ദുബായ്: കോണ്‍ഗ്രസ് നേതൃത്വവുമായി ഉടക്കി നില്‍ക്കുന്ന ശശി തരൂര്‍ യുഡിഎഫ് കേന്ദ്രങ്ങളെ അങ്കലാപ്പിലാക്കിയ ദിനമാണ് കടന്നുപോയത്. സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ മുഖ്യഎതിരാളിയായ സിപിഎമ്മിന്റെ പക്ഷത്തേക്ക് തരൂരിനെ അടുപ്പിക്കാന്‍ ശ്രമം നടന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ രാഷ്ട്രീയ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടിയിരുന്നു. ദുബായിലേക്കുള്ള തരൂരിന്റെ യാത്രയാണ് പലവിധത്തിലുള്ള വ്യാഖ്യാനങ്ങള്‍ക്ക് വഴിനല്‍കിയത്. തരൂരിന് മുന്നില്‍ എല്‍ഡിഎഫ് വാതില്‍ തുറന്നിട്ടുവെന്ന് പറഞ്ഞ് കണ്‍വീനര്‍ ടി പി രാമകൃഷ്ണനും വിവാദം കത്തിച്ചു. ഇതോടെ വിഷയം സജീവമായി കത്തി നില്‍ക്കുകയും ചെയ്തു.

ഒടുവില്‍ വിഷയത്തില്‍ പ്രതികരണം നടത്തിയ തരൂര്‍ പൂര്‍ണമായും നോ പറയാതെ സസ്‌പെന്‍സിട്ടാണ് പ്രതികരിച്ചത്. പാര്‍ട്ടി മാറുന്നുവെന്ന പ്രചാരണങ്ങളെ കുറിച്ച് ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. വിദേശത്തുവെച്ച് രാഷ്ട്രീയ പ്രതികരണത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ കുറിച്ചുള്ള വിവാദങ്ങള്‍ വിമാനത്തില്‍വെച്ച് അറിഞ്ഞതായും ശശി തരൂര്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി അകല്‍ച്ചയിലുള്ള ശശി തരൂര്‍ പാര്‍ട്ടി വിട്ടേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. സിപിഎമ്മില്‍ ചേര്‍ന്നേക്കുമെന്ന അതിന്റെ ഭാഗമായിട്ടാണ് അദ്ദേഹത്തിന്റെ ദുബായ് സന്ദര്‍ശനമെന്നുമായിരുന്നു വാര്‍ത്തകള്‍. എന്നാല്‍, ഇതിനോട് തരൂര്‍ പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല. ഇടക്കാലത്ത് കോണ്‍ഗ്രസുമായി പിണങ്ങി നില്‍ക്കുന്ന ശശി തരൂരിനെ ഒപ്പം നിര്‍ത്താനുള്ള ശ്രമത്തിലാണ് സിപിഎം. ഇതിന്റെ ഭാഗമായി ദുബായില്‍ നിര്‍ണായക ചര്‍ച്ചകള്‍ നടന്നുവെന്ന സൂചനകളാണ് പുറത്തുവരുന്നത്. മുഖ്യമന്ത്രിയുമായി അടുപ്പമുള്ള വ്യവസായിയാണ് ചര്‍ച്ചക്ക് മുന്‍കൈയെടുക്കുന്നത് എന്ന വിവരമാണ് പുറത്തുവരുന്നത്.

അതിനിടെ, തരൂരിന്റെ സിപിഎം പ്രവേശനവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ ഇടതമുന്നണി കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ നിഷേധിച്ചില്ല. ഇടത് നിലപാടിനോട് യോജിപ്പുള്ള ആര്‍ക്കും വരാമെന്ന് കണ്‍വീനര്‍ പ്രതികരിച്ചു. മഹാപഞ്ചായത്തില്‍ രാഹുല്‍ഗാന്ധി കൈകൊടുക്കാന്‍ മടിച്ച തരൂര്‍ ഇടതിന് കൈകൊടുക്കുമോ എന്നതാണ് ആകാംക്ഷ. രാഹുല്‍ അപമാനിച്ചെന്ന വികാരമുള്ള ശശിതരൂരിനെ കൂടെ കൂട്ടാനാണ് സിപിഎമ്മിന്റെ അപ്രതീക്ഷിതനീക്കം. മുഖ്യമന്ത്രിയുമായി അടുപ്പമുള്ള പ്രവാസി വ്യവസായിയാണ് ഇടനിലക്കാരനെന്നാണ് സൂചന. ദുബൈയില്‍ വ്യവസായി തരൂരുമായും പ്രാഥമിക ചര്‍ച്ച നടത്തിയെന്നാണ് വിവരം. ഇനിയും കൂടിക്കാഴ്ചയുണ്ടാകും. കോണ്‍ഗ്രസ് വിട്ടാല്‍ സിപിഎം അഭയം നല്‍കാന്‍ തയ്യാറാണെന്ന സന്ദേശമാണ് വ്യവസായി കൈമാറുന്നത്. എന്നാല്‍ തരൂര്‍ അന്തിമനിലപാടെടുത്തിട്ടില്ല.

