- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെറും എം.പി സ്ഥാനമല്ലാതെ പാര്‍ട്ടിയില്‍ മറ്റു പദവികളില്ലാതെ ദുര്‍ബലമാവുകയാണ് കെ. സുധാകരനും അനുകുലിക്കുന്നവരും; ഇരിക്കൂറിലൂടെ എ ഗ്രൂപ്പിനെ പൊളിച്ചെടുക്കി; അടുത്ത ലക്ഷ്യം സുധാകരന്; ഈ ഒതുക്കലില്‍ കെ. എസ് അടങ്ങുമോ ആളിക്കത്തുമോ? കണ്ണൂര്‍ കോണ്‍ഗ്രസില്‍ കനലെരിയുന്നു; സുധാകരന്റെ തട്ടകവും പിടിച്ചടുക്കി കെ സിയുടെ പടയോട്ടം

കണ്ണൂര്‍ : കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഹൈക്കമാന്‍ഡ് സീറ്റ് നിഷേധിക്കപ്പെട്ട സാഹചര്യത്തില്‍ കെ. സുധാകരന്‍ എം.പി യുടെ നിലപാടെന്തെന്ന് അറിയാന്‍ രാഷ്ട്രീയ കേരളം കാതോര്‍ക്കും. തെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടിയെ വെട്ടിലാക്കുന്ന നടപടികളൊന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗവും എം.പി യുമായ സുധാകരന്‍ സ്വീകരിക്കില്ലെന്നാണ് പ്രതീക്ഷ. ഇന്ന് പുലര്‍ച്ചെ വരെ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാര്‍ജ്ജുന ഖാര്‍ഗെയുടെ വസതിയില്‍ നടന്ന മാരത്തോണ്‍ ചര്‍ച്ചയ്ക്കു ശേഷമാണ് എം. പിമാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്ന തീരുമാനം ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചത്.
കെ. സുധാകരന്‍ അവകാശവാദമുന്നയിച്ച കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ മുന്‍ മേയര്‍ ടി.ഒമോഹനനെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിക്കുകയും ചെയ്തു. ഇതോടെ നിയമസഭാ മണ്ഡലത്തില്‍ മത്സരിച്ചു മന്ത്രിസഭയിലെത്താമെന്ന കെ. സുധാകരന്‍ എം.പി യുടെ പ്രതീക്ഷയ്ക്ക് തിരിച്ചടിയേല്‍ക്കുകയും ചെയ്തു. സുധാകരന് സീറ്റ് നിഷേധിച്ചതില്‍ അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പ്രതിഷേധത്തിലാണ് കെ.എസിന് സീറ്റു നല്‍കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ നഗരത്തില്‍ പന്തംകൊളുത്തി പ്രകടനവും ഡി.സി.സി ഓഫീസിന് മുന്‍പില്‍ പോസ്റ്റര്‍ പതിക്കുകയും ചെയ്തിരുന്നു. പേരാവൂരില്‍ സണ്ണി ജോസഫ് മത്സരിക്കുന്ന മണ്ഡലത്തില്‍ കെ.പി.സി.സി പ്രസിഡന്റിനെതിരെ വ്യാപകമായി പോസ്റ്റര്‍ പ്രചാരണവും നടന്നിരുന്നു.
ഈ സാഹചര്യത്തില്‍ കെ.എസ് ഇ ടഞ്ഞതോടെ പൊട്ടിത്തെറിയുടെ വക്കിലാണ് കണ്ണൂരിലെ കോണ്‍ഗ്രസ് രാഷ്ട്രീയം. എ ഐ.സി.സി ജനറല്‍ സെക്രട്ടറികെ.സി വേണുഗോപാലിന്റെ അപ്രമാദിത്വവും ഏകാധിപത്യപരമായ ഇടപെടലുമാണ് സുധാകരനെ പ്രകോപിപ്പിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എ വിഭാഗത്തില്‍ നിന്നും ഇരിക്കൂര്‍ സീറ്റ് പിടിച്ചെടുത്ത കെ.സി തന്റെ സ്വന്തക്കാരനായ സജീവ് ജോസഫിനെ എം.എല്‍.എയായി വാഴിക്കുകയായിരുന്നു. ഇതിനെതിരെ കടുത്ത പ്രതിഷേധമുയര്‍ത്തി രംഗത്തുവന്ന മലയോരത്തെ എ ഗ്രൂപ്പുകാരെ ഒന്നൊന്നായി ഒതുക്കി. ഇരിക്കൂറില്‍ കെ.സി ജോസഫിന് പകരം എം.എല്‍.എയാകുമെന്ന് കരുതിയ സോണി സെബാസ്റ്റ്യന് ആര്‍ക്കും വേണ്ടാത്ത കെ.പി.സി.സി ജനറല്‍ സെക്രട്ടറി പദവി കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു.
