തിരുവനന്തപുരം: വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കവേ പിണറായി സര്‍ക്കാറിനെ താഴെ ഇറക്കാന്‍ അഭ്യര്‍ഥിച്ച് പാലക്കാട എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. കഴിഞ്ഞ പത്തു വര്‍ഷത്തെ പിണറായി സര്‍ക്കാര്‍ ഭരണത്തിലെ വീഴ്ച്ചകള്‍ എണ്ണിപ്പറഞ്ഞാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തുവന്നത്. സോഷ്യല്‍ മീഡിയയില്‍ പുതിയ വീഡിയോയാണ് രാഹുല്‍ തയ്യാറാക്കിയത്. ഈ വീഡിയോ പോസ്റ്റുചെയ്തതിന് പിന്നാലെ വൈറലാണ്.

പിണറായി സര്‍ക്കാറിന്റെ കാലത്തെ തൊഴിലില്ലായ്മയും പിന്‍വാതില്‍ നിയമനങ്ങളുമാണ് രാഹുല്‍ ചൂണ്ടിക്കാട്ടിയത്. പി.എസ്.സി പരീക്ഷ പാസായിട്ടും ജോലി ലഭിക്കാതെ ഉദ്യോഗാര്‍ത്ഥികള്‍ തെരുവിലിറങ്ങി സമരം ചെയ്തതും സെക്രട്ടേറിയറ്റിന് മുന്നില്‍ മുട്ടിലിഴഞ്ഞതും കേരളം മറന്നിട്ടില്ലെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടുന്നു. അര്‍ഹരായവരെ പുറത്തുനിര്‍ത്തി പാര്‍ട്ടി ബന്ധുക്കളെയും എസ്.എഫ്.ഐ നേതാക്കളെയും പിന്‍വാതിലിലൂടെ നിയമിച്ച സര്‍ക്കാരിന്റെ നയങ്ങള്‍ യുവജനതയ്ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.

സാധാരണക്കാരന്റെ നട്ടെല്ലൊടിക്കുന്ന വിലക്കയറ്റമാണ് കഴിഞ്ഞ കുറച്ചു കാലമായി കേരളം സാക്ഷ്യം വഹിക്കുന്നത്. കേന്ദ്രത്തിന്റെ ഇന്ധനക്കൊള്ളയ്ക്ക് പുറമെ സംസ്ഥാനം ഏര്‍പ്പെടുത്തിയ അധിക സെസ്സും നികുതി വര്‍ദ്ധനവും ജനജീവിതം ദുസ്സഹമാക്കി. ക്ഷേമ പെന്‍ഷനുകളും കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ശമ്പളവും മുടങ്ങിക്കിടക്കുമ്പോഴും സര്‍ക്കാരിന്റെ ധൂര്‍ത്തിന് കുറവില്ലെന്ന ആക്ഷേപവും രാഹുല്‍ ഉന്നയിക്കുന്നു.

ക്യാമ്പസുകളിലെ ഇടിമുറികളും സിദ്ധാര്‍ത്ഥിനെപ്പോലെയുള്ള വിദ്യാര്‍ത്ഥികളുടെ ദാരുണമായ അന്ത്യവും ക്രമസമാധാന തകര്‍ച്ചയുടെ ആഴം വ്യക്തമാക്കുന്നു. എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം മുതല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ വരെ നീളുന്ന സംഭവങ്ങളില്‍ ഭരണകൂടത്തിന്റെ പങ്കും ഓര്‍ക്കണമെന്നും അദ്ദേഹം പറയുന്നു. പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന അതിക്രമങ്ങളും കസ്റ്റഡി മരണങ്ങളും നടന്നുവെന്നുമാണ് രാഹുല്‍ പറയുന്നത്.

കെ-ഫോണ്‍, എ.ഐ ക്യാമറ, ലൈഫ് മിഷന്‍ തുടങ്ങിയ പദ്ധതികളുടെ പിന്നില്‍ നടന്ന വന്‍ അഴിമതികള്‍ ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാകണം. വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ തുടങ്ങിയ വന്‍കിട പദ്ധതികള്‍ യു.ഡി.എഫ് കാലത്ത് വിഭാവനം ചെയ്തതാണെന്നും ഈ സര്‍ക്കാര്‍ സ്വന്തമായി ഒരു വികസനവും കൊണ്ടുവന്നില്ലെന്നും രാഹുല്‍ വീഡിയോയില്‍ വ്യക്തമാക്കി.


കേരള ചരിത്രത്തിലെ ഏറ്റവും ജനാധിപത്യ വിരുദ്ധനായ ഏറ്റവും ക്രൂരനായ ഏറ്റവുമധികം കള്ളങ്ങള്‍ പറയുന്ന ഏറ്റവുമധികം കൊള്ളയ്ക്ക് കൂട്ടുനിന്നിട്ടുള്ള ഒരു മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് രാഹുല്‍ ആരോപിക്കുന്നു. ഈ പിണറായി വിജയനെ താഴെ ഇറക്കുവാന്‍ കിട്ടുന്ന സുവര്‍ണ അവസരമാണ് നാളെ നമ്മുടെ ഓരോരുത്തരുടെയും കയ്യിലേക്ക് വന്നു ചേരുന്നത്. വോട്ട് ഓര്‍മ്മയാണ് ഓര്‍മ്മപ്പെടുത്തലാണ്. കഴിഞ്ഞ 10 വര്‍ഷക്കാലം ഈ സര്‍ക്കാര്‍ നമ്മളെ എങ്ങനെയെല്ലാം ദ്രോഹിച്ചു എന്ന് ഓര്‍ത്തു കൊണ്ടായിരിക്കണം വോട്ടു ചെയ്യേണ്ടത്. നമുക്ക് നമ്മുടെ വോട്ട് വളരെ ബോധപൂര്‍വ്വം ആലോചിച്ചച്ച് ഉറപ്പിച്ച് വിവേകത്തോടുകൂടി തന്നെ ചെയ്യാം,. ആ ചെയ്യുന്ന വോട്ട് യുഡിഎഫിനൊപ്പം ആകട്ടെ യുഡിഎഫ് നയിക്കും കേരളം ജയിക്കും. - രാഹുല്‍ വ്യക്തമാക്കി.