കോഴിക്കോട്: തിരഞ്ഞെടുപ്പില്‍ താന്‍ ഇനി മത്സരിക്കില്ലെന്ന് ആര്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എം.വി.ശ്രേയാംസ്‌കുമാര്‍ പ്രഖ്യാപിച്ചതിന് കാരണം സിപിഎമ്മിന്റെ കൈയ്യിലുള്ള വജ്രായുധ ഭയത്തില്‍. വ്യാജ രേഖാ ചമയ്ക്കല്‍ കേസില്‍ പ്രതിയാകുമോ എന്ന ആശങ്ക ശ്രേയംസിനുണ്ട്. ഇതുകൊണ്ടാണ് ശ്രേയംസിന്റെ കരുതല്‍ എടുക്കുന്നത്. കഴിഞ്ഞ തവണ നിര്‍ബന്ധത്തിനു വഴങ്ങിയാണ് മത്സരിച്ചത്. ഇത്തവണ വടകരയില്‍ മത്സരിക്കണമെന്ന് ഇടതുമുന്നണിയില്‍ നിന്ന് നിര്‍ദേശം വന്നിരുന്നു. ജീവിതത്തില്‍ ഏതെങ്കിലും കാലഘട്ടത്തില്‍ ഇത്തരം കാര്യങ്ങളില്‍ മുന്‍ഗണന നിശ്ചയിക്കേണ്ടി വരും. രാഷ്ട്രീയത്തിലും സാമൂഹിക പ്രവര്‍ത്തനത്തിലും തുടരും. എന്നാല്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇനി ഇല്ലെന്നാണ് നിലപാടെന്നും ശ്രേയംസ് കുമാര്‍ വിശദീകരിച്ചത് ഇങ്ങനെയാണ്. കല്‍പ്പറ്റയിലാണ് ശ്രേയംസ് നേരത്തെ മത്സരിച്ചത്. അവിടെ ഇപ്പോള്‍ ആര്‍ജെഡിയ്ക്ക് ഒരു സാധ്യതയുമില്ല. വടകരയില്‍ കെകെ രമയാണ് എംഎല്‍എ. അവിടേയും ജയം അസാധ്യം. ഇതിനൊപ്പമാണ് വ്യാജരേഖാ കേസിലെ പ്രതിസന്ധി. ഇതോടെ ശ്രേയാംസ് മത്സരിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.

ഏതാനും മാസങ്ങളായി മുന്നണി വിടണമെന്ന വികാരം ആര്‍ജെഡിയില്‍ ശക്തമായി നിലനില്‍ക്കുകയായിരുന്നു. അതിനിടെയാണ് തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ വലിയ തിരിച്ചടി പാര്‍ട്ടിക്ക് നേരിടേണ്ടി വന്നത്. പാര്‍ട്ടി സ്ഥിരമായി ജയിക്കുന്ന സീറ്റുകളില്‍ അടക്കം പാര്‍ട്ടി തോറ്റു. കോഴിക്കോട് കോര്‍പറേഷനിലെ തോല്‍വി സംബന്ധിച്ച് എല്‍ഡിഎഫില്‍ ആറു പേജുള്ള പരാതി നല്‍കിയെങ്കിലും അത് വേണ്ടവിധം പരിഗണിക്കപ്പെട്ടില്ലെന്ന വികാരം എറണാകുളത്ത് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റിലും ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ജില്ലാ ഘടകങ്ങളില്‍ നിന്നും വലിയ സമ്മര്‍ദം സംസ്ഥാന നേതൃത്വത്തിനെതിരെ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഉണ്ടായത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ലഭിക്കുന്ന പരിഗണന മുന്‍നിര്‍ത്തി മുന്നണിയില്‍ തുടരുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാം എന്ന ധാരണയിലാണ് യോഗം അവസാനിച്ചത്. എന്നാല്‍ വ്യാജ രേഖയില്‍ വനിതാ കമ്മീഷന് മുന്നിലുള്ള പരാതി നിര്‍ണ്ണായകമാണ്. സിപിഎമ്മിനേയും പിണറായി സര്‍ക്കാരിനേയും പിണക്കിയാല്‍ പെട്ടു പോകുമെന്ന് ശ്രേയംസ് കുമാര്‍ ഭയക്കുന്നുണ്ട്.