ഇപ്പോള്‍ ശ്രീകണ്ഠാപുരം നഗരസഭയുടെ ഭരണം മാത്രമാണ് എ ഗ്രൂപ്പിനുള്ളത്. കണ്ണൂര്‍ ജില്ലയില്‍ ഒരിടത്തും സ്ഥാനാര്‍ത്ഥിയായി എ ഗ്രൂപ്പുകാരില്ല. ഇതിനു സമാനമായാണ് ഇപ്പോള്‍ സുധാകര ഗ്രൂപ്പും നീങ്ങുന്നത്. സുധാകരന്റെ വിശ്വസ്ത അനുയായികളെ കെ സി വേണുഗോപാല്‍ സ്വന്തം പാളയത്തിലെത്തിക്കുന്നതാണ് തലവേദനയാകുന്നത്. സുധാകരന്റെ അതീവ വിശ്വസ്തരില്‍ ഒരാളായ അഡ്വ. സണ്ണി ജോസഫ് കെ.പി സി.സി അദ്ധ്യക്ഷ പദവി ലഭിച്ചതോടെ അകല്‍ച്ചയിലാണ്.
കെ.സി യോടും പ്രതിപക്ഷ നേതാവ് വി.ഡി സതീശനോടും അടുപ്പം പുലര്‍ത്തുകയാണ് പേരാവൂര്‍ എം.എല്‍.എ. മുന്‍ മേയര്‍ ടി. ഒ മോഹനന്‍ കഴിഞ്ഞ കുറെക്കാലമായി കെ.സുധാകരന്‍ ഗ്രുപ്പില്‍ നിന്ന് വിട്ട് കെ.സി യുടെ വിശ്വസ്തനായി മാറി. സുധാകരന്‍ ഉയര്‍ത്തിയ വെല്ലുവിളി മറികടന്ന് കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ സീറ്റുറപ്പിച്ചത് കെ. സി യുടെ ഇടപെടല്‍ കാരണമാണ്. കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ അഡ്വ. പി. ഇന്ദിര, വി.കെ. സുരേഷ് ബാബു ,പി.ടി മാത്യുതുടങ്ങി ഒന്നാം നിര നേതാക്കള്‍ മുഴുവന്‍ കെ.സി വേണുഗോപാല്‍ ഗ്രൂപ്പിലെത്തി കഴിഞ്ഞു.
ഡി.സി.സി അധ്യക്ഷന്‍ മാര്‍ട്ടിന്‍ ജോര്‍ജ് കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫിനോടാണ് ഇപ്പോള്‍ അടുപ്പം പുലര്‍ത്തുന്നത്. സുധാകരനാണ് ഡി.സി.സി അധ്യക്ഷനാക്കിയതെങ്കിലും അതൊക്കെ പഴങ്കഥയായിരിക്കുകയാണ്. റിജില്‍ മാക്കുറ്റി, അമൃത രാമകൃഷ്ണന്‍, സി.ജയകൃഷ്ണന്‍, കെ. പ്രമോദ് , മുഹമ്മദ് ഷമ്മാസ് തുടങ്ങി വിരലില്‍ എണ്ണാവുന്ന നേതാക്കള്‍ മാത്രമേ കെ. സുധാകരന് ഒപ്പമുള്ളൂ. ധര്‍മ്മടം മണ്ഡലത്തില്‍ മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുന്ന വി.പി അബ്ദുള്‍ റഷീദ് രമേശ് ചെന്നിത്തലയുടെ അതീവ വിശ്വസ്തരില്‍ ഒരാളാണ്.
കണ്ണൂരിലെ എ ഗ്രൂപ്പുകാരാകട്ടെ ഒരേ സമയം സുധാകരനും കെ.സി വേണുഗോപാലിനുമെതിരെ നില്‍ക്കുകയാണ്. വെറും എം.പി സ്ഥാനമല്ലാതെ പാര്‍ട്ടിയില്‍ മറ്റു പദവികളില്ലാതെ ദുര്‍ബലമാവുകയാണ് കെ. സുധാകരനും അദ്ദേഹത്തെ അനുകുലിക്കുന്നവരും.


