വാഷിംഗ്ടണ്‍/ടെഹ്റാന്‍: പശ്ചിമേഷ്യയില്‍ യുദ്ധം കൊടുമ്പിരിക്കൊള്ളവെ, ഇസ്രയേലിലെ തന്ത്രപ്രധാനമായ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ ഇറാന്‍ അനുകൂല സംഘടനയായ ഹിസ്ബുള്ളയുടെ മിസൈല്‍ ആക്രമണം. അതേസമയം, ഇറാന്റെ ആണവ ശേഖരം ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കാനുള്ള ആലോചനയിലാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

ഹൈഫയില്‍ വീണ്ടും ആക്രമണം

ഇസ്രയേലിലെ വടക്കന്‍ നഗരമായ ഹൈഫയിലെ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ ശക്തമായ ആക്രമണമുണ്ടായതായി ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹിസ്ബുള്ള ഏറ്റെടുത്തു. മാര്‍ച്ച് 19-ന് നടന്ന ആക്രമണത്തിന് പിന്നാലെയാണ് തന്ത്രപ്രധാനമായ ഈ മേഖല വീണ്ടും ലക്ഷ്യമിടുന്നത്. ഹൈഫ തുറമുഖ നഗരത്തിലെ ബസാന്‍ (Bazan) റിഫൈനറിയിലാണ് തീപിടുത്തമുണ്ടായത്. ഇറാനും ഹിസ്ബുള്ളയുമാണ് ആക്രമണത്തിന് പിന്നിലെന്ന് ചാനല്‍ 12 ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മിസൈല്‍ പ്രതിരോധ സംവിധാനം ശത്രു മിസൈലിനെ തകര്‍ത്തപ്പോള്‍ അതിന്റെ അവശിഷ്ടങ്ങള്‍ ഇന്ധന ടാങ്കറില്‍ പതിച്ചതാണ് തീപിടുത്തത്തിന് കാരണമെന്ന് ഇസ്രായേല്‍ അഗ്‌നിശമന സേന അറിയിച്ചു.

യുറേനിയം പിടിച്ചെടുക്കാന്‍ ട്രംപിന്റെ പ്ലാന്‍

ഇറാനില്‍ സൂക്ഷിച്ചിരിക്കുന്ന ഏകദേശം 400 കിലോഗ്രാം (970 പൗണ്ട്) സമ്പുഷ്ടീകരിച്ച യുറേനിയം പിടിച്ചെടുക്കാന്‍ കരസേനാ നീക്കം നടത്തുന്നതിനെക്കുറിച്ച് ട്രംപ് ആലോചിക്കുന്നതായി 'വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍' റിപ്പോര്‍ട്ട് ചെയ്തു. ആണവായുധ നിര്‍മ്മാണത്തിന് ഉപയോഗിച്ചേക്കാവുന്ന പദാര്‍ത്ഥങ്ങള്‍ ഇറാന്റെ പക്കല്‍ നിന്ന് നീക്കം ചെയ്യുകയാണ് ലക്ഷ്യം. സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ബലപ്രയോഗത്തിലൂടെ യുറേനിയം കൈക്കലാക്കുമെന്ന് ട്രംപ് സഖ്യകക്ഷികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

ഹോര്‍മുസ് കടലിടുക്ക് 'ഉടനടി' വ്യാപാരത്തിനായി തുറന്നു കൊടുക്കുന്ന കാര്യത്തില്‍ ധാരണയിലെത്തിയില്ലെങ്കില്‍ ഇറാന്റെ വൈദ്യുതി നിലയങ്ങളും ശുദ്ധജല പ്ലാന്റുകളും എണ്ണക്കിണറുകളും ഖാര്‍ഗ് ദ്വീപും ബോംബിട്ടു തകര്‍ക്കുമെന്ന് ഡോണള്‍ഡ് ട്രംപ് ഭീഷണി മുഴക്കി. യുദ്ധം അവസാനിപ്പിക്കാന്‍ കുറച്ചുകൂടി 'യുക്തിസഹമായി ചിന്തിക്കുന്ന ഭരണകൂടവുമായി' അമേരിക്ക ഗൗരവകരമായ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന് തന്റെ 'ട്രൂത്ത് സോഷ്യല്‍' പ്ലാറ്റ്ഫോമില്‍ കുറിച്ച പ്രസിഡന്റ്, കരാറില്‍ എത്തിയില്ലെങ്കില്‍ കടുത്ത നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി.

