- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ക്രിമിനല്‍ കേസുകളില്‍ പ്രതിയാകുന്ന അംഗത്തെ സഭയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ അയോഗ്യനാക്കാമെന്ന ചട്ടം ഉപയോഗിച്ച് സിപിഎം തന്ത്രമൊരുക്കല്‍; നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതിനാല്‍ മാങ്കൂട്ടത്തിലിന് കോടതി ആശ്വാസമേകിയാലും പ്രശ്നമില്ലെന്നും വിലയിരുത്തല്‍; എത്തിക്സ് കമ്മറ്റി നീക്കം എന്തു കൊണ്ട്?

തിരുവനന്തപുരം: പീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കുന്നതില്‍ നിയമസഭാ എത്തിക്‌സ് ആന്‍ഡ് പ്രിവിലേജ് കമ്മിറ്റി തിങ്കളാഴ്ച തീരുമാനമെടുക്കും. ഡി.കെ. മുരളി നല്‍കിയ പരാതിയാണ് പ്രിവിലേജ് കമ്മിറ്റി പരിഗണിക്കുന്നത്. ഇതിന് പിന്നില്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കാനുള്ള സിപിഎം നീക്കമാണ്. മാങ്കൂട്ടത്തില്‍ വിഷയത്തില്‍ സിപിഎം നീക്കത്തെ കോണ്‍ഗ്രസ് എതിര്‍ക്കുമെന്നാണ് സിപിഎം പ്രതീക്ഷ. അതിന് വേണ്ടി മാത്രമാണ് ഈ നീക്കം.
നിരന്തരം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ രാഹുലിനെ അയോഗ്യനാക്കണമെന്നാണ് ആവശ്യം. രാഹുലിന്റെ ഭാഗംകൂടി കേട്ടാകും കമ്മിറ്റി തീരുമാനമെടുക്കുക. നിരന്തരം പീഡന കേസില്‍ പ്രതിയായ എംഎല്‍എയെ അയോഗ്യനാക്കാനുള്ള വ്യവസ്ഥ നിയമസഭയുടെ പെരുമാറ്റ ചട്ടം സംബന്ധിച്ച നടപടിക്രമങ്ങളില്‍ പറയുന്നുണ്ട്. രാഹുലിനെതിരായ പരാതി സ്പീക്കര്‍ പരിഗണിച്ച് പ്രിവിലേജ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റി പരിശോധിച്ച് സഭയ്ക്ക് അയോഗ്യനാക്കാം. അതിവേഗം ഈ നടപടികള്‍ എടുക്കാനാണ് നീക്കം. ഈ സമിതിയില്‍ സിപിഎമ്മിന് ഭൂരിപക്ഷമുണ്ട്. നിയമസഭയിലെ ഭൂരിപക്ഷവും ഉപയോഗിക്കാം. ഇതിനെതിരെ മാങ്കൂട്ടത്തിലിന് നിയമ നടപടികള്‍ എടുക്കാം.
എങ്കിലും അതില്‍ തീരുമാനം വരാന്‍ സമയം എടുക്കും. അപ്പോഴേക്കും നിയമസഭാ തിരഞ്ഞെടുപ്പും പുതിയ സഭയുമെല്ലാം വരാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ മാങ്കൂട്ടത്തിലിന് അനുകൂലമായ വിധികളുണ്ടായാലും സിപിഎമ്മിന് പ്രതിസന്ധിയുണ്ടാകില്ല. ഇതെല്ലാം മനസ്സിലാക്കിയാണ് നീക്കം. അതേസമയം സമാന കേസുകളില്‍ നേരത്തെ അറസ്റ്റിലായ മറ്റ് എംഎല്‍എമാരുടെ കാര്യം ചില കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിക്കുന്നുണ്ട്. അതേസമയം സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നീക്കമുണ്ടായാല്‍ രാഷ്ട്രീയ തീരുമാനമെടുക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. മൂന്നാം പീഡനക്കേസില്‍ റിമാന്‍ഡിലായിരുന്ന രാഹുല്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.
ക്രിമിനല്‍ കേസുകളില്‍ പ്രതിയാകുന്ന അംഗത്തെ സഭയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ അയോഗ്യനാക്കാമെന്ന ചട്ടം ഉപയോഗിച്ചാണ് സിപിഎം നീക്കം നടത്തുന്നത്. സമിതിയില്‍ സിപിഎമ്മിന് വ്യക്തമായ ഭൂരിപക്ഷമുള്ളതിനാല്‍ തീരുമാനം അനുകൂലമാക്കാന്‍ അവര്‍ക്ക് എളുപ്പമാണ്. എത്തിക്സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സ്പീക്കര്‍ക്ക് സമര്‍പ്പിച്ച ശേഷം സഭയില്‍ ഭൂരിപക്ഷത്തോടെ അയോഗ്യതാ പ്രമേയം പാസാക്കാം. എന്നാല്‍, ഇത് കോടതിയില്‍ ചോദ്യം ചെയ്യാന്‍ രാഹുലിന് അവകാശമുണ്ട്.
മൂന്ന് വ്യത്യസ്ത ലൈംഗിക പീഡന പരാതികളിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഇതുവരെ പ്രതിയായിരിക്കുന്നത്. ഇതില്‍ മൂന്നാം കേസില്‍ 18 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് പത്തനംതിട്ട സെഷന്‍സ് കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഉപദ്രവിച്ചതടക്കം പത്തോളം പരാതികള്‍ അദ്ദേഹത്തിനെതിരെ ഉണ്ടെന്നാണ് പ്രോസിക്യൂഷന്‍ വാദം.


