വിശദീകരിച്ചു.
യു. പ്രതിഭയ്ക്ക് നേരെയുണ്ടായ അധിക്ഷേപത്തിനെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്നും ശക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്നും എല്‍ഡിഎഫ് നേതൃത്വം അറിയിച്ചിരുന്നു. സ്ത്രീവിരുദ്ധവും അപമാനകരവുമായ ഈ പരാമര്‍ശങ്ങളെ മുഖ്യമന്ത്രി പിണറായി വിജയനും രൂക്ഷമായി അപലപിച്ചു. ഒരു പൊതുപ്രവര്‍ത്തകയെ ആക്രമിക്കുന്നത് രാഷ്ട്രീയ സംസ്‌കാരത്തിന്റെ തകര്‍ച്ചയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 'അവള്‍ക്കൊപ്പം' എന്ന് ആവര്‍ത്തിക്കുന്ന പ്രതിപക്ഷത്തിന്റെ കാപട്യമാണ് ഇതിലൂടെ തുറന്നുകാട്ടപ്പെടുന്നതെന്നും, ഇതൊരു വ്യക്തിയെ മാത്രം ലക്ഷ്യമിട്ടുള്ള ആക്രമണമല്ലെന്നും പൊതുരംഗത്തെ മുഴുവന്‍ സ്ത്രീകളോടുമുള്ള അധിക്ഷേപമാണെന്നും മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.


