ആലപ്പുഴ: രാഷ്ട്രീയ നേതാക്കള്‍ പൊതുവെ തൊലിക്കട്ടി കൂടുതല്‍ ഉള്ളവരാണെന്ന് പറയാറുണ്ട്. എന്നാല്‍, പലപ്പോഴും, അവരുടെ ഉള്ളിലെ കോളിളക്കങ്ങളും വിഷമങ്ങളും പതര്‍ച്ചകളും ഒന്നും പുറത്തറിയാറില്ല. എല്ലാം ഉള്ളിലൊതുക്കി ചെറുചിരിയോടെ അവര്‍ ഓരോ ദിവസവും നാടിനെ സേവിക്കാനിറങ്ങും. പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ ഇടപെടുന്ന ഒരു നേതാവിന് തിരഞ്ഞെടുപ്പും മത്സരങ്ങളും ഒക്കെ പതിവ്. ഒരു തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയെന്നാല്‍ ഇപ്പോഴത്തെ കാലത്ത് ചില്ലറ കാര്യമാണോ? എന്തൊക്കെ ചെലവുകള്‍, പ്രയാസങ്ങള്‍, പഴിചാരലുകള്‍, സൈബറാക്രമണങ്ങള്‍. എല്ലാം അതിജീവിക്കാമെന്ന് വച്ചാല്‍ തന്നെ തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ എന്തുചെയ്യും? അത്തരമൊരു ധര്‍മ്മസങ്കടത്തിന്റെ തിരതള്ളലിലാണ് കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എം ലിജുവിന് തൊണ്ടയിടറി പോയത്, വിതുമ്പി പോയത്. കായംകുളത്തെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിലാണ് ലിജുവിന് വാക്കുകള്‍ ഇടറിയത്.

അതിലേക്ക് വരും മുമ്പ് 2022 ല്‍ രാജ്യസഭാ സ്ഥാനാര്‍ഥിയായി എം.ലിജുവിനെ പരിഗണിച്ചതും വലിയ എതിര്‍പ്പുകള്‍ നേരിട്ടതും ഓര്‍ക്കേണ്ടി വരും. അന്ന് കെപിസിസി അദ്ധ്യക്ഷന്‍ സാക്ഷാല്‍ കെ.സുധാകരനായിരുന്നു. 2021ല്‍ അമ്പലപ്പുഴ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും എം ലിജു എല്‍ഡിഎഫിന്റെ എച്ച് സലാമിനോട് തോറ്റു നില്‍ക്കുന്ന കാലം. തിരഞ്ഞെടുപ്പില്‍ തോറ്റവര്‍ക്ക് രാജ്യസഭാ സീറ്റ് നല്‍കുന്നതിന് എതിരെ പാര്‍ട്ടിയില്‍ ഒരുവിഭാഗം ശക്തമായ എതിര്‍പ്പുയര്‍ത്തിയ കാലം.

ലിജുവിന് വേണ്ടി കെ.സുധാകരന്‍ എഐസിസിക്ക് കത്ത് നല്‍കിയെന്നായിരുന്നു അന്ന് പ്രചരിച്ച ഒരുവാര്‍ത്ത. തിരഞ്ഞെടുപ്പില്‍ തോറ്റത് അയോഗ്യതയായി കാണരുതെന്ന് കാട്ടി സുധാകരന്‍ കത്തുനല്‍കി എന്നായിരുന്നു വാര്‍ത്ത. തോറ്റുപോയവര്‍ ബലിയാടുകള്‍, തോല്‍വിക്ക് പല കാരണങ്ങളുണ്ട്, തോല്‍ക്കുന്ന മണ്ഡലങ്ങളില്‍ ബലിയാടാക്കപ്പെടുന്നവരെ മാറ്റിനിര്‍ത്തരുതെന്നും സുധാകരന്‍ കത്തില്‍ പറഞ്ഞു. എന്നാല്‍, പിന്നീട് ഇങ്ങനെ ഒരു കത്തയച്ച കാര്യം സുധാകരന്‍ നിഷേധിച്ചുവെന്നത് വേറെ കാര്യം. ലിജു അടക്കം നിയമസഭയിലേക്കു മത്സരിച്ചു തോറ്റവരെ രാജ്യസഭയിലേക്കു പരിഗണിക്കരുതെന്നു 7 നേതാക്കള്‍ താരിഖ് അന്‍വറിനെ ഫോണില്‍ വിളിച്ച് അറിയിച്ചുവെന്നും, പരാജയപ്പെട്ടവര്‍ മണ്ഡലത്തില്‍ പോയി പ്രവര്‍ത്തിക്കട്ടെയെന്നു ഒരു എംപി അഭിപ്രായപ്പെട്ടതായും വാര്‍ത്തകള്‍ വന്നിരുന്നു.

തുടര്‍തോല്‍വികളുടെ വേദനയില്‍..

