- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഖമേനിയെ വീഴ്ത്തിയതില്‍ അണുവിട തെറ്റാത്ത സിഐഎയുടെ ചാരപ്പണി നിര്‍ണായകമായി; ഖമേനി കൊട്ടാരത്തില്‍ തന്നെയുണ്ടെന്ന് ഉറപ്പിച്ച് വിവരം ഇസ്രായേലിന് കൈമാറി; പകല്‍വെളിച്ചത്തില്‍ 30 ബോംബുകള്‍ വര്‍ഷിച്ചു ഇസ്രായേല്‍ ഇറാന്റെ പരമോന്നത നേതാവിനെ തീര്‍ത്തു; 'ഭീകര ഭരണത്തിന്' അവസാനമായി; ഇറാന്‍ ജനത ഭരണകൂടത്തെ താഴെയിറക്കാന്‍ തെരുവിലിറങ്ങണമെന്ന് നെതന്യാഹുവിന്റെ ആഹ്വാനം
ഖമേനിയെ വീഴ്ത്തിയതില്‍ അണുവിട തെറ്റാത്ത സിഐഎയുടെ ചാരപ്പണി നിര്‍ണായകമായി

ടെഹ്‌റാന്‍: മാസങ്ങള്‍ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ ഇസ്രായേല്‍ വധിച്ചത്. ഇതിനായി അമേരിക്കയുടെ നിര്‍ണായക സഹായം ഇസ്രായേലിന് ഉണ്ടായിരുന്നു. ശനിയാഴ്ച രാവിലെ ടെഹ്‌റാനിലെ അതീവ സുരക്ഷാ മേഖലയിലുള്ള സര്‍ക്കാര്‍ ആസ്ഥാനത്ത് ഖമേനിയും ഉന്നത സൈനിക-രാഷ്ട്രീയ ഉദ്യോഗസ്ഥരും ഒത്തുചേരുന്നുണ്ടെന്ന സിഐഎയുടെ കൃത്യമായ രഹസ്യവിവരമാണ് ആക്രമണത്തിന് വഴിയൊരുക്കിയത്. സിഐഎ നല്‍കിയ അതി നിര്‍ണായക വിവരങ്ങളോടെ ഇസ്രായേല്‍ പ്ലാന്‍ കൃത്യമായി നടപ്പിലാക്കി. ന്യൂയോര്‍ക്ക് ടൈംസും വാള്‍സ്ട്രീറ്റ് ജേണലുമാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
പകല്‍വെളിച്ചത്തില്‍ മിന്നല്‍ ആക്രമണം
സാധാരണയായി രാത്രികാലങ്ങളില്‍ ആക്രമണം നടത്തുന്ന ശൈലി മാറ്റി, ഉന്നത നേതാക്കളുടെ സാന്നിധ്യം ഉറപ്പാക്കാന്‍ ഇസ്രയേല്‍ ഇത്തവണ തിരഞ്ഞെടുത്തത് പകലാണ്. ശനിയാഴ്ച്ച രാവിലെ 9:40-ഓടെ ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ ഖമേനിയുടെ കോംപൗണ്ടിന് ഇരച്ചെത്തി ബോംബുകള്‍ വര്‍ഷിക്കുകയാിയരുന്നു. ഖമേനി കൊട്ടാരത്തില്‍ ഉണ്ടെന്ന് ഉറപ്പാക്കിയ ശേഷം 30-ഓളം ബോംബുകള്‍ വര്‍ഷിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ കൊട്ടാരം തകര്‍ന്നു തരിപ്പണമാമാണ്. കൊട്ടാരം തകര്‍ക്കുന്ന ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ആക്രമണത്തില്‍ ഖമേനിയെ കൂടാതെ റവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍മാരായ മേജര്‍ ജനറല്‍ മുഹമ്മദ് പക്പുര്‍, അലി ഷംഖാനി, പ്രതിരോധ മന്ത്രി അമീര്‍ നാസിര്‍സാദെ തുടങ്ങി നാല്പതോളം പ്രമുഖര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
സിഐഎയുടെ അണുവിട തെറ്റാത്ത ഇന്റലിജന്‍സ്
ഖമേനിയുടെ ഓരോ ചലനങ്ങളും മാസങ്ങളായി അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎ നിരീക്ഷിച്ചു വരികയായിരുന്നു. ശനിയാഴ്ച രാവിലെ മൂന്ന് പ്രധാന യോഗങ്ങള്‍ ഒരേസമയം നടക്കുന്നുണ്ടെന്നും ഇതില്‍ ഖമനയി പങ്കെടുക്കുമെന്നും സിഐഎ ഇസ്രയേലിന് കൈമാറി. കൃത്യമായ സ്ഥലം മനസ്സിലാക്കിയതോടെ ഇസ്രയേല്‍ ആക്രമണ സമയം പുനര്‍ക്രമീകരിക്കുകയായിരുന്നു.
