- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭീഷണി കയ്യില്‍ വെച്ചാല്‍ മതി! താല്‍ക്കാലിക വെടിനിര്‍ത്തലില്ലെന്ന് ഇറാന്; പാക് മധ്യസ്ഥതയില്‍ തയാറാക്കിയ സമാധാന കരാര്‍ തള്ളി; യുദ്ധം ശാശ്വതമായി അവസാനിപ്പിക്കണമെന്ന നിലപാടില്‍ ഖമേനിയും സംഘവും; ഹോര്‍മുസ് കടലിടുക്ക് തുറക്കില്ല; ഉപരോധങ്ങള്‍ നീക്കാതെ വിട്ടുവീഴ്ചയില്ല; തന്ത്രപ്രധാന കേന്ദ്രങ്ങള്‍ തകര്‍ത്ത് ഇസ്രായേല്‍; ഇറാന് വലിയ വില നല്‍കേണ്ടി വരുമെന്ന് ട്രംപ്
താല്‍ക്കാലിക വെടിനിര്‍ത്തലില്ലെന്ന് ഇറാന്;

ടെഹ്റാന്: യുഎസ് മുന്നോട്ടുവെച്ച താല്‍ക്കാലിക വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങള്‍ ഇറാന്‍ തള്ളി. തങ്ങളുടെ താല്‍പര്യങ്ങള്‍ പരിഗണിച്ച് യുദ്ധം സ്ഥിരമായി അവസാനിപ്പിക്കണമെന്ന നിലപാടില്‍ ഇറാന്‍ ഉറച്ചുനില്‍ക്കുന്നതിനിടെ, ഹോര്‍മുസ് കടലിടുക്ക് കപ്പല്‍ ഗതാഗതത്തിനായി തുറക്കണമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ 10 ദിവസത്തെ അന്ത്യശാസനം ഇന്ന് അവസാനിക്കും. നിര്‍ദേശം പാലിച്ചില്ലെങ്കില്‍ ഇറാന്റെ ഊര്‍ജ പ്ലാന്റുകളും പാലങ്ങളും തകര്‍ക്കുമെന്ന ട്രംപിന്റെ ഭീഷണിക്കു പിന്നാലെ മേഖലയില്‍ സംഘര്‍ഷം രൂക്ഷമായി.
യുദ്ധത്തില്‍ തകര്‍ന്ന മേഖലകള്‍ പുനര്‍നിര്‍മിക്കുക, സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുക, ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിത യാത്രയ്ക്കായി ഒരു പ്രോട്ടോക്കോള്‍ തയാറാക്കുക, ഉപരോധങ്ങള്‍ നീക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇറാന്‍ മുന്നോട്ടുവെക്കുന്നത്. ഹോര്‍മുസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ ചൊവ്വാഴ്ച രാത്രി എട്ട് മണിക്ക് (ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ) യുഎസ് സൈന്യം ഇറാന്റെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുമെന്ന് ട്രംപ് തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചിരുന്നു.
മേഖലയിലെ ശത്രുത അവസാനിപ്പിക്കുന്നതിനായി പാകിസ്ഥാന്‍ തയ്യാറാക്കിയ ഒരു പ്രത്യേക കര്‍മ്മപദ്ധതി കഴിഞ്ഞ രാത്രി ഇറാനും അമേരിക്കയ്ക്കും കൈമാറിയിരുന്നു. ഉടന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും തുടര്‍ന്ന് യുദ്ധം എന്നെന്നേക്കുമായി അവസാനിപ്പിക്കാനുള്ള സമാധാന കരാറില്‍ ഒപ്പിടുകയും ചെയ്യുക എന്നതായിരുന്നു ഈ പാക് നിര്‍ദ്ദേശത്തിന്റെ കാതല്‍. എന്നാല്‍ ഇറാന്റെ പുതിയ നീക്കത്തോടെ ഈ സമാധാന ശ്രമങ്ങള്‍ വീണ്ടും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
വലിയ വില നല്‍കേണ്ടി വരുമെന്ന് ട്രംപ്
അമേരിക്ക മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ കരാര്‍ നിര്‍ദേശം ഇറാന്‍ നിരസിച്ചതിന് പിന്നാലെ കടുത്ത മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. ചൊവ്വാഴ്ചയ്ക്കകം ഒരു തീരുമാനത്തിലെത്തിയില്ലെങ്കില്‍ ഇറാന്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ട്രംപ് വ്യക്തമാക്കി.
