- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ആശുപത്രികളില്‍ മൃതദേഹങ്ങള്‍ കുമിഞ്ഞുകൂടുന്നു! സ്വന്തം ജനതയെ കൊന്നൊടുക്കി ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്; വെടിയുണ്ടയുടെ വില നല്കിയാല് ശവം കിട്ടും; ഗള്‍ഫില്‍ യുദ്ധഭീതി മാറി, പക്ഷേ ചോരപ്പുഴ ഒഴുകുന്നു; ഇന്റര്‍നെറ്റ് പൂട്ടി ക്രൂരത ഒളിപ്പിച്ച് ഭരണകൂടം; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കുടുങ്ങി; ട്രംപിന്റെ മനംമാറ്റത്തിന് പിന്നിലെ രഹസ്യമെന്ത്?
ട്രംപിന്റെ മനംമാറ്റത്തിന് പിന്നിലെ രഹസ്യമെന്ത്?

ടെഹ്റാന്‍/വാഷിംഗ്ടണ്‍: പശ്ചിമേഷ്യയെ ചാരമാക്കുമെന്ന് ഭയപ്പെടുത്തിയ യുഎസ് - ഇറാന്‍ നേരിട്ടുള്ള യുദ്ധഭീഷണിക്ക് താല്‍ക്കാലിക ശമനമായെങ്കിലും, ഇറാന്റെ ഉള്‍നാടുകളില്‍ നിന്ന് പുറത്തുവരുന്നത് മനുഷ്യമനസ്സാക്ഷിയെ നടുക്കുന്ന വാര്‍ത്തകള്‍. ഒരു വശത്ത് ഡൊണാള്‍ഡ് ട്രംപിന്റെ മനംമാറ്റവും സൈനിക പിന്മാറ്റവും ആശ്വാസമേകുമ്പോള്‍, മറുവശത്ത് സ്വന്തം ജനതയ്ക്ക് നേരെ ഇറാന്‍ ഭരണകൂടം നടത്തുന്ന അടിച്ചമര്‍ത്തലുകള്‍ സമാനതകളില്ലാത്ത ക്രൂരതയായി മാറുകയാണ്.
യുദ്ധം വേണ്ടെന്ന് ട്രംപ്; വിമാനങ്ങള്‍ മടക്കി യുഎസ്
ഇറാനെ ലക്ഷ്യമിട്ട് നീങ്ങിയ അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ ഖത്തറിലെ അല്‍ ഉദൈദ് താവളത്തിലേക്ക് മടങ്ങിയതോടെ മേഖലയിലെ യുദ്ധപ്പേടിക്ക് താല്‍ക്കാലിക അന്ത്യമായി. വധശിക്ഷകള്‍ നടപ്പാക്കില്ലെന്ന് ഇറാന്‍ നല്‍കിയ രഹസ്യ ഉറപ്പിന് പിന്നാലെയാണ് ട്രംപിന്റെ ഈ പിന്മാറ്റം. 'കൊലപാതകം നിര്‍ത്തിയെന്ന വാര്‍ത്ത സന്തോഷകരമാണ്' എന്നാണ് ട്രംപ് പ്രതികരിച്ചത്. ഇറാനെ ആക്രമിക്കാന്‍ തനിക്ക് താല്പര്യമില്ലെന്ന് ട്രംപ് അറിയിച്ചതായി പാകിസ്ഥാനിലെ ഇറാന്‍ നയതന്ത്ര പ്രതിനിധി റെസ അമീരി മൊഘദാമും സ്ഥിരീകരിച്ചു.
നിലവിലെ സാഹചര്യത്തെ ടെഹ്റാന്‍ സംയമനത്തോടെ നേരിടണമെന്ന് ട്രംപ് സൂചിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് തനിക്ക് ട്രംപിന്റെ സന്ദേശം ലഭിച്ചതെന്ന് മൊഘദാമിനെ ഉദ്ധരിച്ച് പാകിസ്ഥാന്‍ ദിനപത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഇറാന്‍ മേഖലയിലെ യുഎസ് താല്‍പ്പര്യങ്ങളെ ലക്ഷ്യമിടരുതെന്നും ട്രംപ് ആവശ്യപ്പെട്ടതായി മൊഘദാം പറയുന്നു.
