- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഖമേനി പേടിക്കണം കേട്ടോ എന്ന് ട്രംപിന്റെ അന്ത്യശാസനം; ഇറാന്‍ വഴങ്ങിയില്ലെങ്കില്‍ 'രണ്ടാം അങ്കം'; ജൂണില്‍ പ്ലാന്റുകള്‍ തകര്‍ത്തത് വെറും ട്രെയിലര്‍; മിസൈലുകളും പ്രോക്‌സി ഗ്രൂപ്പുകളും വേണ്ടെന്ന് വെക്കുമോ? ആണവ ചര്‍ച്ചകള്‍ക്ക് തയ്യാറായി അമേരിക്കയും ഇറാനും; വെള്ളിയാഴ്ച ഒമാനില്‍ ലോകം ഉറ്റുനോക്കുന്ന ആ സുപ്രധാന നീക്കം
ആണവ ചര്‍ച്ചകള്‍ക്ക് തയ്യാറായി അമേരിക്കയും ഇറാനും

മസ്‌കറ്റ് / വാഷിംഗ്ടണ്‍: ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ വിറപ്പിച്ചുകൊണ്ട് ഡൊണാള്‍ഡ് ട്രംപ് നല്‍കിയ അന്ത്യശാസനത്തിന് പിന്നാലെ മസ്‌കറ്റില്‍ വെച്ച് നിര്‍ണ്ണായക ആണവ വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്താന്‍ ഇരുരാജ്യങ്ങളും ധാരണയായി.
വെള്ളിയാഴ്ച ഒമാനിലെ മസ്‌കറ്റില്‍ വെച്ച് രാവിലെ 10 മണിക്ക് ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. അമേരിക്കന്‍ ഉദ്യോഗസ്ഥരും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്.
നേരത്തെ ചര്‍ച്ചകളുടെ സ്ഥാനം സംബന്ധിച്ച തര്‍ക്കം മൂലം ചര്‍ച്ചകള്‍ മുടങ്ങുമെന്ന് തോന്നിയിരുന്നുവെങ്കിലും അറബ് രാജ്യങ്ങളുടെയും മുസ്ലീം നേതാക്കളുടെയും ഇടപെടലിലൂടെയാണ് ഇത് വീണ്ടും പാളത്തിലായത്. ഇറാന്‍ ചര്‍ച്ചയ്ക്ക് തയ്യാറായില്ലെങ്കില്‍ സൈനിക നടപടി നേരിടേണ്ടി വരുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഖമേനി പേടിക്കണോ എന്ന ചോദ്യത്തിന്, 'അദ്ദേഹം തീര്‍ച്ചയായും വലിയ പേടിയിലായിരിക്കണം' എന്നാണ് ട്രംപ് എന്‍ബിസി ന്യൂസിനോട് പ്രതികരിച്ചത്.
'ട്രംപിന്റെ കൊലവിളി'
'ഖമേനി പേടിക്കണം കേട്ടോ,' എന്ന ഒറ്റ വാചകം കൊണ്ട് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കി കഴിഞ്ഞു. കഴിഞ്ഞ ജൂണിലെ 12 ദിവസത്തെ യുദ്ധത്തില്‍ ഇറാന്റെ ആണവ പ്ലാന്റുകള്‍ തകര്‍ത്ത അമേരിക്ക, ഇനിയും പുതിയ പ്ലാന്റുകള്‍ തുടങ്ങാന്‍ ശ്രമിച്ചാല്‍ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാന്റെ ശ്വാസം മുട്ടിക്കുന്ന ഉപരോധങ്ങള്‍ നീക്കണമെങ്കില്‍ ആണവ മോഹം ഉപേക്ഷിക്കുക മാത്രമല്ല, മിസൈല്‍ പരീക്ഷണങ്ങളും പ്രോക്‌സി ഗ്രൂപ്പുകള്‍ക്കുള്ള പിന്തുണയും അവസാനിപ്പിക്കണമെന്നാണ് അമേരിക്കയുടെ ആവശ്യം.
രക്തത്തില്‍ കുളിച്ച ഇറാന്‍ തെരുവുകള്‍
ഇറാന്റെ ആഭ്യന്തര സാഹചര്യം ഈ ചര്‍ച്ചകളില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ഇക്കഴിഞ്ഞ മാസങ്ങളില്‍ നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ ഇറാന്‍ സൈന്യം നേരിട്ടത് അതിക്രൂരമായാണ്. മനുഷ്യവകാശ സംഘടനകളുടെ കണക്കനുസരിച്ച് 6,400-ലധികം പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടു. അതില്‍ 164 കുട്ടികളും ഉള്‍പ്പെടുന്നു.
കറന്‍സിയുടെ മൂല്യം തകര്‍ന്നതും ജീവിതച്ചെലവ് ഉയര്‍ന്നതും ജനങ്ങളെ തെരുവിലിറക്കി. ഇന്റര്‍നെറ്റ് വിച്ഛേദിച്ചുകൊണ്ട് ജനങ്ങളെ അടിച്ചമര്‍ത്തുന്ന ഇറാന്റെ രീതിയെയും ചര്‍ച്ചയില്‍ ചോദ്യം ചെയ്യുമെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ വ്യക്തമാക്കി.
ഒമാന്‍ - സമാധാനത്തിന്റെ പാലമാകുമോ?
ഗള്‍ഫ് മേഖലയിലെ നിര്‍ണ്ണായക മധ്യസ്ഥരായ ഒമാന്റെ ഇടപെടലാണ് ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കിയത്. സൗദി ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങള്‍ അമേരിക്കയോട് ഇറാനെതിരായ സൈനിക ഭീഷണി തല്‍ക്കാലം ഒഴിവാക്കാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. എന്നാല്‍, ഇറാന്‍ ഉദ്യോഗസ്ഥരെ വിശ്വസിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ട്രംപ് ഭരണകൂടം.
എന്താണ് സംഭവിക്കാന്‍ പോകുന്നത്?
ആണവായുധങ്ങള്‍ വേണ്ടെന്ന കാര്യത്തില്‍ ട്രംപും തങ്ങളും യോജിക്കുന്നുവെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറയുമ്പോഴും, ഉപരോധങ്ങള്‍ നീക്കാതെ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് ഇറാന്‍ വ്യക്തമാക്കുന്നു. എന്നാല്‍, അമേരിക്കയുടെ സൈനിക കരുത്തിന് മുന്നില്‍ ഖമേനി മുട്ടുമടക്കുമോ അതോ ട്രംപ് മുന്നറിയിപ്പ് നല്‍കിയത് പോലെ മേഖലയില്‍ ഒരു 'മഹാ യുദ്ധം' പൊട്ടിപ്പുറപ്പെടുമോ എന്നതാണ് വരും മണിക്കൂറുകളില്‍ ലോകം ഉറ്റുനോക്കുന്നത്.


