മലപ്പുറം: സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായ തരംഗമുണ്ടെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചത് വോട്ടായി മാറുമെന്നാണ് ഇവരുടെ കണക്കുകൂട്ടല്‍. തെരഞ്ഞെടുപ്പു ഫലം വരുന്നതിന് മുമ്പ് കണക്കെടുപ്പും കൂട്ടലും കിഴിക്കലിലുമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. കോണ്‍ഗ്രസ് നൂറ് സീറ്റുകള്‍ കണക്കാക്കുമ്പോള്‍ മുസ്ലിംലീഗ് 85 സീറ്റുകള്‍ നേടുമെന്നാണ് കണക്കാക്കുന്നത്.

സംസ്ഥാനത്ത് എണ്‍പത്തിയഞ്ചിലധികം സീറ്റുകള്‍ നേടി യുഡിഎഫ് അധികാരത്തില്‍ വരുമെന്നാണ് മുസ്ലിം ലീഗിന്റെ വിലയിരുത്തല്‍. ലീഗ് മത്സരിച്ച 27 മണ്ഡലങ്ങളില്‍ 21 മുതല്‍ 24 വരെ സീറ്റുകളില്‍ വിജയിക്കുമെന്നുമാണ് അവരുടെ പ്രതീക്ഷ. യുഡിഎഫ് തരംഗമുണ്ടായാല്‍ മുഴുവന്‍ സീറ്റുകളിലും വിജയിക്കുമെന്നും ലീഗ് വിലയിരുത്തുന്നു. ലീഗ് നടത്തിയ സര്‍വേയുടെയും ഇന്നലെ ചേര്‍ന്ന നേതൃയോഗത്തിനും ശേഷവുമുള്ള നിഗമനമാണിത്.

യുഡിഎഫിന് പല ഘടകങ്ങള്‍ അനുകൂലമായി മാറിയെന്നാണ് വിലയിരുത്തല്‍. പാണക്കാട് കുടുംബാംഗങ്ങള്‍ നേരിട്ട് പ്രചാരണം നയിച്ചത് ഗുണം ചെയ്തു. സംസ്ഥാന സര്‍ക്കാരിനെതിരെ ന്യൂനപക്ഷ ഏകീകരണം ഉണ്ടായി. താഴേതട്ടില്‍ ഭരണവിരുദ്ധ വികാരം അലയടിച്ചെന്നും ലീഗ് വിലയിരുത്തുന്നു. മലപ്പുറത്ത് ലീഗ് മത്സരിച്ച 12 സീറ്റിലും വിജയിക്കും. ഐക്യത്തോടെ കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചത് നേട്ടമുണ്ടാക്കിയെന്നും ലീഗ് വിലയിരുത്തി.

അതേസമയം, നൂറ് സീറ്റ് നേടി യുഡിഎഫ് അധികാരത്തില്‍ വരുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആത്മവിശ്വാസം. കൃത്യമായ ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നൂറ് സീറ്റ് കിട്ടുമെന്നും വലിയ ആത്മവിശ്വാസമുണ്ടെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. നൂറ് സീറ്റെന്ന പ്രവചനമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും നടത്തിയത്. യുഡിഎഫ് പൂര്‍ണ്ണ ആത്മവിശ്വാസത്തിലെന്നും കേരളത്തില്‍ യുഡിഎഫ് തരംഗമുണ്ടാകുമെന്നും 100ലധികം സീറ്റ് നേടുമെന്നുമായിരുന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പ്രതികരണം.

അതേസമയം 85ന് മുകളില്‍ സീറ്റ് നേടി ഭരണം നിലനിര്‍ത്തുമെന്ന വിലയിരുത്തലില്‍ സിപിഎം. ഉയര്‍ന്ന പോളിങ് ശതമാനം എല്‍ഡിഎഫിന് അനുകൂലമെന്ന വിലയിരുത്തലാണ് സിപിഎമ്മിനും മുന്നണിക്കുമുള്ളത്. വിജയസാധ്യത വിലിയിരുത്താന്‍ സിപിഐ സംസ്ഥാന നിര്‍വാഹക സമിതി ഇന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് മറ്റന്നാളും തിരുവനന്തപുരത്ത് ചേരും. ഭരണവിരുദ്ധവികാരം ഉണ്ടായിട്ടില്ലെന്നും ഭരണതുടര്‍ച്ചയുണ്ടാവുമെന്നും ടി.പി.രാമകൃഷ്ണന്‍ അവകാശപ്പെട്ടു.

