കരൂര്‍: നടന്‍ വിജയ് നയിച്ച തമിഴ് വെട്രി കഴകം റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് മരിച്ച 39 പേരില്‍, ഒന്നര വയസ്സുള്ള കുട്ടി ഉള്‍പ്പെടെ രണ്ട് ഗര്‍ഭിണികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. അടുത്ത മാസം വിവാഹം നടക്കാനിരിക്കെ, പ്രതിശ്രുത വരനും വധുവിനും അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത് തീരാദുഃഖമായി.

വിജയ് യെ ഒരുനോക്കാന്‍ കൊതിച്ചാണ് ആകാശും ഗോകുല ശ്രീയും എത്തിയത്. അടുത്ത മാസമായിരുന്നു ഇവരുടെ വിവാഹം. എന്നാല്‍ ജീവിതം ഒന്നിപ്പിക്കുന്നതിന് മുന്‍പേ മരണം അവരെ ഒന്നിപ്പിച്ചു. തിക്കിലും തിരക്കിലും 24കാരായ ഇരുവരുടെയും ജീവന്‍ നഷ്ടമായി. ആറ്റുനോറ്റു വളര്‍ത്തിയ മകളെ തങ്ങള്‍ ബലികൊടുത്തുവെന്ന് പറഞ്ഞ് ഗോകുലശ്രീയുടെ അമ്മ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു.

'എന്റെ മകളെ ബലി കൊടുത്തതിന് തുല്യമായിപ്പോയി. അടുത്ത മാസം അവളുടെ വിവാഹമായിരുന്നു. സ്‌നേഹത്തോടെ പ്രതീക്ഷയോടെ വളര്‍ത്തിയ മകള്‍ക്ക് ഇങ്ങനെ സംഭവിച്ചതിന്റെ വേദന താങ്ങാനാകുന്നില്ല,' ഗോകുല്‍ ശ്രീയുടെ അമ്മ മാധ്യമങ്ങളോട് സംസാരിക്കവെ വിതുമ്പി.

മരിച്ച 38 പേരുടെ മൃതദേഹങ്ങള്‍ ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരു കുടുംബത്തിലെ മൂന്നുപേര്‍ (ഹേമലത, മക്കളായ സായ് കൃഷ്ണ, സായ് ജീവ) ഈ ദുരന്തത്തില്‍ പൊലിഞ്ഞു. മരിച്ചവരില്‍ 9 കുട്ടികളും 17 സ്ത്രീകളും ഉള്‍പ്പെടുന്നു. അപകടത്തില്‍ പരിക്കേറ്റ 51 പേരില്‍ 12 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. മരിച്ചവരില്‍ ഭൂരിഭാഗവും കരൂര്‍ സ്വദേശികളാണ്.

കരൂര്‍ മെഡിക്കല്‍ കോളേജിലും പരിസരത്തും പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായതിന് പിന്നാലെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറിത്തുടങ്ങി. പ്രിയപ്പെട്ടവരുടെ വിയോഗത്തില്‍ പൊട്ടിക്കരഞ്ഞാണ് ബന്ധുക്കള്‍ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങിയത്.



സംഭവം നടന്നയുടന്‍ പ്രതികരണത്തിന് നില്‍ക്കാതെ ട്രിച്ചി വിമാനത്താവളത്തിലേക്ക് പോയ വിജയ് പിന്നീട് ചെന്നൈയിലേക്ക് മടങ്ങി. അപ്രതീക്ഷിതമായ സംഭവത്തില്‍ തകര്‍ന്ന നിലയിലാണ് താരമെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. സംഭവവുമായി ബന്ധപ്പെട്ട് വിജയിനെ ഉടന്‍ അറസ്റ്റ് ചെയ്യേണ്ടെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചു.