താത്കാലിക ഉടമ്പടികള്‍ക്ക് പകരം ഉപരോധങ്ങള്‍ നീക്കുന്നതും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉറപ്പുനല്‍കുന്നതുമായ ശാശ്വത പരിഹാരമാണ് ഇറാന്‍ ആവശ്യപ്പെടുന്നത്. ഇറാന്റെ ഈ നിലപാടില്‍ താന്‍ അതീവ അസ്വസ്ഥനാണെന്ന് തിങ്കളാഴ്ച ട്രംപ് പറഞ്ഞു. എത്രയും വേഗം ഒരു കരാറില്‍ എത്തിച്ചേരാന്‍ സാധിക്കാത്ത പക്ഷം ഇറാന്‍ വലിയ വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഹോര്‍മുസ് കടലിടുക്കിലെ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനും സമാധാന കരാറില്‍ എത്തുന്നതിനുമായി ട്രംപ് തന്നെ പ്രഖ്യാപിച്ചിട്ടുള്ള സമയപരിധി അടുത്തുവരികയാണ്.
നയതന്ത്ര നീക്കങ്ങള്‍ പരാജയപ്പെട്ടാല്‍ സൈനികമായോ സാമ്പത്തികമായോ ഉള്ള കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന സൂചനയും ട്രംപ് നല്‍കി. വൈറ്റ് ഹൗസിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ, നിബന്ധനകള്‍ അംഗീകരിക്കാന്‍ ഇറാന് ചൊവ്വാഴ്ച വരെയാണ് സമയപരിധി നല്‍കിയിട്ടുള്ളതെന്നും അത് അവസാനത്തേതായിരിക്കുമെന്നും ട്രംപ് ഊന്നിപ്പറഞ്ഞു. 'അവര്‍ (ഇറാന്‍) ചെയ്യേണ്ടത് ചെയ്താല്‍ ഇത് വളരെ വേഗത്തില്‍ അവസാനിക്കും. ചില കാര്യങ്ങള്‍ അവര്‍ ചെയ്യേണ്ടതായുണ്ട്. അത് എന്തൊക്കെയാണെന്ന് അവര്‍ക്കറിയാം,' ട്രംപ് കൂട്ടിച്ചേര്‍ത്തു.
മുന്‍പ് അധികാരത്തിലിരുന്ന 'ഭ്രാന്തന്മാരേക്കാള്‍' കൂടുതല്‍ വിവേകമുള്ളവരാണ് ഇപ്പോള്‍ ഇറാനിലുള്ളതെന്നും, ഇറാന്‍ 'പ്രധാനപ്പെട്ട ഒരു നിര്‍ദ്ദേശം' മുന്നോട്ടുവെച്ചിട്ടുണ്ടെങ്കിലും അത് 'പര്യാപ്തമല്ലെ'ന്നും പ്രസിഡന്റ് ട്രംപ് അഭിപ്രായപ്പെട്ടു.