സര്‍ക്കാര്‍ വിരുദ്ധവികാരമുണ്ടായിട്ടുണ്ടെന്നും പിണറായിയെ താഴയിറക്കാന്‍ ജനങ്ങള്‍ കൂട്ടത്തോടെ വോട്ടു ചെയ്തു എന്നുള്ള ചര്‍ച്ചകള്‍ക്കിടയിലും സിപിഎമ്മും ഇടതുമുന്നണിയും ആത്മവിശ്വാസത്തിലാണ്. എന്‍പതിനോട് അടുക്കുന്ന വോട്ടിങ് ശതമാനം ഇടതുമുന്നണിയെ പരുക്കേല്‍പ്പിക്കില്ലെന്നാണ് വിലയിരുത്തല്‍. ഉയര്‍ന്ന പോളിങ് ശതമാനം വന്ന 2016ലും കുറവ് വന്ന 2021ലും ഭരണം നേടാനായിട്ടുണ്ടെന്നാണ് കാരണമായി നേതൃത്വം ചൂണ്ടിക്കാണിക്കുന്നത്. അടിസ്ഥാന വിഭാഗത്തിന്റെ വോട്ട് ഒപ്പം നിന്നിട്ടുണ്ട് , ന്യൂനപക്ഷവോട്ടുകള്‍ യുഡിഎഫിലേക്ക് പൂര്‍ണായും ഏകീകരിച്ചിട്ടില്ലെന്നും അനുകൂലഘടകമായി എല്‍ഡിഎഫ് വിലയിരുത്തുന്നു.

ബിജെപി വിരുദ്ധവോട്ടുകള്‍ എല്‍ഡിഎഫിന് പലമണ്ഡലങ്ങളിലും അനൂകൂലമായിട്ടുണ്ട്. ജനക്ഷേമ പദ്ധതികള്‍സ തുടരണം എന്ന നിലപാടാണ് ജനങ്ങള്‍ സ്വീകരിച്ചതെന്നും ഭരണ തുടര്‍ച്ചയുണ്ടാവുമെന്നും കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. ഗള്‍ഫ് വോട്ടര്‍മാരുടെ എണ്ണത്തിലുണ്ടായ കുറവ് ആര്‍ക്ക് ഗുണമായി എന്ന് പറയാനാവില്ലെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു.

എം.എല്‍.എ മാരുടെ പ്രവര്‍ത്തനങ്ങള്‍ കാരണം സിറ്റിങ് സീറ്റുകള്‍ അധികം നഷ്ടമാവില്ലെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ. കടുത്ത മല്‍സരം നേരിട്ട പേരാമ്പ്രയും നേമവും കഴക്കൂട്ടവും ഉള്‍പ്പടെ വിജയപ്രതീക്ഷവെയ്ക്കാനുള്ള കാരണവും ഇതുതന്നെ . എസ്ഡിപിഐ ബന്ധം പരസ്യമായി നിഷേധിക്കുമ്പോഴും അവരുടെ ബിജെപി വിരുദ്ധ പ്രവര്‍ത്തനം പല മണ്ഡലങ്ങളിലും സഹായകമാവും. ഇന്ന് ചേരുന്ന സിപിഐ നേതൃയോഗത്തിലും ഞായാറാഴ്ച ചേരുന്ന സിപിഎം സെക്രട്ടറിയേറ്റിലും പാര്‍ട്ടി നേതൃത്വം മണ്ഡലങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വിലയിരുത്തും.

അതേസമയം പ്രതീക്ഷിച്ച കത്തോലിക്ക സഭ വോട്ടുകള്‍ കൈവിട്ടോ എന്ന ആശങ്കയിലാണ് എന്‍ഡിഎയും. സഭാവോട്ടുകള്‍ കിട്ടിയില്ലെന്നു സമ്മതിക്കുന്നതാണ് മുതിര്‍ന്ന ബി.ജെ.പി നേതാക്കളും എന്‍.ഡി.എ സ്ഥാനാര്‍ഥികളുമായ പി.സി. ജോര്‍ജ്, മകന്‍ ഷോണ്‍ ജോര്‍ജ് എന്നിവരുടെ പ്രതികരണം. കാഞ്ഞിരപ്പള്ളി ബിഷപ്പ് യു.ഡി.എഫിന് വോട്ട് ചെയ്യാന്‍ മഠങ്ങളില്‍ വിളിച്ചുപറഞ്ഞെന്നുകൂടി ജോര്‍ജ് ആരോപിച്ചതോടെ ക്രിസ്ത്യന്‍ വോട്ടുകള്‍ എങ്ങോട്ടാണു ചാഞ്ഞതെന്നു വ്യക്തമാവുകയാണ്. ബി.ജെ.പി വോട്ടുകള്‍ക്കൊപ്പം ക്രിസ്ത്യന്‍ വോട്ടുകളും ചേരുന്നതോടെ വിജയിക്കാമെന്നായിരുന്നു ജോര്‍ജിന്റെയും ഷോണിന്റെയും പ്രതീക്ഷ.