ആര്‍ജെഡി ഇടതുമുന്നണി വിടില്ല. എന്നാല്‍ എല്ലാ ജില്ലകളിലും സാന്നിധ്യമുള്ള ആര്‍ജെഡിക്ക് മുന്നണിയില്‍ അര്‍ഹമായ പരിഗണന ലഭിക്കണം. ഇടതുമുന്നണിയുടെ മേഖലാ ജാഥകള്‍ പൂര്‍ത്തിയാകുന്നതോടെ ഇക്കാര്യം മുന്നണിയില്‍ ഉന്നയിക്കും. സിപിഎമ്മും ആര്‍ജെഡിയും ഒരുമിച്ചാല്‍ ജയിക്കാവുന്ന പല സീറ്റുകളും സംസ്ഥാനത്തുണ്ട്. അതു പരിഗണിക്കും എന്നാണ് പ്രതീക്ഷയെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു. കെപി മോഹനന്റെ നിലപാടിന് ആര്‍ജെഡിയില്‍ മുന്‍തൂക്കം കിട്ടി. ഇടതു മുന്നണി വിടില്ലെന്ന് കെ പി മോഹനന്‍ തീര്‍ത്തു പറഞ്ഞു. കൂത്തുപറമ്പില്‍ ഇടതു സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും വിശദീകരിച്ചു. ഇതോടെയാണ് ഇടതു മുന്നണിയില്‍ തുടരേണ്ട സാഹചര്യം ഉണ്ടാകുന്നത്. ശ്രേയംസ് കുമാറിന് എല്ലാ അര്‍ത്ഥത്തിലും തിരിച്ചടിയായിരുന്നു കഴിഞ്ഞ ദിവസത്തെ യോഗം. യുഡിഎഫിനും ആര്‍ജെഡിയോട് താല്‍പ്പര്യക്കുറവുണ്ട്. കല്‍പ്പറ്റയും വടകരയും കോവളവും ഉറപ്പായി കോണ്‍ഗ്രസ് ജയിക്കുന്ന സീറ്റുകളാണ്. അതുകൊണ്ടു തന്നെ ഈ സീറ്റുകളിലെ ആര്‍ജെഡി അവകാശ വാദങ്ങള്‍ അംഗീകരിക്കാന്‍ കോണ്‍ഗ്രസും തയ്യാറല്ല. ഇതോടെ സിപിഎം നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഇടതില്‍ തുടരേണ്ട അവസ്ഥയിലാണ് ആര്‍ജെഡി.

കഴിഞ്ഞ തവണ കല്‍പ്പറ്റയില്‍ തോറ്റ ശ്രേയാംസിന് ഇത്തവണ വടകരയില്‍ കെ.കെ. രമയ്‌ക്കെതിരെ പൊരുതാന്‍ ഇടതുമുന്നണി നിര്‍ദ്ദേശം നല്‍കിയെങ്കിലും പരാജയഭീതിയും പോലീസ് നടപടിയും ഭയന്ന് അദ്ദേഹം പിന്മാറുകയായിരുന്നു. വനിതാ കമ്മീഷന് മുന്നിലുള്ള പരാതിയില്‍ പിണറായി സര്‍ക്കാര്‍ കടുത്ത നിലപാടെടുത്താല്‍ പെട്ടുപോകുമെന്ന തിരിച്ചറിവാണ് ഈ പിന്മാറ്റത്തിന് പിന്നിലെന്ന് രാഷ്ട്രീയ വൃത്തങ്ങള്‍ വിലയിരുത്തുന്നു. മുന്നണിയില്‍ നേരിടുന്ന കടുത്ത അവഗണനയില്‍ പ്രതിഷേധിച്ച് ആര്‍ജെഡിയില്‍ വലിയ പൊട്ടിത്തെറിയാണ് നടക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പ്പറേഷനില്‍ അടക്കം കാലുവാരല്‍ ഉണ്ടായതും മന്ത്രിസ്ഥാനം നല്‍കാത്തതും അണികളെ പ്രകോപിപ്പിച്ചിട്ടുണ്ട്. മുന്നണി വിടണമെന്ന പകുതിയിലേറെ ജില്ലാ ഘടകങ്ങളുടെ ആവശ്യം കെ.പി. മോഹനന്റെ കടുംപിടുത്തത്തില്‍ തട്ടി തകരുകയായിരുന്നു.