ചാനല്‍ ചര്‍ച്ചകളില്‍, കോണ്‍ഗ്രസിന്റെ സൗമ്യ മുഖമാണ് എം.ലിജു. വലിയ ഒച്ചപ്പാടില്ലാതെ ക്യത്യമായി കാര്യങ്ങള്‍ അവതരിപ്പിക്കുന്ന നേതാവ്. മുമ്പ് എം.ഐ.ഷാനവാസിനും ഇതുപോലെ തിരഞ്ഞെടുപ്പുകളില്‍ തുടര്‍ തോല്‍വികള്‍ നേരിട്ടിരുന്നു. പിന്നീട് ഇന്ത്യ വിഷന്റെ സുവര്‍ണകാലത്ത് പ്രൈം ടൈം ചര്‍ച്ചകളിലെ മുഖമായതോടെയാണ് ഷാനവാസ് കരകയറിയത്. തന്നെ രക്ഷിച്ചത് ഇന്ത്യ വിഷനാണെന്ന് ഷാനവാസ് ഒരിക്കല്‍ അനുസ്മരിക്കുക പോലും ചെയ്തു. എന്തായാലും ലിജുവിന് ഇതുവരെ അത്തരമൊരു ഭാഗ്യമുണ്ടായില്ല.

തുടര്‍ തോല്‍വികളില്‍ എതിരാളികളില്‍ നിന്ന് കേള്‍ക്കുന്ന പരിഹാസവും മുന വച്ച വാക്കുകളും സഹിക്ക വയ്യാതെ ആകണം കഴിഞ്ഞ ദിവസം ലിജു കായംകുളത്തെ വേദിയില്‍ വിതുമ്പി പോയത്. 'തിരഞ്ഞെടുപ്പില്‍ സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് എതിരാളികള്‍ പറയുമ്പോള്‍ ഹ്യദയം നുറുങ്ങാറുണ്ട്... ആരെയും കുറ്റപ്പെടുത്തുന്നില്ല ആരോടും ക്ഷോഭിക്കാറുമില്ല; എതിരാളികള്‍ പരാജയപ്പെട്ടവനെന്ന് ആക്ഷേപിക്കുമ്പോള്‍ ഹൃദയം കീറിമുറിക്കപ്പെടുന്നുണ്ട്. എങ്കിലും തോല്‍വികളില്‍ ഞാന്‍ ആരെയും കുറ്റപ്പെടുത്തിയിട്ടില്ല. എനിക്ക് കൂടുതല്‍ മെച്ചപ്പെടാനുണ്ട് എന്നാണ് ഞാന്‍ കരുതാറുള്ളത്.

പരാജയങ്ങള്‍ നല്‍കിയ പാഠം കുടുതല്‍ മെച്ചപ്പെടാനുണ്ട് എന്നതാണ്. തോല്‍വികള്‍ക്ക് ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും ലിജു വേദിയില്‍ പറഞ്ഞു. വികാരാധീനനായാണ് ലിജു സംസാരിച്ചത്. ഇതു തന്റെ നാലാമത്തെ തിരഞ്ഞെടുപ്പ് പോരാട്ടമാണ്. മൂന്ന് തവണയും പരാജയപ്പെട്ടു. ജനങ്ങളെ സേവിക്കാന്‍ ഒരവസരം നല്‍കണമെന്ന് അഭ്യര്‍ഥിക്കുകയാണെന്നും ലിജു പറഞ്ഞു. 'ഈ നാടിനെ സേവിക്കാന്‍ എനിക്കൊരു അവസരം നല്‍കണം. അധികാരത്തിന്റെ ശീതളച്ഛായയോ സിംഹാസനങ്ങളോ അല്ല തന്നെ നയിക്കുന്നതെന്നും, ജനങ്ങളുടെ ദുഃഖങ്ങളില്‍ ഒപ്പം നില്‍ക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിനീതനായി ജനങ്ങളുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നും' കൂട്ടിച്ചേര്‍ത്തു.

ഈ വൈകാരിക നിമിഷത്തെ കുറിച്ച് ലിജു പിന്നീട് ഇങ്ങനെ പറഞ്ഞു: 'ഒരു നിമിഷം ശബ്ദം ഇടറിപ്പോയതാണ്, തോല്‍വികളിലെ കളിയാക്കലില്‍ വേദന;സഹതാപം തേടിയതല്ല, കുടുംബത്തിന് മുന്നില്‍ സംസാരിച്ചപ്പോഴത്തെ ഇമോഷന്‍'.

തോല്‍വികളുടെ കഥ; ഇക്കുറി കരകയറുമോ?

എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റായ കായംകുളത്ത് ഇത്തവണ കടുത്ത മത്സരമാണ് നടക്കുന്നത്. യു പ്രതിഭയാണ് ഇത്തവണയും മത്സരരംഗത്ത്. കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാര്‍ഥി അരിത ബാബുവിനെ 6,298 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് പരാജയപ്പെടുത്തിയത്. 2021ല്‍ അമ്പലപ്പുഴ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും എം ലിജു തോറ്റിരുന്നു. എല്‍ഡിഎഫിന്റെ എച്ച് സലാം ആണ് ജയിച്ചത്. 2016ല്‍ കായംകുളത്തുനിന്നും മത്സരിച്ച എം ലിജു എല്‍ഡിഎഫിന്റെ യു പ്രതിഭയോട് പരാജയപ്പെട്ടു. 2011ല്‍ അമ്പലപ്പുഴയില്‍ നിന്നും മത്സരിച്ചെങ്കിലും എല്‍ഡിഎഫിന്റെ ജി സുധാകരനാണ് ഇവിടെ ജയിച്ചത്.

2011 - അമ്പലപ്പുഴ മണ്ഡലം

തന്റെ ആദ്യ മത്സരത്തില്‍ അമ്പലപ്പുഴ മണ്ഡലത്തിലാണ് ലിജു ജനവിധി തേടിയത്. ശക്തമായ പോരാട്ടത്തിനൊടുവില്‍ സിപിഐഎമ്മിലെ മുതിര്‍ന്ന നേതാവ് ജി. സുധാകരനോടാണ് പരാജയപ്പെട്ടത്.

വിജയി: ജി. സുധാകരന്‍ (CPI(M)) - 63,728 വോട്ടുകള്‍

രണ്ടാം സ്ഥാനം: എം. ലിജു (INC) - 47,148 വോട്ടുകള്‍

ഭൂരിപക്ഷം: 16,580 വോട്ടുകള്‍

2. 2016 - കായംകുളം മണ്ഡലം

രണ്ടാം തവണ കായംകുളത്താണ് ലിജു മത്സരിച്ചത്. ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായ ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു. പ്രതിഭയോട് പരാജയപ്പെട്ടു.

വിജയി: യു. പ്രതിഭ (CPI(M)) - 72,956 വോട്ടുകള്‍

രണ്ടാം സ്ഥാനം: എം. ലിജു (INC) - 61,099 വോട്ടുകള്‍

ഭൂരിപക്ഷം: 11,857 വോട്ടുകള്‍

3. 2021 - അമ്പലപ്പുഴ മണ്ഡലം

കഴിഞ്ഞ തവണ വീണ്ടും അമ്പലപ്പുഴയിലേക്ക് മടങ്ങിയെങ്കിലും വിജയം കൈവരിക്കാനായില്ല. സിപിഐഎം സ്ഥാനാര്‍ത്ഥി എച്ച്. സലാമിനോടാണ് തോറ്റത്.

വിജയി: എച്ച്. സലാം (CPI(M)) - 61,365 വോട്ടുകള്‍

രണ്ടാം സ്ഥാനം: എം. ലിജു (INC) - 50,240 വോട്ടുകള്‍

ഭൂരിപക്ഷം: 11,125 വോട്ടുകള്‍

കായംകുളത്ത് നാലാം തവണയാണ് എം. ലിജു ജനവിധി തേടുന്നത്. ഇക്കുറി തൃപ്പുണിത്തുറയിലും കെ.ബാബുവിന് പകരമായി ലിജുവിന്റെ പേരുപരിഗണിച്ചിരുന്നു. എന്നാല്‍, കായംകുളത്താണ് നറുക്ക് വീണത്. കോണ്‍ഗ്രസിലെ മികച്ച നേതാക്കളിലൊരാളായിട്ടും തിരഞ്ഞെടുപ്പുകളില്‍ ഭാഗ്യം തുണയ്ക്കാത്ത നേതാവെന്ന എതിരാളികളുടെ പരിഹാസമാണ് ലിജുവിനെ വിഷമിപ്പിക്കുന്നത്. എന്നാല്‍, തിരഞ്ഞെടുപ്പില്‍, മണ്ഡലത്തിലെ അതാത് കാലത്തെ രാഷ്ട്രീയ സാഹചര്യവും, ജനവികാരവും എല്ലാം തുണയായി വന്നാല്‍ മാത്രമേ, സ്ഥാനാര്‍ഥിക്ക് ജയിച്ചുകയറാനാവു. പരാജയപ്പെടുമ്പോള്‍ എതിരാളികള്‍ ആക്ഷേപിക്കുമെന്നും കീറിമുറിക്കപ്പെടുമെന്നുമെന്നാണ് ലിജുവിന്റെ വിഷമം. എന്തായാലും 'സുധാകരന്‍' കത്തില്‍ പറഞ്ഞത് പോലെ തിരഞ്ഞെടുപ്പില്‍ തോറ്റത് അയോഗ്യതയായി കോണ്‍ഗ്രസുകാര്‍ കാണാതിരിക്കുകയാണ് വേണ്ടത്.