വിമാനത്താവളത്തില്‍ വെച്ച് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കിയില്ല. എന്നാല്‍, രാത്രി വൈകിയാണ് വിജയ് സംഭവത്തില്‍ പ്രതികരിച്ച് സാമൂഹിക മാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവെച്ചത്. 'എന്റെ ഹൃദയം തകര്‍ന്നു. സഹിക്കാനാകാത്ത, പറഞ്ഞറിയിക്കാനാകാത്ത വേദനയില്‍ ഉള്ളം പിടയുകയാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എന്റെ സഹോദരീ സഹോദരന്‍മാരോട് നിസ്സീമമായ ആദരം അറിയിക്കുന്നു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വിജയ് പകല്‍ വന്നിരുന്നെങ്കില്‍ ദുരന്തം ഒഴിവായേനെ

ദുരന്തത്തില്‍, ഇതുവരെ 39 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കരൂരിനും ഈറോഡിനുമിടയിലുള്ള വെളുച്ചാമിപുരം ഹൈവേയിലാണ് സംഭവം. രാവിലെ മുതല്‍ വിജയ്യെ കാത്തിരുന്ന ജനക്കൂട്ടമാണ് അപകടത്തിന് കാരണമായത്. ഏകദേശം ഒന്‍പത് മീറ്റര്‍ വീതിയുള്ള റോഡില്‍, ഫുട്പാത്ത് ഉള്‍പ്പെടെ 12 മീറ്റര്‍ വീതിയുണ്ടായിരുന്നിട്ടും, ജനസാഗരം റോഡിന് ഇരുവശത്തും തിങ്ങിനിറഞ്ഞു. രാത്രി 7:45 ഓടെയാണ് വിജയ്യുടെ വാഹനവ്യൂഹം എത്തിയത്. വാഹനത്തിന് വഴി ഒരുക്കാനായി ജനങ്ങള്‍ തിങ്ങിഞെരുങ്ങിയതോടെയാണ് അപകടം ആരംഭിച്ചത്.

സംസാരത്തിനിടെ മൈക്കിന്റെ ബന്ധം വിച്ഛേദിക്കപ്പെട്ടതും, കൂടുതല്‍ ആളുകള്‍ വാഹനത്തിനടുത്തേക്ക് നീങ്ങിയതും സ്ഥിതി വഷളാക്കി. ഇതിനിടെ, മരങ്ങള്‍, വീടുകള്‍, വൈദ്യുതി തൂണുകള്‍ എന്നിവക്ക് മുകളില്‍ കയറിയവരില്‍ ചിലര്‍ താഴേക്ക് വീണു. ഈ പരിഭ്രാന്തി അപകടത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചു. നിലത്ത് വീണവര്‍ക്ക് ചവിട്ടേറ്റുള്ള പരിക്കുകളാണ് ഏറെയും. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഭൂരിഭാഗം പേരുടെയും വാരിയെല്ലുകള്‍ ഒടിഞ്ഞ് ശ്വാസകോശത്തില്‍ കയറിയതാണ് മരണകാരണമെന്ന് വ്യക്തമായിട്ടുണ്ട്.




രാത്രി വൈകിയെത്തിയ വിജയ്യുടെ വാഹനവ്യൂഹം, കൊടുംചൂടില്‍ കാത്തുനിന്ന ജനങ്ങള്‍ക്ക് ആവശ്യത്തിന് ഭക്ഷണവും വെള്ളവും ലഭിക്കാത്ത അവസ്ഥയില്‍ സ്ഥിതി കൂടുതല്‍ വഷളാക്കി. വൈദ്യുതി പ്രശ്‌നങ്ങളും ദുരിതം വര്‍ദ്ധിപ്പിച്ചു. സ്ത്രീകളും കുട്ടികളും മണിക്കൂറുകളോളം കാത്തുനിന്നതായി നാട്ടുകാര്‍ പറഞ്ഞു. വിജയ്‌ക്കൊപ്പം നൂറുകണക്കിന് വാഹനങ്ങള്‍വന്നു. ഈ വാഹനങ്ങള്‍ വഴിയില്‍ തടയേണ്ടതായിരുന്നു. വിജയ് പകല്‍ വന്നിരുന്നെങ്കില്‍ ദുരന്തം ഒഴിവാക്കാമായിരുന്നു' എന്നാണ് നാട്ടുകാരിയായ സ്ത്രീ പറഞ്ഞത്.

മരിച്ചവരില്‍ 17 സ്ത്രീകളും 13 പുരുഷന്മാരും ഉള്‍പ്പെടുന്നു. ഒന്‍പത് കുട്ടികള്‍ക്കും ജീവന്‍ നഷ്ടമായി. 111 പേര്‍ ചികിത്സയിലാണ്, ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. അമ്മയും രണ്ട് മക്കളും, പ്രതിശ്രുത വരനും വധുവും, ഒന്നരവയസ്സുള്ള ദുര്‍വേഷ് ഉള്‍പ്പെടെയുള്ളവരെ ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ദുരന്തത്തെ നേരിടാന്‍ 500 ഓളം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.