- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പുട്ടിന് അധികം വൈകാതെ മരിക്കും, അതോടെ എല്ലാ യുദ്ധവും അവസാനിക്കും': റഷ്യന്‍ പ്രസിഡന്റ് മരണാസന്നനെന്ന് തുറന്നടിച്ച് സെലന്‍സ്‌കി; പൊതുവേദികളില്‍ അവശനായി കാണുന്ന റഷ്യന്‍ പ്രസിഡന്റിന്റെ ആരോഗ്യനിലയിലെ അഭ്യൂഹങ്ങള്‍ ശരിവച്ച് യുക്രെയിന്‍ പ്രസിഡന്റ്
പുട്ടിന് അധികം വൈകാതെ മരിക്കും
കീവ്: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്റെ ആരോഗ്യനില മോശമാണെന്ന അഭ്യൂഹങ്ങള്‍ പരക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഏറ്റവുമൊടുവില്‍, യുക്രെയിന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കിയാണ് ഈ വിഷയത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.
പുടിന്‍ അധികം വൈകാതെ മരിക്കുമെന്നും അതോടെ യുദ്ധം അവസാനിക്കുമെന്നുമാണ് സെലന്‍സ്‌കി തുറന്നടിച്ചത്. കീവ് ഇന്‍ഡിപ്പെന്‍ഡന്റാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ച് 26 ന് പാരീസില്‍ വച്ച് യൂറോപ്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് സെലന്‍സ്‌കി പുട്ടിന്റെ ആരോഗ്യനിലയെ കുറിച്ചുള്ള അഭ്യൂഹങ്ങളോട് പ്രതികരിച്ചത്.
യുഎസിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ കരിങ്കടലിലെ ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ റഷ്യയും യുക്രെയിനും ധാരണയായതിന് പിന്നാലെയാണ് പരാമര്‍ശമെന്ന് ന്യൂസ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
' ആഗോളതലത്തിലെ ഒറ്റപ്പെടലില്‍ നിന്ന് പുറത്തുകടക്കാന്‍ ഇപ്പോള്‍ പുടിനെ അമേരിക്ക സഹായിക്കാതിരിക്കുക എന്നത് പ്രധാനമാണ്. അത് വളരെ അപകടകരമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു', സെലന്‍സ്‌കി പറഞ്ഞു.
മരണം വരെ അധികാരത്തില്‍ തുടരാനാകുമെന്നാണ് പുടിന്‍ പ്രതീക്ഷിക്കുന്നത്. പുടിന്റെ അഭിലാഷങ്ങള്‍ യുക്രെയിനില്‍ ഒതുങ്ങി നില്‍ക്കില്ലെന്നും അത് പാശ്ചാത്യ ലോകവുമായി നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് നീങ്ങാമെന്നും സെലന്‍സ്‌കി പറഞ്ഞു. പുടിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ യുഎസും യൂറോപ്പും ഒറ്റക്കെട്ടായി നിലകൊളളണം. യൂറോപ്യന്‍- അമേരിക്കന്‍ സഖ്യത്തെ പുടിന്‍ ഭയപ്പെടുന്നുണ്ട്. അതുകൊണ്ട് ഈ സഖ്യത്തെ വേര്‍പിരിക്കാമെന്നാണ് പുട്ടിന്റെ പ്രതീക്ഷ, സെലന്‍സ്‌കി പറഞ്ഞു.
അത് കൂടാതെ പുടിന് മരണഭയവുമുണ്ട്. ' അദ്ദേഹം അധികം വൈകാതെ മരിക്കും. അതോടെ എല്ലാം അവസാനിക്കും'- സെലന്‍സ്‌കി തുറന്നടിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സെലന്‍സ്‌കിയുടെ തുറന്നടിക്കല്‍. പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടുമ്പോഴെല്ലാം അവശനായ പുട്ടിനെയാണ് കാണാന്‍ കഴിയുന്നത്. ചുമച്ച് തുടങ്ങിയാല്‍ നിര്‍ത്താന്‍ കഴിയാതെ ബുദ്ധിമുട്ടുന്നതും കൈകാലുകള്‍ നിയന്ത്രണാതീതമായി വിറയ്ക്കുന്നതും പുട്ടിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച വാര്‍ത്ത പ്രചരിക്കാന്‍ കാരണമായി. 2022 ല്‍ പ്രതിരോധമന്ത്രി സെര്‍ജി ഷൊയ്ഗുവുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ മേശയില്‍ തലകുമ്പിട്ടിരിക്കുന്ന വീഡിയോയും വ്യാപകമായി പ്രചരിച്ചു. പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനാണെന്നും അര്‍ബുദ ബാധിതനാണെന്നും വാര്‍ത്ത പരന്നിരുന്നു. എന്നാല്‍, ക്രംലിന്‍ ഔദ്യോഗികമായി ഇതെല്ലാം തള്ളിക്കളഞ്ഞിരുന്നു.
യുദ്ധത്തില്‍ അമേരിക്ക നല്‍കുന്ന പിന്തുണയ്ക്ക് സെലന്‍സ്‌കി നന്ദി പറഞ്ഞു. എനനാല്‍, ഇപ്പോള്‍ യുഎസ് ഭരണകൂടം റഷ്യയുടെ വാദങ്ങളാല്‍ സ്വാധീനിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ' ഇത്തരം വാദങ്ങളോട് ഞങ്ങള്‍ക്ക് പൊരുത്തപ്പെടാനാവില്ല. ഞങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ടി പോരാടുകയാണ്. അതല്ലാതെ വേറൊരു മാര്‍ഗ്ഗവുമില്ല. കൂടുതല്‍ സത്യം വിളിച്ചുപറയുക എന്നതാണ് ഞങ്ങള്‍ക്ക് ചെയ്യാനാവുന്നത്.'- സെലന്‍സ്‌കി പറഞ്ഞു.
2022 ഫെബ്രുവരിയിലാണ് റഷ്യ യുക്രെയിനില്‍ അധിനിവേശം നടത്തിയത്. യുക്രെയിന്റെ ഏകദേശം 20 ശതമാനത്തോളം ഇപ്പോള്‍ റഷ്യയുടെ കയ്യിലാണ്.