- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നിങ്ങള്‍ ഒരിക്കലും യുദ്ധം ആരംഭിക്കാന്‍ പാടില്ലായിരുന്നു; സെലന്‍സ്‌കിക്ക് ജനപിന്തുണ കുറവ്; യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്തണം': മൂന്നുവര്‍ഷം മുമ്പുള്ള റഷ്യന്‍ അധിനിവേശത്തിന് സെലന്‍സ്‌കി കാരണക്കാരന്‍': റഷ്യയുടെ 'നാറ്റോ വാദം' ഏറ്റുപിടിച്ച് യുദ്ധത്തിന് യുക്രെയിനെ പഴി ചാരി ട്രംപ്
യുദ്ധത്തിന് യുക്രെയിനെ പഴി ചാരി ട്രംപ്
വാഷിങ്ടണ്‍: യു.എസ്. - റഷ്യ ചര്‍ച്ചയെ വിമര്‍ശിച്ച് യുക്രെയിന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി പൊട്ടിത്തെറിച്ചതോടെ, റഷ്യന്‍ അധിനിവേശത്തിന് യുക്രെയിനെ പഴിച്ച് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ' നിങ്ങള്‍ അത് ഒരിക്കലും ആരംഭിക്കാന്‍ പാടില്ലായിരുന്നു. യുദ്ധം അവസാനിപ്പിക്കാന്‍ എനിക്ക് അധികാരം ഉണ്ടെന്ന് ഞാന്‍ കരുതുന്നു. അതിനുള്ള ശ്രമങ്ങള്‍ നന്നായി പുരോഗമിക്കുന്നുവെന്നും കരുതുന്നു. പക്ഷേ ഇന്നുഞങ്ങളെ ക്ഷണിച്ചില്ല എന്ന പരിഭവം പറച്ചില്‍ ഞാന്‍ കേട്ടു. നിങ്ങള്‍ മൂന്നു വര്‍ഷമായി അവിടെ ഉണ്ടായിരുന്നല്ലോ. നിങ്ങള്‍ക്ക് യുദ്ധം അവസാനിപ്പിക്കാമായിരുന്നല്ലോ. നിങ്ങള്‍ അതൊരിക്കലും തുടങ്ങാന്‍ പാടില്ലായിരുന്നു. നിങ്ങള്‍ക്ക് കരാറില്‍ എത്താമായിരുന്നു. യുക്രെയിന് വേണ്ടി കരാര്‍ ഉണ്ടാക്കാന്‍ എനിക്ക് കഴിയുമായിരുന്നു', ട്രംപ് മാര്‍-എ-ലാഗോ എസ്റ്റേറ്റില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ചൊവ്വാഴ്ച റിയാദില്‍ യുഎസ്-റഷ്യന്‍ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ച വിജയമായിരുന്നുവെന്നും സമാധാന കരാറില്‍ എത്തുമെന്ന് തനിക്ക് കൂടുതല്‍ ആത്മവിശ്വാസം ഉണ്ടെന്നും ട്രംപ് പറഞ്ഞു. റഷ്യ നല്ല രീതിയിലാണ് പ്രതികരിച്ചത്. അവര്‍ക്ക് കാടത്തം അവസാനിപ്പിക്കണമെന്നുണ്ട്, യുഎസ് പ്രസിഡന്റ് പറഞ്ഞു. യുക്രെയിന്‍ നഗരമായ ഒഡേസയില്‍ കഴിഞ്ഞ രാത്രി റഷ്യ വ്യോമാക്രണം നടത്തിയതിന് പിന്നാലെയാണ് റഷ്യയെ വെള്ളപൂശിയുള്ള ട്രംപിന്റെ പ്രസ്താവന. സെലന്‍സ്‌കിക്ക് ജനപിന്തുണ കുറവാണെന്നും യുക്രെയിനില്‍ തെരഞ്ഞെടുപ്പ് വേണമെന്നും ട്രംപ് പറഞ്ഞു. സെലന്‍സ്‌കിക്ക് നാലുശതമാനം യുക്രെയിന്‍കാരുടെ പിന്തുണ മാത്രമേ ഉളളുവെന്നാണ് ട്രംപ് പരിഹസിച്ചത്. ''നാറ്റോ'യില്‍ ചേരുമെന്ന് ഭീഷണി മുഴക്കി, സെലന്‍സ്‌കിയാണ് യുദ്ധത്തിലേക്ക് വലിച്ചിഴച്ചതെന്നായിരുന്നു പുടിന്റെ നിലപാട്. ഇതാണിപ്പോള്‍ ട്രംപ് ഏറ്റുപിടിക്കുന്നത്