പ്രതിഷേധക്കാരെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു സമീപകാലം വരെയും അമേരിക്ക സ്വീകരിച്ചിരുന്നത്. പ്രതിഷേധം തുടരാനും അവര്‍ക്കുള്ള സഹായം എത്തിക്കൊണ്ടിരിക്കുകയാണെന്നും നേരത്തെ ട്രംപ് അറിയിച്ചിരുന്നു. കൂടാതെ, യുഎസ് വിമാനവാഹിനി കപ്പല്‍ യുഎസ്എസ് എബ്രഹാം ലിങ്കണ്‍ മിഡില്‍ ഈസ്റ്റിലേക്ക് നീങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രതിഷേധങ്ങളില്‍ അറസ്റ്റിലായവര്‍ക്ക് ഇറാന്‍ വധശിക്ഷ നടപ്പാക്കുകയാണെങ്കില്‍ സൈനിക നടപടി സ്വീകരിക്കുമെന്നും അമേരിക്ക ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍, പിന്നീട് വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍, അത്തരം വധശിക്ഷകള്‍ നടപ്പാക്കില്ലെന്ന് ഇറാനിലെ പ്രധാനപ്പെട്ട സ്രോതസ്സുകളില്‍ നിന്ന് ഉറപ്പ് ലഭിച്ചതായി ട്രംപ് പറഞ്ഞിരുന്നു. ഈ സാഹചര്യങ്ങളെല്ലാം അമേരിക്ക ഇറാനെ ആക്രമിക്കാനുള്ള സാധ്യതകള്‍ വര്‍ദ്ധിപ്പിച്ചിരുന്നു
ഇറാനില്‍ 'ബുള്‍ഡോസര്‍ ഭരണം'; ആശുപത്രികള്‍ നിറഞ്ഞ് മൃതദേഹങ്ങള്‍
ആക്രമണ ഭീഷണി ഒഴിഞ്ഞെങ്കിലും ഇറാന്റെ ഉള്ളില്‍ നടക്കുന്നത് ഭീകരമായ കാഴ്ചകളാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തെരുവുകളില്‍ ചിതറിക്കിടക്കുന്ന മൃതദേഹങ്ങള്‍ നീക്കം ചെയ്യാന്‍ ഭരണകൂടം ബുള്‍ഡോസറുകള്‍ ഉപയോഗിക്കുന്നതായാണ് ഇന്ത്യയിലുള്ള ഇറാന്‍ വംശജര്‍ വെളിപ്പെടുത്തുന്നത്. ആശുപത്രികള്‍ മൃതദേഹങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
കൊല്ലപ്പെട്ടവരുടെ മൃതദേഹം വിട്ടുകിട്ടുന്നതിനായി കുടുംബങ്ങള്‍ വന്‍തുക നല്‍കേണ്ടി വരുന്നതായി ടെഹ്റാന്‍ സ്വദേശിനിയായ അബ്ഗിന്‍ ഖാക്കി പറഞ്ഞു. മൃതദേഹങ്ങള്‍ക്കായി ഏകദേശം 50 കോടി തോമന്‍ (ഏകദേശം 3.6 ലക്ഷം രൂപ) വരെ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നതായും, മക്കളെ കൊല്ലാന്‍ ഉപയോഗിച്ച വെടിയുണ്ടയുടെ വില വരെ ഭരണകൂടം ചോദിക്കുന്നതായും അവര്‍ ആരോപിച്ചു.
പ്രതിഷേധം അടിച്ചമര്‍ത്താന്‍ ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് കടുത്ത നടപടികളാണ് സ്വീകരിക്കുന്നത്. ഉച്ചയ്ക്ക് മൂന്ന് മണി മുതല്‍ പുലര്‍ച്ചെ വരെ നഗരത്തില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ പെല്ലറ്റ് തോക്കുകള്‍ ഉപയോഗിച്ചിരുന്ന സുരക്ഷാ സേന ഇപ്പോള്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ പോലും നേരിട്ട് വെടിയുണ്ടകള്‍ ഉപയോഗിക്കുകയാണെന്ന് ഫിന്‍ലന്‍ഡിലേക്ക് താമസം മാറിയ ബഹാര്‍ ഘോര്‍ബാനി വ്യക്തമാക്കുന്നു. രാജ്യത്ത് ഭക്ഷ്യവസ്തുക്കള്‍ക്ക് കൊടിയ വിലക്കയറ്റവും നേരിടുന്നുണ്ട്.
ഇന്ത്യന്‍ പൗരന്മാരോട് മടങ്ങാന്‍ നിര്‍ദ്ദേശം
സാഹചര്യങ്ങള്‍ അതീവ ഗുരുതരമായതോടെ ഇറാനിലുള്ള മുഴുവന്‍ ഇന്ത്യന്‍ പൗരന്മാരോടും എത്രയും വേഗം രാജ്യം വിടാന്‍ ഇന്ത്യന്‍ എംബസി നിര്‍ദ്ദേശം നല്‍കി. ഏകദേശം 3,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ഇറാനിലുള്ളത്. ഇതില്‍ ഭൂരിഭാഗവും കശ്മീര്‍ സ്വദേശികളാണ്.
വാര്‍ത്തകള്‍ പുറംലോകം അറിയാതിരിക്കാന്‍ ഇറാന്‍ ഇന്റര്‍നെറ്റ് പൂര്‍ണ്ണമായും വിച്ഛേദിച്ചിരിക്കുകയാണ്. ഇത് കാരണം എംബസിയുടെ ജാഗ്രതാ നിര്‍ദ്ദേശം പോലും പല വിദ്യാര്‍ത്ഥികളിലും എത്തുന്നില്ല. വിമാന ടിക്കറ്റുകള്‍ക്ക് വന്‍ വിലക്കയറ്റം അനുഭവപ്പെടുന്നതും വിദ്യാര്‍ത്ഥികളുടെ മടക്കയാത്രയ്ക്ക് തടസ്സമാകുന്നുണ്ട്.
ബ്രിട്ടനും നാറ്റോയും പിന്മാറുന്നു
മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷാവസ്ഥ മുന്‍നിര്‍ത്തി ബ്രിട്ടന്‍ തങ്ങളുടെ സൈനികരെ യുഎസ് താവളങ്ങളില്‍ നിന്ന് മാറ്റി. നാറ്റോ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാര്‍ക്ക് 'ലീവ് നൗ' (Leave Now) മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. അഞ്ച് മണിക്കൂറോളം അടച്ചിട്ട ഇറാന്‍ വ്യോമപാത വീണ്ടും തുറന്നെങ്കിലും മേഖലയില്‍ ഇപ്പോഴും നിഗൂഢമായ സമാധാനമാണ് നിലനില്‍ക്കുന്നത്.