'വലിയ പുരോഗതി ചര്‍ച്ചകളില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഏതെങ്കിലും കാരണവശാല്‍ ഉടന്‍ തന്നെ ഒരു കരാറില്‍ എത്തിയില്ലെങ്കില്‍, ഹോര്‍മുസ് ഇടുക്ക് വ്യാപാരത്തിനായി തുറന്നില്ലെങ്കില്‍, ഇതുവരെ ഞങ്ങള്‍ തൊടാതെ മാറ്റിനിര്‍ത്തിയിരിക്കുന്ന ഇറാന്റെ ഇലക്ട്രിക് പ്ലാന്റുകളും എണ്ണക്കിണറുകളും ഖാര്‍ഗ് ദ്വീപും (മിക്കവാറും ശുദ്ധജല പ്ലാന്റുകളും) പൂര്‍ണ്ണമായും തകര്‍ത്തു തരിപ്പണമാക്കിക്കൊണ്ട് ഞങ്ങളുടെ ഈ 'സന്ദര്‍ശനം' അവസാനിപ്പിക്കും,' ട്രംപ് കുറിച്ചു.

ജനുവരിയില്‍ വെനസ്വേലന്‍ നേതാവ് നിക്കോളാസ് മഡുറോയെ പിടികൂടിയതിന് ശേഷം അവിടുത്തെ എണ്ണ വ്യവസായം 'അനിശ്ചിതകാലത്തേക്ക്' നിയന്ത്രിക്കാനുള്ള യുഎസ് നീക്കത്തോടാണ് ഇറാനിലെ ഈ സാധ്യതയെ പ്രസിഡന്റ് ഉപമിച്ചത്.

'സത്യം പറഞ്ഞാല്‍, ഇറാനിലെ എണ്ണ കൈക്കലാക്കുക എന്നതാണ് എന്റെ ഏറ്റവും പ്രിയപ്പെട്ട കാര്യം. എന്നാല്‍ അമേരിക്കയിലുള്ള ചില മണ്ടന്മാര്‍ ചോദിക്കുന്നു, 'നിങ്ങള്‍ എന്തിനാണ് അത് ചെയ്യുന്നത്?' എന്ന്. അവര്‍ വെറും മണ്ടന്മാരാണ്,' ട്രംപ് പത്രത്തോട് പറഞ്ഞു.

മൊജ്തബ ഖമേനിയുടെ സന്ദേശവും ട്രംപിന്റെ സംശയവും

ഫെബ്രുവരിയില്‍ കൊല്ലപ്പെട്ട അലി ഖമനയിക്ക് ശേഷം ചുമതലയേറ്റ മകന്‍ മൊജ്തബ ഖമനയി, യുദ്ധത്തില്‍ പിന്തുണ നല്‍കുന്ന ഇറാഖി ജനതയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് സന്ദേശം അയച്ചു. എന്നാല്‍ പുതിയ പരമോന്നത നേതാവ് ഇതുവരെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാത്തത് വലിയ ഊഹാപോഹങ്ങള്‍ക്ക് വഴിതെളിച്ചിട്ടുണ്ട്. ഇറാനുമായി ചര്‍ച്ച നടത്തുന്നുണ്ടെങ്കിലും അത് പരമോന്നത നേതാവുമായല്ലെന്നും, അദ്ദേഹം ജീവിച്ചിരിപ്പുണ്ടോ എന്ന് സംശയമാണെന്നും ട്രംപ് തുറന്നടിച്ചു.

'സ്രാവുകള്‍ക്ക് ഭക്ഷണമാകും': ഇറാന്റെ മുന്നറിയിപ്പ്

അമേരിക്ക കരയുദ്ധത്തിന് മുതിര്‍ന്നാല്‍ പ്രത്യാഘാതം ഭയാനകമായിരിക്കുമെന്ന് ഇറാന്‍ സൈനിക വക്താവ് ഇബ്രാഹിം സോല്‍ഫഘാരി മുന്നറിയിപ്പ് നല്‍കി. 'ഇറാനെതിരെ കരയുദ്ധത്തിന് ശ്രമിച്ചാല്‍ പേര്‍ഷ്യന്‍ ഉള്‍ക്കടലിലെ സ്രാവുകള്‍ക്ക് യുഎസ് സൈനികര്‍ നല്ല ഭക്ഷണമായിത്തീരും.' - ഇബ്രാഹിം സോല്‍ഫഘാരി മുന്നറിയിപ്പ് നല്‍കി. പതിനായിരത്തോളം സൈനികരെ കൂടി മധ്യപൂര്‍വദേശത്തേക്ക് അയക്കാന്‍ അമേരിക്ക നീക്കം നടത്തുന്നതിനിടെയാണ് ഈ ഭീഷണി.

നയതന്ത്ര നീക്കങ്ങള്‍

യുദ്ധം രൂക്ഷമാകുമ്പോഴും പാക്കിസ്ഥാന്‍, ഈജിപ്ത്, തുര്‍ക്കി എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ പരോക്ഷ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അമേരിക്കയും ഇറാനും ഇതുവരെ നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് തയ്യാറായിട്ടില്ലെങ്കിലും ഉടന്‍ തന്നെ ഒരു കരാറിലെത്താന്‍ സാധിക്കുമെന്ന് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. എന്നാല്‍ അമേരിക്ക രഹസ്യമായി ആക്രമണത്തിന് പദ്ധതിയിടുകയാണെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഘര്‍ ഖലിബാഫ് ആരോപിച്ചു.