ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സി.പി.എമ്മില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ ചൂടുപിടിക്കുമ്പോള്‍, പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നത് അണിയറയിലെ വന്‍ ചരടുവലികള്‍. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലെ തീരുമാനങ്ങള്‍ വിരല്‍ചൂണ്ടുന്നത് പാര്‍ട്ടിക്കുള്ളിലെ അധികാര വടംവലികളിലേക്കാണ്. ജി. സുധാകരനെ ഒഴിവാക്കാന്‍ കാണിച്ച തിടുക്കം തോമസ് ഐസക്കിനെ കൂടി വെട്ടാനുള്ള കൃത്യമായ രാഷ്ട്രീയ നീക്കമാണെന്നാണ് പുറത്തുവരുന്ന സൂചനകള്‍.

അമ്പലപ്പുഴയില്‍ മുന്‍മന്ത്രി ജി. സുധാകരനെ പരിഗണിക്കണമെന്ന ആവശ്യം ജില്ലാ സെക്രട്ടേറിയറ്റില്‍ കെ. രാഘവനും ഹരിശങ്കറും ഉന്നയിച്ചിരുന്നു. എന്നാല്‍, മാനദണ്ഡപ്രകാരം കഴിഞ്ഞ തവണ മാറിയവരെ വീണ്ടും മത്സരിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചയേ വേണ്ടെന്ന കര്‍ശന നിലപാടാണ് എം.വി. ഗോവിന്ദന്‍ സ്വീകരിച്ചത്. സുധാകരനെ വെട്ടാന്‍ ഉപയോഗിച്ച ഈ 'മാനദണ്ഡം' ലക്ഷ്യം വെക്കുന്നത് തോമസ് ഐസക്കിനെ കൂടിയാണ്. കണ്ണൂരില്‍ കെകെ ശൈലജ, എംവി നികേഷ് കുമാര്‍, പി ജയരാജന്‍, ഇപി ജയരാജന്‍, എംവി ജയരാജന്‍ എന്നിവര്‍ക്ക് സീറ്റില്ലെന്ന നിലപാടിലാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ്. ഇതിന് പിന്നാലെയാണ് മറ്റൊരു വിപ്ലവ മണ്ണായ ആലപ്പുഴയിലും സിപിഎം ജില്ലാ സെക്രട്ടറിയേറ്റിന്റെ തീരുമാനങ്ങള്‍.

അരൂര്‍ മണ്ഡലത്തില്‍ തോമസ് ഐസക്കിന്റെ പേര് ഉയര്‍ന്നുവരുമെന്ന സൂചനയുണ്ടായിരുന്നെങ്കിലും ഗോവിന്ദന്റെ നിലപാടോടെ അതും അടഞ്ഞു. തന്നെ ബോധപൂര്‍വ്വം ഒഴിവാക്കാനുള്ള നീക്കത്തില്‍ ഐസക്ക് കടുത്ത അതൃപ്തിയിലാണെങ്കിലും തല്‍ക്കാലം പരസ്യ പ്രതികരണത്തിന് മുതിരില്ലെന്നാണ് വിവരം. എന്നാല്‍, മത്സരിക്കാനുള്ള തന്റെ ആഗ്രഹം അദ്ദേഹം കേന്ദ്ര കമ്മിറ്റിയെ അറിയിച്ചതായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. അതേസമയം, സീറ്റ് നിഷേധിക്കപ്പെട്ട സാഹചര്യത്തില്‍ ജി. സുധാകരന്റെ അടുത്ത നീക്കങ്ങള്‍ എന്തായിരിക്കുമെന്ന് പാര്‍ട്ടി നേതൃത്വം സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്.

ജി. സുധാകരനും തോമസ് ഐസക്കിനും പുറമെ, ജനകീയ നേതാവായ കെ.കെ. ശൈലജ ടീച്ചര്‍ക്കും ഇത്തവണ നിയമസഭയിലേക്ക് അവസരം നല്‍കാന്‍ പാര്‍ട്ടി നേതൃത്വത്തിന് താല്പര്യമില്ലെന്നാണ് സൂചന. വിജയസാധ്യതയുള്ള, ജനകീയരായ മുതിര്‍ന്ന നേതാക്കള്‍ക്ക് സീറ്റ് നിഷേധിക്കുന്നതിന് പിന്നില്‍ കൃത്യമായ അജണ്ടയുണ്ടെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം സംശയിക്കുന്നു.

സി.പി.എമ്മില്‍ പിണറായി വിജയന് താഴെ 'അനിഷേധ്യനായ രണ്ടാമന്‍' ആകാനുള്ള എം.വി. ഗോവിന്ദന്റെ കരുനീക്കമാണിതെന്ന് മുതിര്‍ന്ന നേതാക്കള്‍ തന്നെ അടക്കംപറയുന്നുണ്ട്. തനിക്ക് ഭീഷണിയാകാന്‍ സാധ്യതയുള്ള എല്ലാ മുതിര്‍ന്ന നേതാക്കളെയും സംഘടനാ തത്വങ്ങളുടെ പേരുപറഞ്ഞ് വെട്ടിനിരത്തുകയാണെന്ന വികാരം പാര്‍ട്ടിയില്‍ പുകയുന്നുണ്ട്. രണ്ടു ടേം പൂര്‍ത്തിയാക്കിയ യു. പ്രതിഭയ്ക്ക് ഇളവ് നല്‍കി പരിഗണിക്കുന്നു. ഒപ്പം ജില്ലാ സെക്രട്ടറി ആര്‍. നാസര്‍, കെ.എച്ച്. ബാബുജാന്‍ എന്നിവരുടെ പേരുകളും പട്ടികയിലുണ്ട്. ഒരു ടേം മാത്രം പൂര്‍ത്തിയാക്കിയ ദലീമയ്‌ക്കൊപ്പം ആര്‍. നാസറിന്റെ പേരും നിര്‍ദേശിച്ചിട്ടുണ്ട്. കായംകുളത്തോ അരൂരിലോ നാസര്‍ മത്സരിക്കാന്‍ സാധ്യത കൂടുതലാണ്.

അമ്പലപ്പുഴ എച്ച്. സലാമിന് തന്നെ വീണ്ടും അവസരം. ഇതെല്ലാം സുധാകരനെ പ്രകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്. സിറ്റിങ് എം.എല്‍.എമാര്‍ തുടരുമെന്നാണ് ആലപ്പുഴയിലെ പൊതു ധാരണ, പി.പി. ചിത്തരഞ്ജന്‍ (ആലപ്പുഴ), സജി ചെറിയാന്‍ (ചെങ്ങന്നൂര്‍), എം.എസ്. അരുണ്‍കുമാര്‍ (മാവേലിക്കര) എന്നിവര്‍ വീണ്ടും ജനവിധി തേടും. ജില്ലാ സെക്രട്ടേറിയറ്റിന്റെ ഈ ശുപാര്‍ശകള്‍ സംസ്ഥാന സെക്രട്ടേറിയറ്റ് പരിഗണിച്ച ശേഷം ജില്ലകളില്‍ വീണ്ടും ചര്‍ച്ച നടത്തും. സംസ്ഥാന സെക്രട്ടേറിയറ്റാകും സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.