മുംബൈ/ടെഹ്റാന്‍: ലോകം മുള്‍മുനയില്‍! പശ്ചിമേഷ്യയില്‍ ഇസ്രായേല്‍-ഇറാന്‍ പോര് മുറുകുമ്പോള്‍, സാക്ഷാല്‍ ഡൊണാള്‍ഡ് ട്രംപ് നേരിട്ട് കളത്തിലിറങ്ങിയിരിക്കുകയാണ്. 'മര്യാദയ്ക്ക് കരാറില്‍ ഒപ്പിട്ടോ, അല്ലെങ്കില്‍ കാണിച്ചുതരാം' എന്ന ട്രംപിന്റെ അന്ത്യശാസനത്തിന് പിന്നാലെ ഇറാന്റെ അഭിമാന സ്തംഭമായ ബി1 പാലം അമേരിക്കന്‍ മിസൈലുകള്‍ തകര്‍ത്തെറിഞ്ഞു. തകര്‍ന്ന പാലത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ട്രംപ് നടത്തിയ വെല്ലുവിളി ഇപ്പോള്‍ ലോകരാജ്യങ്ങളെ നടുക്കിയിരിക്കുകയാണ്.

പാലം പോയി, ഇനി രാജ്യമോ?

ടെഹ്റാനെയും പടിഞ്ഞാറന്‍ നഗരമായ കരാജെയും ബന്ധിപ്പിക്കുന്ന പശ്ചിമേഷ്യയിലെ ഏറ്റവും ഉയരം കൂടിയ പാലമാണ് അമേരിക്കന്‍ ബോംബറുകള്‍ തകര്‍ത്തുതരിപ്പണമാക്കിയത്. ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.'ഒരു മഹത്തായ രാജ്യമായി മാറാന്‍ സാധ്യതയുണ്ടായിരുന്ന ഒന്നിന്റെയും ബാക്കിപത്രം പോലും അവിടെ അവശേഷിക്കില്ല' എന്ന ട്രംപിന്റെ വാക്കുകള്‍ ഇറാന് നല്‍കുന്നത് കൃത്യമായ മുന്നറിയിപ്പാണ്.

തിരിച്ചടിച്ച് ഇറാന്‍; കത്തുന്നത് ജോര്‍ദാന്‍!

അമേരിക്കയുടെ ആക്രമണത്തിന് മറുപടിയായി ജോര്‍ദാനിലെ അല്‍ അസ്റാഖ് സൈനികത്താവളത്തില്‍ യുഎസ് യുദ്ധവിമാനങ്ങള്‍ക്ക് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തിക്കഴിഞ്ഞു. ഇതോടെ മേഖലയിലെ സംഘര്‍ഷം പുതിയ തലത്തിലേക്ക് കടന്നു. സൗദിയും കുവൈറ്റും അബുദാബിയും തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളാണെന്ന് ഇറാന്‍ പരസ്യമായി പ്രഖ്യാപിച്ചതോടെ അറബ് ലോകം ഒന്നടങ്കം ഭീതിയിലാണ്.

അല്‍ അസ്‌റാഖ് സൈനികത്താവളത്തില്‍ യുഎസ് വിമാനത്തിനുനേരെ ഡ്രോണ്‍ ആക്രമണം നടത്തിയതായി ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ മെഹര്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ടെഹ്റാനിലെ കറാജില്‍ നിര്‍മാണത്തിലിരുന്ന ബി1 പാലമാണ് യുഎസ് ആക്രമണത്തില്‍ തകര്‍ത്തതെന്നാണ് ഇറാന്‍ സൈന്യം അറിയിച്ചത്. പശ്ചിമേഷ്യയിലെ ഏറ്റവും ഉയരം കൂടിയ പാലമായിരുന്നു ഇത്.


ഹോര്‍മുസ് തുറക്കാന്‍ ആഗോള യോഗം

ഈ സംഭവവികാസങ്ങള്‍ക്കിടെ, ഹോര്‍മുസ് കടലിടുക്ക് തുറക്കാനുള്ള മാര്‍ഗങ്ങള്‍ ആലോചിക്കാന്‍ ബ്രിട്ടന്‍ വിളിച്ചുചേര്‍ത്ത ആഗോള യോഗത്തില്‍ ഇന്ത്യയും പങ്കെടുക്കും. ഹോര്‍മുസ് കടലിടുക്കിലെ തടസ്സങ്ങള്‍ നീക്കി സാധാരണ ഗതാഗതം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചയില്‍ ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, കാനഡ, യുഎഇ എന്നിവയുള്‍പ്പെടെ 35 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഓണ്‍ലൈനായി യോഗത്തില്‍ പങ്കുചേരും. എല്‍പിജി, എല്‍എന്‍ജി, മറ്റ് ഉല്‍പന്നങ്ങള്‍ എന്നിവയുമായി വരുന്ന ഇന്ത്യന്‍ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പുവരുത്താന്‍ ഇറാനുമായും മറ്റു രാജ്യങ്ങളുമായും ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ അറിയിച്ചു. ഇത്തരം ചര്‍ച്ചകളുടെ ഫലമായി കഴിഞ്ഞ ദിവസങ്ങളില്‍ ആറ് ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഹോര്‍മുസ് കടന്നുപോകാന്‍ സാധിച്ചുവെന്നും ചര്‍ച്ചകള്‍ തുടരുമെന്നും ജയ്സ്വാള്‍ കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ, ഇറാനെ ശിലായുഗ കാലത്തേക്ക് തിരികെയെത്തിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് ഇറാന്‍ മറുപടി നല്‍കി. യുഎസിന്റെയോ ഇസ്രയേലിന്റെയോ ബോംബാക്രമണങ്ങള്‍ക്ക് ഇറാനെ ശിലായുഗത്തിലെത്തിക്കാന്‍ സാധിക്കില്ലെന്ന് ഇന്ത്യയിലെ ഇറാന്‍ എംബസി തങ്ങളുടെ 'എക്‌സ്' പ്ലാറ്റ്ഫോമില്‍ കുറിച്ചു.

ഏഴായിരം വര്‍ഷത്തെ സംസ്‌കാരമുള്ള രാജ്യമാണ് ഞങ്ങളുടേത്. ചരിത്രത്തിന് ഞങ്ങളെ നന്നായി അറിയാം. അതില്‍ വ്യക്തമായിട്ടുള്ളത് എന്തെന്നാല്‍: ശിലായുഗം മുതല്‍ ആധുനിക കാലം വരെ കുഞ്ഞുങ്ങളെ കൊന്നൊടുക്കിയതും മാനവരാശിക്കെതിരായ കുറ്റങ്ങള്‍ ചെയ്തുകൂട്ടിയതും നിങ്ങളാണ് എന്നതാണ്'- ഇറാന്‍ എംബസി പറഞ്ഞു.