ഭിന്നതകളെല്ലാം മാറ്റിവെച്ച് വയനാട് ക്യാമ്പ് വഴിതരൂര്‍ അടിമുടി പാര്‍ട്ടിക്കാരനായതാണ്. 140 മണ്ഡലങ്ങളിലും പാര്‍ട്ടിക്ക് വേണ്ടി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാമെന്നും ഉറപ്പും നല്‍കി. പക്ഷേ മഹാപഞ്ചായത്തില്‍ മഹാ അപമാനം രാഹുല്‍ഗാന്ധിയില്‍ നിന്നുണ്ടായതാണ് തരൂരിന്റെ പ്രശ്‌നം. കൈകൊടുക്കാതെയും പേര് പറയാതെയും അപമാനിതനായ തരൂര്‍ ഹൈക്കമാന്‍ഡ് കഴിഞ്ഞദിവസം ദില്ലിയില്‍ വിളിച്ച് കേരള നേതാക്കളുടെ ചര്‍ച്ച ബഹിഷ്‌ക്കരിച്ച് കോഴിക്കോട് കെല്‍എഫിലേക്ക് പോയി. കോഴിക്കോട് നിന്ന് ഇന്ന് രാവിലയാണ് ദുബൈയിലേക്ക് തിരിച്ചത്.

അതേസമയം ഡോ. ശശി തരൂര്‍ എംപി ഇടതുപക്ഷത്തിലേക്ക് നീങ്ങുന്നെന്ന വാര്‍ത്തകളില്‍ പ്രതികരിക്കാതെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അറിയാത്ത കാര്യങ്ങളില്‍ പ്രതികരിക്കാന്‍ ഇല്ലെന്ന് വിഡി സതീശന്‍ പറഞ്ഞു. ഇതിനിടെ ഈമാസം 27നും 28നുമായി ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ സ്ഥാാര്‍ഥി നിര്‍ണയത്തില്‍ നിര്‍ണായക ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. 27ന് ആദ്യ ഘട്ടത്തിലെ സീറ്റുകളുടെ കാര്യത്തില്‍ അടക്കം ധാരണയാകും. ഈ സാഹചര്യത്തില്‍ തരൂര്‍ സമ്മര്‍ദ്ദ തന്ത്രം പയറ്റുകയാണോ എന്ന സംശയവുമുണ്ട്.

അതൃപ്തി പരസ്യമാക്കി ഹൈക്കമാന്‍ഡ് വിളിച്ച നിര്‍ണായക യോഗങ്ങളില്‍ നിന്ന് തരൂര്‍ വിട്ടുനിന്നതോടെയാണ് പാര്‍ട്ടി നേതൃത്വം അനുനയ നീക്കവും ശക്തമാക്കിയിട്ടുണ്ട്. ജനുവരി 28-ന് പാര്‍ലമെന്റ് സമ്മേളനത്തിനായി ഡല്‍ഹിയിലെത്തുന്ന തരൂര്‍ രാഹുലുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ തരൂരിന്റെ സാന്നിധ്യം ഉണ്ടാകുമോയെന്ന് രാഹുല്‍ ഗാന്ധിയുടെ ഓഫീസ് നേരിട്ട് ആരാഞ്ഞിരുന്നു. യോഗത്തിനെത്തിയിരുന്നെങ്കില്‍ രാഹുല്‍ നേരിട്ട് സംസാരിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കുമായിരുന്നുവെന്ന് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍, രാഹുലിനും ഹൈക്കമാന്‍ഡിനും മുഖം കൊടുക്കാതെയാണ് തരൂരിന്റെ നീക്കങ്ങള്‍. ഇത് കോണ്‍ഗ്രസ് ക്യാമ്പിനെ ആശങ്കയിലാക്കുന്നുണ്ട്.