ഈ സംഘര്‍ഷാവസ്ഥയ്ക്കിടെ, ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്‌സിന്റെ ഇന്റലിജന്‍സ് മേധാവി മജീദ് ഖാദമി കൊല്ലപ്പെട്ടതായി ഇറാന്‍ സ്ഥിരീകരിച്ചു. ഈ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഇസ്രയേല്‍ ഏറ്റെടുത്തിട്ടുണ്ട്. ഇറാനിലെ വിവിധ സര്‍വകലാശാലകള്‍ക്കുനേരെ യുഎസ്-ഇസ്രയേല്‍ ആക്രമണങ്ങള്‍ ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
അബുദാബിക്കുനേരെയും ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി. മുസഫ ഐകാഡ് സിറ്റിയിലെ കമ്പനിയില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് ഘാന സ്വദേശിയായ ഒരാള്‍ക്ക് പരുക്കേറ്റു. അതേസമയം, ടെഹ്റാന് തെക്കുപടിഞ്ഞാറുള്ള ഒരു നഗരത്തില്‍ പുലര്‍ച്ചെയുണ്ടായ വ്യോമാക്രമണത്തില്‍ ഒരു പാര്‍പ്പിട സമുച്ചയം തകരുകയും കുറഞ്ഞത് 13 പേര്‍ കൊല്ലപ്പെടുകയും ചെയ്തതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം യുഎസോ ഇസ്രയേലോ ഏറ്റെടുത്തിട്ടില്ലെങ്കിലും, ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കണമെന്ന ട്രംപിന്റെ ഭീഷണിക്ക് തൊട്ടുപിന്നാലെയാണ് ഇത് സംഭവിച്ചത്. പുലര്‍ച്ചെ ടെഹ്റാനിലെ ഷെരീഫ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിക്കുനേരെയും വ്യോമാക്രമണങ്ങള്‍ ഉണ്ടായി.
ഇസ്രായേല്‍ ആക്രമണം കടുപ്പിക്കുന്നു
അതേസമയം, ശനിയാഴ്ചയ്ക്ക് ശേഷം ഇറാന്റെ മൂന്നാമത്തെ പെട്രോകെമിക്കല്‍ പ്ലാന്റിന് നേരെയും ഇസ്രായേല്‍ ആക്രമണം നടത്തി. ഹോര്‍മുസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ ഇറാന്റെ പവര്‍ പ്ലാന്റുകള്‍ നശിപ്പിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണിത്.
ബുഷെര്‍ പ്രവിശ്യയിലെ ഇറാന്റെ ഏറ്റവും വലിയ പെട്രോകെമിക്കല്‍ കോംപ്ലക്‌സിന് നേരെ ഇസ്രായേല്‍ ശക്തമായ ആക്രമണം നടത്തിയതായി ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് അറിയിച്ചു. ഇത് ഇറാന്‍ ഭരണകൂടത്തിന് കനത്ത സാമ്പത്തിക ആഘാതമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിന് പിന്നാലെ ഷിറാസ് നഗരത്തിനടുത്തുള്ള മര്‍വ്ദാഷ്തിലെ മറ്റൊരു സൈറ്റിന് നേരെയും ആക്രമണമുണ്ടായി. ഇവിടെയുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫാര്‍സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച ഖുസെസ്ഥാന്‍ പ്രവിശ്യയിലെ മാഹ്ഷഹര്‍ പെട്രോകെമിക്കല്‍ സോണില്‍ ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും 170 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
യുദ്ധം കൂടുതല്‍ രൂക്ഷമാകുന്നതോടെ ആഗോള എണ്ണ വിപണിയിലും വലിയ ആശങ്കയാണ് നിലനില്‍ക്കുന്നത്.
ഇറാനെതിരെ കടുത്ത ഭീഷണിയുമായി ട്രംപ്
അമേരിക്കയുമായി ഉടന്‍ സമാധാന കരാറിലെത്തിയില്ലെങ്കില്‍ ഇറാന്റെ സകല സംവിധാനങ്ങളും തകര്‍ക്കുമെന്നും എണ്ണപ്പാടങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുമെന്നും ഭീഷണിപ്പെടുത്തി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഞായറാഴ്ച രാവിലെ ഫോക്‌സ് ന്യൂസ് വിദേശകാര്യ പ്രതിനിധി ട്രേ യിംഗ്സ്റ്റുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഇറാനെതിരെ തീവ്രമായ നടപടികള്‍ ആലോചിക്കുന്നതായി ട്രംപ് വെളിപ്പെടുത്തിയത്.