അതേസമയം, യുക്രെയിനെ സമാധാന ചര്‍ച്ചകളില്‍ എന്ത് കൊണ്ട് പങ്കെടുപ്പിക്കുന്നില്ല എന്ന ചോദ്യവും ഉയരുകയാണ്. അതിനിടെ അടുത്ത ബുധനാഴ്ച സൗദി അറേബ്യയിലേക്ക് നടത്താനിരുന്ന സന്ദര്‍ശനം മാറ്റിവെച്ചതായി യുക്രെയിന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി അറിയിച്ചു. അതേ സമയം ഡൊണാള്‍ഡ് ട്രംപും വ്‌ളാഡിമിര്‍ പുട്ടിനും എന്നാണ് നേരിട്ട് ചര്‍ച്ച നടത്തുന്നത് എന്ന കാര്യത്തില്‍ ഇനിയും തീരുമാനം ആയിട്ടില്ല. അമേരിക്കന്‍ പ്രതിനിധികളുമായി നടന്ന ചര്‍ച്ച വിജയകരമായിരുന്നു എന്നാണ് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലവറോവ് വ്യക്തമാക്കിയത്.
യുക്രെയിനില്‍ റഷ്യ കൈയ്യടക്കിയ സ്ഥലങ്ങള്‍ വിട്ടുകൊടുക്കുന്ന കാര്യത്തില്‍ അമേരിക്കന്‍ പ്രതിനിധികള്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. അതേ സമയം റിയാദില്‍ ചേര്‍ന്ന യു.എസ്. - റഷ്യ ചര്‍ച്ചയെ വിമര്‍ശിച്ച് സെലന്‍സ്‌കി രംഗത്തെത്തി. യുക്രെയിന്‍ പ്രാതിനിധ്യമില്ലാതെ യുക്രെയിന്റെ ഭാവിയെക്കുറിച്ച് സംസാരിക്കുന്നുവെന്ന് സെലന്‍സ്‌കി വിമര്‍ശിച്ചു. തുര്‍ക്കിയിലെ അങ്കാറയില്‍ വെച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം വിമര്‍ശനമുന്നയിച്ചത്. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗാനും അദ്ദേഹത്തിനൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
സമാധാനം പുലരണമെന്നുണ്ടെങ്കില്‍ ഇനിയൊരു തെറ്റും ആവര്‍ത്തിക്കാതിരിക്കേണ്ടുണ്ടെന്നും മധ്യസ്ഥ ചര്‍ച്ചയില്‍ അമേരിക്ക, യൂറോപ്പ്, യുക്രെയിന്‍ അടക്കമുള്ളവര്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ടതുണ്ടെന്നും സെലന്‍സ്‌കി പറഞ്ഞു. തുര്‍ന്നുള്ള യു.എസ്. - റഷ്യ - യുക്രെയിന്‍ സമാധാന ചര്‍ച്ച തുര്‍ക്കിയില്‍ വെച്ച് സമാധാന നടത്താനുള്ള എല്ലാ വാഗ്ധാനങ്ങളും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ വാര്‍ത്താ സമ്മേളനത്തില്‍ വെച്ച് നല്‍കി. റഷ്യ -യു.എസ്. ചര്‍ച്ചയില്‍ യുക്രെയിനിനെ പങ്കെടുപ്പിക്കാത്തതിനെക്കുറിച്ച് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്തു. യുക്രെയിനെ നാണം കെടുത്തുന്ന അനേകം നിര്‍ദ്ദേശങ്ങളാണ് സൗദിയില്‍ നടന്ന ചര്‍ച്ചകളില്‍ ഉണ്ടായതെന്നാണ് സെലന്‍സ്‌കിയുടെ നിലപാട്.