'എല്ലാവരും അര്‍ദ്ധരാത്രിയിലെ ആക്രമണത്തിനായി കാത്തിരുന്നപ്പോള്‍, പകല്‍വെളിച്ചത്തില്‍ ആക്രമണം നടത്തി ഇസ്രയേല്‍ തന്ത്രപരമായ വിജയം നേടി,' എന്ന് മുന്‍ ഇസ്രയേല്‍ മിലിട്ടറി ഇന്റലിജന്‍സ് മേധാവി ആമോസ് യാദ്ലിന്‍ പറഞ്ഞു. യുദ്ധത്തിന് തയ്യാറെടുക്കുന്നുവെന്ന് അവകാശപ്പെടുമ്പോഴും സ്വന്തം നേതാക്കള്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ ഇറാന്‍ പരാജയപ്പെട്ടുവെന്നാണ് ഈ സംഭവം തെളിയിക്കുന്നത്. ഖമേനിയുടെ മരണം നയതന്ത്രപരമായ പരിഹാരങ്ങള്‍ എളുപ്പമാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പ്രതികരിച്ചു. അതേസമയം, മേഖലയില്‍ സംഘര്‍ഷം രൂക്ഷമാകുന്നത് ആഗോളതലത്തില്‍ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
ഖമേനി വധിക്കപ്പെട്ടത് പതിറ്റാണ്ടുകള്‍ നീണ്ട 'ഭീകര ഭരണത്തിന്റെ' അവസാനമാണെന്ന് ഇസ്രായേല്‍ വിശേഷിപ്പിച്ചു. ഇസ്രയേലിനെ നശിപ്പിക്കാനുള്ള പദ്ധതികളുടെ മുഖ്യ സൂത്രധാരനും മേഖലയിലെ ഭീകര ഗ്രൂപ്പുകളുടെ നിയന്താവുമായിരുന്നു ഖമേനിയെന്ന് ഐഡിഎഫ് പ്രസ്താവനയില്‍ പറഞ്ഞു. ഖമേനിയുടെ മരണത്തോടെ ഇറാന്റെ ഭീകരശൃംഖലയുടെ തലയാണ് വെട്ടിമാറ്റപ്പെട്ടിരിക്കുന്നതെന്നും ഇസ്രായേല്‍ അവകാശപ്പെട്ടു.
അതേസമയം, ഇറാനിലെ ജനങ്ങളോട് ഭരണകൂടത്തിനെതിരെ രംഗത്തിറങ്ങാന്‍ ആവശ്യപ്പെട്ട് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വീഡിയോ സന്ദേശമിറക്കി. സ്വാതന്ത്ര്യത്തിനായുള്ള അവസരം പാഴാക്കരുതെന്ന് അദ്ദേഹം ഇറാനിലെ ജനങ്ങളോട് ആഹ്വാനംചെയ്തു. അടിച്ചമര്‍ത്തലിന്റെ ചങ്ങലകളില്‍നിന്ന് സ്വയം മോചിതരാകാനുള്ള സാഹചര്യങ്ങള്‍ അമേരിക്കയും ഇസ്രായേലും ഒരുക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.
ഇറാന്‍ ഭരണകൂടത്തെ താഴെയിറക്കാന്‍ ജനങ്ങള്‍ തെരുവില്‍ ഇറങ്ങണമെന്ന് നെതന്യാഹു
ദശലക്ഷക്കണക്കിന് ഇറാന്‍ പൗരന്മാര്‍ക്ക് തെരുവിലിറങ്ങി ഈ ഭീകര ഭരണകൂടത്തെ താഴെയിറക്കാന്‍ ലഭിക്കുന്ന സുവര്‍ണ്ണാവസരമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഈ അവസരം ഒരു തലമുറയില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്നതാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പേര്‍ഷ്യന്‍, കുര്‍ദിഷ്, അസേരി, അഹ്വാസി, ബലൂചി തുടങ്ങിയ വിഭാഗങ്ങളെല്ലാം ഒന്നിച്ചുനിന്ന് തങ്ങളുടെ ഭാവി സുരക്ഷിതമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വരുംദിവസങ്ങളില്‍ ഇറാന്റെ ഭരണകൂട കേന്ദ്രങ്ങളിലെ ആയിരക്കണക്കിന് ലക്ഷ്യങ്ങളില്‍ കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന് നെതന്യാഹു മുന്നറിയിപ്പ് നല്‍കി.
ഇറാന്റെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഇറാന്‍ ഐക്യരാഷ്ട്രസഭയില്‍ കുറ്റപ്പെടുത്തി. അതേസമയം, ഖമേനിയുടെ അന്ത്യത്തോടെ ഇറാനിലെ പ്രശ്‌നങ്ങള്‍ക്ക് നയതന്ത്രപരമായ പരിഹാരം എളുപ്പമാകുമെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പ്രതികരിച്ചു. ഖമനയിയുടെ മരണത്തെത്തുടര്‍ന്ന് ടെഹ്‌റാനില്‍ വന്‍തോതിലുള്ള വിലപയാത്രകളും പ്രതിഷേധങ്ങളും അരങ്ങേറുകയാണ്. മേഖലയില്‍ യുദ്ധഭീതി ശക്തമായി തുടരുന്നു.