'അവര്‍ ഉടന്‍ ഒരു കരാറില്‍ എത്തിയില്ലെങ്കില്‍, എല്ലാം ബോംബിട്ട് തകര്‍ക്കാനും എണ്ണയുടെ നിയന്ത്രണം ഏറ്റെടുക്കാനും ഞാന്‍ ആലോചിക്കുന്നുണ്ട്,' ട്രംപ് പറഞ്ഞതായി ട്രേ യിംഗ്സ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
സോഷ്യല്‍ മീഡിയയിലെ വിവാദ പോസ്റ്റ്
ഈ ഫോണ്‍ സംഭാഷണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച ഒരു പോസ്റ്റിലും ട്രംപ് ഇറാനെതിരെ അസഭ്യവര്‍ഷം നടത്തിയിരുന്നു. 'അല്ലാഹുവിന് സ്തുതി' (Praise be to Allah) എന്ന വാചകത്തോടെയാണ് അദ്ദേഹം ഈ പോസ്റ്റ് അവസാനിപ്പിച്ചത് എന്നത് ശ്രദ്ധേയമായി.
ഈസ്റ്റര്‍ ദിനത്തില്‍ അദ്ദേഹം കുറിച്ചതിങ്ങനെ:
'ചൊവ്വാഴ്ച ഇറാനിലെ പവര്‍ പ്ലാന്റുകളുടെയും പാലങ്ങളുടെയും ദിവസമായിരിക്കും. ഇതുപോലെ ഒന്ന് മുന്‍പ് ആരും കണ്ടിട്ടുണ്ടാകില്ല! ഭ്രാന്തന്‍മാരായ വസ്തുകളെ (b*****ds), ആ ഹോര്‍മുസ് കടലിടുക്ക് അങ്ങ് തുറന്നേക്ക്, അല്ലെങ്കില്‍ നിങ്ങള്‍ നരകത്തില്‍ ജീവിക്കേണ്ടി വരും - കാത്തിരുന്നു കണ്ടോ! അല്ലാഹുവിന് സ്തുതി. പ്രസിഡന്റ് ഡൊണാള്‍ഡ് ജെ. ട്രംപ്.'
യുഎസ് വിമാനം വെടിവെച്ചിട്ടത് ഇറാന്റെ 'ലക്കി ഷോട്ട്': ട്രംപ്
അമേരിക്കയുടെ എഫ്-15 യുദ്ധവിമാനം വെടിവെച്ചിടാന്‍ സാധിച്ചത് ഇറാന്റെ ഒരു 'ലക്കി ഷോട്ട്' (ഭാഗ്യപരീക്ഷണം) മാത്രമാണെന്ന് ഡൊണാള്‍ഡ് ട്രംപ്. തകര്‍ന്ന വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരെയും അതിസാഹസികമായി രക്ഷപ്പെടുത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.
ഏതാണ്ട് പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ട ശേഷവും എന്തുകൊണ്ടാണ് അമേരിക്ക ഇപ്പോഴും ഇറാനുമായി യുദ്ധം തുടരുന്നത് എന്ന ചോദ്യത്തിന് ട്രംപ് മറുപടി നല്‍കിയത് ഇങ്ങനെയാണ്: 'അതൊരു വലിയ രാജ്യമാണ്. അവര്‍ക്ക് തിരിച്ചടിക്കാന്‍ ശേഷിയില്ല... അവര്‍ക്ക് കുറച്ച് മിസൈലുകളും ഡ്രോണുകളും കൂടി ബാക്കിയുണ്ടാകാം, പക്ഷേ അടിസ്ഥാനപരമായി അവര്‍ക്ക് പോരാടാനുള്ള കഴിവില്ല.'