നിലവില്‍ മൂന്ന് സീറ്റില്‍ മത്സരിക്കുന്ന പാര്‍ട്ടിക്ക് ഇത്തവണ അഞ്ചെണ്ണം വേണമെന്ന ആവശ്യവുമായി സിപിഎമ്മിനെ സമീപിക്കാനാണ് തീരുമാനം. കോവളവും ചാലക്കുടിയും അധികമായി ചോദിക്കും. പക്ഷേ ഇതു രണ്ടും വിട്ടുകൊടുക്കാന്‍ സാധ്യത കുറവാണ്. അതിനിടെ 1973 ല്‍ പ്രതിപക്ഷ മുന്നണി എന്ന പേരില്‍ ഇടതുമുന്നണി രൂപീകരിക്കുമ്പോള്‍ ആദ്യത്തെ മുന്നണി കണ്‍വീനര്‍ സ്ഥാനം ഉണ്ടായിരുന്ന ആര്‍ജെഡിക്ക് അര്‍ഹമായ പരിഗണന എല്‍ഡിഎഫില്‍ ഉണ്ടാവണമെന്നു ആര്‍ജെഡി സംസ്ഥാന സെക്രട്ടറി വര്‍ഗീസ് ജോര്‍ജ് പറഞ്ഞു. ഇടതുമുന്നണിയില്‍ സോഷ്യലിസ്റ്റ് ആശയക്കാര്‍ക്ക് മുന്‍തൂക്കം നല്‍കണം. ഇതുകൂടി മുന്‍നിര്‍ത്തിയാണ് മുന്നണിയില്‍ അര്‍ഹമായ പ്രാതിനിധ്യം ആവശ്യപ്പെടുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന ചര്‍ച്ചയില്‍ അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ഉറപ്പു നല്‍കിയിരുന്നെന്നും അത് പാലിക്കും എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

അപമാനം സഹിച്ച് മുന്നണിയില്‍ നിലകൊള്ളുന്നതിനെതിരെ വലിയ വിമര്‍ശനമാണ് കോഴിക്കോട് ചേര്‍ന്ന ആര്‍ജെഡി സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഉണ്ടായത്. നിലപാട് ഉറപ്പിക്കാതെ നിലകൊള്ളുന്ന സംസ്ഥാന നേതൃത്വത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയാറാണെന്നു കാട്ടി യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന നിലപാട് ശ്രേയാംസ് കുമാര്‍ അറിയിച്ചു. എംഎല്‍എ ഉണ്ടായിട്ടും മന്ത്രിസ്ഥാനം പോലും നല്‍കാതെ അഞ്ചു വര്‍ഷമായി മുന്നണിയില്‍ അവഗണന നേരിടുകയാണെന്നാണ് പൊതുവേ വിമര്‍ശനം ഉയര്‍ന്നത്. രാജ്യസഭാംഗം പോലും ഇല്ലാതായ പാര്‍ട്ടിക്ക് പിന്നിട്ട തദ്ദേശ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പറേഷനില്‍ അഞ്ചു സീറ്റും നഷ്ടമാകുന്ന തരത്തില്‍ കാലുവാരുന്ന സ്ഥിതി ഉണ്ടായെന്ന ആക്ഷേപവും യോഗത്തില്‍ ഉയര്‍ന്നു.

മൂന്ന് സീറ്റില്‍ കഴിഞ്ഞ തവണ മത്സരിച്ച പാര്‍ട്ടി ഇത്തവണ രണ്ട് സീറ്റ് അധികം ചോദിക്കണമെന്ന നിര്‍ദേശമുയര്‍ന്നു. കല്‍പറ്റ, കൂത്തുപറമ്പ്, വടകര സീറ്റുകളിലാണ് കഴിഞ്ഞ തവണ ആര്‍ജെഡി മത്സരിച്ചതെങ്കില്‍ ഇത്തവണ കോവളം, ചാലക്കുടി സീറ്റുകള്‍ കൂടി ആവശ്യപ്പെടും. കോവളത്ത് വിപുലമായ ബന്ധങ്ങളുളള നീലലോഹിതദാസന്‍ നാടാരെ രംഗത്തിറക്കിയാല്‍ മണ്ഡലം പിടിച്ചെടുക്കാനാകുമെന്ന വിലയിരുത്തലാണ് ഉണ്ടായത്. കഴിഞ്ഞ തവണ ജനതാദള്‍ സെക്കുലര്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച നീലലോഹിതദാസന്‍ നാടാര്‍ ഇപ്പോള്‍ ആര്‍ജെഡിയില്‍ ആയതിനാല്‍ അഞ്ചില്‍ ഒരു സീറ്റ് കുറഞ്ഞാലും കോവളം ഉറപ്പാക്കാമെന്ന നിലപാടും ചര്‍ച്ചകളില്‍ ഉണ്ടായി. പക്ഷേ ഇതൊന്നും അംഗീകരിക്കില്ല. ജനതാദള്‍ സെക്കുലറിന്റേതാണ് കോവളവും ചാലക്കുടിയും. ഇതു രണ്ടും അവര്‍ കൈവിടാനുള്ള സാധ്യത കുറവാണ്.