ചെന്നൈ: തമിഴ്‌നാട്ടിലെ കരൂരിലുണ്ടായ ദുരന്തത്തെ തുടര്‍ന്ന് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷന്‍ വിജയ് തന്റെ സംസ്ഥാന പര്യടനം നിര്‍ത്തിവെച്ചു. ദുരന്തത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ടിവികെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. അതേസമയം, ദുരന്തവുമായി ബന്ധപ്പെട്ട് വിജയ്യെ ഉടന്‍ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനമെടുത്തതായാണ് സൂചന.

കോയമ്പത്തൂര്‍, നീലഗിരി ജില്ലകളില്‍ അടുത്തയാഴ്ച നടത്താനിരുന്ന പര്യടനമാണ് വിജയ് റദ്ദാക്കിയത്. കരൂരിലെ റാലിക്കിടെയുണ്ടായ ജനത്തിരക്കില്‍് ആളപായം സംഭവിച്ചതിനെ തുടര്‍ന്നാണ് ഈ നടപടി. സംഭവത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. 'ഈ സഹായധനം ജീവന്‍ നഷ്ടമായതിന് പരിഹാരമല്ല, എന്നാല്‍ എല്ലാ പിന്തുണയും ടിവികെ നല്‍കും, 'വിജയ് എക്‌സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.

കരൂരിലെ ദുരന്തത്തെ തുടര്‍ന്ന് ടിവികെ സംസ്ഥാന നേതാക്കള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും, വിജയ്ക്കെതിരെ ഇതുവരെ ഔദ്യോഗികമായി കേസെടുത്തിട്ടില്ല. സര്‍ക്കാര്‍, വിജയ്യെ ഉടന്‍ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നാളെ കോടതിയില്‍ ഈ വിഷയം ഉന്നയിക്കപ്പെടുമെന്നും, കോടതിയുടെ നിര്‍ദ്ദേശം വരും വരെ കാത്തിരിക്കാനാണ് സാധ്യതയെന്നും വിലയിരുത്തപ്പെടുന്നു. കോടതി സ്വമേധയാ കേസെടുക്കാനും സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. വിജയ്ക്ക് അനുകൂലമായ സഹതാപ തരംഗം ഉയര്‍ത്തേണ്ടതില്ലെന്ന നിലപാടിലാണ് നിലവില്‍ പാര്‍ട്ടിയും ഭരണകൂടവും. കരൂര്‍ ദുരന്തത്തില്‍ സര്‍ക്കാര്‍ ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍ ജഡ്ജി അരുണ ജഗദീശന്‍ അധ്യക്ഷയായ കമ്മീഷനാണ് അന്വേഷണ ചുമതല. കമ്മീഷന്‍ റിപ്പോര്‍ട്ട് വരും വരെ കാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

ഇതിനിടെ, കരൂരിലെ ദുരന്തം ഒരു ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബിജെപി ആരോപിച്ചു. സംഭവത്തില്‍ എന്തോ ചതി നടന്നിട്ടുണ്ടെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും തമിഴ്‌നാട് ബിജെപി പ്രസിഡന്റ് നൈനാര്‍ നാഗേന്ദ്രന്‍ ആവശ്യപ്പെട്ടു. ദുരന്ത സ്ഥലം സന്ദര്‍ശിച്ച ശേഷം സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കുറ്റക്കാരെ വെറുതെ വിടരുതെന്നും, വിജയ്ക്ക് നേതാക്കളുടെ ഗുണം ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹം ഇത്രവേഗം മടങ്ങില്ലായിരുന്നുവെന്നും നൈനാര്‍ നാഗേന്ദ്രന്‍ വിമര്‍ശിച്ചു. ദുരന്തത്തെക്കുറിച്ച് നിയമോപദേശം തേടാനും ടിവികെ തീരുമാനിച്ചിട്ടുണ്ട്.