യുദ്ധവിമാനത്തിന് നേരെ നടന്ന ആക്രമണത്തെക്കുറിച്ച് അദ്ദേഹം കൂട്ടിച്ചേര്‍ത്തതിങ്ങനെ: 'ഒരു വിമാനത്തിന് നേരെ അവര്‍ക്കൊരു ലക്കി ഷോട്ട് കിട്ടി, പക്ഷേ ഞങ്ങള്‍ അവരെ (പൈലറ്റുമാരെ) തിരികെ എത്തിച്ചു. ആ രക്ഷാപ്രവര്‍ത്തനം അവിശ്വസനീയമായിരുന്നു.'
ഇറാന് നല്‍കിയ അവസാന സമയം ചൊവ്വാഴ്ച
ചൊവ്വാഴ്ച നല്‍കിയിരിക്കുന്ന സമയപരിധി ഇറാനെ സംബന്ധിച്ച് അവസാനത്തേതായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. വൈറ്റ് ഹൗസില്‍ നടന്ന ഈസ്റ്റര്‍ ആഘോഷ പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാകിസ്ഥാന്‍ മുന്നോട്ടുവെച്ച സമാധാന നിര്‍ദ്ദേശങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍, അത് നിലവില്‍ തൃപ്തികരമെന്ന് പറയാനാകില്ലെങ്കിലും വലിയൊരു മുന്നേറ്റമാണെന്ന് ട്രംപ് പ്രതികരിച്ചു. 'അവര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്താല്‍ യുദ്ധം വളരെ വേഗത്തില്‍ അവസാനിക്കും. അവര്‍ക്ക് അത് അറിയാം, അവര്‍ ഇപ്പോള്‍ ആത്മാര്‍ത്ഥമായാണ് ചര്‍ച്ചകള്‍ നടത്തുന്നതെന്നാണ് ഞാന്‍ കരുതുന്നത്,' അദ്ദേഹം പറഞ്ഞു.
ഇറാനിലെ എണ്ണസമ്പത്തിന്മേലുള്ള തന്റെ താല്‍പ്പര്യവും ട്രംപ് മറച്ചുവെച്ചില്ല. 'എന്റെ ഇഷ്ടത്തിനായിരുന്നു കാര്യങ്ങളെങ്കില്‍ ഞാന്‍ ആ എണ്ണ പിടിച്ചെടുക്കുമായിരുന്നു. അത് നമ്മുടേതാക്കി മാറ്റിയാല്‍ നമുക്ക് വലിയ ലാഭമുണ്ടാക്കാം,' ട്രംപ് കൂട്ടിച്ചേര്‍ത്തു.
'ഇറാന്‍ ഇപ്പോള്‍ തീര്‍ത്തും ദുര്‍ബലര്‍'
ഇറാനില്‍ തകര്‍ന്നു വീണ യുദ്ധവിമാനത്തിലെ പൈലറ്റിനെ രക്ഷപ്പെടുത്തിയതിനെക്കുറിച്ച് സംസാരിക്കവേ ഇറാന്റെ നിലവിലെ സൈനികാവസ്ഥയെക്കുറിച്ചും ട്രംപ് പരാമര്‍ശിച്ചു.
'ഇറാനികള്‍ മികച്ച പോരാളികളാണ്, കടുപ്പക്കാരായ മനുഷ്യരാണ്. ശത്രു ദുര്‍ബലനാകുമ്പോള്‍ നമുക്ക് പേടിക്കാനില്ല, എന്നാല്‍ ശത്രു ശക്തനാകുമ്പോഴാണ് ശ്രദ്ധിക്കേണ്ടത്. ഒരു മാസം മുന്‍പ് ഉണ്ടായിരുന്ന അത്ര ശക്തിയൊന്നും ഇപ്പോള്‍ അവര്‍ക്കില്ല. സത്യത്തില്‍, ഇപ്പോള്‍ അവര്‍ തീര്‍ത്തും ദുര്‍ബലരാണെന്നാണ് എന്റെ അഭിപ്രായം. അത് ഉടന്‍ തന്നെ നമുക്ക് ബോധ്യപ്പെടുമല്ലോ,' ട്രംപ് പറഞ്ഞു.


